മങ്കട ഗവ: കോളേജ് സ്വന്തം കെട്ടിടത്തിലേക്ക്

ടി.എ. അഹമ്മദ്‌ കബീർ

മങ്കട സർക്കാർ കോളേജ്‌ ഈ അദ്ധ്യന വർഷം മുതൽ പുതിയ കെട്ടിടത്തിൽ പഠനം ആരംഭിക്കുകയാണ്. വലിയ അഭിമാനം നൽകുന്ന ധന്യമായ നിമിഷങ്ങളാണത്‌. യു. ഡി. എഫ്‌. സർക്കാരിന്റെ പ്രത്യേകിച്ച്‌ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇച്ഛാശക്തിയുടെ ഫലം. ഇതിനായി നടന്ന പ്രവർത്തനങ്ങൾ കുറിച്ചിടുന്നതിൽ വലിയ ചാരിതാർത്ഥ്യം ഉണ്ട്‌. 2012 ഡിസംബർ 14 ന്‌ നിയമസഭയിൽ കോളേജിനായി സബ്മിഷൻ അവതരിപ്പിച്ചു.
2013 ജൂൺ 24 ന്‌ കോളേജ്‌ അനുവദിച്ച്‌ സർക്കാർ ഉത്തരവ്‌ ഇറങ്ങി.
2013 ജൂലൈ 26 ന്‌ എം.ടി. സലീന പ്രസിഡന്റും കെ.ടി. ഹംസ വൈസ്‌ പ്രസിഡന്റുമായിരുന്ന മൂർക്കനാട്‌ ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി അഞ്ച്‌ ഏക്കർ സ്ഥലം കോളേജിന്‌ നൽകാൻ തീരുമാനിച്ചു.
2013 ആഗസ്റ്റ്‌ 27 ന്‌ കാലിക്കറ്റ് സർവ്വകലാശാല ഏഴ്‌ ഡിഗ്രി കോഴ്സുകളോടെ കോളേജിന്‌ അംഗീകരം നൽകി.
2013 സെപ്തംബർ 25 ന്‌ ക്ലാസ്സുകൾ തുടങ്ങി.
2013 സെപ്തംബർ 27ന്‌ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഔപചാരികമായി കോളേജ്‌ ഉദ്ഘാടനം നിർവ്വഹിച്ചു.
2014 ആഗസ്റ്റ്‌ 21 ന്‌ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിന്റെ 2014-15 വർഷത്തെ മുഴുവൻ തുകയായ അഞ്ച്‌ കോടി രൂപയും കോളേജ്‌ കെട്ടിടം പണിയാൻ നൽകിയതിന്‌ ഭരണാനുമതി ലഭിച്ചു.
2014 ഒക്ടോബർ 10 ന്‌ പുതിയ താത്ക്കാലിക കെട്ടിടം ഉദ്ഘാടനം ചെയ്ത്‌ രണ്ടും മൂന്നും വർഷ വിദ്യാർത്ഥികൾക്ക്‌ കൂടി പഠിക്കാൻ സൗകര്യം ഒരുക്കി.
2015 സെപ്തംബർ 7 ന്‌ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഉമ്മൻ ചാണ്ടി നിർവ്വഹിച്ചു.

ഇപ്പോൾ നീണ്ട അഞ്ച്‌ വർഷങ്ങൾക്ക്‌ ശേഷം കെട്ടിട നിർമ്മാണം പൂർത്തിയായി.
2020 ആഗസ്റ്റ്‌ 4 ന്‌ കിറ്റ്കോ പണി പൂർത്തിയാക്കിയ കെട്ടിടം പ്രിൻസിപ്പലിന്‌ കൈമാറി.

നിരവധി പേരോട്‌ കടപ്പാടുണ്ട്‌. ഉമ്മൻ ചാണ്ടി, പി. കെ.കുഞ്ഞാലിക്കുട്ടി, പരേതനായ കെ.എം.മാണി, പി. കെ. അബ്ദുറബ്ബ്‌ എന്നിവരെ വിസ്മരിക്കാനാവില്ല.കോളേജിനായി കൊളത്തൂരിലെ ജവാഹിറുൽ ഉലൂം മദ്രസ സൗകര്യപ്പെടുത്തി തന്നവരോട്‌ കോളേജുമായി ബന്ധപ്പെടുന്ന എല്ലാവരും എല്ലാക്കാലത്തും കടപ്പെട്ടവരായിരിക്കും. കൊളത്തൂർ ടി. മുഹമ്മദ്‌ മൗലവി, മദ്രസ കമ്മിറ്റിയുടെ പ്രസിഡന്റ്‌ കെ.ടി. മുഹമ്മദ്‌ എന്ന ബാപ്പുട്ടി മുസ്ലിയാർ, അന്നത്തെ സെക്രട്ടറി പി. അബുൽ അലി , ഇപ്പോഴത്തെ സെക്രട്ടറി പി.ഇബ്രാഹിം കുട്ടി എന്നിവരുടെ നേതൃത്വത്തിൽ മദ്രസ കമ്മിറ്റിയും മുഴുവൻ നാട്ടുകാരും നൽകിയ പിന്തുണ വാക്കുകൾ കൊണ്ട്‌ വിശദീകരിക്കാനാവില്ല.

മദ്രസ മതിയാകാതെ വന്നപ്പോൾ താൽക്കലിക സൗകര്യങ്ങൾ ഒരുക്കാൻ സ്വന്തം സ്ഥലം സൗജന്യമായി നൽകിയ ഇ. ഹംസ ഹാജിയുടെ സന്മനസ്സിന്‌ നാം നന്ദി പറയുക.

കോളേജിന്റെ സ്പെഷ്യൽ ഓഫീസറായി പ്രവർത്തിച്ച എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ നാഷണൽ കോളേജ്‌ ഫോർ ടീച്ചർ എഡ്യുക്കേഷൻ പ്രിൻസിപ്പൽ ഡോ: എൻ.എം. മാധവൻ, കോളേജ്‌ ഒരു യാഥാർത്ഥ്യമാക്കാൻ രാപകൽ വ്യത്യാസമില്ലാതെ കഠിനാദ്ധ്വാനം ചെയ്ത മലപ്പുറം കളക്റ്ററേറ്റിലെ ഉദ്യോഗസ്ഥൻ പി.പി. ഷാജഹാൻ എന്നിവരെ പ്രത്യേകം ഓർക്കേണ്ടതുണ്ട്‌. ജെ.ആർ. അഭിലാഷ്‌, കെ.ടി. റിയാസ്‌, ഇ.എം. ഫൈസൽ, വി.ടി. ശിഹാബ്‌ എന്നിവരുടെ പ്രവർത്തനങ്ങളും ഏറെ സഹായകമായി.

കിറ്റ്കോ മനോഹരമായ രീതിയിൽ കോളേജ്‌ കെട്ടിടം രൂപകൽപന ചെയ്ത്‌ തന്നത്‌ അഭിമാനം പകരുന്നു.

ഇത്‌ വരെ അഞ്ച്‌ ബാച്ചുകളിലെ വിദ്യാർത്ഥികൾ ഡിഗ്രി നേടി പുറത്തിറങ്ങി കഴിഞ്ഞു. അവർ മൂവായിരത്തോളം പേരുണ്ടാവും. പരിമിതമായ സൗകര്യങ്ങളുമായി പൊരുത്തപ്പെട്ട്‌ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച്‌ വിജയം നേടിയവരെ നമുക്ക്‌ അഭിനന്ദിക്കാം. വിദ്യാർത്ഥികളെയും നാട്ടുകാരെയും സഹകരിപ്പിച്ച്‌ ഇത്രയും വർഷങ്ങളിൽ മാതൃകാപരമായും സ്തുത്യർഹമായും സേവനം അർപ്പിച്ച മാറി മാറി വന്ന പ്രിൻസിപ്പൽമാരടക്കമുള്ള എല്ലാ അധ്യാപകരോടും മറ്റ്‌ ജീവനക്കാരോടും നമുക്കുള്ള മതിപ്പും അഭിമാനവും ചെറുതല്ല.

ഓൺ ലൈനിൽ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കാൻ സദയം സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയനോടുള്ള മങ്കടയിലെ ജനങ്ങൾക്കും, വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മറ്റ്‌ ബന്ധപ്പെട്ടവർക്കുമുള്ള കടപ്പാട്‌ അറിയിക്കാനും ഈ അവസരം ഉപയോഗിക്കുന്നു.

ഈ മഹത്തായ യജ്ഞത്തിൽ മണ്ഡലത്തിലെ മുഴുവൻ ജനപ്രതിനിധികളും, മാധ്യമ പ്രവർത്തകരും ,രാഷ്ട്രീയ, സാമുദായിക, മത സംഘടനകളും സ്ഥാപനങ്ങളും, തൊഴിലാളി, യുവജന, വനിതാ, വിദ്യാർത്ഥി,അദ്ധ്യാപക സംഘടനകളും, സഹകരണ സ്ഥാപനങ്ങളും വ്യാപാരികളും വ്യവസായികളും ,കലാ കായിക സാംസ്ക്കാരിക സംഘടനകളും യുവജന ക്ലബ്ബുകളും മറ്റ്‌ ഗുണകാംക്ഷികളും അടക്കം സഹകരിച്ച എല്ലാവർക്കും എപ്പോഴും കൂടെ നിന്ന മങ്കടയിലെ പ്രിയപ്പെട്ട ജനങ്ങൾക്കും സ്നേഹാദരങ്ങളോടെ അഭിവാദ്യം അർപ്പിക്കുന്നു.

കേരളത്തിന്റെ സാംസ്ക്കാരിക വിദ്യാഭ്യാസ ഭൂമിക പ്രഭാവപൂർണ്ണമായി അഴിച്ച്‌ പണിത സി.എച്ച്‌. മുഹമ്മദ്‌ കോയാ സാഹിബ്‌ ഒരിക്കൽ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ നമ്മുടെ നിനവുകളിൽ ഒരാരവവും ഇരമ്പവുമായി ഇന്നും നിറഞ്ഞ്‌ നിൽക്കുന്നുണ്ട്‌. ഈ കലാലയം ചടുലമായ ചുമതലബോധത്തിന്റെ നിറവോടെ അവ നിറങ്ങളുടെ സംഗീതമാക്കി പെയ്തിറക്കുമെന്ന് ആശിക്കുന്നു.

എം.പി. നാരായണ മേനോന്റെയും കട്ടിലശ്ശേരി മുഹമ്മദ്‌ മൗലവിടെയും ദേശാഭിമാന ഭരിതമായ സ്വാതന്ത്ര്യ ദാഹവും, മങ്കട രവി വർമ്മയുടെ കലാ സപര്യയും, കരുവള്ളി മുഹമ്മദ്‌ മൗലവിയുടെ വിജ്ഞാന തൃഷ്ണയും അത്‌ സാധാരണ ജനങ്ങൾക്ക്‌ എത്തിക്കാനുള്ള അദ്ദേഹത്തിന്റെ സേവന സന്നദ്ധതയും, മങ്കട ടി.അബ്ദുൽ അസീസ്‌ മൗലവിയുടെ പാണ്ഡിത്യവും, കൊളത്തൂർ ടി. മുഹമ്മദ്‌ മൗലവിയുടെ ജനകീയതയും പൂപ്പന്തലൊരുക്കുന്ന ഒരു കലാലയ പരിസരം നമ്മുടെ യുവജനങ്ങൾ ശിൽപമധുരമായി പണിതുയർത്തുമെന്നും പ്രത്യാശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *