റഈസ്
പാളയത്തിൽ തന്നെ ഒറ്റുകാർ പടയൊരുക്കം നടത്തുന്നുണ്ടോ എന്നന്വേഷിക്കാൻ തയ്യാറാകണം മുഖ്യമന്ത്രി പിണറായി വിജയൻ.
അങ്ങേയറ്റം അപകടകരമായ സ്ഥിതി വിശേഷത്തിലേക്ക് പൊലീസ് സേനയെ എത്തിക്കാൻ സേനക്കകത്തു തന്നെ ശ്രമം നടക്കുന്നുണ്ടോ എന്ന സംശയം ഉയർന്നു വരുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്.
നിയമ വിദ്യാർത്ഥിനി
മോഫിയ പര്‍വീണിന്റെ മരണവുമായി ബന്ധപ്പെട്ട് ആലുവയില്‍ സമരം നടത്തിയവര്‍ക്കെതിരെ തീവ്രവാദപരാമര്‍ശം നടത്തിയ പൊലീസ് നടപടി അതിൻ്റെ സൂചനയാണ്. സംഭവത്തില്‍ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുക വഴി ജനാധിപത്യ വിശ്വാസികൾക്ക് ആശ്വാസം പകരാൻ അധികൃതർക്ക് സാധിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു നിലപാട് പൊലീസിൽ ചിലരുടെ ഭാഗത്തു നിന്നുണ്ടായതെങ്ങനെ എന്ന് കണ്ടെത്തുക തന്നെ വേണം. ആലുവ പ്രിന്‍സിപ്പല്‍ എസ്.ഐ ആര്‍. വിനോദ്, ഗ്രേഡ് എസ്.ഐ രാജേഷ് എന്നിവരെയാണ് അന്വേഷണത്തെ തുടർന്ന് സസ്പെന്‍ഡ് ചെയ്തത്. അന്‍വര്‍ സാദത്ത് എംഎല്‍എയുടെ പരാതിയിൽ ഡിഐജി ആണ് സസ്‌പെന്‍ഡ് ചെയ്തത്.
അറസ്റ്റിലായ അല്‍ അമീന്‍, അനസ്, നജീബ് എന്നിവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് തീവ്രവാദികള്‍ എന്ന് പരാമര്‍ശിച്ചത്. ആരോപണം കോടതി തള്ളിക്കളയുകയും ഇവര്‍ക്ക് ജാമ്യം നല്‍കുകയുമായിരുന്നു. പൊലീസിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പൊലീസിന്റെ പരാമര്‍ശം ഗൂഡലക്ഷ്യത്തോടെയാണെന്നാണ് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നതെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തില്‍ അന്വേഷണത്തിനും സാധ്യതയുണ്ട്.
പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
ബെന്നി ബെഹനാന്‍ എംപി , ടിജെ വിനോദ് , റോജി എം ജോണ്‍ , എല്‍ദോസ് കുന്നപ്പള്ളി , മുഹമ്മദ് ഷിയാസ് തുടങ്ങി വര്‍ഷങ്ങളായി പൊതു പ്രവര്‍ത്തന രംഗത്ത് നില്‍ക്കുന്നവരുടെ നേതൃത്വത്തില്‍ നടന്ന ഒരു സമരവുമായി ബന്ധപ്പെട്ട അറസ്റ്റിനെയാണ് തീവ്രവാദ ബന്ധത്തിലേക്ക് വലിച്ചഴക്കാന്‍ പോലീസ് ശ്രമിച്ചത്.
ഭരണകൂട വീഴ്ച്ചകളെ ചോദ്യം ചെയ്യുന്നവര്‍ മുഴുവന്‍ തീവ്രവാദികളാണെന്ന് പറയുന്നവര്‍ കേന്ദ്രത്തിലായാലും കേരളത്തിലായാലും ഓര്‍ക്കേണ്ട കാര്യം സ്റ്റേറ്റും രാജ്യവും എന്ന് പറയുന്നത് ഭരണാധികാരികളല്ലന്നും ജനതയാണ് രാജ്യമെന്നും നേതാക്കൾ പ്രതികരിച്ചിരുന്നു. ഈ റിമാന്‍ഡ് റിപ്പോര്‍ട്ട് എഴുതിയ ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യമുയർന്നിരുന്നു. കേരളം ഭരിക്കുന്നത് സംഘി സര്‍ക്കാരാണെന്നാണ് റിജില്‍ മാക്കുറ്റി ആക്ഷേപിച്ചത്. ആലുവയില്‍ നീതിക്ക് വേണ്ടി സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ്സ്‌കാര്‍ക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പറയുന്ന പിണറായിയുടെ പോലീസ് തലശ്ശേരിയില്‍ മുസ്ലീംപള്ളി പൊളിക്കാന്‍ പരസ്യമായി ആക്രോശിച്ച സംഘപരിവാര്‍ തീവ്രവാദികളുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുമോ എന്നും
നേതാക്കൾ ചോദിച്ചു. മതം നോക്കി തീവ്രവാദ ബന്ധം അന്വേഷിക്കാന്‍ ഉത്തരവിടന്ന പിണറായിയുടേത് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അല്ല ചുവപ്പണിഞ്ഞ സംഘി സര്‍ക്കാര്‍ ആണെന്നും,യോഗിയും പിണറായിയും ഇരട്ടപ്പെറ്റ സഹോദരങ്ങളാണെന്നും പ്രതിപക്ഷത്ത് നിന്ന് ആക്ഷേപമുയർന്നു.