ട
കണ്ണൂര്‍ കോര്‍പ്പറേഷന്റെ പുതിയ മേയറായി സി. സീനത്ത് തെരഞ്ഞെടുക്കപ്പെട്ടു. മുസ്ലിം ലീഗ് പ്രതിനിധിയായി മേയറാകുന്ന ആദ്യത്തെ വനിതയാണ്.കൊല്ലം കോര്‍പറേഷനിലെ ആദ്യ മേയര്‍ അഡ്വ. സബിതാ ബീഗമാണ് ഇന്ത്യയിലെ തന്നെ ആദ്യ മുസ്ലിം വനിതാ മേയര്‍ മൈസൂര്‍ കോര്‍പ്പറേഷന്‍ മേയറായി തസ്‌നീം ഈ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ടു. മൈസൂരു കോര്‍പ്പറേഷന്റെ മേയറാകുന്ന ആദ്യ മുസ്ലിം വനിതയാണ് തസ്‌നീം. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുസ്ലിം വനിതാ മേയറെന്ന ബഹുമതിയും തസ്‌നീമിന് സ്വന്തമായിരുന്നു.
1960 കളിലാണ് സംസ്ഥാനത്ത് മേയര്‍ പദവിയിലേക്ക് മുസ്ലിം ലീഗ് പ്രതിനിധി എത്തുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ അധ്യക്ഷ പദം അലങ്കരിച്ച മാളിയേക്കല്‍ ബാവുട്ടി ഹാജി ആയിരുന്നു മുസ്ലിം ലീഗിന്റെ കേരളത്തിലെ ആദ്യത്തെ മേയര്‍. കോഴിക്കോട് കോര്‍പ്പറേഷന്റെ പ്രഥമ മേയറായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് മഞ്ജുനാഥ് റാവു ജയിലിലായതിനെ തുടര്‍ന്നാണ് ഡെപ്യൂട്ടി മേയറായിരുന്ന എം. ബാവുട്ടി ഹാജി മേയറാവുന്നത്.
സി. എച്ച്. മുഹമ്മദ് കോയ വിജയിച്ച കുറ്റിച്ചിറ വാര്‍ഡില്‍ നിന്നായിരുന്നു ബാവുട്ടി ഹാജിയും വിജയിച്ചത്. ടൗണ്‍ മുസ്ലിം ലീഗ്, സിറ്റി മുസ്ലിം ലീഗ് കമ്മിറ്റികളുടെ നേതൃസ്ഥാനത്തുണ്ടായിരുന്ന അദ്ദേഹം, നഗരത്തിലെ പ്രമുഖ വ്യാപാരിയൂം കോഴിക്കോട് ഹിമായത്തുല്‍ ഇസ്ലാം സംഘത്തിന്റെ കാര്യകര്‍ത്താവും സ്‌കൂള്‍ മാനേജറുമായിട്ടുള്ള വ്യക്തിത്വമായിരുന്നു. 1973 ല്‍ കെ.എം. ഹംസക്കുഞ്ഞാണ് മുസ്ലിം ലീഗ് പ്രതിനിധിയായി കോര്‍പ്പറേഷന്‍ മേയര്‍ പദവിയിലെത്തിയ ആള്‍, കൊച്ചി കോര്‍പറേഷനിലാണ് കെ.എം. ഹംസക്കുഞ്ഞ് മേയറായത്. കെ.എസ്.പി.യുടെ പ്രവര്‍ത്തകനായ ഹംസക്കുഞ്ഞിനെ സി.എച്ച്. മുഹമ്മദ് കോയ ആയിരുന്നു മുസ്ലിം ലീഗില്‍ എത്തിച്ചത്. പിന്നീട് എം.എല്‍.എ.യും നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു അദ്ദേഹം.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പൂവാര്‍ അബ്ദുള്‍ സത്താര്‍ എന്ന മുസ്ലിം ലീഗ് നേതാവ് ഡെപ്യൂട്ടി മേയര്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. അഖിലേന്ത്യാ മുസ്ലിം ലീഗിന്റെ പ്രതിനിധികളായി കോഴിക്കോട് കോര്‍പ്പറേഷനില്‍ കുന്നത്ത് ആലിക്കോയ മേയറും പി.ടി. മൊയ്തീന്‍ കോയ ഡെപ്യൂട്ടി മേയറുമായിട്ടുണ്ട്.കൗതുകകരമായ മറ്റൊരു കാര്യം, മുസ്ലിം ലീഗിന് ഏറ്റവും കൂടുതല്‍ മേയര്‍മാരെ സംഭാവന ചെയ്തത് കേരളത്തിന് പുറത്തായിരുന്നു എന്നതാണ്. മദ്രാസിലും മീററ്റിലും മുസ്ലിം ലീഗ് മേയര്‍മാര്‍ ഉണ്ടായിട്ടുണ്ട്. മുസ്ലിം ലീഗിന് ഏറ്റവും കൂടുതല്‍ മേയര്‍മാരുണ്ടായത് കര്‍ണ്ണാടകയിലെ ഗുല്‍ബര്‍ഗ കോര്‍പ്പറേഷനിലാണ്. വ്യത്യസ്ത കാലയളവില്‍ മൂന്ന് മേയര്‍മാരും നാല് ഡെപ്യൂട്ടി മേയര്‍മാരും ഇവിടെ മുസ്ലിം ലീഗിന് ഉണ്ടായിട്ടുണ്ട്.