കെ.എം ശാഫി
പെരുന്നാള് കഴിഞ്ഞുള്ളൊരു പെരുമഴ ദിനത്തിലാണ് വള്ളുവനാടിന്റെ സാംസ്കാരിക ഭൂമികയിലേക്കൊരു തീർത്ഥാടനത്തിനിറങ്ങിയത്. മോഹിപ്പിക്കുന്ന ദൃശ്യഭംഗിയാണ് വള്ളുവനാടിന്റെ ഓരോ ഊടുവഴികൾക്കും. അതിന്റെ സാംസ്കാരിക പൈതൃകം അതിലേറെ വശീകരിക്കുന്നതും.കുഴലും, കൂത്തും, ചെണ്ടയും വാദ്യമേളങ്ങളും കഥയും കഥകളിയും ഓട്ടംതുള്ളലും അങ്ങിനെ ഓരോ ദേശങ്ങളും കല ചാർത്തിയ പ്രതാപത്തിന്റെ പെരുമ്പറ
കൊട്ടിയ നൂറുനൂറു കഥകൾ പറഞ്ഞു തരും. മങ്കടയിലെ സുഹൃത്ത് റിയാസാണ്
സാംസ്കാരിക ചരിത്രം ഇതൾ വിരിച്ച് നിൽക്കുന്ന ഗ്രാമ്യ ഭംഗിയുടെ
മോഹവലയത്തിലേക്ക് അഥവാ പാലക്കാടൻ ഗ്രാമങ്ങളുടെ ഹൃദയത്തുടിപ്പുകളിലേക്ക് കൂടെ കൂട്ടിയത്. പെരിന്തൽമണ്ണയിൽനിന്ന് പുറപ്പെടുമ്പോൾ ഇരുണ്ട ആകാശം ഞങ്ങളെ നോക്കി ശുഭയാത്ര നേരുകയാണ്. ചെർപ്ലശ്ശേരി വഴിയാണ് മനകളും ഇല്ലങ്ങളും, പഴയ ജന്മിനാടുവാഴിത്തത്തിന്റെ തിരുശഷിപ്പുകളുമമർന്നു കിടക്കുന്ന കുന്നും മലകളും, കാടും കാട്ടരുവികളും പച്ചവിരിച്ച വയലേലകളും കൂടെ കരിമ്പനകളും കാഴ്ച്ചകളെ ഭ്രമിപ്പിക്കുന്ന മൺതടങ്ങളിലൂടെ ഹൃദയം തൊടുന്ന അനുഭവങ്ങളും കോതിക്കെട്ടിയുള്ള യാത്ര.
അല്ലെങ്കിലും പാലക്കാടിന്റെ നാട്ടിടവഴികളിലൂടെയുള്ള മൺസൂൺയാത്ര
പ്രകൃതിസൗന്ദര്യത്തിന്റെ ഉച്ചിയിൽ തൊട്ടാണ്. വരണ്ട വേനലിന്റെ
മടുപ്പിൽനിന്ന് ഉണർന്നു കഴിഞ്ഞിരിക്കുന്നു ഇവിടത്തെ മണ്ണും മനസും. മഴ
തോർന്നാലും മരം പെയ്യുന്ന നാട്ടുവഴികളിലൂടെ ചരിത്രത്തിന്റെ
ഇലയനക്കങ്ങളെപോലും തേടിനടക്കാം നമുക്ക്. നൂറ്റാണ്ടുകളുടെ കഥപറയുന്ന
കേരളത്തിലെ അതിപുരാതന ബ്രാഹ്മണ ഇല്ലങ്ങളിലൊന്നായ ഒളപ്പമണ്ണ
മനയിലാണ് ഞങ്ങളാദ്യമെത്തിയത്. ഇരുപതോളമേക്കറിൽ വ്യാപിച്ചു കിടക്കുന്ന പൗരാണിക വാസ്തുവിദ്യയുടെ വൈവിധ്യം ദൃശ്യചാതുരി പകരുന്നതാണ് ഇവിടത്തെ എട്ടുകെട്ടും അനുബന്ധ കെട്ടിടങ്ങളും. വിശാലമായ ഹാളുകളും, കിടപ്പുമുറികളും അഥിതി മുറികളുമെല്ലാമുള്ള എട്ടുകെട്ടിനു ചാരെയായി മൂന്നോളം പത്തായപ്പുരകളുമുണ്ട്. കഥകളിയുടെ ഈറ്റില്ലമായ ഒളപ്പമണ്ണമനയിൽനിന്നാണ് കഥകളിയിൽ ഇന്നേറെ പ്രചാരത്തിലുള്ള “കല്ലുവഴി “ചിട്ടയുടെ തുടക്കം. ഇരുന്നൂറോളം വർഷങ്ങൾക്ക് മുമ്പേ നിലവിലുണ്ടായിരുന്ന ഒളപ്പമണ്ണ കളിയോഗം വള്ളത്തോൾ
പിന്നീട് കലാമണ്ഡലത്തോട് കൂട്ടിച്ചേർത്തുവെന്നാണ് ചരിത്രം. വേദം, സംസ്‌കൃതം,
സംഗീതം കവിതാ സാഹിത്യം തുടങ്ങി വൈജ്ഞാനിക, കലാ, സാംസ്കാരിക
മണ്ഡലങ്ങളിൽ പരമ്പരാഗതമായ അടയാളപ്പെടുത്തലുകളും മനയിൽ നിന്നുണ്ടായിട്ടുണ്ട്. പ്രശസ്ത കവി ഒളപ്പമണ്ണ സുബ്രമണ്യ നമ്പൂതിരിപ്പാടടക്കമുള്ള കവികളും, തായമ്പക വിദ്വാന്മാരും, കഥകളിയാശാന്മാരും മനയുടെ പൈതൃക ചരിത്രത്തിന്റെ സാക്ഷ്യപത്രങ്ങളാണ്. കലയുടെ മേലാപ്പ് ചാർത്തിയ ചരിത്രമണ്ണിൽനിന്നിറങ്ങുമ്പോൾ അടുത്തിടെ നടന്ന ഏതോ സിനിമാ
ഷൂട്ടിങ്ങിനിട്ട സെറ്റ് പാതിയടർന്നു തുടങ്ങിയത് കണ്ണിൽ പതിഞ്ഞു.
പ്രൗഢിയുടെയും പ്രതാപത്തിന്റേയും തറവാട്ടുമഹിമകൾ കഥപറയുന്ന സിനിമകൾക്ക് ലൊക്കേഷനാണിന്ന് ചരിത്രമടയാളപ്പെടുത്തിയ ഈ പ്രദേശങ്ങളിലെ മനകളും ഇല്ലങ്ങളും. പ്രകൃതിയുടെ ശാലീനതയെ ദൃശ്യവൽക്കരിക്കാനും പച്ചയായ ഈ ഗ്രാമവഴികളെ തേടി ദേശങ്ങൾ താണ്ടി പലരുമെത്തുന്നു. ക്ഷേത്രങ്ങളും
ക്ഷേത്രക്കുളങ്ങളും, കാവുകളും, ജടാനാരുകൾ ഭൂമിതൊടുന്ന അരയാലുകളും
നാടൻപഴമയുടെ പ്രൗഢി നൽകാൻ തലയെടുപ്പോടെ കാത്തുനിൽപ്പാണിവിടെ.
പോഴത്തുമനയിലെത്തുമ്പോൾ അവിടത്തെ പേരമക്കളായ ഉദ്ധവും,ഋത്തിക്കും അകത്ത് ടി വിയിൽ സിനിമ കാണുന്ന തിരക്കിലായിരുന്നു. ആമിയുടെ ഷൂട്ടിങ്ങിന് സെറ്റിട്ട ഊഞ്ഞാൽ മുറ്റത്തെ മാവിൻകൊമ്പിലിപ്പോഴും തൂങ്ങിക്കിടപ്പുണ്ട്. മുബൈയിൽ സ്ഥിരവാസിയായ ഉദ്ധവിന്റെ നഗരവിശേഷങ്ങളും കേട്ട് ഞങ്ങളിറങ്ങിയത് വരിക്കാശ്ശേരി മനയിലേക്കാണ്. പെരുന്നാൾ ട്രിപ്പുകാരുടെ തിക്കിമുട്ടലാണവിടെ,
മുമ്പും പലകുറി പോയതോണ്ടാവും മനയുടെ കവാടത്തിലെത്തിയപ്പോഴേ പലർക്കും എന്നോടൊരു പരിചിതഭാവം. അണ്ണന്റെ പീടികയിൽനിന്ന് സുലൈമാനിയും, പൊക്കവടയും കഴിച്ച് സുഹൃത്തുക്കൾക്കായി കാത്തിരുന്നു. പനമണ്ണയിലെ വാപാലക്കളം വീട്ടിലേക്കുള്ള ഇടവഴിയോളം മാത്രം വീതിയുള്ള പാതയോരത്തെ കുളത്തിൽ നീലനിറം പൂണ്ട വെള്ളത്തിന് ഞങ്ങളെ കണ്ടപ്പോൾ വല്ലാത്തൊരു നാണം.
ചെരിഞ്ഞു പതിക്കുന്ന പോക്കുവെയിലിന്റെ നാളങ്ങൾ കുളത്തിൽ
വീണുതിളങ്ങുന്നുണ്ട്. ഇന്ത്യൻ രാഷ്ട്രീയചരിത്രം വിട്ടുകളയാത്ത വി പി മേനോന്റെ വീടാണ് വാപാലക്കളം വീട്. യാത്രയുടെ ഏതാനും ദിവസം മുമ്പാണ് എസ് മഹാദേവൻ തമ്പിയുടെ “ആസാദി” എന്ന നോവൽ വായിച്ചു തീർത്തത്. ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി മൗണ്ട് ബാറ്റൺ പ്രഭുവിന്റെ ഉപദേഷ്ടാവും, ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തിൽ മുഖ്യപങ്കു വഹിച്ച രാഷ്ട്രതന്ത്രഞ്ജനുമായിരുന്ന വി പി മേനോൻ തന്റെ ചുമതലയിലുണ്ടായിരുന്ന കാശ്മീരിലേക്ക് ആത്മമിത്രമായിരുന്ന
ബൈത്തുള്ളയെ കാണാൻ 90ആം വയസിൽ പേരമകനോടൊപ്പം നടത്തുന്ന യാത്രയും, ആ യാത്രയിലുണ്ടാവുന്ന അഭിനവകാശ്‌മീരിന്റെ വർത്തമാനങ്ങളുമാണ് നോവൽ സൗന്ദര്യാത്മകമായി അവതരിപ്പിക്കുന്നത്. വപാലക്കളം വീട് വാപാല പങ്കുണ്ണിമേനോന്റെ രാഷ്ട്രീയ പ്രോജ്വലത പോലെ പ്രൗഢം തന്നെ. മുറ്റം നിറയെ പുല്ലും കാടും നിറഞ്ഞിരിക്കുന്നു. ഭീമൻ മാളികവീടിനോട് ചാരിയുള്ള കിണറ്റിൽനിന്ന് വെള്ളമെടുക്കുന്ന സ്ത്രീകൾക്കറിയോന്നാവം ഈ കിണറിന്റെയും, വീടിന്റെയുമൊക്കെ
രാഷ്ട്രീയം.
പെയ്തിറങ്ങിയ തോരാമഴയിൽ ചളിയിളകിയ റോഡിലൂടെ ഇത്തിരി
പ്രായാസപ്പെട്ടാണ് തിരികെ നടന്നത്. ഇരുട്ട് പടരും മുമ്പേ കവളപ്പാറയിലെത്തണം. മേഘപാളികൾ തണലിട്ട ഇരുണ്ടറോഡിലൂടെ കാർ വിസ്‌മൃതിയിലാണ്ടുകിടക്കുന്ന ചരിത്രത്തിന്റെ മണ്ണടിഞ്ഞ ഫോസിലുകൾ തേടി അതിവേഗത്തിൽ ചീറിപ്പായുമ്പോൾ ചില്ലുപാളികളിൽ വീഴുന്ന മഴത്തുള്ളികൾ നൃത്തം വെക്കുകയാണ്. ആചാരവൈവിധ്യങ്ങളിലൂടെ സാംസ്കാരികത്തനിമ ആഴ്ന്നിറങ്ങിയ ഭൂദേശങ്ങൾ, മാമാങ്കസ്മരണകളുടെയും, പറയി പെറ്റ പന്തിരുകുലത്തിന്റെയും ഭൂതവും ഐതീഹ്യവുമൊഴുകുന്ന നിളയുടെ വടക്കേ കരയിലൂടെ ഇത്തിരി ചെന്നാൽ പഴയ എറുപ്പേ ദേശം, വള്ളുവനാട് താലൂക്കിലെ ഒറ്റപ്പാലത്തിനടുത്ത് മരുമക്കത്തായത്തർക്കത്തിൽ പെട്ട് കോടതിയുടെ മേൽനോട്ടത്തിൽ റസീവർ ഭരണത്തിലുള്ള കൊട്ടാരവളപ്പിനു മുമ്പിൽ കാർ നിർത്തുമ്പോൾ മനസിലൊരു
കൊട്ടാരത്തിന്റെ ആകാരഗാംഭീര്യവും, സൗന്ദര്യ സങ്കൽപ്പവുമുണ്ടായിരുന്നു.
അടിത്തറ പോലും ക്ഷയിച്ചു തുടങ്ങിയ പുരാതന കൊട്ടാരത്തിന്റെ മുമ്പിൽ
കെട്ടിനിൽക്കുന്ന വെള്ളത്തിലൂടെ വന്മരങ്ങളെഴുന്നേറ്റ് നിൽക്കുന്ന അപ്പുറത്തെ
കാട്ടിലേക്ക് നടന്നു.വഴിയിലൊരു വൃദ്ധനോട് സംസാരിച്ചു നിൽക്കുന്ന രണ്ട്
ചെറുപ്പക്കാർ ഇനിയധികം മുമ്പോട്ട് പോവേണ്ടെന്ന് മുന്നറിയിപ്പ് നൽകി.
വല്ലപ്പുഴ ഹയർസെക്കന്ററി സ്കൂളിലെ അക്ബർ മാഷും, ബാബു മാഷും
ഇടക്കിതുവഴിയൊക്കെ ഒന്ന് പതിവാണത്രേ. രണ്ടാൾക്കും ചരിത്രത്തിലാണൽപ്പം നോട്ടക്കൂടുതൽ. കൂടെ അന്വേഷണാത്മകത വല്ലാതെ പൊറുതി മുട്ടിക്കാറുമുണ്ട്. കൊട്ടാരവളപ്പിലെ സർപ്പക്കാവിൽ വിളക്ക് വെക്കുന്ന മാനുവേട്ടൻ കഥ പറയുകയാണവരോട്, 96 ദേശങ്ങളുടെ സർവ്വാധികാരിയായിരുന്ന കവളപ്പാറ സ്വരൂപത്തിലെ മൂപ്പിൽനായരുടെ കൊട്ടാരത്തിന്റെ പൊളിഞ്ഞടർന്ന അവശിഷ്ടങ്ങളുടെ മേലെനിന്ന് മാനുവേട്ടൻ ചരിത്രം പാതി വഴി താണ്ടിയിരുന്നു. വർത്തമാനത്തിലേക്ക് ഞങ്ങളുംകൂടി ചേർന്നപ്പോൾ വീണ്ടും ഒന്നാംക്ലാസിൽനിന്ന് പറഞ്ഞു തുടങ്ങി. എല്ലാം എഴിതിവെച്ചിട്ടുണ്ടെന്ന് എഴുപത് പ്രായം തോന്നിക്കുന്ന ആ വയോധികൻ, എഡിറ്റ് ചെയ്യാനൊരാളെ തരപ്പെട്ടാൽ തനിക്കിതൊന്ന് പുസ്തകമാക്കണമെന്ന് നരച്ച മുടിയും, കുഴിഞ്ഞ കണ്ണുമുള്ള മാനുവേട്ടൻ ഇ എം എസിനെ പോലെ പറഞ്ഞപ്പോൾ ഞങ്ങളൊന്ന് പരസ്പരം നോക്കി.നാൽപ്പത് കൊല്ലമായി ഈ സർപ്പക്കാവിൽ തിരി തെളിയിക്കാനുള്ള ചുമതല ഇദ്ദേഹത്തിനാണ്. എണ്ണയും തിരിയും ശമ്പളമായി 1200 രൂപയും കോടതി നൽകും. പൊളിഞ്ഞു കിടന്നിരുന്ന കാവ് ഈയടുത്താണത്രെ ഒന്ന് പുതുക്കിപ്പണിതത്. ഇവിടെ കാവ് മാത്രമേ സംരക്ഷിക്കപ്പെടുന്നൊള്ളൂ, കാവിനോട് തൊട്ട് ചാരിയാണ് നിലംപൊത്തിക്കിടക്കുന്ന കൊട്ടാരത്തിലെ അഗ്രശാല. കാളീഘട്ടിലെ ചിതകളിൽ എരിയാതെ കിടക്കുന്ന എല്ലിൻകഷ്ണങ്ങളെപ്പോലെ കെട്ടിടം
നിർമിക്കാനുപയോഗിച്ച ഭീമൻ തടിമരങ്ങൾ മൺകൂനക്ക് മേലെ
പൊങ്ങിക്കിടപ്പുണ്ട്.
കൊട്ടാരത്തിലെ ഗ്രന്ഥശാല നിന്നിടത്താണ് ഞങ്ങളിപ്പോൾ മാനുവേട്ടനോട്
സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഒരു വലിയ കൊട്ടാര സമുച്ചയം
മണ്ണടിഞ്ഞതിന്റെ ശേഷിപ്പുകൾ മാത്രം കാലത്തോട് കഥ പറയാനിവിടെ
ബാക്കിയുണ്ട്.കയറിച്ചെല്ലുന്നേടത്തെ വലിയ കൊട്ടാരബംഗ്ലാവ്
വേണമെങ്കിലിനിയുമൊരു നീണ്ട കാലം കഥപറയാനൊരുക്കമാണെന്ന മട്ടിൽ ജരാനര ബാധിച്ച് ചുളിവും ചുഴിയും വീണ് എഴുന്നേറ്റ് നിൽക്കുന്നുണ്ട്,ഒന്ന് തേച്ചുമിനുക്കി മേക്കപ്പിട്ടുകൊടുക്കാൻ അധികാരികൾ മനസുകാണിച്ചാൽ മാത്രം മതി.
ഇന്ത്യയിലെ തന്നെ ഏക നായർസമുദായ ജന്മിത്ത നാട്ടുരാജ്യമായിരുന്നു
കവളപ്പാറ സ്വരൂപം. ഇവിടത്തെ ഭരണാധികാരിയെ മൂപ്പിൽനായർ
എന്നാണറിയപ്പെട്ടിരുന്നത്. എ ഡി 1102നും 1120നു മിടയിലാണ് കവളപ്പാറ
സ്വരൂപത്തിന്റെ ഉത്ഭവമത്രേ. വേണാട് സ്വരൂപം അനുഗ്രഹിച്ചു നൽകിയ
ഒരത്ഭുതവാളുമായി ഓങ്ങല്ലൂർ മാട് മുതൽ ഒറ്റപ്പാലം കണിയപുറം തോട് വരേയും, തെക്ക് ഭാരതപ്പുഴ മുതൽ വടക്ക് മുണ്ടക്കോട്ട്കുറുശ്ശി വരെയുമുള്ള തൊണ്ണൂറ്റിയാറ് ദേശങ്ങളെ വെട്ടിപ്പിടിച്ച നാടുവാഴിയായിട്ടാണ് മൂപ്പിൽനായരെ
ചരിത്രമടയാളപ്പെടുത്തിയത്. അയ്യായിരത്തോളം നായർ പടയാളികളെ
അതിർത്തിരക്ഷക്കും, ക്രമാസമാധാനത്തിനുമായി കാലാകാലവും കരുതിപ്പോന്ന വള്ളുവനാട്ടിലെ ഏറെ ശക്തനായ ഭരണാധികാരിയായിരുന്നു മൂപ്പിൽനായർ. അത് കൊണ്ട് തന്നെയാണ് ടിപ്പുവിന്റെ പടയോട്ടത്തിൽ പോലും കവളപ്പാറയെ ഒന്നിളക്കാൻ കഴിയാതിരുന്നത്. കൊട്ടാരത്തിലെ ഭരണാധികാരികളുടെ സ്ഥാനാരോഹണം “തണ്ടേറ്റം” എന്ന പേരിലാണറിയപ്പെട്ടിരുന്നത്. ഭരണച്ചുമതലയുള്ള സ്വരൂപത്തിലെ മൂത്ത പുരുഷനാണ് “മൂപ്പിൽ നായർ”
ഏക്കറുകണക്കിന് സ്ഥലത്താണ് കൊട്ടാരവും, അനുബന്ധ കെട്ടിടങ്ങളും
നിലനിന്നിരുന്നത്. ഇരുപത്തഞ്ചോളം ക്ഷേത്രങ്ങളുണ്ടായിരുന്നു സ്വരൂപത്തിന്റെ ഉടമസ്ഥതയിൽ. ഇന്ന് കേവലം നാലു ക്ഷേത്രങ്ങൾ മാത്രം, ചരിത്രത്തിന്റെ അനിവാര്യമായ പതനം സ്വരൂപത്തെയും കൊട്ടാരത്തേയും കീഴടക്കി. കാടുകയറിക്കിടക്കുന്ന കൊട്ടാരത്തിന്റെ ഓരോ ദിക്കുകളിലും ഘനീഭവിച്ചു നിൽക്കുന്ന കഥകളിലേക്ക് മാനുവേട്ടന്റെ സംസാരം പടർന്നുകയറുകയാണ്. ഭൂതകാലത്തിന്റെ ഇതിഹാസങ്ങളിൽ അജയ്യമായ തേരോട്ടം നടത്തിയ കൊട്ടാരവും, നാടുവാഴികളും ചരിത്രത്തിന്റെ തന്നെ പിൻകാൽ പ്രഹരമേറ്റ് ചിതറിത്തെറിച്ചു. കൊട്ടാരങ്ങൾക്ക് പകരം മൺകൂനകൾ,മേൽക്കൂരയിടിഞ്ഞുവീണ ഗ്രന്ഥശാലത്തറയിൽ
കുറ്റിമരങ്ങൾ തഴച്ചു വളരുന്നു. സിംഹാസനങ്ങളും, അന്തപുരങ്ങളും, സൈനിക
നിലങ്ങളും ആർജവത്തോടെ നെഞ്ചേറ്റിയ മണ്ണിൽനിന്ന് ചരിത്രവും, കഥയും
കെട്ടുകഥകളുമൂർന്നിറങ്ങി ദയനീതയുടെ മുഖഭാവം പല്ലിളിച്ചുകാണിക്കുന്നുണ്ട്.1964 മുതൽ കൊട്ടാരത്തിന്റേയും, കവളപ്പാറ
എസ്റ്റേറ്റിന്റേയും ഭരണം കോടതി നിശ്ചയിക്കുന്ന റസീവർമാരുടെ കൈകളിലാണ്.
മരുമക്കത്തായ വ്യവസ്ഥിതിയിൽ ഭാഗം ചെയ്യാൻ വേണ്ടി മാറ്റിവെച്ചിരിക്കുന്ന
ഇത്തിരി ഭൂപ്രദേശം സമ്പന്നതയുടെയും, പ്രതാപത്തിന്റെയും ഓർമകളെപ്പോലും തിരസ്കരിക്കപ്പെട്ട് പ്രേതഭൂമി പോലെ ഭീതിയിലാണ്ടു മൗനമുറഞ്ഞുകിടപ്പാണ്. കവളപ്പാറ കൊട്ടാരം കലാസംസ്കാരങ്ങളേയും, കലാകാരന്മാരെയും രാജ്യതാല്പര്യങ്ങളുടെ ഭാഗമായിക്കണ്ടാണ് പരിപാലിച്ചു പോന്നതെന്നാണ് ചരിത്രം. കൊട്ടാരത്തിലെ കഥകളിയോഗം ഏറെ പ്രസിദ്ധമായിരുന്നു. കലാമണ്ഡലം സ്ഥാപിക്കാൻ മഹാകവി വള്ളത്തോളിന് പ്രേരണയായത് ഇവിടത്തെ കഥകളിയോഗത്തിൽ നിന്നായിരുന്നുവത്രേ. സ്വരൂപത്തിലെ കഥകളിക്കോപ്പുകളാണ് ഒരുകാലത്ത്
വള്ളുവനാട്ടിലെ പ്രസിദ്ധമായ കഥകളി സംഘങ്ങളെല്ലാം ഉപയോഗിച്ചിരുന്നത്.
സംസാരത്തിനു ബ്രേക്കിട്ട് കുറ്റിമരങ്ങളുടെ ഇലമർമ്മരങ്ങളെ ചാടിക്കടന്ന്
സർപ്പക്കാവിനടുത്തേക്ക് നടന്നത് ഉള്ളിലിത്തിരി ഭീതിയോടെയാണ്.
കാവിനെച്ചുറ്റിപ്പറ്റി ഐതിഹ്യങ്ങളൊരുപാടുണ്ട്. സർപ്പദ്രംശനമേറ്റ
തൃപ്പൂണിത്തറ കോവിലകത്തെ തമ്പ്രാൻ മരിച്ചെന്ന് വൈദ്യശാസ്ത്രം
തീർപ്പുകല്പിച്ചിരുന്നു. ജ്യോതിഷ പണ്ഡിതനും, വിഷ വൈദ്യനുമായിരുന്ന
അന്നത്തെ കവളപ്പാറ മൂപ്പിൽനായർ തംബ്രാനെ കവളപ്പാറയിലേക്ക്
കൊണ്ടുവരാനാജ്ഞാപിച്ചു. ഇവിടത്തെ നാഗകന്യകക്ക് തളിച്ച തീർത്ഥജലമെടുത്ത് തെളിച്ച് മൂപ്പിൽനായർ തംബ്രാന്റെ ജീവൻ തിരികെയെടുത്തുവത്രേ.കോഴിക്കോട് സാമൂതിരി രാജവിന്റെ ദീനം മാറ്റിയതിന്റെ ഉപകാരസ്മരണക്കായ് 101 പറയുടെ അപ്പം നാഗകന്യകക്ക് നേരുകയും അപ്പം നാട് മുഴുവൻ വിതരണം നടത്തുകയും ചെയ്തിരുന്നു.
അമ്പത് വർഷം മുമ്പ് വരെ ഇത് പതിവുണ്ടായിരുന്നതായി മാനുവേട്ടൻ
സാക്ഷ്യപ്പെടുത്തുന്നു. കേട്ടാൽ കൊതിതീരാത്ത സർപ്പകഥകളിലെ കന്യകമാർ
ഇന്നുമീ കൊട്ടാരവളപ്പിന്റെ ഐശ്വര്യങ്ങൾക്കുമേൽ കാവൽ നിൽക്കുകയാണ്.
തിരിഞ്ഞു നടക്കുമ്പോൾ മനുവേട്ടൻ കൊളുത്തിയ നെയ്ത്തിരി കാറ്റിൽ
നൃത്തമാടുന്നുണ്ട്. മൂപ്പിൽനായരുടെ മുഖ്യഅംഗരക്ഷകനായിരുന്ന കണ്ണോത്ത്
കാരിയെ പ്രമാണിമാരുടെ ഏഷണി മൂലം വധിച്ചു കളഞ്ഞ കണ്ണീർകഥയും
പറഞ്ഞാണ് മാനുവേട്ടൻ സന്ധ്യ നാവുനീട്ടിത്തുടങ്ങിയ ഇരുട്ടിലേക്ക് നടന്നു
തുടങ്ങിയത്. രാജ്യസ്നേഹിയും, വിശ്വസ്തസേവകനുമായിരുന്ന കാരിയുടെ നിലവിളി
കുറ്റിക്കാടുകൾക്കിടയിലെവിടെനിന്നോ ഇന്നും പൊളിഞ്ഞുവീണ കൊട്ടാര
അന്തപുരങ്ങളുട മച്ചിൽ തട്ടി പ്രധിധ്വനിക്കുന്നുണ്ടാവും.