പാലാ ബിഷപ്പിന്റെ നിഴല്‍ യുദ്ധത്തിനെതിരെ ധൈഷണിക പ്രതിരോധം ഉയരണം

ടി റിയാസ് മോന്‍

പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പാലാ ബിഷപ്പ് ഹൗസിലേക്ക് മുസ്‌ലിം ഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 2016 ഓഗസ്റ്റില്‍ മഞ്ചേരിയിലെ സത്യസരണി അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി മാര്‍ച്ച് നടത്തിയതിനെയാണ് പാലായിലെ മുസ്‌ലിം ഐക്യവേദി മാര്‍ച്ച് ഓര്‍മ്മിപ്പിക്കുന്നത്. മതസ്ഥാപനങ്ങളിലേക്ക് ഇതരമതവിഭാഗങ്ങള്‍ മാര്‍ച്ച് നടത്തുന്നത് തെറ്റായ സന്ദേശമാണ് നല്കുന്നത്. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വിദ്വേഷ പ്രസംഗം അബദ്ധത്തില്‍ സംഭവിച്ചതല്ല. അത് രണ്ട് വര്‍ഷത്തിലേറെയായി സജീവമായി നടക്കുന്ന സംഘടിത വിദ്വേഷ പ്രചരണത്തിന്റെ തുടര്‍ച്ച മാത്രമാണ്. അസത്യങ്ങളും, അര്‍ധസത്യങ്ങളും കൂട്ടിക്കുഴച്ച് പാലാ കേന്ദ്രീകരിച്ച് നടക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പ് നാളിതു വരെയായി നടപടിയെടുത്തിട്ടില്ല. പാലായിലെ വെറുപ്പുത്പാദന കേന്ദ്രങ്ങള്‍ക്ക് പ്രേരണ നല്കുന്ന കാരണങ്ങളെ കുറിച്ചുള്ള പഠനം കൂടി നടക്കേണ്ടതുണ്ട്. സൂക്ഷ്മമായ സാമൂഹ്യവിശകലനങ്ങള്‍ക്കും ജാഗ്രതയ്ക്കും പ്രസക്തിയുള്ള ഒരു വിഷയത്തില്‍ ബിഷപ്പ് ഹൗസിലേക്ക് ജാഥ വിളിക്കുന്ന തട്ടിക്കൂട്ട് മുസ്ലിം ഐക്യവേദികള്‍ പരാജയപ്പെടുന്നത് ഇവിടെയാണ്. ‘PALA നമ്മുടെ പാലാ’ എന്ന ഫേസ്ബുക്ക് പേജ് ഏറ്റവും വലിയ വര്‍ഗ്ഗീയ പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. PALA News എന്ന മറ്റൊരു ഫേസ്ബുക്ക് പേജും മതാന്ധതയുടെ പ്രചാരകരായി ഉണ്ട്.

സോഷ്യല്‍ മീഡിയ വഴി രണ്ട് വര്‍ഷത്തിലേറെയായി നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചാരണങ്ങളാണ് ഇപ്പോള്‍ പാലായിലെ സീറോ മലബാര്‍ സഭ ബിഷപ്പിന്റെ പ്രസ്താവനയിലൂടെ ആവര്‍ത്തിക്കുന്നത്. തങ്ങളുടെ പെണ്‍കുട്ടികളെ മുസ്‌ലിം യുവാക്കള്‍ വശീകരിക്കുന്നു എന്നതാണ് പ്രധാന ആരോപണം. മുസ്‌ലിം യുവാക്കള്‍ എന്നതിന് പകരം ജിഹാദികള്‍ എന്നാണ് ‘പാലാ പ്രചാരകര്‍’ ഉപയോഗിക്കുന്നത്.

മിശ്രവിവാഹങ്ങള്‍ക്ക് നിയമസാധുതയുള്ള സംസ്ഥാനമാണ് കേരളം. സ്‌പെഷ്യല്‍ മാരേജ് ആക്ട് തന്നെ നമ്മുടെ സംസ്ഥാനത്തുണ്ട്. കേരളത്തില്‍ നടക്കുന്ന മിശ്ര വിവാഹങ്ങളുടെ എണ്ണം സംസ്ഥാന സര്‍ക്കാര്‍ വര്‍ഷം തോറും ഡോക്യുമെന്റ് ചെയ്യുന്നതാണ്. സംസ്ഥാനത്ത് നടക്കുന്ന മതപരിവര്‍ത്തനങ്ങളുടെ എണ്ണവും സര്‍ക്കാര്‍ രേഖകളിലുണ്ട്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മറ്റേതെങ്കിലും മതവിഭാഗത്തില്‍ പെട്ടവര്‍ സംഘടിതമായി തട്ടിക്കൊണ്ടു പോകുന്നു എന്ന വേവലാതി നിരന്തരം പ്രഖ്യാപിക്കുന്ന സീറോ മലബാര്‍ സഭക്ക് പോലും ആരോപണത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടായിരിക്കില്ല.

സ്വന്തം സമുദായത്തിലെ പെണ്‍കുട്ടികള്‍ വഴിതെറ്റുന്നുവെന്ന വേവലാതി എല്ലാ മതത്തിലുമുള്ള പുരോഹിതര്‍ പ്രകടിപ്പിക്കുന്നതാണ്. അതില്‍ വസ്തുതയുണ്ടായിരിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ ലൗജിഹാദ് പ്രചാരണങ്ങള്‍ വഴി മുസ്‌ലിം വിരുദ്ധത വളര്‍ത്താനുള്ള സംഘടിത ശ്രമം നടക്കുന്നുവെന്നതാണ് പാലാ ബിഷപ്പിന്റെ പരാമര്‍ശങ്ങള്‍ ഗൗരവതരമാക്കുന്നത്. വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുക, സമാധാനാന്തരീക്ഷം തകര്‍ക്കുക തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങളാണ് പാലാ ബിഷപ്പ് ചെയ്തിരിക്കുന്നത്.

പാലാ ബിഷപ്പും സംഘവും എന്ത് കൊണ്ടാണ് വിഷലിപ്ത പ്രചാരണങ്ങള്‍ നടത്തുന്നത്? ഈരാറ്റുപേട്ട കേന്ദ്രമായ അജ്മി ഫുഡ്‌സ്, കെ കെ ഫുഡ്‌സ് എന്നിവക്കെതിരെ നടത്തുന്ന അപവാദ പ്രചരണങ്ങളുടെ കേന്ദ്രം പാലാ തന്നെയാണ്. പാലായിലെ കുഴിമന്തിക്കടക്ക് എതിരെ നടത്തിയ പ്രചാരണങ്ങളുടെ തുടര്‍ച്ചയാണ് അജ്മി ഗ്രൂപ്പിനെതിരായ പ്രചാരണവും. ബിസിനസ് രംഗത്ത് മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരുടെ സംരഭങ്ങള്‍ക്കെതിരെ ബോധപൂര്‍വ്വമായ സൈബര്‍ അക്രമമാണ് നടക്കുന്നത്. ഭൂഉടമാവകാശം- ഉപജീവനം- വാണിജ്യം- വിദ്യാഭ്യാസം എന്നീ മേഖലകളില്‍ മുസ്‌ലിംകളുടെ വളര്‍ച്ചയെ പ്രതിരോധിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

മുസ്‌ലിം ജനവിഭാഗത്തിന്റെ ഉണര്‍വ്വുകളെ സംശയ മുനയില്‍ നിര്‍ത്താനുള്ള ബോധപൂര്‍വ്വമായ പരിശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ കൊണ്ട് കാര്യമില്ല. അസത്യ- അര്‍ധസത്യ പ്രചാരണങ്ങളെ വസ്തുതകള്‍ കൊണ്ട് ചെറുക്കുക എന്നതാണ് മതേതര വിശ്വാസികളുടെയും, മുസ്‌ലിം ബുദ്ധിജീവികളുടെയും ഉത്തരവാദിത്തം. ഈ കളിയില്‍ അറിവും, രാഷ്ട്രീയ ബോധവും ഇല്ലാത്ത സാമാന്യജനങ്ങള്‍ക്ക് യാതൊരു റോളുമില്ല. സായാഹ്ന ധര്‍ണ്ണകള്‍ക്കോ, പ്രതിഷേധ പ്രകടനങ്ങള്‍ക്കോ യാതൊരു സാധ്യതയും ഇല്ലെന്നാണ് മുസ്‌ലിം ജനസാമാന്യത്തെ സമുദായ നേതൃത്വം ബോധ്യപ്പെടുത്തേണ്ടത്. ഇത് തലച്ചോറിന്റെ കളിയാണ്. സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ജനതയുടെ വളര്‍ച്ചക്കെതിരായ നിഴല്‍യുദ്ധമാണ് നടക്കുന്നത്. മതസൗഹാര്‍ദ്ദ സമ്മേളനം നടത്തിയോ, മാനവിക സന്ദേശയാത്ര നടത്തിയോ മറികടക്കാവുന്ന വെല്ലുവിളികളല്ല നേരിടുന്നതെന്ന് മുസ്‌ലിം നേതൃത്വം മനസ്സിലാക്കണം. ആത്മവിശ്വാസവും, ആത്മാഭിമാനവും കൈവിടാതെ മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജം നല്‌കേണ്ടത് സമുദായ നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ്. ക്രിസ്ത്യന്‍ വര്‍ഗ്ഗീയതക്കെതിരെ ചെറുവിരലനക്കാന്‍ ലിബറല്‍ ലെഫ്റ്റുകള്‍ ഉണ്ടാകില്ലെന്ന പാഠവും ഈ വിവാദം മുസ്‌ലിം സമുദായത്തോട് വിളിച്ചു പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *