പുതിയ പാര്‍ട്ടിയുണ്ടാക്കണം, ജോസ് കെ മാണിക്ക് കടമ്പകളേറെ


ടി. റിയാസ് മോന്‍

കെ എം മാണിയുടെ പുത്രന്‍ ജോസ് കെ മാണി യു ഡി എഫില്‍ നിന്ന് പുറത്താകുമ്പോള്‍ കൂടെ കുറേ വെല്ലുവിളികള്‍ ഉണ്ട്. കേരള കോണ്‍ഗ്രസ് (മാണി) എന്ന പേരും, ചിഹ്നമായ രണ്ടിലയും, പി ജെ ജോസഫിന്റെ കൈവശമാകും എന്നതാണ് അതില്‍ പ്രധാനം. കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ നിലവില്‍ പി ജെ ജോസഫാണ്. പുതിയൊരു പാര്‍ട്ടിയുണ്ടാക്കുക എന്നതാണ് ജോസ് കെ മാണി ആദ്യം ചെയ്യേണ്ട സാഹസം. എന്നിട്ട് വേണം പാര്‍ട്ടിയെ എല്‍ ഡി എഫിലോ, എന്‍ ഡി എയിലോ ചേര്‍ക്കാന്‍.

നിലവില്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഒരു ആള്‍ക്കൂട്ടം മാത്രമാണ്. ആള്‍ക്കൂട്ടം എന്ന് വിളിക്കാന്‍ മാത്രം ആളുണ്ടോ എന്നത് വേറെ കാര്യം. പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ സ്വാഭാവികമായും അതിന് യു ഡി എഫില്‍ ഇടമുണ്ടാകില്ല. വിശ്വാസ വഞ്ചന ചെയ്ത ജോസ് കെ മാണിയെ കോണ്‍ഗ്രസ് ഇനി കൂടെ കൂട്ടില്ല. ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എയിലേക്ക് പോയാല്‍ ജോസ് കെ മാണിക്ക് കേന്ദ്ര മന്ത്രിസഭയില്‍ ഇടം കിട്ടാന്‍ നേരിയ സാധ്യതയുണ്ട്. ഉറപ്പില്ല. എന്നാല്‍ എന്‍ ഡി എക്കൊപ്പം നിന്നാല്‍ കേരളത്തില്‍ തദ്ദേശതെരഞ്ഞെടുപ്പിലോ, നിയമസഭാ തെരഞ്ഞെടുപ്പിലോ വിജയം നേടാനാവില്ല. അതിനാല്‍ തന്നെ ജോസ് എന്‍ ഡി എക്കൊപ്പം ചേര്‍ന്നാല്‍ പാര്‍ട്ടിയുണ്ടാവില്ല. മാത്രമല്ല, നാല് വര്‍ഷത്തെ രാജ്യസഭാ കാലാവധി അവസാനിക്കുന്നതോടെ ജോസ് കെ മാണിയുടെ രാഷ്ട്രീയ സാധ്യതകള്‍ പൂര്‍ണ്ണമായും അവസാനിക്കുകയും ചെയ്യും.

യു ഡി എഫ് കെട്ടിപ്പടുക്കുകയും, 38വര്‍ഷം കാത്തുസൂക്ഷിക്കുകയും ചെയ്ത കെ എം മാണിയെയാണ് മുന്നണി പുറത്താക്കിയിരിക്കുന്നതെന്നാണ് നടപടിയെ കുറിച്ച് ജോസ് കെ മാണി പ്രതികരിച്ചിരിക്കുന്നത്. 38 വര്‍ഷം മുമ്പുള്ള ജനകീയ അടിത്തറ കേരള കോണ്‍ഗ്രസിന് ഇന്നില്ല. അഞ്ച് വര്‍ഷം മുമ്പുള്ള അടിത്തറ പോലും ഇന്നില്ല. കോട്ടയം ജില്ലക്ക് പുറത്ത് 500 പേരെ വെച്ച് പ്രകടനം നടത്താന്‍ ശക്തിയുള്ള ഒരു നിയസഭാ മണ്ഡലവും ഇല്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. എന്നിട്ടും പഴയ പാരമ്പര്യത്തിന്റെ പുറത്ത് യു ഡി എഫില്‍ വിലപേശി അനര്‍ഹമായത് നേടിയെടുക്കുകയായിരുന്നു കേരള കോണ്‍ഗ്രസ് ചെയ്തത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം ബാക്കിയിരിക്കെ കോണ്‍ഗ്രസ് പ്രത്യേക താത്പര്യമെടുത്ത് ജോസ് കെ മാണി വിഭാഗത്തെ മുന്നണിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നില്‍ വേറെയും ലക്ഷ്യങ്ങളുണ്ട്. നഷ്ടത്തെക്കാള്‍ നടപടി കോണ്‍ഗ്രസിന് ലാഭമാണ്. സീറ്റിനായി വിലപേശല്‍ നടത്തി ഓരോ തെരഞ്ഞെടുപ്പിന് മുമ്പും മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന പരിപാടി ഇനി കോട്ടയം ജില്ലയില്‍ ഉണ്ടാകില്ല. ഇടുക്കിയിലും ഈ വിലപേശല്‍, കാലുവാരല്‍ രാഷ്ട്രീയം അവസാനിക്കും. സ്വാഭാവികമായും അതിന്റെ നേട്ടം കോണ്‍ഗ്രസിനുണ്ടാകും. സീറ്റ് ചര്‍ച്ചയില്‍ പെട്ട് ആടിയുലയുന്ന മുന്നണിയല്ല, കെട്ടുറപ്പുള്ള മുന്നണിയാണ് ഇത്തവണ മധ്യകേരളത്തില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് ചുരുക്കം. ജോസ് കെ മാണി വിഭാഗം ഇല്ലാത്തതിന്റെ നേരിയ ക്ഷീണം ഉണ്ടെങ്കിലും കോണ്‍ഗ്രസ് തദ്ദേശതെരഞ്ഞെടുപ്പില്‍ വര്‍ധിച്ച വിജയം നേടും. കോട്ടയം ജില്ലാ പഞ്ചായത്ത് കോണ്‍ഗ്രസിന് ഭരിക്കാനും ആവും.

പൊതുവെ ദുര്‍ബലമായ കേരള കോണ്‍ഗ്രസില്‍ ഏറ്റവും ശക്തമായതാണ് ജോസ് കെ മാണി നേതൃത്വം നല്‍കുന്ന പഴയ മാണി വിഭാഗം. പി ജെ ജോസഫിന്റെ കൂടെ താരതമ്യേനെ ആളുകള്‍ കുറവാണ്. എന്നാല്‍ വിശ്വാസ്യത ജോസഫിനാണ് കൂടുതല്‍. അതാണ് യു ഡി എഫ് മുഖവിലക്കെടുക്കുന്നതും. 2020 ജൂണ്‍ മാസത്തില്‍ തന്നെ ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി) മുന്നണി മാറ്റത്തെ കുറിച്ച് ചര്‍ച്ചക്ക് തുടക്കം കുറിച്ചപ്പോഴും നിഷേധാത്മക നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. പിള്ളയും പാര്‍ട്ടിയും ഇടതുമുന്നണിയില്‍ തുടരട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. യു ഡി എഫ് വിപുലീകരിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് രമേശ് ചെന്നിത്തല ഒരു മുഴം മുന്നേയെറിയുകയും ചെയ്തു. ജോസും, ഗണേഷുമുള്ള എല്‍ ഡി എഫിന് വിശ്വാസ്യതയും, പ്രത്യയശാസ്ത്ര പിന്‍ബലവും ദുര്‍ബലമാകും. അത് യു ഡി എഫിന് പ്രാദേശികമായി ചിലയടിത്തും തിരിച്ചടിയാകുമെങ്കിലും വിശാലാര്‍ത്ഥത്തില്‍ അനുകൂലമാകും. ജോസ് കെ മാണിയെ മുന്നണിയില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനം യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പ്രഖ്യാപിച്ചയുടനെ കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തിയത് വെറുതെല്ല. ഒരു ഭാണ്ഡമെങ്കിലും ചുമലില്‍ നിന്ന് ഇറക്കിവെക്കാനായതിന്റെ ആഹ്ലാദപ്രകടനമാണത്.

കെ എം മാണിക്ക് ശേഷമുള്ള കേരള കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമാണ്. ജനകീയപിന്തുണയും കുറവാണ്. ഏറ്റവും വലിയ കോട്ടയായ പാലായില്‍ മുഖ്യശത്രുവായ മാണി സി കാപ്പന് മുമ്പില്‍ 2019ലെ ഉപതെരഞ്ഞെടുപ്പില്‍ കാലിടറി. പാലായില്‍ പോലും ജയിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് മുന്നണിയെ ധിക്കരിക്കുകയും, വെല്ലുവിളിക്കുകയും ചെയ്ത് കൊണ്ടിരുന്നത്.

യു ഡി എഫില്‍ നിന്നും പുറത്തായതോടെ പുതിയ പാര്‍ട്ടിയുണ്ടാക്കുക എന്നതാണ് ജോസ് കെ മാണിയുടെ മുന്നിലുള്ള അടുത്ത വഴി. കൊടിയും, പേരും, ഓഫിസും, ചിഹ്നവുമെല്ലാം വേറെ വേണം. അതുണ്ടാക്കിയെടുക്കാനുള്ള തത്രപ്പാടിനിടയില്‍ അണികള്‍ കോണ്‍ഗ്രസിനൊപ്പമോ, ജോസഫിനൊപ്പമോ പോകാനുള്ള സാധ്യത ഏറെയാണ്. പാര്‍ട്ടിയുണ്ടാക്കണം, അണികളുടെ കൊഴിഞ്ഞ് പോക്ക് തടയണം. രണ്ട് മാസത്തിനുള്ളില്‍ അതിനുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കി എല്‍ ഡി എഫുമായി സീറ്റ് വിഭജന ചര്‍ച്ച നടത്തണം. എന്നിട്ടും തദ്ദേശതെരഞ്ഞെടുപ്പില്‍ വിജയം നേടണം. വലിയ ഉത്തരവാദിത്തമാണ് ജോസ് കെ മാണിക്കും, റോഷി അഗസ്റ്റിനും, തോമസ് ചാഴിക്കാടനും, എന്‍ ജയരാജിനും മുന്നിലുള്ളത്. പുതിയ പേരില്‍ പാര്‍ട്ടിയുണ്ടാക്കി എല്‍ ഡി എഫില്‍ എത്തിയാല്‍ തന്നെ മാണി സാറിന്റെ മകനെന്ന പരിഗണന ഉണ്ടാകില്ല. ഇടതുമുന്നണിയിലെത്തിയാലും, മുന്നണിയിലെ സാധാരണ പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളുമോ എന്നതും പ്രശ്‌നമാണ്.

ചുരുക്കത്തില്‍ അനുസരണക്കേട് കാണിച്ച ജോസ് മോനെ വഞ്ചിയില്‍ നിന്നും, ആറ്റിലേക്ക് എറിഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ്. ശേഷിയുണ്ടെങ്കില്‍ നീന്തി കരപറ്റട്ടെ എന്ന ഭാവത്തിലാണ് കോണ്‍ഗ്രസ്. 

Leave a Reply

Your email address will not be published. Required fields are marked *