ഒഴിവാക്കാമായിരുന്ന സമരം

മനോജ് കെ.എം

പാലക്കാട് ഡിവിഷൻ കാലങ്ങളായി തുടരുന്ന മലബാറിനോടുള്ള അവഗണന കോവിഡ് നിയന്ത്രണങ്ങളിലെ ഇളവിനു ശേഷവും കരുണ ഇല്ലാതെ തുടരുകയാണ്. രാജ്യത്താകെ റെയിൽവെ സാധാരണ സർവ്വീസ് ആരംഭിച്ചെങ്കിലും മലബാറിലെ യാത്രാദുരിതം നില നിർത്തിക്കൊണ്ട് യാത്രക്കാർക്കു നേരെ ചുവപ്പു കൊടി വീശുകയാണ് അധികൃതർ. കോവിഡിലെ നിയന്ത്രണങ്ങളിൽ ഇളവു ലഭിക്കുകയും കൊളജും സ്കൂളും തുറയ്ക്കുകയും ചെയ്ത ഉടൻ തന്നെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ പ്രഖ്യാപിച്ച 48 മണിക്കൂർ പണിമുടക്ക് തുടങ്ങിയതോടെ തുറന്നു കിട്ടിയ ജീവിതം പിന്നെയും രണ്ടു ദിവസത്തേക്ക് അടഞ്ഞു പോയ അവസ്ഥയിലായി ജനം. വെള്ളി, ശനി ദിവസങ്ങളിൽ തുടരുന്ന പണിമുടക്ക് അർധരാത്രിയോടെയാണ് ആരംഭിച്ചത്.
ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്‍റണി രാജുവും ഭരണ-പ്രതിക്ഷ തൊഴിലാളി സംഘടനകളും നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് നേരത്തെ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചത്. ഇതോടെ ദീർഘദൂര സർവീസുകളടക്കം പലതിനെയും ബാധിച്ചു.
പണിമുടക്കിനെ നേരിടാൻ നടപടികളുമായി കെ.എസ്​.ആർ.ടി.സി മാനേജ്​മെന്‍റും​ രംഗത്തെത്തി​യിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ ഡയസ്​നോൺ പ്രഖ്യാപിച്ച്​ ഉത്തരവിറക്കി അധികൃതർ.
അതു കൊണ്ട് തങ്ങൾക്കെന്ത് ഗുണമെന്നാണ് പൊതുജനത്തിൻ്റെ ചോദ്യം.
ഒഴിവാക്കാമായിരുന്ന പണിമുടക്കാണ് ഇതെന്ന് തൊഴിലാളികൾ തന്നെ അഭിപ്രായപ്പെടുന്നു.

137 ശതമാനം ക്ഷാമബത്ത ലയിപ്പിച്ച് 23,700 രൂപയിൽ തുടങ്ങുന്ന മാസ്റ്റർ സ്കെയിൽ പ്രഖ്യാപിക്കണമെന്നാണ് യൂനിയനുകളുടെ ആവശ്യം. 112 ശതമാനം ക്ഷാമബത്ത ലയിപ്പിച്ച് 20,000 രൂപയിൽ തുടങ്ങുന്ന സ്കെയിലിലാണ് മാനേജ്മെൻറ് മുന്നോട്ടുവെച്ചത്. ചർച്ച ധാരണയിലെത്താത്ത സാഹചര്യത്തിൽ ധനമന്ത്രിയുമായും മുഖ്യമന്ത്രിയുമായും കൂടിയാലോചിക്കാൻ സാവകാശം വേണമെന്ന ആവശ്യമാണ് ഗതാഗതമന്ത്രി മുന്നോട്ടുവച്ചത്.

എന്നാൽ 2016ൽ കലാവധി കഴിഞ്ഞ ശമ്പള പരിഷ്കരണത്തിന്‍റെ കാര്യത്തിൽ ഇനിയും സാവകാശം അനുവദിക്കാനാവില്ലെന്നാണ് യൂണിയനുകളുടെ നിലപാട്. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരത്തിൽ നിന്ന് കെ.എസ്.ആര്‍.ടി.സി യൂണിയനുകൾ പിന്മാറണമെന്നും യൂണിയനുകൾ ആത്മപരിശോധന നടത്തണമെന്നുമാണ് ഗതാഗത മന്ത്രി ആൻ്റണി രാജു ഇന്നലെ ആവശ്യപ്പെട്ടത്.ശമ്പള പരിഷ്കരണം നടത്തില്ല എന്ന നിലപാട് സർക്കാറിനില്ലന്നും. ശമ്പള പരിഷ്കരണത്തെ കുറിച്ച് പഠിക്കാനുള്ള സമയം മാത്രമാണ് ആവശ്യപ്പെട്ടതെന്നുമാണ് മന്ത്രി പറഞ്ഞത്.

യൂണിയനുകൾ എടുത്തുചാടി തീരുമാനം എടുത്തുവെന്നും തൊഴിലാളികളുടെ താൽപര്യം അല്ല സംഘടനകൾക്കുള്ളതെന്നും ആന്‍റണി രാജു ഇന്നലെ പറഞ്ഞിരുന്നു.
ഇത്തരം കുറ്റപ്പെടുത്തലുകൾക്ക് പകരം
വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമടക്കമുള്ള യാത്രക്കാരെ തുടർച്ചയായി രണ്ടു ദിവസം ദുരിതത്തിലേക്ക് തള്ളിയിടുന്ന പണിമുടക്ക് ഒഴിവാക്കാൻ നടപടി കൈകൊള്ളുകയായിരുന്നു സർക്കാർ ചെയ്യേണ്ടിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *