തയ്യാറാക്കിയത് : മുഖ്താര്‍ പുതുപ്പറമ്പ്
മഹായുദ്ധങ്ങളുടെ തുടര്‍ച്ചയായി ലോകമെങ്ങും പടര്‍ന്നാളിയ കൊടും ക്ഷാമത്തില്‍ നിന്ന് രക്ഷ നേടിയാണ്, അറുപതുകളില്‍ മലയാളികളുടെ ദേശാടനം.കടലിനക്കരെ ജീവിതമുണ്ടെന്ന കേട്ടറിവില്‍ ഉരുവില്‍ കയറി ജീവന്‍ പണയം വച്ചു നടത്തിയ പലായനങ്ങള്‍.
മുമ്പേ പറന്നവരുടെ അനുഭവങ്ങളുടെ പാദമുദ്രകള്‍ പിന്തുടര്‍ന്ന് പുതുമുറ ഇന്നുമാ യാത്ര തുടരുന്നു.
മൂത്താപ്പയുടെ പാത പിന്തുടര്‍ന്നാണ് 1978 ഫെബ്രുവരി 16 ന് 18ാമത്തെ വയസ്സില്‍ ചെങ്ങണക്കാട്ടില്‍ ചേക്കുട്ടിഅഹമ്മദ് എന്ന കുഞ്ഞുമോന്‍ ക്ലാരി പ്രവാസ ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്നത്.കുടുംബത്തില്‍ നിന്ന് മൂത്താപ്പ അലവിഹാജി ആദ്യമായി ജോലിതേടി കര തൊട്ട ഖത്തറില്‍ തന്നെയായിരുന്നു കുഞ്ഞുമോനുമെത്തിയത്. അതൊരു മാതൃകയായിക്കണ്ട് പിന്നെ കുടുംബത്തിലെ ഓരോരുത്തരും പ്രവാസം തെരഞ്ഞെടുത്തു. 43 വര്‍ഷം ഖത്തറില്‍ സേവനമനുഷ്ഠിച്ച കുഞ്ഞിമോന്‍ ക്ലാരി ഓപ്പണ്‍ ഒപ്പീനിയന്‍ ന്യൂസ് പോര്‍ട്ടലുമായി അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെക്കുന്നു.
ഖത്തറിലേക്കുള്ള ആദ്യത്തെ യാത്ര ബോംബെ വഴി ബ്രിട്ടീഷ് എയര്‍വേഴ്‌സിന്റെ വിമാനത്തിലായിരുന്നു.
ആദ്യകാലങ്ങളില്‍ കടല്‍ താണ്ടി എത്തിയിരുന്നവരെ കാത്തിരുന്ന അലച്ചിലിന്റെ സങ്കടക്കഥകള്‍ മനസ്സിലുണ്ടായിരുന്നെങ്കിലും കുഞ്ഞിമോനെ കാത്തിരുന്നത് മറ്റ് ചില നിയോഗങ്ങളായിരുന്നു.
