സിറാജ് തിരുവനന്തപുരം എഡിഷന്‍ ഹെഡ് കെ എം ബഷീര്‍ കാറിടിച്ച് മരിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷന് സമീപത്ത് വെച്ച് ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ സഞ്ചരിച്ച കാര്‍ കെ എം ബഷീറിന്റെ ബൈക്കില്‍ അമിത വേഗതയില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് കെ എം ബഷീര്‍ മരണപ്പെട്ടത്.
ലാന്റ് റെക്കോര്‍ഡ് ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ട രാമനും, പെണ്‍സുഹൃത്ത് വഫാ ഫിറോസും സഞ്ചരിച്ചിരുന്ന കാര്‍ അമിതവേഗതയില്‍ ആണ് കെ എം ബഷീറിനെ ഇടിച്ചതെന്ന് അപകടസ്ഥലത്തുള്ള സി സി ടി വി ദൃശ്യങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ അപകട മരണത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് വൈമുഖ്യം കാണിച്ചു. ശ്രീറാം വെങ്കിട്ടരാമനല്ല, വഫാ ഫിറോസാണ് കാര്‍ ഓടിച്ചിരുന്നതെന്ന് സ്ഥാപിക്കാന്‍ അപകട നടന്ന ദിവസം മുതല്‍ പോലീസ് ശ്രമിച്ചു കൊണ്ടിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷിയായ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരായ ശഫീഖും, മണിക്കുട്ടനും ശ്രീറാം വെങ്കിട്ടരാമനാണ് വാഹനം ഓടിച്ചതെന്ന് മൊഴി നല്‍കിയിട്ടും വഫാ ഫിറോസാണ് വാഹനം ഓടിച്ചതെന്ന് പോലീസ് ആവര്‍ത്തിച്ചു. വാഹനത്തില്‍ കൂടെയുണ്ടായിരുന്ന വഫാ ഫിറോസിനെ കസ്റ്റഡില്‍ എടുക്കുന്നതിന് പകരം ഒരു ടാക്‌സിയില്‍ കയറ്റി സ്വന്തം വീട്ടിലേക്ക് പോലീസ് തന്നെ പോകാന്‍ നിര്‍ദ്ദേശിച്ചു. ആദ്യം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളെജിലേക്ക് റഫര്‍ ചെയ്‌തെങ്കിലും മറ്റൊരു സ്വകാര്യ ആശുപത്രിയിലാണ് ശ്രീറാം ചികിത്സ നേടിയത്. ലഹരി ഉപയോഗിച്ചിരിക്കുന്നു എന്ന ആരോപണം ഉണ്ടായിട്ടും പോലീസ് ശ്രീറാം വെങ്കിട്ടരാമനെ വൈദ്യപരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചില്ല.
കെ എം ബഷീര്‍ മരണപ്പെട്ടിട്ട് ഒരു വര്‍ഷം തികയുമ്പോള്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുത്തു. 2020 മാര്‍ച്ച് 22നാണ് ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസില്‍ തിരിച്ചെടുത്തത്. കോവിഡിന്റെ മറവില്‍ ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി നിയമനം നല്കുകയും ചെയ്തു.
കെ എം ബഷീറിന്റെ ഘാതകര്‍ക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യം കേരളം ഉറക്കെ ചോദിക്കേണ്ടതാണ്.
മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിന്റെ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ 2019 ഓഗസ്റ്റ് മൂന്നിന് ഇപ്രകാരം പ്രസ്താവിച്ചു:
‘മാധ്യമപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന പ്രത്യേകമായ തൊഴില്‍ സാഹചര്യത്തിന്റെ ഫലമായിട്ട് കൂടിയാണ് ആ സമയത്ത് ബഷീറിന് യാത്ര ചെയ്യേണ്ടി വന്നതും ജീവന്‍ നഷ്ടപ്പെട്ടതും. ആ അപകടവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. ബഷീറിന്റെ മരണത്തിന് ഉത്തരവാദികളായ ആരും നിയമത്തിനു മുന്നില്‍ നിന്ന് രക്ഷപ്പെടാതിരിക്കാന്‍ എല്ലാ കാര്യങ്ങളും ചെയ്യും. ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും അക്കാര്യത്തില്‍ അനുവദിക്കില്ല. അതോടൊപ്പം മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ സാഹചര്യങ്ങളിലെ അപകട പരിരക്ഷ കുടുതല്‍ ഉറപ്പാക്കാന്‍ വേണ്ട നടപടികളെക്കുറിച്ച് ആലോചിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒരു ഇന്‍ഷുറന്‍സ് പദ്ധതി നിലവിലുണ്ട്. അത് വിപുലപ്പെടുത്തുകയും ഏതു സങ്കീര്‍ണമായ അപകട ഘട്ടങ്ങളെയും തരണം ചെയ്യാന്‍ പര്യാപ്തമാകും വിധത്തിലും കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിലും പുനക്രമീകരിക്കുകയും വേണം. അതിനാവശ്യമായ നടപടികള്‍ അടിയന്തര പ്രാധാന്യത്തോടെ ഗവണ്‍മെന്റ് സ്വീകരിക്കും.’
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയിലെ ഓരോ വാക്കും വീണ്ടും വായിക്കേണ്ടതാണ്. ഒരു വര്‍ഷം കഴിഞ്ഞിട്ടും ബഷീറിന്റെ ഘാതകര്‍ നിയമത്തിന് മുന്നില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. എന്ന് മാത്രമല്ല അതില്‍ പ്രധാന പ്രതി സംസ്ഥാന ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കൂടിയാണ്. കെ എം ബഷീറിന് നീതിയെവിടെ എന്ന ചോദ്യം കൂടുതല്‍ കരുത്തോടെ ഉയരേണ്ടതാണ്.