ജിഗർ മൊറാദാബാദി ജീവിതം കൊണ്ട് കവിത കുറിച്ച നിത്യകാമുകൻ

ഷബീർ രാരങ്ങോത്ത്

ഹം ഇഷ്ഖ് കെ മാരോ കാ ഇത്‌നാ ഹി ഫസാനാ ഹെ
രോനേ കൊ നഹി കോയി, ഹസ്നെ കൊ സമാനാ ഹെ

പ്രണയക്കുരുക്കിനാൽ ഞാൻ ഇത്തിരി പോന്ന കഥയായിരിക്കുന്നു
(ഒപ്പം) കരയാൻ ആരുമില്ലെങ്കിലും (പരിഹസിച്ചു) ചിരിക്കാൻ ലോകം മുഴുക്കെയുണ്ട്

പ്രണയക്കുരുക്കിലകപ്പെട്ട് വ്യഥകളിൽ വീണ ഒരുവന്റെ മനസ് ഇത്രമേൽ ഭംഗിയായി വിവരിച്ചത് ജിഗർ മൊറാദാബാദി എന്ന കവിയാണ്‌. പ്രണയത്തെ, വിരഹത്തെ, പ്രണയാതുരമായ മനസിനെ ജിഗർ അടയാളപ്പെടുത്തുമ്പോൾ അതുതന്നെയാണ്‌ ശരിയെന്ന് തലകുലുക്കി പോകും. പ്രണയത്തിന്റെ മായാലോകത്തും ജീവിതത്തിന്റെ യാഥാർഥ്യ പരിസരത്തും ജിഗറിന്റെ വാക്കുകൾ ഒരുപോലെ നമ്മെ സ്വാധീനിക്കും. ഇരുപതാം നൂറ്റാണ്ടിലെ ഉർദു കാവ്യശാഖയെ ചികയുന്നവർക്ക് ഒരിക്കലും വിട്ടു പോകാനാകാത്ത ഗസലുകളുടെ രാജകുമാരൻ(റഈസുൽ മുതഗസ്സലിൻ) ജിഗർ മൊറാദാബാദി ഓർമയായിട്ട് 60 വർഷം തികയുന്നു. 1890 ഏപ്രിൽ 6 ന്‌ മൊറാദാബാദിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. മുഹമ്മദ് അലി സികന്ദർ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ പേര്‌. അദ്ദേഹത്തിന്റെ പിതാവ് അലി നാസർ ഒരു കവിയായിരുന്നു. പിതാവിന്റെ ഈ താല്പര്യങ്ങളിൽ നിന്നുള്ള പകർഛയും ദാഗ് ദെഹ്‌ലവി, ഹയാത്ത് ബക്ഷ് റസ, അമീറുല്ല തസ്ലീം, അസ്ഗർ ഗോണ്ട്‌വി തുടങ്ങിയവരുമായുള്ള സഹവാസവും ജിഗർ മൊറാദാബാദിയുടെ കാവ്യജീവിതത്തിന്‌ ഏറെ സഹായകമായി.
ജിഗറിന്റെ ഔദ്യോഗിക പഠനത്തിന്‌ മെട്രിക്കുലേഷൻ വരെ പോലും ആയുസുണ്ടായിരുന്നില്ല. ഒൻപതാം ക്ലാസിൽ രണ്ടു തവണ പരാജയപ്പെട്ട അദ്ദേഹം ഔദ്യോഗിക പഠനം അവസാനിപ്പിക്കുകയായിരുന്നു. പുസ്തകങ്ങളിൽ നിന്നുള്ള ജ്ഞാനത്തിൽ അദ്ദേഹത്തിന്‌ വിശ്വാസമുണ്ടായിരുന്നില്ല. മനുഷ്യനിൽ നിന്ന് മനസിലാക്കുന്നതാണ്‌ വിജ്ഞാനം എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. പതിനഞ്ചാം വയസിൽ തന്നെ പിതാവിനെ നഷ്ടമായ അദ്ദേഹത്തെ അമ്മാവൻ അലി സഫർ നജീബാബാദ് മുനിസിപൽ കോർപറേഷനിൽ ജോലിക്ക് നിർത്തിയെങ്കിലും അത് അദ്ദേഹം മുഴുവനാക്കിയില്ല. ഇതിനിടയിൽ തന്നെ ഒരു പ്രണയത്തിലകപ്പെടുകയും അത് നഷ്ടമായതിന്റെ ആഘാതത്തിൽ ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെടുകയുമുണ്ടായി. പിന്നീട് ആഗ്രയിലെത്തിയ അദ്ദേഹം അവിടെ വെച്ച് വഹീദാൻ ബേഗം എന്ന സ്ത്രീയുമായി പ്രണയബദ്ധനാവുകയും അവരെ വിവാഹം ചെയ്യുകയും ചെയ്തു.
ബിജ്നോറിലെ ഒരു കൊട്ടാരദാസിയായിരുന്നു അവർ. വിവാഹാനന്തരം ഉമ്മയുടെ അരികിലേക്ക് മടങ്ങുകയും അവിടെ കഴിച്ചു കൂട്ടുകയുമായിരുന്നു. അല്പ കാലത്തിനു ശേഷം തന്നെ ഉമ്മ മരണപ്പെടുകയും, തൊട്ടു പിന്നാലെ ഭാര്യയും യാത്രയാവുകയുമുണ്ടായി. അടിക്കടി വന്ന ഈ ദുരന്തങ്ങൾ അദ്ദേഹത്തെ മദ്യപാനത്തിലേക്ക് തള്ളിവിട്ടു. പിന്നീട് അത് കടുത്ത മദ്യാസക്തിയിലേക്ക് അദ്ദേഹത്തെ നയിച്ചു.
ഇന്ത്യയൊട്ടുക്കുമുള്ള സഞ്ചാരമായിരുന്നു അദ്ദേഹത്തിന്‌ വിവരശേഖരണത്തിനുള്ള ഉപായം. കണ്ണട വ്യാപാരത്തിനായായിരുന്നു ആദ്യ കാലങ്ങളിലെ സഞ്ചാരമെങ്കിൽ, പിന്നീട് മുഷായറകൾ കയറിയിറങ്ങിയുള്ള ഒരു കാവ്യ യാത്രയായത് മാറി. അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഏറ്റവും ജനസമ്മിതിയുള്ള കവിയായിരുന്നു അദ്ദേഹം.
പ്രഥമവും പ്രധാനവുമായി ഒരു ഗസൽ എഴുത്തുകാരനായിരുന്നു ജിഗർ. പ്രണയവും സൗന്ദര്യവും മദ്യവുമെല്ലാം അദ്ദേഹത്തിന്റെ കവിതകളിൽ നിറഞ്ഞു നിന്നു. സാധാരണയിൽ നിന്ന് വ്യത്യസ്ത്മായ കാഴ്ചപ്പാടുകളായിരുന്നു അദ്ദേഹത്തിന്‌ ഇവയോടുണ്ടായിരുന്നു. ഈ വിഷയങ്ങളൊക്കെയും അനുഭവിച്ചു തന്നെയറിഞ്ഞതിനാൽ അനുഭവങ്ങളുടെ പിൻബലമായിരുന്നു അദ്ദേഹത്തിന്റെ കവിതകളെ നിലനിർത്തിയിരുന്നത്.കവിയായിരുന്ന അസ്ഗർ ഗോണ്ടവിയുടെ ബന്ധത്തിലുള്ള ഒരു സ്ത്രീയെ അദ്ദേഹം രണ്ടാമത് വിവാഹം ചെയ്തിരുന്നെങ്കിലും ജിഗറിന്റെ മദ്യാസക്തിയോട് ചേർന്നു പോകാൻ അവർക്ക് കഴിയാത്തതിനാൽ വിവാഹമോചനത്തിൽ ചെന്നെത്തുകയായിരുന്നു.
മീറിനെപ്പോലെ പുർത്തീകരിക്കപ്പെടാത്ത പ്രണയത്തിന്റെ പ്രതീകം തന്നെയായിരുന്നു ജിഗറും. എന്നിരുന്നാലും ഓരോ പ്രണയാനുഭവങ്ങളിലും ആനന്ദത്തിന്റെ അംശം കണ്ടെത്തി ആസ്വദിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. അതുകൊണ്ടു തന്നെയാവണം
ആജ് ന ജാനെ റാസ് യെ ക്യാ ഹെ
ഹിജ്‌ർ കി രാത് ഓർ ഇത്‌നി റോഷൻ

(ഇന്നിലെ ഈ നിഗൂഡത എന്തെന്നു വ്യക്തമല്ലല്ലോ
വേർപാടിന്റേതാണു രാത്രി, പക്ഷെ ഇത്രമേൽ വെളിച്ചം!

എന്ന് അദ്ദേഹം കുറിച്ചിട്ടുണ്ടാവുക.
പ്രണയം അദ്ദേഹത്തെ ഏറെ വിഷമങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. അതുകൊണ്ടൊക്കെ തന്നെയാണ്‌ പ്രണയം അത്ര സുഖകരമായ ഏർപ്പാടല്ലെന്ന് അദ്ദേഹത്തിന്‌ കുറിച്ചു വെക്കേണ്ടി വന്നത്.

യെ ഇഷ്ഖ് നഹി ആസാൻ ഇത്‌നാ ഹി സമഝ് ലീജെ
ഇക് ആഗ് കാ ദരിയാ ഹെ ഓർ ഡൂബ് കെ ജാനാ ഹെ
(ഈ പ്രണയമെന്നത് അത്ര എളുപ്പമുള്ള ഒന്നല്ല, ഇതെങ്കിലും മനസിലാക്കിയേക്കൂ;
ഒരു തീപ്പുഴയാണത്, മുങ്ങിയാണ് പോകേണ്ടത്)

വിരഹത്തിന്റെ തീവ്ര വേദനയാണ്‌ അദ്ദേഹത്തെ മദ്യാസക്തിയിലേക്ക് തള്ളിവിട്ടത്. തന്റെ മദ്യാസക്തിയെ അദ്ദേഹം ഇങ്ങനെയാണ്‌ വിവരിക്കുന്നത്

ജാൻ കർ മിൻ ജുംലയെ ഖസാനെ മൈഖാന മുജെ
മുദ്ദതോ രോയാ കരേംഗെ ജാം ഓ പൈമാന മുജെ
(മധുശാലയിലെ പ്രധാനിയെന്നു കരുതി
മദ്യവും ചഷകവും എനിക്കു വേണ്ടി യുഗങ്ങളോളം കരഞ്ഞെന്നിരിക്കും)

അസാമാന്യമായ ആരാധക വൃന്ദത്തെ ജിഗർ സമ്പാദിച്ചിരുന്നു. ഇന്ത്യയിലെ രാജാക്കന്മാരെക്കാളും പ്രശസ്തിയിലായിരുന്നത്രെ അദ്ദേഹം. നിത്യ സഞ്ചാരിയായിരുന്ന അദ്ദേഹം തങ്ങളുടെ പട്ടണത്തിലൂടെ യാത്ര ചെയ്യുന്നതു കാണാൻ ആളുകൾ തടിച്ചു കൂടുമായിരുന്നു എന്ന് രേഖപ്പെട്ടു കിടക്കുന്നുണ്ട്. മത ഭാഷാ വേലിക്കെട്ടുകൾക്കുമപ്പുറമായിരുന്നു അദ്ദേഹത്തിന്‌ ലഭിച്ചിരുന്ന സ്വീകാര്യത. ഹിന്ദു മുസ്‌ലിം സദസുകളിൽ അദ്ദേഹം ഒരുപോലെ ആദരിക്കപ്പെട്ടു.
ആയുസു മുഴുക്കെ മദ്യപനായാണ്‌ ജിഗർ ജീവിച്ചത്. ഒരിക്കൽ അദ്ദേഹത്തെ ഒരാൾ പ്രവാചക പ്രകീർത്തന സദസിലേക്ക് ക്ഷണിക്കുകയുണ്ടായി. സംഘാടകരാവട്ടെ ആകെ പരവേശത്തിലായി. മുഴുക്കുടിയനായ ഒരുവൻ പ്രവാചകന്റെ പേര്‌ ഉച്ഛരിക്കുന്നത് അവർക്ക് സഹിക്കാനാകുമായിരുന്നില്ല. ഈ വിഷമകരമായ ചർച്ച ജിഗറിന്റെ ചെവിയിലുമെത്തി. അഗാധമായ ദുഖത്താൽ അദ്ദേഹം പൊട്ടിക്കരഞ്ഞു. ഏറെ നേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ ജിഗറിന്‌ തന്റെ കവിത പാരായണം ചെയ്യാനുള്ള അവസരം കൈവന്നു.
ഒടുവിൽ അദ്ദേഹം
ഏക് രിന്ദ് ഹെ ഓർ മദ്ഹതെ സുൽതാനെ മദീന
ഹാ കൊയി നസർ റഹ്മതെ സുൽത്താനെ മദീന

(ഒരു മദ്യപനുണ്ട്, മദീനയുടെ സുൽത്താനെ പ്രകീർത്തിച്ചു കൊണ്ട്
മദീനാസുൽത്താൻ്റെ കാരുണ്യ നോട്ടം പ്രതീക്ഷിച്ചു കൊണ്ട് )

ഇത് അദ്ദേഹം വായിച്ചതോടെ സദസ് നിശബ്ദമായി. തൻ്റെ വിശ്വാസത്തെ പുറംപൂച്ചിൽ നോക്കിക്കാണരുതെന്ന താക്കീതു കൂടിയായിരുന്നു അത്.

തന്റെ കാലയളവിൽ ഗസലിൽ ഒരു രാജാവു തന്നെയായി ജിഗർ നിലകൊണ്ടു. വാക്കുകളുടെ തിരഞ്ഞെടുപ്പും പ്രയോഗങ്ങളിലെ മാധുര്യവും അദ്ദേഹത്തിന്റെ ഓരോ വരികലും പ്രത്യേക സൃഷ്ടിപ്പുകൾ പോലെ അനുഭവപ്പെടുത്തി. ഓരോ വരിയിലും സംഗീതമൊളിപ്പിച്ചായിരുന്നു ജിഗർ ഗസലുകൾ നെയ്തെടുത്തിരുന്നത്. അദ്ദേഹത്തിന്റെ ജീവിതവും കവിതയും തമ്മിൽ വേർപിരിയുന്നതെവിടെയാണെന്ന് കണ്ടെത്തുക പ്രയാസം തന്നെയാണ്‌. ജീവിതം തന്നെയായിരുന്നു കവിത. തന്റെ പ്രകൃതം മുതൽ ചായ്‌വുകളും വർണങ്ങളും ഭാവങ്ങളും വരെ അദ്ദേഹം കവിതകളിൽ പകർത്തി വെച്ചിട്ടുണ്ട്.
മജ്റൂഹ് സുൽത്താൻപുരിയുടെ ഗുരുസ്ഥാനീയനായിരുന്നു ജിഗർ.
1958 ൽ ജിഗർ മൊറാദാബാദിയെ സാഹിത്യ അക്കാദമി അവാർഡ് നല്കി പുരസ്കരിച്ചിട്ടുണ്ട് രാജ്യം. ആതിഷെ ഗുൽ എന്ന കാവ്യ സമാഹാരത്തിനായിരുന്നു പുരസ്കാരം. ആതിഷെ ഗുലിനു പുറമെ ദാഗെ ജിഗർ, ഷോലായെ തൂർ, ദീവാനെ ജിഗർ തുടങ്ങി അനേകം പുസ്തകങ്ങൾ അദ്ദേഹത്തിൽ നിന്ന് പിറവി കൊണ്ടിട്ടുണ്ട്. 1960 സപ്തംബർ 9 ന്‌ ഗോണ്ടയിൽ വെച്ചാണ്‌ അദ്ദേഹം മരണപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *