തയ്യാറാക്കിയത് : മുഖ്താര്‍ പുതുപ്പറമ്പ്
ജീവിതത്തില്‍ ഒരു സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ടു നടക്കുന്നവരാണ് അധികപേരും. അതിന് വേണ്ടി മാസങ്ങളും വര്‍ഷങ്ങളും തലകുത്തി പഠിച്ച് ഏതെങ്കിലും ഒരു പോസ്റ്റില്‍ കയറിക്കൂടുന്നതിലൂടെ ജീവിതം സുരക്ഷിതമായി എന്നു കരുതുന്നവർ. പക്ഷെ ഒരു സര്‍ക്കാര്‍ ഉദ്യോഗം കിട്ടി ദിവസങ്ങള്‍ക്കുള്ളില്‍ അത് തനിക്ക് പറ്റിയ മേഖലയല്ലെന്ന് തിരിച്ചറിയുകയും അതുപേക്ഷിച്ച് പത്രപ്രവര്‍ത്തന രംഗത്തേക്ക് തിരിച്ചു പോകുകയും ചെയ്ത ഒരാളുണ്ട്. മാധ്യമ രംഗത്ത് നിരവധി ഇടപെടലുകള്‍ നടത്തിയ ഇബ്രാഹിം കോട്ടക്കല്‍. തന്‍റെ മൂന്നരപ്പതിറ്റാണ്ടു നീണ്ട പത്രപ്രവര്‍ത്തന മേഖലയിലെ അനുഭവങ്ങള്‍ അദ്ദേഹം ഓപ്പണ്‍ ഒപ്പീനിയന്‍ (www.openopinion.in) ന്യൂസ് പോര്‍ട്ടലുമായി പങ്കുവെക്കുന്നു.
ഇതിഹാസകാരൻ ഒ വി വിജയൻ കുതിരവണ്ടിയിലേറി പ്രാഥമിക പഠനത്തിനെത്തിയ കോട്ടക്കല്‍ രാജാസിലായിരുന്നു ഇബ്രാഹിമിന്‍റെ സ്കൂള്‍ പഠനം. ചെറുപ്പത്തിലേ വായന ശീലമുണ്ടായിരുന്ന കുട്ടി പഠനത്തിന്‍റെ ഇടവേളകൾ ചെലവഴിച്ചത് സ്കൂള്‍ ലൈബ്രറിയിൽനിന്നുള്ള പുസ്തകങ്ങളോടൊപ്പമായിരുന്നു. അക്കാലത്തെ പത്രങ്ങളും ആഴ്ചപ്പതിപ്പുകളും മറ്റു പ്രസിദ്ധീകരണങ്ങളും സ്ഥിരമായി പിന്തുടർന്നു. രാജാസില്‍ പഠിക്കുന്ന കാലത്ത്, മലയാളം അധ്യാപകൻ പത്മനാഭന് മാഷിന്‍റെ പ്രോത്സാഹനമായിരുന്നു വായനയെ ഗൗരവത്തില്‍ സമീപിക്കാൻ പ്രേരിപ്പിച്ചതെന്ന് ഇബ്രാഹിം പറയുന്നു. ലോക ക്ലാസിക് കൃതികളടക്കം നിരവധി പുസ്തകങ്ങള്‍ ഹൈസ്കൂൾ കാലഘട്ടത്തിൽ വായിച്ചു. സ്കൂളിലെ ഉപന്യാസം, പ്രസംഗം മത്സരങ്ങളിലെല്ലാം സമ്മാനങ്ങള്‍ നേടാൻ വായന ഏറെ സഹായകമായി. മൂന്ന് തവണ സ്കൂള്‍ കലോത്സവ ചാമ്പ്യനാവുകയും ചെയ്തു.
പ്രീഡിഗ്രിക്ക് പിഎസ്എംഒ കോളേജില്‍ ചേര്‍ന്നു. ഉമര്‍ തറമേല്‍, കാർട്ടൂണിസ്റ്റ് ബാവ താനൂര്‍, ലത്തീഫ് മലപ്പുറം, ഹംസ ഒറ്റകത്ത്, ഹരിദാസ് അമ്പാടി, വിനോദ് തള്ളാശ്ശേരി തുടങ്ങി സാഹിത്യതൽപരരായ സുഹൃത്വൃന്ദമായിരുന്നു കലാലയത്തിലെ കൂട്ട്. ആ കൂട്ടയ്മക്ക് കോളജിൽ ‘സ്പന്ദനം’ എന്ന പേരില്‍ ഒരു പ്രിന്‍റ് മാഗസിന്‍ പുറത്തിറക്കിയിരുന്നു. ആ കാലത്താണ് ‘പിതൃഭൂമി’ എന്ന പേരിൽ കൈയെഴുത്ത് പത്രം കോളേജിൽനിന്നും പുറത്തിറക്കുന്നത്. കാമ്പസ് വാര്‍ത്തകൾ, കാർട്ടൂൺ എന്നിവ ഉള്‍പ്പെടുത്തിയാണ് പത്രം പുറത്തിറക്കിയിരുന്നത്. പത്രത്തിന്‍റെ കാർബൺ കോപ്പികളെടുത്താണ് വിവിധ ക്ലാസുകളിൽ വിതരണം ചെയ്തിരുന്നു. പത്രം കാമ്പസിൽ ചർച്ചാ വിഷയവുമായിരുന്നു. പഠന സമയത്തു തന്നെ മാതൃഭൂമി വാരാന്തപ്പതിപ്പ്, ചന്ദ്രിക, ദേശാഭിമാനി ആഴ്ചപ്പതിപ്പുകൾ എന്നിവയിൽ ഫീച്ചറുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.
മലപ്പുറം ഗവണ്‍മെന്‍റ് കോളേജിലായിരുന്നു ബിരുദ പഠനം. കുടുംബത്തിലെ പ്രാരാംബ്ധങ്ങള്‍ കാരണം പഠനച്ചെലവിന് പണം കണ്ടെത്താൻ ഒഴിവുള്ള സമയങ്ങളിൽ ചെറിയ ജോലികൾ ചെയ്തു. ഡിഗ്രി പഠനം പൂര്‍ത്തിയാക്കി കോട്ടക്കലിലെ ബീരാന്‍ ഹാജി ആന്‍റ് കമ്പനയില്‍ അക്കൗണ്ടന്‍റായി ജോലിക്ക് കയറി.
അക്കാലത്താണ് മാധ്യമം പത്രം പുറത്തിറങ്ങുന്നത്. പത്രത്തിന്‍റെ ട്രയല്‍ കോപ്പികൾ മുതൽ ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ വന്നിരുന്നു. പുതിയ പത്രം ആവേശത്തോടെ വായിച്ചു. അതിനിടെ പത്രത്തിലേക്ക് മാധ്യമപ്രവർത്തകരെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് അപേക്ഷിച്ചു. രാഷ്ട്രീയ പാർട്ടികളോടും മതസംഘടനകളോടും താൽപര്യം കാണിക്കാതിരുന്ന തന്‍റെ നിലപാടും ആരുടെ പക്ഷവും പിടിക്കാത്ത മാധ്യമത്തിന്‍റെ നിലപാടുമായി യോജിച്ചു പോകാൻ കഴിയുമെന്ന് മനസ്സിലാക്കിയാണ് ജോലിക്ക് അപേക്ഷിച്ചത്.
എഴുത്ത് പരീക്ഷയും ഇന്‍റര്‍വ്യൂവും കഴിഞ്ഞ് 1987 ജൂലൈ 17 ന് മാധ്യമത്തില്‍ ജോലിയിൽ പ്രവേശിച്ചു. ആദ്യ നിയമനം തന്നെ പാലക്കാട് ജില്ലാ ലേഖകനായിട്ടായിരുന്നു. മൊബൈല്‍ ഫോണോ കമ്പ്യൂട്ടറോ ഇല്ലാത്ത അക്കാലത്തെ പത്ര പ്രവര്‍ത്തനമെന്നത് ഇന്നാലോചിക്കുമ്പോള്‍ ഏറെ ദുഷ്കരവും വെല്ലുവിളിയുമായിരുന്നുന്ന് ഇബ്രാഹിം പറഞ്ഞു. മാധ്യമത്തിന്‍റെ തുടക്കത്തിൽ തന്നെ ആ സ്ഥാപനത്തിന്‍റെ ഭാഗമാവുകയും പിന്നീടുള്ള മാധ്യമത്തിന്‍റെ ഓരോ വളര്‍ച്ചയിലും പങ്കുചേരാന്‍ സാധിക്കുകയും ചെയ്തു എന്നത് ഇന്നും അഭിമാനത്തോടെ ഓര്‍ക്കുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആദിവാസി, പരിസ്ഥിതി വിഷയങ്ങൾക്കായിരുന്നു പാലക്കാട് ജോലി ചെയ്യുമ്പോള്‍ പ്രാധാന്യം നൽകിയിരുന്നത്.
അന്ന് വാര്‍ത്തകള്‍ എഴുതി കവറിലിട്ട് കോഴിക്കോട്ടേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറെ ഏല്‍പിക്കുകയായിരുന്നു പതിവ്. വളരെ രസകരമായതും ഏറെ വേദനപ്പിക്കുന്നതുമായ പല അനുഭവങ്ങളും അന്നുണ്ടായിട്ടുണ്ട്. പലപ്പോഴും ബസ് ബ്രേക്ക് ഡൗണായി വഴിയില്‍ കുടുങ്ങുകയോ കവറ് മിസ്സാവുകയോ ചെയ്യുമ്പോഴൊക്കെ തലേദിവസം ഓടിനടന്നെഴുതിയ പലതും വെളിച്ചം കാണാതെ നഷ്ടപ്പെട്ടുപോകുന്നത് സര്‍വ്വസാധാരണമായിരുന്നു. രാവിലെ പാലക്കാട്ടു നിന്നയക്കുന്ന ന്യൂസ് കവറുകൾ വൈകുന്നേരമാണ് വെള്ളിമാട്കുന്നിലെ ഓഫീസിലെത്തുക. കവർ അയച്ചതിനു ശേഷം കിട്ടുന്ന അത്യാവശ്യ വാർത്തകൾ ട്രങ്ക് ബുക്ക് ചെയ്ത് ടെലഫോണിൽ വായിച്ചു കൊടുക്കും. പിന്നീട് ടെലിപ്രിന്‍ററും ഫാക്സുമൊക്കെ ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് വാര്‍ത്തകള്‍ എത്തിക്കാനുള്ള ഓട്ടത്തിന് അൽപം ആശ്വാസമായത്. പാലക്കാടിനു ശേഷം മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ജില്ലാ ബ്യൂറോകളിലും ജോലി ചെയ്തു.
34 വര്‍ഷത്തെ സേവനത്തിനിടയില്‍ റിപ്പോര്‍ട്ടര്‍, സീനിയര്‍ റിപ്പോര്‍ട്ടര്‍, ചീഫ് റിപ്പോര്‍ട്ടര്‍, ന്യൂസ് എഡിറ്റര്‍, ഡെപ്യൂട്ടി എഡിറ്റര്‍ എന്നീ പദവികളിൽ സേവനം ചെയ്യാനായി. മൂന്ന് വര്‍ഷത്തോളം ഗൾഫ് മാധ്യമത്തിന്‍റെ ബഹറൈന്‍, ഖത്തര്‍, ജിദ്ദ, റിയാദ് ബ്യൂറോകളിലും ജോലി ചെയ്തു.
നിരവധി സുപ്രധാന വാർത്തകളും വാർത്താ പരമ്പരകളും ഇക്കാലയളവില്‍ മലയാളികള്‍ക്ക് എത്തിച്ചു നല്‍കാന്‍ ഇബ്രാഹിം കോട്ടക്കല്‍ എന്ന ജേണലിസ്റ്റിന് സാധിച്ചിട്ടുണ്ട്. അറബ് രാജ്യങ്ങളില്‍ മലയാളികള്‍ അകപ്പെട്ടു പോയ ദുരിത ജീവിതങ്ങളെക്കുറിച്ചെഴുതുകയും പലരുടെയും ജീവിതം പുറം ലോകത്തെ അറിയിക്കാനും ഇടപെടാനും സാധിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ സ്വവര്‍ഗരതി ഉയര്‍ത്തുന്ന സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരമ്പര ഉണ്ടാക്കിയ കോളിളക്കവും ഭീഷണിയും ഇന്നും മായാതെ ഓര്‍മ്മയിലുണ്ട്. മലപ്പുറത്ത് ജോലി ചെയ്യുമ്പോള്‍ ചില രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എഴുതിയതിന് പാര്‍ട്ടി പ്രവര്‍ത്തകരിൽനിന്ന് ഭീഷണിയും ബ്യൂറോ ഓഫീസിനു നേരെ പല തവണ കല്ലേറുമുണ്ടായിട്ടുണ്ട്. പലര്‍ക്കും ദഹിക്കാത്ത പല വാര്‍ത്തകളും ഫീച്ചറുകളും എഴുതേണ്ടി വന്നിട്ടുണ്ടെങ്കിലും അത് സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‍റെയും പക്ഷം ചേരാതെ വാര്‍ത്തകള്‍ നല്‍കണമെന്ന മാധ്യമം മാനേജ്മെന്‍റിന്‍റെ ഉറച്ച നിലപാടിന്‍റെയും ഭാഗമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മേധാപട്കർ നേതൃത്വം നൽകിയ നര്‍മദാ ബചാവോ പ്രക്ഷോഭം ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങൾ സന്ദർശിച്ച് റിപ്പോര്‍ട്ട് ചെയ്യാനായി. മേധാപട്കറിനൊപ്പം പ്രക്ഷോഭം നടക്കുന്ന സ്ഥലങ്ങളിൽ സഞ്ചരിക്കാനും ഗ്രാമീണരുമായി സംസാരിക്കാനും ജലസമാധി പ്രഖ്യാപിച്ച് പ്രക്ഷോഭത്തിന്‍റെ ഭാഗമായ പ്രമുഖ സാമൂഹിക പ്രവർത്തകൻ പത്മശ്രീ ബാബ ആംതെയെ സന്ദർശിക്കാനും സാധിച്ചത് ജീവിതത്തിലെ അവസ്മരണീയ അനുഭവമാണ്.
സ്വകാര്യ ആശുപത്രികളെക്കുറിച്ചുള്ള ഫീച്ചറിന് 1998ല്‍ സംസ്ഥാന സർക്കാറിന്‍റെ മികച്ച ജനറല്‍ റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡ് നേടി. സംസ്ഥാനത്തെ റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലെ അഴിമതിയെക്കുറിച്ചുള്ള പരമ്പരയും ഏറെ ചര്‍ച്ചകൾക്ക് വഴിവെച്ചു. യുനിസെഫ് ആഭിമുഖ്യത്തിൽ കേരള പ്രസ് അക്കാദമി ഏർപ്പെടുത്തിയ അവാർഡ്, അസംബ്ലി ഫോർ ഗൈഡൻസ് ആന്‍റ് സർവ്വീസ് (എയ്ജസ്) അവാർഡ് എന്നിവക്കും അർഹനായി.
സൗദി ഗവണ്‍മെന്‍റിന്‍റെ ക്ഷണിതാവായി 2007ലെ ഹജ്ജ് റിപ്പോര്‍ട്ട് ചെയ്തു. ഹജ്ജ് റിപ്പോർട്ട് ചെയ്യുമ്പാൾ തന്നെ ഹജ്ജ് കർമങ്ങൾ നിർവഹിക്കാൻ സാധിച്ചത് ജീവിതസാഫല്യമായാണ് കാണുന്നത്. ലോകത്താകമാനമുള്ള 250ഓളം പത്രപ്രവത്തകരിൽ മലയാളിയായി ഞാന്‍ മാത്രമാണ് ആ വര്‍ഷം ഉണ്ടായിരുന്നത്. ഡല്‍ഹിയില്‍ നടന്ന ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍, ചെന്നൈയിലും കോയമ്പത്തൂരിലും നടന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങി നിരവധി ഇവന്‍റുകൾ മലയാളി വായനക്കാരിലെത്തിക്കാൻ ഇബ്രാഹിം കോട്ടക്കല്‍ എന്ന പത്രപ്രവര്‍ത്തകന് സാധിച്ചിട്ടുണ്ട്.
2012ലെ യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് കാലത്ത് അമേരിക്ക സന്ദർശിക്കാൻ ചെന്നൈ അമേരിക്കന്‍ കോണ്‍സുലേറ്റ് തെരഞ്ഞെടുത്ത അഞ്ച് മലയാളി പത്രപ്രവർത്തകരിൽ എനിക്കും അവസരം ലഭിച്ചു. ഷാനി പ്രഭാകർ (മനോരമ ന്യൂസ്), ഇന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് (ഇന്ത്യ വിഷൻ), ഇ.പി. ഷാജുദ്ദീൻ (മംഗളം), മുഹമ്മദ് അനീസ് (മനോരമ) എന്നിവരായിരുന്നു അന്ന് കൂടെ ഉണ്ടായിരുന്ന മറ്റു മാധ്യമ പ്രവര്‍ത്തകര്‍. മൂന്നാഴ്ച നീണ്ട ആ പര്യാടനം പുതിയൊരനുഭവമാണ് സമ്മാനിച്ചത്. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണം നേരിട്ട് മനസ്സിലാക്കാനും അവിടുത്തെ ചില യൂണിവേഴ്സിറ്റികള്‍, റെസിഡന്‍ഷ്യല്‍ പ്രദേശങ്ങള്‍, ആരാധനാലയങ്ങൾ എന്നിവ സന്ദര്‍ശിക്കാനും ജനങ്ങളുടെ ജീവിത രീതികള്‍ മനസ്സിലാക്കാനും സാധിച്ചു. കുടിയേറ്റക്കാര്‍ മാത്രമുള്ള ഒരു രാജ്യം എങ്ങിനെയാണ് ഇത്രത്തോളം വളര്‍ന്ന വലുതായതെന്ന് നേരിട്ട് കണ്ടുപഠിക്കാനും അത് എഴുതാനും ആ യാത്ര സഹായിച്ചിട്ടുണ്ട്. മലേഷ്യയിലെ ടൂറിസം പ്രമോഷന്‍റെ ഭാഗമായി അവിടെ നടന്ന പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യാനും അവസരം കിട്ടിയിട്ടുണ്ട്.
ഇത്രയും കാലത്തെ പത്രപ്രവര്‍ത്തന മേഖലയില്‍ നിരവധി ഓര്‍മ്മകളും സങ്കടപ്പെടുത്തുന്ന വാര്‍ത്തകളും ഒപ്പിയെടുത്തിട്ടുണ്ട്. ബഹറൈനില്‍ ഉള്ള സമയത്ത് ഏറ്റവും ഉയരം കൂടിയ കെട്ടിടം നിശ്ചിയ സമയപരിധിയിൽ നിർമാണം പൂര്‍ത്തീകരിച്ചതിന്‍റെ ആഘോഷമായി അതിൽ പങ്കാളികളായവർക്ക് കമ്പനി ബോട്ടിൽ ഒരു പാര്‍ട്ടി ഒരുക്കിയിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ ബോട്ട് ആഘോഷ പരിപാടിക്കിടെ മുങ്ങി, മലയാളികളടക്കം 56 പേര്‍ മരിക്കുകയുണ്ടായി. വളരെ ദുഷ്കരം പിടിച്ച ആ സന്ദര്‍ഭം ഒറ്റക്ക് റിപ്പോര്‍ട്ട് ചെയ്യുകയും മരിച്ച മലയാളികളുടെയൊക്കെ കുടുംബങ്ങളെ തേടിപ്പിടിച്ച് അവരുടെ വിവരങ്ങള്‍ ശേഖരിച്ച് വാർത്ത നൽകിയതും വിങ്ങുന്ന ഓർമ്മയാണ്.
സംസ്ഥാന സഹകരണ വകുപ്പിൽ ജൂനിയര്‍ ഓഡിറ്ററായി കല്‍പറ്റയില്‍ ജോലിയില്‍ പ്രവേശിച്ചെങ്കിലും അദ്ദേഹം ഒന്നര മാസം കൊണ്ട് തന്നെ, ‘വെറുതെ ഇരുന്ന് സമയം കളയുന്ന’ സര്‍ക്കാര്‍ ജോലി തനിക്ക് പറ്റിയ ഏര്‍പ്പാടല്ലെന്ന് തിരിച്ചറിഞ്ഞ് അതുപേക്ഷിച്ചാണ് വീണ്ടും പത്രരംഗത്ത് സജീവമാകുന്നത്. നിരവധി മേഖലകളിൽ ബന്ധങ്ങള്‍ ഉണ്ടാക്കാനും നിരവധി ജീവിതങ്ങളെ അടുത്തറിയാനും സാധിച്ചു.
മാധ്യമം അതിന്‍റെ ആരംഭം മുതൽ സ്വീകരിച്ച് നയവും നിലപാടും തന്നെയാണ് ഇപ്പോഴും അതിന്‍റെ മാനേജ്മെന്‍റ് നിലനിർത്തിപ്പോരുന്നതെന്ന് അദ്ദേഹം പറയുന്നു. ഒരു പക്ഷത്തും ചേരാത്ത നിഷ്പക്ഷ നിലപാടിനാണ് മാധ്യമം മുന്‍തൂക്കം നല്‍കുന്നത്. മാധ്യമത്തിന്‍റെ തുടക്കം മുതൽ അതോടൊപ്പം വളർന്ന ഇബ്രാഹിം കോട്ടക്കൽ ഔദ്യോഗികമായി ജോലിയില്‍നിന്ന് വിരമിച്ചെങ്കിലും എഴുത്തും വായനയും കൈവിടാതെ മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ്.
മക്കളായ അഖില, ആദില, അനീസ എന്നിവർക്കും ഭാര്യ ഖദീജക്കുമൊപ്പം വിശ്രമ ജീവിതത്തിലേക്കു കടക്കുമ്പോഴും ഉള്ളിൽ തിരതല്ലുന്ന ആയിരം മനുഷ്യഗാഥകൾ കടലാസിലേക്ക് പകർത്താനുള്ള തയ്യാറെടുപ്പിലാണ് ഈ വിനീതനും അനുഗ്രഹീതനുമായ പത്രപ്രവർത്തകൻ.