ദോഹയില്‍ ബന്ധുക്കള്‍ നടത്തിയിരുന്ന മെട്രോ ഹോട്ടലിലു അനുബന്ധ സ്ഥാപനങ്ങളിലുമായിരുന്നു ആദ്യത്തെ പത്തു വര്‍ഷം. അവിടെ ജോലി ചെയ്യുന്ന കാലത്ത് പലതരം ജീവിതങ്ങളെ നേരിട്ടു കണ്ടു. ജോലിയും ജീവിതവും തേടി എത്തുന്ന മലയാളികളുടെ സഹനത്തിന്റേയും സങ്കടങ്ങളുടേയും കഥകള്‍, പ്രവാസത്തിന്റെ അല്ലലും അലട്ടലും മനസ്സിലാക്കിയ പത്തു വര്‍ഷങ്ങള്‍. പ്രവാസത്തോട് പൊരുത്തപ്പെട്ടു പോകാന്‍ അതിനകം പഠിച്ചുകഴിഞ്ഞിരുന്നു. നാട്ടുകാരുടെ വിവിധ പ്രശ്‌നങ്ങളില്‍ ഇടപെടാനും അവര്‍ക്കാവശ്യമായ ചെറിയ സഹായങ്ങള്‍ ചെയ്യാനും തുടങ്ങുന്നത് അക്കാലത്താണ്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ സജീവമല്ലാതിരുന്ന കാലം. കത്തെഴുത്തിനെ ആശ്രയിച്ചായിരുന്നു നാട്ടിലെ വിവരങ്ങള്‍ അറിഞ്ഞിരുന്നത്. മെട്രോ ഹോട്ടലിന്റെ പോസ്റ്റ് ബോക്‌സ് നമ്പറായ ‘245 പോസ്റ്റ് ബോക്‌സി’ലാണ് നാട്ടില്‍ നിന്നുള്ള കത്തുകള്‍ ലഭിക്കുക. പലരുടേയും വീടുകളില്‍ നിന്നെത്തുന്ന കത്തുകള്‍ വായിച്ചുകൊടുക്കലും നാട്ടിലേക്ക് കത്തെഴുതാന്‍ സഹായിക്കലുമൊക്കെ തന്റെ ജോലിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പഠനത്തെക്കാള്‍ വലുത് ഉപജീവനമാര്‍ഗമാണെന്ന് കണ്ട് നാടു വിട്ടെത്തിയവരാണ് പലരും. എഴുത്തും വായനയുമറിയാത്തവര്‍.
മനോരമയുടെ കോട്ടയം എഡിഷനും ചന്ദ്രികയുമായിരുന്നു നാട്ടിലെ വിശേഷങ്ങളറിയാനുള്ള മാധ്യമങ്ങള്‍. വളരെ വൈകി ലഭിക്കുന്ന ഈ രണ്ട് പത്രങ്ങള്‍ വഴിയാണ് നാട്ടിലെ കാര്യങ്ങള്‍ അറിഞ്ഞിരുന്നത്. ഓരോ വരികളും ശ്രദ്ധാപൂര്‍വ്വം വായിച്ചെടുക്കാനുള്ള ആര്‍ത്തി ഓരോ മലയാളിയും. കാണിച്ചിരുന്നു.
വായനയറിയാത്തവര്‍ക്കു വേണ്ടി വാര്‍ത്തകള്‍ ഉച്ചത്തില്‍ വായിച്ചു കേള്‍പ്പിക്കും. സോഷ്യല്‍ മീഡിയയുടേയും വാട്‌സാപ്പിന്റേയും ഇന്നത്തെ സ്‌ഫോടനാത്മകമായ വളര്‍ച്ചക്കാലത്ത് അവിശ്വസനീയമായിത്തോന്നാം. പക്ഷേ, അക്കാലത്ത് ഇന്റര്‍നെറ്റിനെക്കുറിച്ച് ആരെങ്കിലും പറഞ്ഞിരുന്നേല്‍ അത് അസംബന്ധമായി ഞങ്ങള്‍ക്കും തോന്നുമായിരുന്നുവെന്ന് ചെറിയൊരു പുഞ്ചിരിയോടെ അദ്ദേഹം പറയുന്നു.
ചന്ദ്രികാ റീഡേഴേസ് ഫോറത്തിന്റെ സജീവ പ്രവര്‍ത്തകനും ചന്ദ്രിക പത്രത്തിന്റെ വിതരണക്കാരനുമായിട്ടാണ് ഖത്തറില്‍ കുഞ്ഞുമോന്‍ പൊതുരംഗത്ത് ജീവിതം ആരംഭിക്കുന്നത്.1985 ല്‍ ലീഗ് ലയനം നടന്നതിനെ തുടര്‍ന്ന് ചന്ദ്രികാ റീഡേഴ്‌സ് ഫോറവും കെഎംസിസിയും ഒന്നായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതോടെ പൊതു പ്രവര്‍ത്തന മേഖലയില്‍ സജീവമായി. അതിനിടെ
1990 ല്‍ ഖത്തര്‍ ഗവണ്‍മെന്റിന്റെ കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ലഭിച്ചു. ഇക്കാലത്ത് മറക്കാനാവത്ത ഒരനുഭവമാണ് ഗള്‍ഫ് യുദ്ധത്തില്‍ എല്ലാം ഇട്ടെറിഞ്ഞ് പാലായനം ചെയ്യുന്ന വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ ഖത്തറിലേക്കൊഴുകി എത്തിയത്. അവര്‍ക്ക് താമസിക്കാനാവശ്യമായ ടെന്റ് കെട്ടി എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നതില്‍ ഖത്തര്‍ ഗവണ്‍മെന്റ് കാണിച്ച സന്മനസ്സിനെ എത്രകണ്ട് പ്രശംസിച്ചാലും മതിയാവുകയില്ലെന്നദ്ദേഹം പറഞ്ഞു.
