ടി റിയാസ് മോന്‍
കാര്‍ഷിക രംഗത്തെ വളര്‍ച്ചയുടെ അടിസ്ഥാന ഘടകം ജലസേചന സൗകര്യങ്ങളാണ്. വിത്തും, വളവും, സബ്‌സിഡിയും കൊണ്ട് മാത്രം കാര്‍ഷിക മേഖലയെ സുസ്ഥിരമായി നിലനിര്‍ത്താനാവില്ല. ജലസേചന സൗകര്യങ്ങള്‍ ഉറപ്പ് വരുത്തിയാല്‍ മാത്രമേ കാര്‍ഷിക മേഖല സുസ്ഥിരത കൈവരിക്കൂ. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിന് സവിശേഷമായ ശ്രദ്ധ നല്കിയാണ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പദ്ധതികള്‍ നടപ്പാക്കിയത്. ഏറ്റവും സാധാരണക്കാരായ ജനങ്ങള്‍ക്ക് വികസനം അനുഭവവേദ്യമാകണമെന്ന ആതവനാട് മുഹമ്മദ് കുട്ടിയുടെ നിശ്ചയദാര്‍ഢ്യം ഓരോ പദ്ധതിയിലുമുണ്ട്.
വിദ്യാര്‍ഥികാലം മുതല്‍ പൊതുപ്രവര്‍ത്തന രംഗത്ത് നിറഞ്ഞു നിന്ന ആതവനാട് മുഹമ്മദ് കുട്ടി യുവജനതൊഴിലാളി സംഘടനാ പ്രവര്‍ത്തന രംഗത്തു നിന്നു കിട്ടിയ അറിവും, ബോധ്യങ്ങളും ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി ആസൂത്രണത്തിലും ഉള്‍ച്ചേര്‍ത്തു. മൂന്ന് തവണ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നപ്പോഴും, ഒരു തവണ ആതവനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗമായിരുന്നപ്പോഴും ജനങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങളും, ആവശ്യങ്ങളും മനസ്സില്‍ വെച്ചു കൊണ്ടാണ് അദ്ദേഹം ഓരോ പദ്ധതിയും നടപ്പാക്കിയത്. ചെലവഴിക്കുന്ന ഏത് ചെറിയ തുകയും ജനങ്ങള്‍ക്ക് ഉപകാരപ്രദമാകണം എന്നതാണ് മുഹമ്മദ് കുട്ടി സാഹിബിന്റെ നയം. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ മായാത്ത മുദ്രകള്‍ അവശേഷിപ്പിക്കാന്‍ അതിനാല്‍ തന്നെ ആതവനാട് മുഹമ്മദ് കുട്ടിക്ക് സാധിച്ചു.
കാര്‍ഷിക മേഖല ശക്തിപ്പെടുത്തുന്നതിന് വിവിധ പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയത്. ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ മണ്ണാര്‍ക്കവ് ഇറിഗേഷന്‍ പദ്ധതി ശക്തിപ്പെടുത്തുകയും തിരുനിലം കളരിക്കല്‍ വരെ നീട്ടുകയും ചെയ്തു. ഒപ്പം മായിന്‍പടി ഭാഗത്തേക്കുള്ള വൈള്ളത്തിന്റെ കൈവഴി ശക്തിപ്പെടുത്തുന്നതിന് പുതിയ 15 എച്ച് പി മോട്ടോര്‍ സ്ഥാപിക്കുകയും 800 മീറ്റര്‍ നീളത്തില്‍ ഡിസ്ട്രിബ്യൂഷന്‍ ലൈന്‍ നീട്ടി നല്കുകയും ചെയ്തു. പുറമണ്ണൂരില്‍ പുഴയോരത്ത് ആറ് മീറ്റര്‍ വ്യാസമുള്ള കിണര്‍ നിര്‍മ്മിച്ച് 15 എച്ച് പി മോട്ടോര്‍ സ്ഥാപിക്കുകയും 1000 മീറ്റര്‍ വിതരണ ലൈന്‍ സ്ഥാപിക്കുകയും ചെയ്തു. കൂടാതെ 11 ജലസംരക്ഷണ തടയണകളാണ് വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിച്ചത്. ഇവയെല്ലാം കടുത്ത വേനലിലും കാര്യക്ഷമമായി തന്നെ പ്രവര്‍ത്തിച്ചു. മഹിളാ കിസാന്‍ സശാക്തീകരണ്‍ അഭിയാന്‍ പദ്ധതി എടയൂര്‍, ഇരിമ്പിളിയം, കുറ്റിപ്പുറം പഞ്ചായത്തുകളില്‍ വിജയകരമായി നടപ്പാക്കി. കാര്‍ഷിക മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിന് ഇതോടൊപ്പം നിരവധി പദ്ധതികള്‍ നടപ്പാക്കി.
