പ്രണയക്കുരുതിയും സമീപനത്തിലെ പിഴവുകളും

യൂനുസ് ചെങ്ങര

പ്രണയപ്പകയുടെ ഉത്തരേന്ത്യൻ കുരുതിക്കഥകൾ കേട്ട് നടുങ്ങിയിരുന്ന മലയാളിയുടെ മുറ്റത്തേക്കും ചോര ചീറ്റിത്തുടങ്ങുന്ന വാർത്തകൾ തുടർക്കഥയാകുകയാണ്.
ഒപ്പം മനസ്സ് മരവിപ്പിക്കുന്ന ഇത്തരം വാർത്തകളെ മീഡിയ സമീപിക്കുന്ന രീതിയും സോഷ്യൽ മീഡിയയിൽ നിറയുന്ന പ്രതികരണങ്ങളുടെ ഭാഷയും മലയാളിയുടെ മാനസിക നിലവാരം എത്രത്തോളം അധപ്പതിച്ചിരിക്കുന്നു എന്നതിൻ്റെ സൂചനകളും നൽകുന്നുണ്ട്.

കേരളത്തെയാകെ നടുക്കിയ ദാരുണ സംഭവത്തെക്കുറിച്ചുള്ള പ്രാഥമികാന്വേഷണ റിപ്പോർട്ട് പോലും പുറത്ത് വരുന്നതിന് മുമ്പേ സമൂഹമാദ്ധ്യമങ്ങളിൽ നീചമനസ്സുള്ളവരുടെ മലിനമായ പ്രതികരണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു.കൊല്ലപ്പെട്ട
പെൺകുട്ടിയിൽ കുറ്റമാരോപിക്കാനുള്ള ആൺബോധ ശ്രമങ്ങളും ചിലരുടെ ഭാഗത്തു നിന്നുണ്ടായി.

പെട്ടെന്നുണ്ടായ പ്രകോപനമാണെന്ന ചിലരുടെ പ്രതികരണങ്ങൾക്കിടെ, പാലായിലെ കൊളജ് കാമ്പസിൽ വിദ്യാർഥിനിയെ സഹപാഠി കഴുത്തറുത്ത് കൊന്ന സംഭവം ആസൂത്രിതമാണെന്നാണ് പ്രിൻസിപ്പാൾ ഡോ. ജയിംസ് ജോൺ മംഗലത്ത് ഇന്ന് മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. സെക്യൂരിറ്റി ജീവനക്കാരൻ വിളിച്ചറിയച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ്
കോട്ടയം പാലായിൽ കോളേജ് വിദ്യാർഥിനി വൈക്കം സ്വദേശി നിധിന മോൾ ദാരുണമായി കൊല്ലപ്പെട്ടത്. പ്രതിയായ സഹപാഠി അഭിഷേക് ബൈജുവിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

നേരത്തെ പരീക്ഷയെഴുതി ഇറങ്ങിയ പ്രതി പെൺകുട്ടിയെ കാത്തിരിക്കുകയായിരുന്നെന്നും സാക്ഷിമൊഴികളുണ്ടെന്നാണ് സൂചന. ബിവോക് മൂന്നാം വർഷ വിദ്യാർഥികളായ ഇവർ പരീക്ഷക്കായി എത്തിയതായിരുന്നു.

ഇരുവരും തമ്മിൽ എന്തെങ്കിലും പ്രശ്‌നമുള്ളതായി അറിയില്ലെന്നാണ് സഹപാഠികൾ പറയുന്നത്.

പരീക്ഷയെഴുതാനെത്തിയ നിധിന മോളെ കാമ്പസിനകത്തു വച്ച് അഭിഷേക് വെട്ടി വീഴ്ത്തുകയായിരുന്നു. കഴുത്തിനായിരുന്നു മുറിവ്. ഭയന്നുപോയ മറ്റു കുട്ടികൾ സമീപത്തേക്ക് അടുത്തില്ല. പിന്നീട് പൊലീസ് എത്തിയാണ് നിധിനയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തെ മീഡിയ എങ്ങനെ സമീപിക്കുന്നു എന്നതിൻ്റെ നേർക്കാഴ്ച്ചകളായിരുന്നു ഇന്നലെ മുതൽ കേരളം കണ്ടത്.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ അയൽവാസിയോട് ഒരു മാദ്ധ്യമ പ്രവർത്തകൻ ചോദിച്ചത് മരിച്ച പെൺകുട്ടിയും, ആ കുട്ടിയുടെ അമ്മയും കുഴപ്പക്കാർ ആയിരുന്നോ എന്നാണ്. കൊല ചെയ്ത പയ്യൻ ഇവിടെ ഇടയ്ക്ക് വന്ന് പോകാറുണ്ടോ എന്നും റിപ്പോർട്ടർ ചോദിക്കുന്നുണ്ട്.
സമൂഹ മനസ്സിന് സംഭവിച്ച അധപ്പതനത്തിൻ്റെ നേർക്കാഴ്ച്ചയായിരുന്നു, ആ മാദ്ധ്യമ പ്രവർത്തകനിലൂടെ വെളിപ്പെട്ടത്.

പ്രണയം നിരസിക്കുന്ന പെൺകുട്ടികൾ കൊല്ലപ്പെടുന്ന
ദാരുണ സംഭവങ്ങൾ അടുത്ത കാലത്തായി കേരളത്തിലും വർദ്ധിച്ചുവരികയാണ്. തിരുവനന്തപുരത്ത്‌ വീട്ടിൽ കയറി പെൺകുട്ടിയെ കഴുത്തറുത്ത്‌ കൊലപ്പെടുത്തി യുവാവ്‌ ആത്മഹത്യ ചെയ്‌തത്‌ ആഴ്ച്ചകൾക്ക് മുമ്പാണ്. പ്രണയം നിരസിച്ചതിൻ്റെ പേരിൽ എറണാകുളം സ്വദേശിയായ പെൺകുട്ടിയെ കാട്ടിൽ കൊണ്ടുപോയി യുവാവ്‌ കൊലപ്പെടുത്തിയ സംഭവവും ആഴ്ച്ചകൾക്ക് മുമ്പ് കേരളം കേട്ടു. കൊച്ചിയിൽ നടുറോഡിൽ യുവാവിന്റെ കുത്തേറ്റ പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്‌.

മനോവൈകല്യം ബാധിച്ചവരാണ് പ്രണയത്തിൻ്റെ പേരിൽ കൊലപാതകികളും അക്രമാസക്തരും ആയിത്തീരുന്നതെന്ന് മനഃശാസ്‌ത്ര വിദഗ്‌ധർ പറയുന്നു.
ആഗ്രഹിക്കുന്നതെന്തും സ്വന്തമാക്കണമെന്ന് വാശി പിടിക്കുന്നവരും, അടഞ്ഞ ജീവിതം നയിക്കുന്നവരുമാണ് ഇക്കൂട്ടർ.
ഇന്ത്യയിൽ കൊലപാതകങ്ങളുടെ കാരണങ്ങളിൽ മൂന്നാം സ്ഥാനത്ത് പ്രണയത്തിനാണെന്ന് പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്. വ്യക്തവൈരാഗ്യവും ശത്രുതയുമാണ് ഒന്നാമത്തെ കാരണം. 2001 മുതൽ 2017 വരെയുള്ള കണക്കുകൾ പ്രകാരം നാഷണൽ ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ റിപ്പോർട്ടിൽ
44,412 പേർ പ്രണയപ്പക കാരണം കൊല്ലപ്പെട്ടതായി ചൂണ്ടിക്കാട്ടുന്നു.
പ്രണയക്കൊലകൾ കൂടുതൽ ഉത്തർപ്രദേശിലാണ്.
ഈ കാലയളവിൽ പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ 28 ശതമാനം വർദ്ധിച്ചതായും റിപ്പോർട്ടിലുണ്ട്.

വിദ്യാർത്ഥികൾക്ക് കൃത്യമായ കൗൺസലിംഗ് നൽകുകയും സമൂഹത്തിൽ ശക്തമായ ബോധവൽക്കരണം ഉറപ്പുവരുത്തുകയും ചെയ്യുന്നതിലൂടെ മാത്രമേ ഇതിന് പരിഹാരം കാണാൻ കഴിയുകയുള്ളൂ എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

Tags:

Leave a Reply

Your email address will not be published. Required fields are marked *