എന്ത്കൊണ്ട് അതിരപ്പള്ളി ജലവൈദ്യുതി പദ്ധതിയെ എതിര്‍ക്കുന്നു ?

വികെഎം ശാഫി
1. ഏറ്റവും കുറഞ്ഞ ചെലവില് കൂടുതല് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനെ കുറിച്ചാണ് നമ്മള് ആലോചിക്കേണ്ടത്. ലോകത്താകമാനം സൗരോര്ജ്ജം (സോളാര്), കാറ്റാടി (വിന്ഡ്മില്) എന്നിവയില് നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനെ കുറിച്ചാണ് ആലോചനയുള്ളത്. ജലവൈദ്യുത പദ്ധതികളെക്കാള് ആദായകരവും, ചെലവു കുറവുമാണ് സോളാര്, വിന്ഡ്മില്ലുകള്.

2. കെ എസ് ഇ ബി തന്നെ സോളാര് എനര്ജി പ്ലാന്റുകള് സ്ഥാപിച്ചു നടത്തുന്നുണ്ട്. സര്ക്കാറിന് സാമ്പത്തിക ബാധ്യതയില്ലാത്ത വിധത്തില് സ്വകാര്യ വ്യക്തികള് കാറ്റാടി യന്ത്രങ്ങള് ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് കെ എസ് ഇ ബിക്ക് നല്കുന്നുണ്ട്. ഇത് കൂടുതല് വിപുലപ്പെടുത്തുകയാണ് സംസ്ഥാനം ചെയ്യേണ്ടത്.

3. അതിരപ്പള്ളി, വാഴച്ചാല് പ്രദേശം കേരളത്തിലെ പ്രധാന ടൂറിസം മേഖലയാണ്. ഈ മേഖലയില് ആയിരത്തോളം പേര് സര്ക്കാര്– സ്വകാര്യ മേഖലയിലായി ജോലി ചെയ്യുന്നുണ്ട്. അവരുടെ ഉപജീവനം നശിപ്പിക്കുന്നതാണ് നിര്ദ്ദിഷ്ട അതിരപ്പള്ളി ജലവൈദ്യുത പദ്ധതി.

4. പശ്ചിമഘട്ട വനമേഖലയുടെ ഭാഗമാണ് അതിരപ്പള്ളി, വാഴച്ചാല് വനമേഖല. അവിടെ 200 ഹെക്ടര് വനം നശിപ്പിക്കുന്നത് നീതീകരിക്കാനാവാത്തതാണ്. ചാലക്കുടിപ്പുഴയുടെ നാശത്തിനാണ് പദ്ധതി ഉപകരിക്കുക.

5. നൂറുകണക്കിന് കോടി രൂപ ചെലവ് വരുന്ന ബൃഹത്പദ്ധതിയാണ് അതിരപ്പള്ളി ജലവൈദ്യുതി പദ്ധതി. നിര്മ്മാണം പൂര്ത്തീകരിക്കാന് 7 മുതല് 10 വര്ഷം വരെ ചുരുങ്ങിയത് എടുക്കും. നീണ്ടു പോകാനാണ് കൂടുതല് സാധ്യത. ഇത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യത വരുത്തി വെക്കും.

6. മലവെള്ളപ്പാച്ചില്, ഉരുള്പൊട്ടല്, ഇടിമിന്നല് തുടങ്ങിയവ ഓരോ വര്ഷവും സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഓരോ വര്ഷവും അറ്റകുറ്റപ്പണികള്ക്ക് വലിയ തുക ആവശ്യമായി വരുന്നു.

7. വൈദ്യുതി കൂടുതല് ആവശ്യമുള്ള വേനല്ക്കാലത്ത് ഡാമുകളില് വെള്ളമില്ലാത്തതിനാല് ജലവൈദ്യുത പദ്ധതികള് ഉത്പാദനം കുറക്കുകയാണ് ചെയ്യുന്നത്. അതായത് കേരളത്തിന്റെ ആവശ്യത്തിന് ഇത് ഉപകരിക്കില്ല.

8. അതിരപ്പള്ളി വൈദ്യുതി പദ്ധതിക്ക് പിന്നില് അഴിമതിക്കാരായ ഒരു പറ്റം കെ എസ് ഇ ബി ഉന്നതോദ്യോഗസ്ഥരാണ്. അഴിമതിക്കാര്ക്ക് വേണ്ടിയാണ് മന്ത്രി എം എം മണി സംസാരിക്കുന്നത്. സംസ്ഥാന ആസൂത്രണ ബോര്ഡ്, ശാസ്ത്ര- സാങ്കേതിക- ഊര്ജ്ജ വിദഗ്ധര് തുടങ്ങിയവരാരും അതിരപ്പള്ളി ജലവൈദ്യുത പദ്ധതി ആവശ്യമാണെന്ന് പറയുന്നില്ല. സ്ഥാപിത താത്പര്യക്കാര്ക്ക് വേണ്ടിയാണ് മന്ത്രിയും കെ എസ് ഇ ബിയും നിലകൊള്ളുന്നത്.

9.സംസ്ഥാന സര്ക്കാറിന് വ്യക്തമായ ഊര്ജ്ജ നയമോ, പരിസ്ഥിതി നയമോ, ജല നയമോ ഇല്ല. അത് കൊണ്ടാണ് വൈദ്യുതി മന്ത്രി ഇടക്കിടെ അതിരപ്പള്ളിയെ കുറിച്ച് സംസാരിക്കുന്നത്.

10. കേരളത്തില് ഇനി പുതിയ ജലവൈദ്യുത പദ്ധതികളോ, കൂറ്റന് ഡാമുകളോ പ്രായോഗികമല്ല.

ഒരു വര്ഷത്തില് താഴെ കാലാവധിയുള്ള സര്ക്കാര് അവസാന വര്ഷത്തില് അഴിമതി നടത്താനാണ് അതിരപ്പള്ളി പദ്ധതിക്ക് എന് ഒ സി നല്കിയിരിക്കുന്നത്. എന്നാല് ജനകീയ പ്രക്ഷോഭങ്ങള്ക്ക് മുന്നില് സര്ക്കാറിന് പിന്വാങ്ങേണ്ടി വരും.

Tags:

Leave a Reply

Your email address will not be published. Required fields are marked *