കനലെരിയുന്ന കടൽ ജീവിതങ്ങൾ

റഷീദ് മോര്യ

ഇത്രയേറെ കഷ്ടപ്പെടുന്നവരുണ്ടാകുമോ സമൂഹത്തിൽ? സഹജീവികളെ ഇത്രയേറെ സ്നേഹിക്കുന്നവരും !
തിരമാലകളോട് മല്ലടിക്കുന്നവരാണവർ. ജീവിത വഴിയിൽ ദുരിതങ്ങളുടെ കഥകൾ മാത്രം കൂട്ടിനുള്ളവരായി മത്സ്യത്തൊഴിലാളികൾ  മാറുകയാണ്. കടൽ തിരമാലകൾ വകഞ്ഞുമാറ്റി കാതങ്ങൾ ദൂരേക്ക് തുഴഞ്ഞു പോകുന്ന മത്സ്യ തൊഴിലാളികളുടെ മനസ്സിൽ ജീവിത പ്രാരാബ്ധങ്ങളുടെ നീറുന്ന ഓർമ്മകളാണെന്നും. 
കൊച്ചു കുടിലിൽ നിന്നും മീൻ പിടിക്കാൻ പോകുമ്പോൾ സഫലമാക്കേണ്ട ഒരു പിടി സ്വപ്നങ്ങളുണ്ടവർക്ക്. ജീവിതത്തിനും മരണത്തിനുമിടയിൽ പങ്കായം തുഴയുന്നവരാണവർ. കടപ്പുറത്തെ കൊച്ചു വീടുകളിൽ ഒന്നിലധികം കുടുംബങ്ങളുണ്ടിന്നും. 
വള്ളം നിറയെ മീൻ കിട്ടിയാലും ഈ പാവങ്ങളുടെ ദുരിതക്കണ്ണീരിന് മാത്രം അറുതിയുണ്ടാവുന്നില്ല. വീടും, പഠനവും, വിദ്യാഭ്യാസവുമൊക്കെ സ്വപ്നമായി അവശേഷിക്കുന്നവർ ഇന്നുമുണ്ടിവിടെ.ദുരിത ജീവിതത്തോട് പടവെട്ടി കായിക രംഗത്ത് മലയാളിയുടെ അഭിമാന താരങ്ങൾ ഈ ഉപ്പു രസമുള്ള ഈ മണ്ണിൽ നിന്നുയർന്നു വന്നിട്ടുണ്ടെന്നും നാം ഓർക്കണം.
യാദൃശ്ചികമായി കടലിൽ എത്രയോ പേർക്കാണ്  ജീവിതം നഷ്ടപ്പെടുന്നത്. 2017ലെ ഓഖി ചുഴലിക്കാറ്റ് സമയം വിഴിഞ്ഞം ഉൾപ്പെടെയുള്ള തീരങ്ങളിൽ നിന്നും മത്സ്യബന്ധനത്തിന് പോയി തിരിച്ചെത്താത്തവർ ഇനിയുമുണ്ടെന്ന് പറയുന്നു.  ചുഴലിക്കാറ്റ് വിവരങ്ങൾ മത്സ്യത്തൊഴിലാളികൾക്ക്  കൈമാറുന്നതിൽ സർക്കാർ സംവിധാനങ്ങൾ ദയനീയമായി പരാചയപ്പെട്ടുവെന്ന് അന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. 
ഒരു മാസം മുമ്പാണ് തന്റെ കുടുംബത്തെ അനാഥമാക്കി മലപ്പുറം ജില്ലയിലെ നിറമരുതൂർ പുതിയകടപ്പുറത്തെ കണ്ണപ്പന്റെ പുരക്കൽ സലാം കടലിൽ മരണപ്പെട്ടത്. മത്സ്യബന്ധനത്തിനിടെ ബോട്ട് മറിഞ്ഞായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന സലാമിന്റെ സുഹൃത്ത് സാജു എന്ന മത്സ്യത്തൊഴിലാളി അത്ഭുതകരമായാണ് അന്ന് രക്ഷപ്പെട്ടത്. മരണപ്പെട്ട സലാമിന് ബാക്കിയുണ്ടായിരുന്നത് ഒരാൾക്ക് കുനിഞ്ഞു മാത്രം കടക്കാൻ കഴിയുന്ന ഒറ്റമുറി ഓലഷെഡ് മാത്രമായിരുന്നു. ഇതിനെ വീടെന്ന് വിളിക്കാൻ കഴിയുമോ? മിക്ക മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെയും അവസ്ഥയാണിത്. 
കഴിഞ്ഞ ദിവസമാണ് മലപ്പുറം ജില്ലയിലെ നിറമരുതൂരിലെ തന്നെ പുതിയകടപ്പുറം സാവാനാജിന്റെ പുരക്കൽ അബ്ബാസ് എന്ന സഹോദരൻ മീൻപിടുത്തം കഴിഞ്ഞ് മടങ്ങവേ ഹാർബറിൽ വെച്ചു കുഴഞ്ഞു വീണ് മരിച്ചത്. പൊന്നാനിയിൽ നിന്നും ജൂലൈ 28ന്  പുലർച്ചെ 5 മണിക്ക് മീൻ പിടിക്കാൻ പോയ ചെറു ഫൈബർ വള്ളം മീൻ പിടുത്തം കഴിഞ്ഞ് വൈകുന്നേരം താനൂർ ഹാർബറിലേക്കുള്ള മടക്ക യാത്രക്കിടയിലാണ് അഞ്ചര മണിയോടുകൂടി മറിഞ്ഞു മലപ്പുറം ജില്ലയിലെ താനൂരിലെയും കൂട്ടായിയിലെയും രണ്ടു പേരെ കാണാതാവുന്നത്.  ഒരു രാത്രി മുഴുവൻ കടലിൽ നീന്തി കരയണഞ്ഞ താനൂർ പണ്ടാരകടപ്പുറത്തെ ചെറുപ്പക്കാരൻ ഏനിന്റെ പുരക്കൽ നസ്റുവും കടൽ ജീവിതത്തിന്റെ ബാക്കി പത്രമാണ്.  മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ തെരച്ചിൽ മുറക്ക് നടന്നിട്ടും ഇനിയും കണ്ടുകിട്ടാത്ത കൂട്ടായി യാറുക്കടവത്ത് സിദ്ധീഖ് പെരുന്നാൾ ദിനത്തിലും തീര മനസ്സിൽ നോവാവുകയാണ്.  കടൽ ദുരന്തങ്ങളുടെ അവസാനത്തെ ഇരകളാണിവർ. ഇനിയും സിദ്ധീഖിനെ കണ്ടുകിട്ടിയിട്ടില്ല. തിരച്ചിലിനുള്ള സർക്കാർ സംവിധാനങ്ങൾ അപര്യാപ്‌തമാണെന്നു കൂടി  ഓരോ കടലപകടങ്ങളും തെളിയിക്കുകയാണ്. 
കടൽ തൊഴിലാളികളുടെ നിശ്ചയ ദാർഢ്യവും മനക്കരുത്തും അത്ഭുതാവഹമാണ്. സ്വന്തം ജീവൻ പണയപ്പെടുത്തിയും അന്യരെ  സഹായിക്കാനുള്ള കടപ്പുറത്തുകാരുടെ മനസ്സ് അനുഭവിച്ചറിയുക തന്നെ വേണം. സഹജീവികളെ ഇത്രയേറെ സ്നേഹിക്കുന്നവർ ഇവരല്ലാതെ മറ്റാരുണ്ട്. പ്രളയ കാലത്ത് ഒരു നാണയ തുട്ടുപോലും, പ്രതിഫലേച്ഛ കൂടാതെ  നിരവധി പേരെ ജീവിത തീരമെത്തിച്ചതും ഈ സൈന്യമാണ്.


കടൽ കരയിലേക്ക് കയറുമ്പോൾ എത്ര വീടുകളാണ് ഇല്ലാതാവുന്നത്. കൊച്ചു കൊച്ചു സ്വപ്നങ്ങൾ കടലെടുക്കുന്നത് നിസ്സഹായരായി നോക്കി നിൽക്കേണ്ടി വന്ന എത്രയോ മത്സ്യതൊഴിലാളികളെ കണ്ടിട്ടുണ്ട്. കടൽ ഭിത്തി നിർമ്മിക്കാതിരിക്കുന്നത് ഭരണകൂടങ്ങൾ ഒരു ജനതയോട് ചെയ്യുന്ന കൊടും പാതകമാണ്. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ കൂർക്കം വലിച്ചുറങ്ങുന്നത് എത്ര ഭീകരമാണ്. ബഹുരാഷ്ട്ര കുത്തകകൾക്കും ഭീമൻ മുതലാളിമാർക്കും പരവതാനി വിരിക്കുന്നവർ ഈ പാവങ്ങളുടെ കണ്ണീർ മാത്രം എന്തേ കാണാതെ പോകുന്നത്?  കടലിൽ നിന്ന് ജീവൻ പണയപ്പെടുത്തി മീൻ പിടിച്ചുകൊണ്ടുവരുന്നവന് തന്നെ  മീൻ വരുമാനത്തിന്റെ  നല്ലൊരു പങ്ക് ലഭിക്കുന്നതിനുള്ള ഇടപെടലുകളുണ്ടാവണം. കടലിൽ മീൻ ലഭ്യത കുറഞ്ഞാൽ കടപ്പുറത്തെ മിക്ക വീടുകളും പട്ടിണിയിലേക്ക് വഴുതും. കടലിളക്കവും കടൽക്ഷോഭവും പട്ടിണിയുടെ തീരത്താണ് ഇവരെയെത്തിക്കുന്നത്. 
ഭരണകൂടങ്ങളുടെ സജീവ ശ്രദ്ധ ഇനിയും പതിയേണ്ട വിഭാഗമാണിവർ. ദീർഘവീക്ഷണമുള്ള പദ്ധതികളും കർമ്മ പരിപാടികളും ഇവർക്ക് വേണ്ടി മാത്രം രൂപപ്പെടണം. 
ഇന്ത്യൻ തീരത്തിന്റെ  പത്തു ശതമാനം ദൈർഘ്യം വരുന്ന 590 കിലോമീറ്റർ തീരപ്രദേശവും കേരളത്തിലാണ്. 10.29 ലക്ഷം ജനങ്ങൾ മത്സ്യബന്ധന തൊഴിൽ  അവരുടെ ഉപജീവനമാർഗ്ഗമായി സ്വീകരിച്ചവരാണെന്നാണ് ഔദ്യോഗിക കണക്ക്. കേരളത്തിന്റെ സമ്പത് വ്യവസ്ഥയിൽ മത്സ്യതൊഴിലാളികളുടെ സംഭാവനയും കൂടിയുണ്ടെന്ന് ഭരണവർഗ്ഗം മനസ്സിലാക്കണം. ദേശീയ മത്സ്യോത്പാദനത്തിന്റെ പതിമൂന്ന് ശതമാനവും കേരളത്തിൽ നിന്നാണെന്ന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നു. ഇത്രയേറെ വരുമാനം തരുന്ന ഒരു മേഖലയിലെ ജനങ്ങൾ എന്നും  ദുരിതക്കയത്തിൽ തന്നെ ജീവിതം നീക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? സർക്കാർ പദ്ധതികളുടെ നിർവ്വഹണത്തിലെ പാളിച്ചകൾ ഇതിൽ വലിയൊരു പങ്കു വഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ കഴിയും.  കടലിൽ പോകുന്നവർക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കേണ്ടതും അധികൃതരാണ്. 
മലയാളിയുടെ തീൻ മേശയിൽ രുചിയൂറും മീൻ വിഭവങ്ങൾ ഒരുങ്ങുന്നത് ഈ പാവങ്ങൾ കടലിനോട് മല്ലടിച്ചിട്ടാണെന്ന് ഓർക്കണം. ഒപ്പം കടൽ യാത്രയിൽ ലൈഫ്‌ ജാക്കറ്റ് ഉൾപ്പെടെയുള്ള മുൻകരുതലെടുക്കാൻ മത്സ്യത്തൊഴിലാളികളും ജാഗ്രത പുലർത്തണം. കനലെരിയുന്നകടൽ ജീവിതത്തിന്റെ ദുരിത മുഖങ്ങൾ ഇനിയുമൊട്ടേറെയുണ്ടെന്ന് ഓർക്കുക. 

Leave a Reply

Your email address will not be published. Required fields are marked *