യൂനുസ് ചെങ്ങര
കേരളത്തിലെ മുസ്ലിം സമൂഹം സംഘടനാ വത്കരിക്കപ്പെട്ടതിന് ശേഷം മുസ്ലിം പ്രതിനിധാനം മലയാള സിനിമയില്‍ കുറഞ്ഞു വരികയും സിനിമയുമായി സഹകരിക്കാന്‍ താത്പര്യപ്പെടുന്ന മുസ്ലിം സമുദായാംഗങ്ങള്‍ക്ക് ഒളിഞ്ഞും പാത്തുമൊക്കെ സിനിമയിലേക്ക് എത്തിപ്പെടേണ്ട അവസ്ഥയുണ്ടാകുകയും ചെയ്തു.സിനിമാ രംഗത്ത് പ്രവര്‍ത്തിച്ചുവെന്ന ഒറ്റ കാരണംകൊണ്ട് മുസ്ലിം മുഖ്യധാര കഴിവു തെളീച്ച ഡയറക്ടര്‍മാരെയോ, നടീ നടന്‍മാരെയോ ഒരിക്കല്‍പോലും അവരുടെ പരിപാടികളില്‍ പോലും ക്ഷണിക്കപ്പെടാതിരിക്കാന്‍ ശ്രദ്ദ പുലര്‍ത്തിയിരുന്നു, സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചയാണെങ്കില്‍ പോലും അവരെ മാറ്റി നിര്‍ത്തിയ വലിയൊരു ഭൂതകാലമാണ് കേരളത്തിലെ മുസ്ലിം സമൂഹത്തിന്റേത്.
പ്രമുഖ തമിഴ് സിനിമാ സംവിധായകനായ അമീര്‍ സുല്‍ത്താനുമായി ടി ഡി രാമകൃഷ്ണന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിനുവേണ്ടി നടത്തിയ അഭിമുഖം മലയാളി മുസ്ലിം സമൂഹത്തിന്റെ ഉള്ളിലിരുപ്പിനെ പൊള്ളിച്ച ഒന്നായിരുന്നു. മാതൃഭൂമി അന്നതിന് നല്കിയ തലക്കെട്ട് സിനിമ ഇസ്ലാമില്‍ ഹറാമല്ല എന്നായിരുന്നു, നിരവധി പ്രതികരണങ്ങളാണ് ആ അഭിമുഖത്തിന് ലഭിച്ചത്. കേരളത്തിലെ പ്രമുഖ മുസ്ലിം മതസംഘടനാ നേതാവായിരുന്ന സി ദാവൂദെഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു ഹറാം സിനിമ ഹറാമും ഹലാല്‍ സിനിമ ഹലാലും. തലക്കെട്ട് തന്നെ സിനിമയിലെ ഹറാം ഹലാല്‍ വേര്‍തിരിവുകളെ വിശദമാക്കുന്നുണ്ട്, ചുരുക്കി പറഞ്ഞാല്‍ ,ദാവൂദ് അന്ന് സമര്‍ഥിക്കാന്‍ ശ്രമിച്ചത് സിനിമ ഹലാലായി മാറുന്നതിന്റെ പരിധികളെക്കുറിച്ചായിരുന്നു, ആ ഭൂതക്കണ്ണാടിയിലൂടെ നോക്കുമ്പോള്‍ മലയാളത്തിലോ, മറ്റിതര ഭാഷാ സിനിമ-കളിലോ അത്തരത്തിലൊന്നിനെ കാണിക്കാന്‍ സാധിക്കുമായിരുന്നില്ല. ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍് പഠനം നടത്തിയ ദാവൂദുപോലും അത്തരത്തിലാണ് സിനിമയെ നോക്കിക്കണ്ടിരുന്നത്, പിന്നെ സാമാന്യ മുസ്ലിം സമൂഹത്തിന്റെ അവസ്ഥയെക്കുറിച്ച് പറയേണ്ടതില്ലല്ലോ. മുസ്ലിം സമൂഹം സിനിമാ സംവിധാന, നിര്‍മ്മാണ, അഭിനയ മേഖലയില്‍ ഇടപെടുകയാണെങ്കില്‍ അവര്‍ക്ക് അഭികാമ്യമായിട്ടുള്ളത് ഇറാന്‍ സിനിമകളെപ്പോലെയുള്ളവയെന്നാണ് ആ ലേഖനം പറഞ്ഞുവെച്ചത്. ഈയൊരു കാല ഘട്ടത്തില്‍ തന്നെ കേരളത്തിലെ പ്രമുഖ മുസ് ലിം സംഘടനകളായ ജമാഅത്തെ ഇസ്ലാമിയുടേയും മുജാഹിദ് മര്‍കസുദ്ദഅവാ വിഭാഗത്തിന്റെയും അനുഗ്രഹാശിസ്സുകളോടെ നിരവധി ഹോം സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ടായിരുന്നു, നേരത്തെ സൂചിപ്പിച്ച പരിധികളില്‍ നിന്നുകൊണ്ടു തന്നെയായിരുന്നു മിക്ക സിനിമകളും പുറത്തിറങ്ങിയത്, ഹലാല്‍ ലൗ സ്റ്റോറിയുടേയും, സുഡാനി ഫ്രം നൈജീരിയയുടേയും സംവിധായകനായ സകരിയ സംവിധാനം ആദ്യമായി നിര്‍വഹിച്ച ഇലയനക്കങ്ങള്‍ എന്ന ഹോം സിനിമ പുറത്തിറക്കിയത് മുജാഹിദ് വിദ്യാര്‍ത്ഥി വിഭാഗമായിരുന്ന എം എസ് എം ന്റെ നേതൃത്വത്തിലുള്ള രചന കലാവേദിയായിരുന്നു.
ഹലാല്‍ ലൗ സ്റ്റോറിയിലെ റഹീം സാഹിബ് പറഞ്ഞതുപോലെ നേതൃത്വത്തിന്റ അനുമതി ലഭിക്കുകയെന്നത് തന്നെയാണ് വലിയ പ്രശ്‌നമായിരുന്നത്, ആ ഒരനുമതി നല്കാന്‍ മുസ്ലിം സമൂഹത്തെ പരിവര്‍ത്തിപ്പിച്ച ഒരു ഒന്നര പതിറ്റാണ്ടു നീണ്ട മുസ്ലിം സംഘടനകള്‍ക്കുള്ളിലെ ആന്തര സംഘര്‍ഷങ്ങളെയാണ് ഒരര്‍ത്ഥത്തില്‍ ഹലാല്‍ ലൗ സ്റ്റോറി പറഞ്ഞുവെച്ചത്.
1 Comment
Good view