ജലസേചനത്തോടൊപ്പം ശുദ്ധജല വിതരണത്തിലും ബദ്ധശ്രദ്ധയോടെയാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പ്രവര്‍ത്തിച്ചത്. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ തിരുനാവായ കുടിവെള്ള പദ്ധതി ആതവനാട്, മാറാക്കര, ഇരിമ്പിളയം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നു. 1 കോടി 75 ലക്ഷം രൂപ ചെലവഴിച്ച പദ്ധതി വഴി അയ്യായിരത്തോളം വീടുകളിലേക്ക് വെള്ളം എത്തിക്കുന്നു. വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനം സംയോജിപ്പിച്ച് നടപ്പാക്കിയ ഈ ബൃഹദ്പദ്ധതി ശുദ്ധജല ലഭ്യതയില്‍ വന്‍മുന്നേറ്റമാണ് സാധ്യമാക്കിയത്.
കുറ്റിപ്പുറത്തെ ഗവ. താലൂക്ക് ആശുപത്രിയുടെ വികസനത്തിന് ഏറെ ശ്രദ്ധയാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നല്കിയത്. ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച പുതിയ കെട്ടിടത്തില്‍ ഒ പി, കാഷ്വാലിറ്റി, ഐ പി വാര്‍ഡുകള്‍ ഒരുക്കുന്നതിനുള്ള സൗകര്യമുണ്ട്. ഫാര്‍മസിയില്‍ നിന്ന് മഴനനയാതെ മരുന്ന് വാങ്ങുന്നതിന് സൗകര്യമൊരുക്കി. ഓഫീസ് കെട്ടിടവും, ട്രോമാകെയര്‍ കെട്ടിടവും നവീകരിച്ചു. ദന്തഡോക്ടറുടെ സേവനം ആശുപത്രിയില്‍ ലഭ്യമായതോടെ ദന്തല്‍ ബ്ലോക്ക് നിര്‍മ്മിച്ചു നല്കി. നേത്രപരിശോധന, കുത്തി വെപ്പ് എന്നിവക്ക് പ്രത്യേക മുറികള്‍ ഒരുക്കി. ആശുപത്രിയില്‍ പുതിയ ജനറേറ്റര്‍ സ്ഥാപിച്ചു.
മിനി വ്യവസായ എസ്‌റ്റേറ്റ് യാഥാര്‍ഥ്യമാക്കിയത് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേട്ടങ്ങളില്‍ മികച്ചു നില്‍കുന്നതാണ്. താണിയപ്പന്‍ കുന്നിലെ രണ്ടര ഏക്കര്‍ സ്ഥലത്ത് മിനി എസ്‌റ്റേറ്റ് പ്രര്‍ത്തനം ആരംഭിക്കാനായി. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിന് സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ 201520 കാലയളവില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നെങ്കിലും പലതും പരാജയപ്പെടുകയുണ്ടായി. എന്നാല്‍ പ്ലാസ്റ്റിക് ഷ്രഡിംങ് യൂനിറ്റ് സ്ഥാപിച്ച് ഈ പരിമിതികളെ മറികടക്കുകയായിരുന്നു കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്. സംസ്ഥാനത്തെ രണ്ടാമത്തെയും, മലപ്പുറം ജില്ലയിലെ ആദ്യത്തെയും പ്ലാസ്റ്റിക് ഷ്രെഡിംങ് യൂനിറ്റ് മിനിവ്യവസായ പാര്‍ക്കില്‍ ആരംഭിച്ചു. പ്ലാസ്റ്റിക് ഷ്രെഡിംങ് യൂനിറ്റിന് ആവശ്യമായ കെട്ടിടങ്ങള്‍, മെഷിനറികള്‍ എന്നിവ ഒരുക്കി ബ്ലോക്ക് പഞ്ചായത്ത് കാണിച്ച ജാഗ്രത ഈ പദ്ധതിയെ വിജയമാക്കി. സംസ്ഥാനത്തെ വിവിധ പ്ലാസ്റ്റിക് ഷ്രെഡിംങ് യൂനിറ്റുകള്‍ വിവിധ കാരണങ്ങളാല്‍ പരാജയപ്പെട്ടപ്പോഴും കുറ്റിപ്പുറം വിജയിച്ചു. പ്ലാസ്റ്റിക് ഷ്രെഡിംങ് യൂനിറ്റിന് പുറമെ ആറ് സംരംഭങ്ങള്‍ കൂടി നിലവില്‍ മിനി വ്യവസായ എസ്‌റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മുഴുവന്‍ അങ്കണവാടികള്‍ക്കും സ്വന്തമായ കെട്ടിടവും അടിസ്ഥാന സൗകര്യവും ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പ്രവര്‍ത്തിച്ചത്. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 17 അങ്കണവാടികള്‍ക്ക് സ്വന്തം കെട്ടിടം നിര്‍മ്മിച്ചു നല്കി. ഇരിമ്പിളിയം കൊടുമുടി അങ്കണവാടി, കല്പകഞ്ചേരി നെല്ലിക്കുന്ന് അങ്കണവാടി, ഐരാനി അങ്കണവാടി, വാരിയത്ത്, മുഴങ്ങാണി അങ്കണവാടികള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കാനായി. ബ്ലോക്കിലെ 40 അങ്കണവാടികള്‍ രണ്ട് ഘട്ടങ്ങളിലായി ഹൈടെക്ക് നിലവാരത്തിലുള്ളതാക്കി മാറ്റി. വനിതാ ശിശു വികസനത്തിന്റെ കേന്ദ്രബിന്ദു എന്ന നിലയില്‍ ആധുനിക സൗകര്യങ്ങളോടെ അങ്കണവാടികള്‍ ഗുണമേന്മയില്‍ മത്സരക്ഷമതയുള്ളവരാകണമെന്ന കാഴ്ചപ്പാടോടെയാണ് അങ്കണവാടികളുടെ ആധുനീകരണം നടപ്പാക്കിയത്. ഇന്റര്‍നെറ്റ് കണക്ടിവിറ്റി, ടെലവിഷന്‍, പഠനോപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍ മറ്റു സൗകര്യങ്ങള്‍ എന്നിവ പദ്ധതി ഒരുക്കി.
കല്പകഞ്ചേരി പഞ്ചായത്തിലെ കുറുമ്പത്തൂര്‍ ഡിവിഷനിലെ കല്ലിങ്ങല്‍ കോളനിയിലെ ലക്ഷം വീട് ഇരട്ടവീടുകള്‍ ഒറ്റവീടുകളാക്കി മാറ്റി. ഏഴ് വീടുകള്‍ക്ക് ഫണ്ട് ഗ്രാമപഞ്ചായത്തും, എട്ട് വീടുകള്‍ക്ക് ബ്ലോക്ക് പഞ്ചായത്തും ഫണ്ട് നീക്കി വെച്ചാണ് ഇത് പൂര്‍ത്തീകരിച്ചത്. 32 ലക്ഷം രൂപയാണ് ഇതിനായി ബ്ലോക്ക് പഞ്ചായത്ത് ചെലവഴിച്ചത്. ഇന്റര്‍ലോക്ക് ചെയ്ത നടപ്പാത, കുടിവെള്ളം, വൈദ്യുതി എന്നീ സൗകര്യങ്ങളോടെ നിര്‍മ്മിച്ച ഈ പാര്‍പ്പിട സമുച്ചയം സ്വകാര്യ റെസിഡന്‍ഷ്യല്‍ വില്ലകളോട് കിടപിടിക്കുന്നതാണ്. കല്പകഞ്ചേരി തണല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റും ഈ പദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് സഹായിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്ത് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടം നിര്‍മ്മിച്ചു. കാന്റീന്‍ കെട്ടിടത്തിന്റെ വശത്ത് കാര്‍ഷിക വിപണന കേന്ദ്രവും, ഒന്നാം നിലയില്‍ വനിതാവിശ്രമകേന്ദ്രവും പണിതു. എഞ്ചിനീയറിംങ് വിങ്ങിന്റെ കെട്ടിടവും, ഐ സി ഡി എസ് മീറ്റിംങ് ഹാള്‍ നിര്‍മ്മിച്ചതും ഈ ഭരണസമിതിയാണ്.
രൂക്ഷമായ കുടിവെളള ക്ഷാമം അനുഭവിച്ചിരുന്ന മാറാക്കര മേല്‍മുറി സ്‌കൂളില്‍ നിര്‍മ്മിച്ച മഴവെള്ള സംഭരണി ഭരണസമിതിയുടെ നൂതന കാഴ്ചപ്പാടിന്റെ ഉദാഹരണമാണ്. 12 ലക്ഷം രൂപ ചെലവഴിച്ചാണ് മഴവെള്ള ശുദ്ധീകരണത്തിനുള്ള സൗകര്യവും, അണ്ടര്‍ഗ്രൗണ്ട് സംഭരണിയും ഒരുക്കിയത്. സംഭരണിക്ക് മുകളില്‍ ഗാര്‍ഡന്‍ സെറ്റ് ചെയ്യാനുമായി.
കാടുമൂടി നശിക്കുകയായിരുന്ന കടുങ്ങാത്ത്കുണ്ടിലെ വി ഇ ഒ ക്വാര്‍ട്ടേഴ്‌സ് പുനരുജ്ജീവിപ്പിച്ചതും ഈ ഭരണസമിതിയാണ്. വി ഇ ഒ ക്വാര്‍ട്ടേഴ്‌സ് കെട്ടിടം നവീകരിക്കുകയും, കെട്ടിടത്തിനു മുകളില്‍ മീറ്റിംങ് ഹാള്‍ ഒരുക്കുകയും ചെയ്തു. ബ്ലോക്ക് പരിധിയിലെ ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനായ എല്ലാ കോളനികളിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് ആതവനാട് മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി കാലാവധി പൂര്‍ത്തിയാക്കുന്നത്. ബ്ലോക്ക് പരിധിയിലെ എല്ലാ കോളനികളിലും വികസനം എത്തിക്കാനായി എന്നത് എടുത്തു പറയാവുന്ന നേട്ടമാണ്.
സംസ്ഥാനത്ത് നൂതന പദ്ധതികള്‍ നടപ്പാക്കിയതിന് ജയ് ഹിന്ദ് ടി വിയുടെ രാജീവ് ഗാന്ധി മെമ്മോറിയല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്, മുഖ്യമന്ത്രിയില്‍ നിന്ന് ഹരിതകേരളം പുരസ്‌കാരം എന്നിവ ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. നൂതന പദ്ധതികള്‍ നടപ്പാക്കിയതിനും, ഷ്രെഡിംങ് യൂനിറ്റ് വിജയകരമായി നടപ്പാക്കിയതിനും സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരം ബ്ലോക്ക് പഞ്ചായത്തിനെ തേടിയെത്തി. പാലുത്പാദനം വര്‍ധപ്പിച്ചതിനും, വനിതാകര്‍ഷക ശാക്തീകരണത്തിനും ബ്ലോക്ക് പഞ്ചായത്തിന് പുരസ്‌കാരങ്ങള്‍ ലഭിച്ചു.
മുദ്രപ്പെടുത്തിയ വികസനങ്ങളും, നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളും പരിഗണിച്ച് ബ്ലോക്കിന് ഐ.എസ്.ഒ അംഗീകാരം ലഭിച്ചിട്ടുണ്ട്. ശ്രമകരമായ പദ്ധതികളെ അതിന്റെ പരിപൂര്‍ണ്ണതയോടെ സാധ്യമാക്കിയതിനെ കുറിച്ച് ചോദിക്കുമ്പോഴും നിഷ്‌ക്കളങ്കമായൊരു പുഞ്ചിരിയോടെയാണ് മുഹമ്മദ് കുട്ടിയുടെ മറുപടി.