6 വര്‍ഷം ആ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തതിന് ശേഷം 1996 ല്‍ ഖത്തര്‍ ഗവണ്‍മെന്റിന്റെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഭാഗമായി. പലകാരണങ്ങള്‍ കൊണ്ടും എനിക്കനുയോജ്യമായൊരിടമായിരുന്നു അവിടെയെന്ന് അദ്ദേഹം സന്തോഷത്തോടെ പറഞ്ഞു. 7 മണിക്കൂര്‍ ജോലി, ആഴ്ചയില്‍ 2 ദിവസം ലീവ്, ജോലി സംബന്ധമായ ടെന്‍ഷനോ പ്രയാസങ്ങളോ ഇല്ലാത്തൊരിടമായിരുന്നു അവിടെ.ഓഫീസിലെ ഒഴിവ് സമയങ്ങളില്‍ വിവിധ വിഷയങ്ങളില്‍ ഇടപെടാന്‍ എനിക്കവസരം ലഭിച്ചിരുന്നു. ഇന്നിപ്പോള്‍ ആ ജോലി സാധാരണക്കാരനായ ഒരാള്‍ക്ക് സ്വപ്നം കാണാന്‍ പോലും സാധിക്കില്ല. പക്ഷെ എനിക്ക് ലഭിച്ച സൗകര്യങ്ങള്‍ മാക്‌സിമം ഉപയോഗപ്പെടുത്താനും അത് കെഎംസിസിയുടെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താനും സാധിച്ചു.
1992 ല്‍ കെഎംസിസിയുടെ താനൂര്‍ മണ്ഡലം സെക്രട്ടറിയായതോടെയാണ് നാട്ടിലെ പ്രശ്‌നങ്ങളിലും സജീവമാകുന്നത്.പിന്നീട് 1995 ല്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയായി. ഇക്കാലയളവില്‍ നിരവധി ആളുകളുമായി ബന്ധം സ്ഥാപിക്കാനും അവര്‍ക്കാവശ്യമായ പല വിഷയങ്ങളില്‍ ഇടപെടാനും സാധിച്ചിട്ടുണ്ട്. ഗള്‍ഫിലെത്തുന്ന ഒരു മലയാളി അഭിമുഖീകരിക്കുന്ന പല നീറുന്ന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്നതിലും നിരവധി റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും സാധിച്ചു. പുറമെ ചന്ദ്രിക ദിനപത്രത്തിന് പുതുതായി വരിക്കാരെ കണ്ടെത്തുന്ന പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയിലുണ്ടായിരുന്നു.
പിന്നീട് പെരുമണ്ണ ക്ലാരി പഞ്ചായത്ത് തിരൂരങ്ങാടി മണ്ഡലത്തിന്റെ ഭാഗമായപ്പോള്‍ 2007 മുതല്‍ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റായി. 2012 ല്‍ മുതല്‍ കെഎംസിസിയുടെ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റും നിലവില്‍ സംസ്ഥാന വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്നു. ഈ കാലയളവില്‍ മലയാളികള്‍ക്കിടയില്‍ നിരവധി ജീവകാരുണ്യ പ്രവര്‍നങ്ങള്‍ക്ക് കൂടെനില്‍ക്കാന്‍ സാധിച്ചതില്‍ ഏറെ അഭിമാനം തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എസ്എഎം ബഷീര്‍ പ്രസിഡന്റും നിലവിലെ കുറ്റിയാടി എംഎല്‍എ പാറക്കല്‍ അബ്ദുള്‌ല ജനറല്‍ സെക്രട്ടറിയുമായ കമ്മറ്റിയാണ് ഖത്തറില്‍ കെഎംസിസിയെ ജനകീയവല്‍ക്കരിച്ചതെന്ന് നിസ്സംശയം പറയാന്‍ കഴിയുമെന്ന് കുഞ്ഞുമോന്‍ കൂട്ടിച്ചേര്‍ത്തു.
പ്രവാസി മലയാളികള്‍ക്ക് തന്നെ മാതൃകയാക്കാവുന്ന സാമൂഹ്യ സുരക്ഷാ പദ്ധതി ആദ്യമായി കൊണ്ടുവന്നത് ഖത്തറിലാണ് . കെഎംസിസിയുടെ മെമ്പറായ ഏതെങ്കിലുമൊരു വ്യക്തി മരണപ്പെട്ടാല്‍ 6 ലക്ഷം കുടുംബത്തിന് ലഭിക്കുന്ന ഈ പദ്ധതിയില്‍ പ്രവാസം ഒഴിവാക്കിപ്പോരുന്നവര്‍ക്ക് 2 ലക്ഷം രൂപയും അസുഖമായവര്‍ക്ക് 2 ലക്ഷം രൂപയും ലഭിക്കും. ഈയൊരു സുരക്ഷാ പദ്ധതിയാണ് കെഎംസിസിയെ മലയാളികള്‍ക്കിടയില്‍ ഇത്രയേറെ സ്വീകാര്യമാക്കിയത്.
ഈ പ്രവര്‍ത്തനങ്ങളെല്ലാം വളരെ കൃത്യതയോടെയാണ് സംഘടനാ നേതൃത്വം നടപ്പിലാക്കുന്നത്. പൂര്‍ണ്ണ സജ്ജമായ ഓഫീസും ജീവനക്കാരും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നുണ്ട്.
കോവിഡ് മഹാമാരി നാടിനെ പിടിച്ചു കുലുക്കിയപ്പോള്‍ 12 കോടിയുടെ റിലീഫ് പ്രവര്‍ത്തനങ്ങളാണ് ഖത്തര്‍ കെഎംസിസിയുടെ കീഴില്‍ നടന്നത്. നിരവധി മലയാളികളെ പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിന് 36 ചാര്‍ട്ടേണ്ട വിമാനങ്ങള്‍ ഒരുക്കാനും കഴിഞ്ഞിട്ടുണ്ട്. മയ്യിത്ത് പരിപാലനം, പഠന ക്ലാസുകള്‍, കായിക മത്സരങ്ങള്‍, തുടങ്ങി നിരവധി വിഷയങ്ങളില്‍ ഇന്ന് സംഘടന സജീവമായി പ്രവര്‍ത്തിക്കുന്നു.
തന്റെ 43 വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ ഖത്തര്‍ എന്ന കൊച്ചു രാജ്യത്തിന്റെ വളര്‍ച്ചയും ഒപ്പം പ്രവാസികളുടെ ഉയര്‍ച്ചയും നേരിട്ടറിയാന്‍ സാധിച്ചിട്ടുണ്ടെന്ന് കുഞ്ഞുമോന്‍ പറഞ്ഞു. 2006 ലെ ഏഷ്യന്‍ ഗെയിംസിന് ഖത്തര്‍ ആതിഥേയത്വം വഹിച്ചതോടെ ആ നാടിന്റെ മുഖച്ചായ തന്നെ മാറിയെന്നു പറയാം. പല മേഖലകളിലും പ്രത്യേകിച്ച് വാര്‍ത്താവിനിമയം, ഗതാഗതം, ആരോഗ്യം മറ്റു കാര്യങ്ങളിലെല്ലാം വന്‍ കുതിച്ചു ചാട്ടമാണ് നടന്നത്. ഇന്ന് ഈ കൊച്ചു രാജ്യം ലോക രാജ്യങ്ങള്‍ക്ക് തന്നെ വിസ്മയമാണ്. 2022 ലെ വേള്‍ഡ് കപ്പ് വരുന്നതോടെ ഖത്തര്‍ മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാകാന്‍ പോവുകയാണ്.
സ്വദേശി വിദേശി എന്നൊരു വേര്‍തിരിവില്ലാതെ മുഴുവന്‍ ആളുകളെയും സ്‌നേഹത്തോടെ സ്വീകരിക്കുകുയം അവര്‍ക്കാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കികൊടുക്കുകയും ചെയ്യുന്നതില്‍ അന്നാട്ടുകാരും ഭരണകൂടവും കാണിക്കുന്ന ആവേശം നമ്മെയൊക്കെ അല്‍ഭുതപ്പെടുത്തുന്നതാണ്. നിയമം പാലിച്ച് ജീവിക്കാന്‍ ശ്രമിച്ചാല്‍ ഇത്രയേറെ സുരക്ഷിതമായ മറ്റൊരിടം എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ലെന്നദ്ദേഹം ഉറപ്പിച്ചു പറയുന്നു.
സൗകര്യങ്ങള്‍ കൂടിയതോടെ ജീവിതച്ചെലവും വര്‍ധിച്ചു. ഒരു ബെഡ് സ്‌പൈസിന് ചുരുങ്ങിയത് 500റിയാല്‍ നല്‍കണമെന്നതാണ് അവസ്ഥ. അതു കൊണ്ടു തന്നെ പുതുതായി ഖത്തര്‍ സ്വപ്നം കാണുന്നവരോട് ഉപദേശിക്കാനുള്ളത് സാഹചര്യങ്ങളും അവസരങ്ങളും വിലയിരുത്തിയുള്ള കോഴ്‌സാണ് പഠിക്കേണ്ടതെന്നാണ്. ഇനിയുള്ള കാലം നല്ലൊരു ജോലി ലഭിക്കണമെങ്കില്‍ ഉയര്‍ന്ന യോഗ്യതയും അര്‍പ്പണ മനോഭവവും നിര്‍ബന്ധമാണെന്നുംവഅനുഭവത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം പറഞ്ഞു.
ഇത്രയും കാലത്തെ പ്രവാസത്തെക്കുറിച്ച് എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് നിരവധി പുതിയ സൗഹാര്‍ദ്ദങ്ങളും ഒട്ടനവധി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും മുന്നില്‍ നില്‍ക്കാനും ഒരിക്കലും പരിചയപ്പെടാന്‍ സാധ്യതയില്ലാത്ത നിരവധി ആളുകളെ കണ്ടുമുട്ടാനും സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇനിയുള്ള കാലം നാട്ടില്‍ പൊതു രംഗങ്ങളില്‍ സജീവമാകാനും കുടുംബത്തോടൊപ്പം ചിലവഴിക്കാനുമാണ് താല്‍പര്യമെന്നും പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു. ഭാര്യ അമ്പായപ്പുള്ളി ആയിഷുമ്മു.നാലു മക്കളില്‍ ഷബീര്‍ അഹമ്മദും പിതാവിന്റെ വഴിയേ ദോഹയിലാണ്. മറ്റു മക്കള്‍: മുഷ്ഫര്‍ അലി, സ്വാദിഖ് അലി, ഫാത്തിമ നജ് വ.
ദയാരഹിതമായ കാലത്തിലൂടെ കടന്നു പോകുമ്പോഴും കാരുണ്യത്തിന്റെ കര നമുക്കായി നാഥന്‍ കാത്തു വച്ചിട്ടുണ്ടാകാം എന്ന ഉറച്ച പ്രതീക്ഷ കൈവിടാതെ അവനില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് നടക്കാന്‍ ശീലിക്കണം ഓരോ മനുഷ്യരുമെന്ന് കുഞ്ഞുമോന്‍ ഓര്‍മ്മിപ്പിക്കുന്നു.
തന്റെ ജീവിതം തനിക്കു ജീവിച്ചു തീര്‍ക്കാനുള്ളതല്ലെന്നും അപരന് ഒരു തണലിടമാകാനുള്ളതാണെന്നും തിരിച്ചറിയുമ്പോഴാണ് ജീവിതം പൂര്‍ണ്ണമാകുന്നത്. അത്തരമൊരു ലക്ഷ്യത്തിലേക്ക് മനസ്സാ സന്നദ്ധരാകുന്നവര്‍ അശരണര്‍ക്ക് കൈത്താങ്ങാകാന്‍ നിയോഗിക്കപ്പെടുമെന്നതിന് കാലം സാക്ഷി എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു.