സിറ്റിംങ് സീറ്റുകളില്‍ പോരാട്ടച്ചൂട്: മലപ്പുറത്ത് ഇടതു മുന്നണിക്ക് നഷ്ടമുണ്ടാകുമോ?

തേക്കിന്റെ കരുത്തുള്ള കോട്ടയായിരുന്നു കോണ്‍ഗ്രസിന് നിലമ്പൂര്‍. ആര്യാടന്‍ മുഹമ്മദെന്ന വന്‍മരത്തെ കടപുഴക്കാന്‍ ഇടതുമുന്നണി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല. എന്നാല്‍ 2016ല്‍ മകന്‍ ആര്യാടന്‍ ഷൗക്കത്തിന് അടി തെറ്റി. പി വി അന്‍വറെന്ന പഴയ യൂത്ത് കോണ്‍ഗ്രസ് നേതാവിന് മുന്നില്‍ ദയനീയമായി തോറ്റു. നിലമ്പൂരിലെ പരാജയത്തിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും കോണ്‍ഗ്രസ് മോചിതമായിട്ടില്ല. തദ്ദേശതെരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ നഗരസഭയും കോണ്‍ഗ്രസിനെ കൈവിട്ടു. കോണ്‍ഗ്രസിന്റെ പ്രധാന കേന്ദ്രമായ പോത്തുകല്ലിലും ഭരണം നഷ്ടമായി. നിലമ്പൂര്‍ നഗരസഭയിലെ പരാജയം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണുണ്ടാക്കിയത്. മണ്ഡലം തിരിച്ചു പിടിക്കാമെന്ന മോഹത്തിനേറ്റ കനത്ത പ്രഹരം.
നിലമ്പൂര്‍ നഗരസഭ നഷ്ടമായെങ്കിലും പഞ്ചായത്തുകളിലെ ലീഡ് കോണ്‍ഗ്രസിന് പ്രതീക്ഷ നല്കുന്നതാണ്. മൂത്തേടം പഞ്ചായത്തില്‍ ഐക്യജനാധിപത്യ മുന്നണി ശക്തമായ തിരിച്ചു വരവ് നടത്തി. കരുളായി, വഴിക്കടവ് പഞ്ചായത്തുകളില്‍ ഭരണം ലഭിച്ചു. എടക്കര, ചുങ്കത്തറ എന്നിവിടങ്ങളില്‍ വലിയ നേട്ടം ഉണ്ടായില്ലെങ്കിലും ഭരണത്തിലെത്താനായി. അഞ്ച് പഞ്ചായത്തുകളില്‍ യു ഡി എഫിന് അധികാരം ലഭിച്ചപ്പോള്‍ പോത്തുകല്‍, അമരമ്പലം, പഞ്ചായത്തുകളിലും നിലമ്പൂര്‍ നഗരസഭയിലും മാത്രമായി എല്‍ ഡി എഫ് ഒതുങ്ങി. ഭരണം നഷ്ടമായെങ്കിലും പോത്തുകല്ലില്‍ യു ഡി എഫ് വോട്ട് നിലയില്‍ പിന്നിലല്ല. നേരിയ മേല്‍ക്കൈ തദ്ദേശ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് ഉണ്ട് എന്നതാണ് നിലമ്പൂരിന്റെ നേട്ടം.
കഴിഞ്ഞ തവണ പരാജയപ്പെട്ട ആര്യാടന്‍ ഷൗക്കത്ത് വീണ്ടും സീറ്റിന് ശ്രമിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിലും, മുസ്‌ലിം ലീഗിലും വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ വീണ്ടും ഷൗക്കത്തിനെ മത്സരിപ്പിച്ച് പരീക്ഷണം നടത്തരുത് എന്ന നിലപാടിലാണ്. ചില മുസ്‌ലിം സമുദായ സംഘടനകള്‍ക്ക് ഷൗക്കത്ത് സ്ഥാനാര്‍ഥിയാകുന്നതിനോട് എതിര്‍പ്പാണ്. കോണ്‍ഗ്രസിനകത്തും ഷൗക്കത്തിനോട് എതിര്‍പ്പുണ്ട്. ഡി സി സി പ്രസിഡന്റ് വി വി പ്രകാശ്, കെ പി സി സി ജനറല്‍ സെക്രട്ടറി വി എസ് ജോയ് എന്നിവരെ പരിഗണിക്കണമെന്ന ആവശ്യമാണ് സജീവമായി ഉള്ളത്. കഴിഞ്ഞ തവണ വി വി പ്രകാശിനെ പരിഗണിച്ചിരുന്നുവെങ്കിലും അവസാന നിമിഷം ആര്യാടന്‍ ഷൗക്കത്തിന് നറുക്ക് വീഴുകയായിരുന്നു.

2016ല്‍ മുസ്‌ലിം ലീഗിന് മലപ്പുറം ജില്ലയില്‍ പരാജയം അനുഭവിക്കേണ്ടി വന്ന ഏക മണ്ഡലമാണ് താനൂര്‍. യു ഡി എഫ് തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്ന പ്രധാന മണ്ഡലങ്ങളില്‍ ഒന്ന് താനൂരാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും, തദ്ദേശ തെരഞ്ഞെടുപ്പിലും വലിയ മുന്നേറ്റമാണ് യു ഡി എഫ് കാഴ്ച വെച്ചത്. താനൂര്‍ നഗരസഭയും, താനൂര്‍ ബ്ലോക്കും യു ഡി എഫ് ഭരിക്കുന്നു. ചെറിയമുണ്ടം, പൊന്മുണ്ടം, ഒഴൂര്‍ പഞ്ചായത്തുകളും യു ഡി എഫ് ഭരിക്കുന്നു. താനാളൂരില്‍ മാത്രമാണ് എല്‍ ഡി എഫിന് മേല്‍ക്കൈ. ഒരു മുസ്‌ലിം ലീഗ് അംഗത്തിന്റെ വോട്ട് അസാധുവായതിനാലാണ് നിറമരുതൂരില്‍ സി പി എമ്മിന് താത്കാലികമായി പഞ്ചായത്ത് പ്രസിഡന്റ് പദവി കിട്ടിയത്.
താനൂരിലെ സിറ്റിംങ് എം എല്‍ എ വി അബ്ദുറഹ്മാന്‍ വീണ്ടും മത്സരിക്കുന്നില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വി അബ്ദുറഹ്മാന്റെ വ്യക്തിഗത മികവിലാണ് കഴിഞ്ഞ തവണ താനൂരില്‍ ഇടതുപക്ഷത്തിന് വിജയിക്കാനായത്.

മന്ത്രി ഡോ. കെ ടി ജലീല്‍ തവനൂര്‍ മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാനാണ് സാധ്യത. ഇടതുമുന്നണിക്ക് നേരിയ മേല്‍ക്കൈ ഉള്ള മണ്ഡലമാണ് തവനൂര്‍. കോണ്‍ഗ്രസിന് മികച്ച സ്ഥാനാര്‍ഥികള്‍ വന്നാല്‍ മണ്ഡലത്തില്‍ മത്സരം തീപ്പാറും. വട്ടംകുളം, കാലടി, മംഗലം പഞ്ചായത്തുകള്‍ മുസ്‌ലിം ലീഗും, എടപ്പാള്‍, തൃപ്പങ്ങോട്, തവനൂര്‍, പുറത്തൂര്‍ പഞ്ചായത്തുകള്‍ എല്‍ ഡി എഫുമാണ് ഭരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ 6000ത്തിലധികം വോട്ടിന്റെ ലീഡ് മണ്ഡലത്തില്‍ എല്‍ ഡി എഫിനുണ്ട്. എടപ്പാള്‍ പഞ്ചായത്തില്‍ നിന്ന് ലഭിച്ച വന്‍ ലീഡാണ് എല്‍ ഡി എഫിന് മേല്‍ക്കൈ നല്കുന്നത്. മുസ്‌ലിം ലീഗ് ശക്തികേന്ദ്രമായ തൃപ്പങ്ങോട് പഞ്ചായത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ വോട്ട് ചോര്‍ച്ചയുണ്ടായി. ജില്ലാ പഞ്ചായത്ത് മംഗലം ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഡ്വ. നസ്‌റുള്ളയെ കോണ്‍ഗ്രസില്‍ നിന്നു തന്നെ കാലുവാരി എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ഈ വെല്ലുവിളികളെ മറികടക്കാനായാല്‍ തവനൂര്‍ മണ്ഡലത്തില്‍ യു ഡി എഫിന് വിജയിക്കാനാവും. തൃപ്പങ്ങോട്, മംഗലം പഞ്ചായത്തുകളിലെ വോട്ട് ചോര്‍ച്ച തടയാനായാല്‍ തവനൂരില്‍ യു ഡി എഫിന് വിജയക്കൊടി പാറിക്കാനാവും. മുന്‍കാലങ്ങളില്‍ കെ ടി ജലീലിനൊപ്പം നിന്നിരുന്ന വെല്‍ഫെയര്‍ പാര്‍ട്ടി ഇത്തവണ എതിരാകുമെന്നതും യു ഡി എഫിന് പ്രതീക്ഷ നല്കുന്ന ഘടകമാണ്. 2000ത്തോളം വോട്ടുകള്‍ മണ്ഡലത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്കുണ്ട്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി ഉള്‍പ്പെടെയുള്ള പേരുകളാണ് കോണ്‍ഗ്രസ് പട്ടികയില്‍ സജീവമായി പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *