സ്റ്റാഫ് റിപ്പോര്‍ട്ടര്‍
കേരളത്തില്‍ വിജയ നിരക്ക് ഏറ്റവും കൂടുതലുള്ള പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. മത്സരിക്കുന്നതില്‍ ഭൂരിപക്ഷം സീറ്റുകളിലും ജയിക്കുന്ന പാര്‍ട്ടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 24 സീറ്റില്‍ മത്സരിച്ച് 18 സീറ്റില്‍ പാര്‍ട്ടി വിജയിച്ചു. ആറ് സീറ്റില്‍ പരാജയപ്പെടുകയും ചെയ്തു. ഇത്തവണ മുസ്‌ലിം ലീഗ് 27 സീറ്റിലാണ് മത്സരിക്കുന്നത്. രാഷ്ട്രീയ സാഹചര്യം പരിശോധിക്കുമ്പോള്‍ ഇത്തവണ ചുരുങ്ങിയത് 21 സീറ്റിലെങ്കിലും പാര്‍ട്ടി ജയിക്കേണ്ടതാണ്. ഏറിയാല്‍ അത് 24 വരെയാകാം. സംഘടനാ ദൗര്‍ബല്യം ഉള്ള കൊല്ലം ജില്ലയില്‍ ഏറ്റെടുക്കുന്ന സീറ്റ് ഒഴികെ മുഴുവന്‍ സീറ്റിലും ശക്തമായ മത്സരം കാഴ്ചവെക്കാനാകും. പാര്‍ട്ടി ദുര്‍ബലമായ ബാലുശ്ശേരി സീറ്റ് വെച്ചുമാറുന്നതോടെ മലബാറിലെ മുഴുവന്‍ സീറ്റും വിജയസാധ്യതയുള്ളതാകുകയാണ്.
2016ല്‍ തോറ്റ മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത് കൊടുവള്ളിയാണ്. താനൂര്‍, തിരുവമ്പാടി, ഗുരുവായൂര്‍ എന്നിവയാണ് വിജയിക്കാമായിരുന്നിട്ടും തോറ്റ മണ്ഡലങ്ങള്‍. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ പാളിച്ചകളാണ് പരാജയത്തിന് പ്രധാന കാരണമായത്. പുനലൂരിലും, ബാലുശ്ശേരിയിലും സ്വാഭാവികമായ തോല്‍വിയാണ് ഉണ്ടായത്.
മുസ്‌ലിം ലീഗിന്റെ ഉറച്ച കോട്ടയായ താനൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ എതിര്‍പ്പുകളെ അവഗണിച്ചു കൊണ്ടാണ് അബ്ദുറഹ്മാന്‍ രണ്ടത്താണിക്ക് തുടര്‍ച്ചയായി അവസരങ്ങള്‍ നല്കിയത്. ഘടകകക്ഷികളെയും അദ്ദേഹം ശത്രുപക്ഷത്ത് നിര്‍ത്തിയിരുന്നു. സാധാരണക്കാരായ ജനങ്ങളുമായി അകലം സൂക്ഷിച്ചിരുന്ന ഒരാളെ വീണ്ടും സ്ഥാനാര്‍ഥിയാക്കിയതാണ് താനൂര്‍ മണ്ഡലം നഷ്ടപ്പെടാന്‍ ഇടയാക്കിയത്.
ഗുരുവായൂരില്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിപ്രവര്‍ത്തിക്കുന്ന വ്യക്തിയെ സ്ഥാനാര്‍ഥിയാക്കി മണ്ഡലം തിരിച്ചു പിടിക്കാനുള്ള അവസരം ഉണ്ടായിട്ടും മണ്ഡലത്തില്‍ സുപരിചിതനല്ലാത്ത ഇറക്കുമതി സ്ഥാനാര്‍ഥിയെ നിയോഗിച്ചതാണ് വലിയ പരാജയത്തിന് ഇടയാക്കിയത്. പി എം സാദിഖലിയെ സ്ഥാനാര്‍ഥിയാക്കിയ നീക്കം മണ്ഡലത്തില്‍ വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചത്. മണ്ഡലത്തിലെ സിറ്റിംങ് എം എല്‍ എക്കെതിരെ പുറത്ത് നിന്ന് ഒരാളെ കൊണ്ടു വന്ന് പരിചയപ്പെടുത്തിയപ്പോഴേക്കും തെരഞ്ഞെടുപ്പ് കഴിഞ്ഞിരുന്നു.
കൊടുവള്ളിയില്‍ എം എ റസാഖ് മാസ്റ്ററെ സ്ഥാനാര്‍ഥിയാക്കിയതിനെ ചൊല്ലിയുണ്ടായ കലഹങ്ങളാണ് പരാജയത്തില്‍ എത്തിച്ചത്. കൊടുവള്ളിയില്‍ മുന്‍കാല തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച എം എ റസാഖിന് പക്ഷേ, സ്വന്തം തെരഞ്ഞെടുപ്പിന്റെ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങളില്‍ വന്ന പാളിച്ചകളാണ് പരാജയത്തിന് കാരണമായത്. പാര്‍ട്ടി സംവിധാനത്തെ മരവിപ്പിക്കുന്നതില്‍ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന കാരാട്ട് റസാഖ് വിജയിക്കുകയും ചെയ്തു. മുസ്‌ലിം ലീഗിലെ വിഭാഗീയതകളെ മാനേജ് ചെയ്യുന്നതില്‍ ഉണ്ടായ പാളിച്ചകളെ ഇടതുമുന്നണി മുതലെടുത്തതാണ് കൊടുവള്ളിയിലെ തെരഞ്ഞെടുപ്പ് ഫലം. എന്നാല്‍ 2021ല്‍ കൊടുവള്ളിയില്‍ യു ഡി എഫ് തിരിച്ചു വരുന്ന രാഷ്ട്രീയ കാലാവസ്ഥയാണ്. കൊടുവള്ളിയില്‍ 2016ല്‍ ഉണ്ടായ രാഷ്ട്രീയ വിവാദങ്ങളുടെ കാറ്റ് തിരുവമ്പാടിയിലേക്കും പടരുകയും തിരുവമ്പാടിയിലും പരാജയപ്പെടുകയും ചെയ്തു.
തെരഞ്ഞെടുപ്പ് പ്രചാരണ ആസൂത്രണത്തിലും, തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിലും ഈ മണ്ഡലങ്ങളില്‍ മുസ്‌ലിം ലീഗിന് പിഴച്ചു. സംസ്ഥാന കമ്മിറ്റി തൂക്കിയിറക്കിയ സ്ഥാനാര്‍ഥികളെ സാധാരണക്കാരായ ജനങ്ങള്‍ ഉള്‍ക്കൊണ്ടില്ല. മുസ്‌ലിം ലീഗിന്റെ ദൗര്‍ബല്യങ്ങളെ കുറിച്ച് കൃത്യമായി പഠിച്ച ഇടതുമുന്നണി ഈ മണ്ഡലങ്ങളില്‍ വിജയം നേടുകയും ചെയ്തു.
ഇത്തവണ ഈ മണ്ഡലങ്ങള്‍ മുസ്‌ലിം ലീഗ് തിരിച്ചു പിടിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. തിരിച്ചു പിടിക്കുമെന്ന് മുസ്‌ലിം ലീഗിന് ഉറപ്പുള്ള മണ്ഡലം കൊടുവള്ളിയാണ്. മണ്ഡലത്തിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും, കൊടുവള്ളി ബ്ലോക്കിലും, നഗരസഭയിലും യു ഡി എഫിനാണ് ഭരണം. സിറ്റിംങ് എം എല്‍ എക്കെതിരായ വികാരവും മണ്ഡലത്തില്‍ ശക്തമാണ്. മലപ്പുറം ജില്ലയില്‍ മുസ്‌ലിം ലീഗ് അഭിമാന പോരാട്ടം നടത്തുന്ന താനൂരില്‍ തദ്ദേശത്തിലെ കണക്കുകള്‍ അനുകൂലമാണ്. താനൂര്‍ നഗരസഭയിലും, ചെറിയമുണ്ടം, പൊന്മുണ്ടം, ഒഴൂര്‍ പഞ്ചായത്തുകളിലും ഭരണമുണ്ട്. താനാളൂര്‍ പഞ്ചായത്തില്‍ മാത്രമാണ് ഇടതുമുന്നണിക്ക് ലീഡുള്ളത്. നിറമരുതൂരില്‍ സി പി എം കോട്ട തകര്‍ക്കാന്‍ ഇത്തവണ യു ഡി എഫിനായി. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി മികച്ച വിജയമാണ് താനൂരില്‍ ലീഗ് പ്രതീക്ഷിക്കുന്നത്.
മുക്കം നഗരസഭ, കാരശ്ശേരി, കോടഞ്ചേരി, കൊടിയത്തൂര്‍, കൂടരഞ്ഞി, പുതുപ്പാടി, തിരുവമ്പാടി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് തിരുവമ്പാടി നിയമസഭാ മണ്ഡലം. കാരശ്ശേരി, കോടഞ്ചേരി, കൊടിയത്തൂര്‍, പുതുപ്പാടി, തിരുവമ്പാടി പഞ്ചായത്തുകള്‍ യു ഡി എഫ് ഭരിക്കുന്നു. കൂടരഞ്ഞിയില്‍ മാത്രമാണ് എല്‍ ഡി എഫ് ഭരണമുള്ളത്. യു ഡി എഫ് വിമതന്റെ പിന്തുണയോടെ മുക്കം നഗരസഭ എല്‍ ഡി എഫ് ഭരിക്കുന്നു. തിരുവമ്പാടിയിലും രാഷ്ട്രീയ സാഹചര്യങ്ങള്‍ യു ഡി എഫിന് അനുകൂലമാണ്. ക്രിസ്ത്യന്‍ സമൂഹത്തിന്റെ പിന്തുണ ഇടതുപക്ഷത്തിന് ലഭിക്കുമെന്നതാണ് നിലവിലുള്ള പ്രചാരണം. എന്നാല്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ടതിന് സമാനമായ എതിര്‍പ്പ് ലീഗ് നേരിടുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്നെ ശക്തമായ മേല്‍ക്കൈ മണ്ഡലത്തില്‍ യു ഡി എഫിന് ഉണ്ട്.
ഗുരുവായൂര്‍ നിയമസഭാ മണ്ഡലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അനുകൂലമാണ് കാര്യങ്ങള്‍. ജില്ലക്ക് പുറത്ത് നിന്നും, മണ്ഡലത്തിന് പുറത്ത് നിന്നും സ്ഥാനാര്‍ഥികളെ ഇറക്കുമതി ചെയ്യുന്ന മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ സമീപനമാണ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ യു ഡി എഫിന് വിനയാകുന്നത്. മണ്ഡലത്തില്‍ മുസ്‌ലിം ലീഗിനും, കോണ്‍ഗ്രസിനും ഉള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ സമര്‍ഥമായി മുതലെടുക്കുന്ന സി പി എമ്മിന്റെ തന്ത്രങ്ങളും മണ്ഡലത്തില്‍ സ്ഥിരമായി വിജയിക്കുന്നു. എന്നാല്‍ ഇത്തവണ ഇടതുമുന്നണിക്ക് അകത്താണ് ആഭ്യന്തര തര്‍ക്കങ്ങള്‍ രൂക്ഷമായിട്ടുള്ളത്. അത് മുതലെടുക്കാനായാല്‍ ഗുരുവായൂരില്‍ യു ഡി എഫിന് ജയിക്കാനാവും.