യുദ്ദംധനലക്ഷ്മിക്ക് അന്തിമ കര്‍മ്മങ്ങള്‍ ചെയ്ത് മുസ്‌ലിം യുവാക്കള്‍

കോവിഡ് ഭീതിയില്‍ കര്‍മ്മങ്ങള്‍ ചെയ്യാന്‍ മകന്‍ തയ്യാറായില്ല. അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത് മുസ്‌ലിം യുവാക്കള്‍. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ മംഗലഗിരിയില്‍ യുദ്ദംധനലക്ഷ്മി എന്ന എഴുപതുകാരി വിധവയ്ക്കാണ് ഖിദ്മത്ത് എന്ന സംഘടനയുടെ നേതൃത്വത്തില്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്.
മെയ് 25ന് തിങ്കളാഴ്ച വൈകീട്ടോടെ ആശുപത്രിയില്‍ വെച്ചാണ് യുദ്ദംധനലക്ഷ്മി മരണപ്പെട്ടത്. തലേന്നാള്‍ വീണ് പരുക്കേറ്റതിനെ തുടര്‍ന്നാണ് 70 വയസ്സുള്ള അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകള്‍ അന്നപൂര്‍ണ്ണ അമ്മയുടെ മൃതദേഹവും കൊണ്ട് ആംബുലന്‍സില്‍ ബാപട്‌ല നഗരസഭയിലെ വീട്ടിലേക്ക് തിരിച്ചു. സ്വന്തം നാട്ടില്‍ മൃതദേഹം സംസ്‌കരിക്കണമെന്നായിരുന്നു അമ്മയുടെ അന്ത്യാഭിലാഷം.

എന്നാല്‍ മൃതദേഹം വീട്ടിനകത്തേക്ക് കയറ്റാന്‍ യുദ്ദംധനലക്ഷ്മിയുടെ മകന്‍ നാഗമല്ലേശ്വര റാവു തയ്യാറായില്ല. അമ്മയ്ക്ക് കോവിഡുണ്ടാകുമെന്നും, അത് പകരുമെന്നുമുള്ള പേടിയായിരുന്നു മകന്. മകള്‍ അന്നപൂര്‍ണ്ണ തന്റെ സഹോദരനോട് കേണപേക്ഷിച്ചിട്ടും യാതൊരു ഫലവുമുണ്ടായില്ല. അന്ന് രാത്രി മുഴുവന്‍ മൃതദേഹം വീട്ടിന് പുറത്ത് കിടന്നു.
മകള്‍ അന്നപൂര്‍ണ്ണ ഈ വിവരങ്ങള്‍ പോലീസിനെ അറിയിച്ചു. പോലീസെത്തിയിട്ടും നാഗമല്ലേശ്വരറാവു വഴങ്ങിയില്ല. വിവരം അപ്പോഴേക്കും നാട്ടില്‍ കാട്ടുതീ പോലെ പടര്‍ന്നിരുന്നു. സമൂഹമാധ്യമങ്ങളിലും സംഭവം ചര്‍ച്ചയായി. അമ്മ ജീവിച്ചിരുന്ന കാലത്ത് തന്നെ മകന്‍ നല്ല ബന്ധത്തിലായിരുന്നില്ല എന്നാണ് പോലീസ് പറയുന്നത്.
വിവരം അറിഞ്ഞ് മുസ്‌ലിം യുവാക്കളുടെ സംഘമായ ‘ഖിദ്മത്ത്’ രംഗത്തെത്തി. അന്തിമ കര്‍മ്മങ്ങള്‍ ഹിന്ദു ആചാരം അനുസരിച്ച് നിര്‍വ്വഹിക്കാന്‍ തയ്യാറാണെന്ന് മകള്‍ അന്നപൂര്‍ണ്ണയെ അറിയിച്ചു. മകള്‍ സമ്മതം അറിയിച്ചതോടെ പ്രാദേശിക പോലീസിന്റെയും സമ്മത പ്രകാരം അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുകയായിരുന്നു എന്ന് ഖിദ്മത്ത് പ്രവര്‍ത്തകനായ ഷഫീഖ് പറഞ്ഞു.

Tags:

Leave a Reply

Your email address will not be published. Required fields are marked *