ടി റിയാസ് മോന്‍
കോവിഡ് പ്രതിരോധത്തിനായി ആര്‍സനിക് ആല്‍ബം ഗുളികകള്‍ നല്കാനുള്ള ഹോമിയോ ഡോക്ടര്‍മാരുടെ നീക്കം ആരോഗ്യരംഗത്ത് വീണ്ടും സംവാദങ്ങള്‍ ഉയര്‍ത്തുകയാണ്. ആര്‍സനിക് ആല്‍ബം ഗുളികകള്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നാണ് ഹോമിയോപ്പതി അനുകൂലികളുടെ അവകാശവാദം. കുറേ പേര്‍ക്ക് മരുന്ന് നല്‍കിയിട്ടുണ്ട്. മരുന്ന് നല്കിയവരില്‍ കോവിഡ് വന്നിട്ടില്ല എന്നതാണ് ഹോമിയോപ്പതി അനുകൂലികളുടെ വാദം. ശാസ്ത്രീയമായ പരീക്ഷണങ്ങള്‍ നടത്തിയല്ല ഹോമിയോപ്പതിക്കാരുടെ അവകാശവാദം എന്ന ആരോപണവുമായി മോഡേണ്‍ മെഡിസിനുകാരും രംഗത്തെത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്നത് ആധുനിക വൈദ്യശാസ്ത്രത്തെയാണ്. അലോപ്പതിയെന്ന് പൊതുവായി വിശേഷിപ്പിക്കപ്പെടുന്ന മോഡേണ്‍ മെഡിസിന്‍. രണ്ടാം സ്ഥാനത്ത് ഹോമിയോപ്പതിയാണ്. ഹോമിയോപ്പതിയും, അലോപ്പതിയും തമ്മില്‍ നടത്തുന്ന ഈ സംവാദത്തില്‍ ആരുടെ ഭാഗത്താണ് നില്‍ക്കേണ്ടത്? കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകരുടെ ഏറ്റവും ശക്തമായ സംഘടനയാണ് മോഡേണ്‍ മെഡിസിനുകാരുടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ). ഐ എം എയുടെ അജണ്ടകള്‍ക്ക് അനുസരിച്ചേ കേരളത്തിലെ ആരോഗ്യമേഖല ചലിക്കാവൂ എന്നാണ് സംഘടനയുടെ വാശി. ആ വാശി ശരിയോ തെറ്റോ എന്നതും പരിശോധിക്കേണ്ടതാണ്.
ആധുനിക ചികിത്സ രാജ്യത്ത് സജീവമാകുന്നതിന് മുമ്പേ ആയുര്‍വ്വേദവും, യൂനാനിയും, സിദ്ധവും ഈ നാട്ടിലുണ്ട്. ആധുനിക ചികിത്സ (അലോപ്പതി) പോലെ ഹോമിയോപ്പതിയും രണ്ട് നൂറ്റാണ്ട് കാലമായി രാജ്യത്തുണ്ട്. അതില്‍ ഒന്നൊഴികെ മറ്റെല്ലാം അശാസ്ത്രീയമാണ് എന്നത് രാജ്യത്തിന്റെ പൊതുസമീപനം അല്ല. സംസ്ഥാനത്തിന്റെതും അല്ല. കേരളത്തില്‍ നിന്ന് അറേബ്യയിലേക്ക് പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്തിന് മുമ്പേ കുരുമുളക് കയറ്റി അയച്ചിരുന്നു. അറേബ്യന്‍ പാരമ്പര്യ ചികിത്സകളിലും (യൂനാനി), ആയുര്‍വ്വേദത്തിലും കുരുമുളക് പ്രധാന ഔഷധമാണ്. കേരളം ലോകശ്രദ്ധയിലേക്ക് വന്നത് ഔഷധഗുണമുള്ള ചെടികളുടെയും, വ്യഞ്ജനങ്ങളുടെയും നാട് എന്ന നിലയിലാണ്. അതെല്ലാം അശാസ്ത്രീയമാണ് എന്ന് വിധിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടിയില്ല.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ) അലോപ്പതി അഥവാ മോഡേണ്‍ മെഡിസിനുകാരുടെ സംഘടനയാണ്. ആ സംഘടന ആരോഗ്യരംഗത്ത് പറയത്തക്ക ഗവേഷണങ്ങള്‍ നടത്തിയതായോ, അക്കാഡമിക് ഇടപെടലുകള്‍ നടത്തിയതായോ അറിവില്ല. പൊതുജനങ്ങള്‍ക്കിടയില്‍ ആരോഗ്യബോധവത്കരണം നടത്തിയതായും അറിവില്ല. ഒരു തൊഴിലാളി സംഘടന എന്ന നിലയില്‍ കവിഞ്ഞ് യാതൊരു സാമൂഹ്യപ്രതിബദ്ധതും ഐ എം എ നാളിതു വരെ കാണിച്ചിട്ടില്ല. ആരോഗ്യരംഗത്തെ അനഭിലഷണീയമായ പ്രവണതകള്‍ക്കെതിരെ എത്തിക്കല്‍ ആയ ഒരു നിലപാടും ഐ എം എ സ്വീകരിച്ചിട്ടില്ല. മേല്‍ ഉന്നയിച്ച ആരോപണങ്ങളോട് ഏതെങ്കിലും തരത്തിലുള്ള വിയോജിപ്പുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാനുള്ള അവകാശവും, ഇടവും ഐ എം എക്കുണ്ട്.
ആധുനിക വൈദ്യശാസ്ത്ര രംഗത്ത് അനുദിനം ഗവേഷണങ്ങളും, പഠനങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്. ഒരു നൂറ്റാണ്ട് മുമ്പുള്ള ഹോമിയോപ്പതിയില്‍ നിന്ന് ഇന്നുള്ള ഹോമിയോപ്പതിക്ക് വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. ഹോമിയോപ്പതിയില്‍ ഗവേഷണങ്ങള്‍ താരതമ്യേനെ കുറവാണ്. അതിനാല്‍ തന്നെ ഹോമിയോപ്പതിക്ക് നേരെ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ നിരവധി ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. ഏതെങ്കിലും ചികിത്സയോ, മരുന്നോ തെറ്റാണെന്നോ, വിജയകരമല്ലെന്നോ ബോധ്യപ്പെട്ടാല്‍ സ്വയം നവീകരിക്കാനുള്ള ആധുനിക വൈദ്യശാസ്ത്രത്തിന്റെ ശേഷിയാണ് അതിനെ കൂടുതല്‍ മികച്ചതും, ജനപ്രിയവും ആക്കുന്നത്. ഹോമിയോപ്പതിയിലോ, യൂനാനിയിലോ തെറ്റായ ചില നിഗമനങ്ങളും, തിയറികളും ഉണ്ടെങ്കില്‍ ആ ചികിത്സാരീതി തന്നെ തെറ്റാണെന്നും, അശാസ്ത്രീയമാണെന്നും വിധിക്കുന്നത് ശരിയായ രീതി അല്ല.
രക്തസമ്മര്‍ദ്ദം ലൈഫ് സ്റ്റൈല്‍ ഡിസീസ് അഥവാ ജീവിതശൈലി രോഗം ആണ്. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ഒരു കൂട്ടം മരുന്നുകള്‍ കുറിപ്പടി എഴുതുന്ന ഡോക്ടര്‍മാര്‍ ഉണ്ട്. യോഗയും വ്യായാമങ്ങളും നിര്‍ദ്ദേശിക്കുന്ന, ഭക്ഷണക്രമീകരണം നിര്‍ദ്ദേശിക്കുന്ന അപൂര്‍വ്വം ആധുനിക ഡോക്ടര്‍മാരും ഉണ്ട്. ആയുര്‍വ്വേദത്തെ തള്ളിപ്പറഞ്ഞ് കൊണ്ട് മാത്രം ജീവിതശൈലീ രോഗങ്ങളെ ഭേദപ്പെടുത്താനാവില്ല എന്ന തിരിച്ചറിവാണത്. ഒന്നിലധികം ചികിത്സാരീതികളെ ഉപയോഗിക്കുന്നതില്‍ തെറ്റൊന്നുമില്ല എന്നത് സാമാന്യബോധമാണ്. രക്തസമ്മര്‍ദ്ദത്തിന് സ്ഥിരമായി മരുന്ന് മാത്രം നിര്‍ദ്ദേശിക്കുന്ന അലോപ്പതി ഡോക്ടറുടേത് ശാസ്ത്രീയമായ ചികിത്സയല്ല. മരുന്ന് കമ്പനികളെ തൃപ്തിപ്പെടുത്തുന്ന കച്ചവട തന്ത്രം മാത്രമാണ്. ആ കച്ചവടം അശാസ്ത്രീയമാണ്. അതിനര്‍ഥം അലോപ്പതി അശാസ്ത്രീയമാണ് എന്നതല്ലല്ലോ.
ഒരു ചികിത്സാ രീതിയെ സ്ഥാപിച്ചെടുക്കാന്‍ ബാക്കിയുള്ളതിനെ എല്ലാം തള്ളിപ്പറയണമെന്ന് വിചാരിക്കരുത്. ഏതെങ്കിലും ചികിത്സാ രീതിയെ രാജ്യത്ത് നിരോധിക്കണം എന്ന ആവശ്യം ഭ്രാന്തന്‍ കാഴ്ചപ്പാടാണ്. വിവിധ ചികിത്സാ രീതികള്‍ തമ്മില്‍ ആരോഗ്യകരമായ സംവാദങ്ങള്‍ ഉണ്ടാകുന്നതും, ആരോഗ്യകരമായ മത്സരം ഉണ്ടാകുന്നതും നല്ലതാണ്. എന്നാല്‍ കേരളത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ) മുന്നോട്ട് വെക്കുന്ന സംവാദങ്ങള്‍ തീരെ സാമൂഹ്യപ്രതിബദ്ധത ഉള്ളതല്ല.
ചെലവ് കുറഞ്ഞതും, ഫലപ്രാപ്തിയുള്ളതുമായ ചികിത്സ സാധാരണക്കാര്‍ക്ക് ലഭിക്കുക എന്നതാണ് പ്രധാനം. മുഖകാന്തി നിലനിര്‍ത്തുന്നതിന് പ്ലാസ്റ്റിക് സര്‍ജറി തന്നെ നടത്തണമെന്ന വാശി ഐ എം എക്കുണ്ടാകുന്നത് തെറ്റല്ല. എന്നാല്‍ സാധാരണക്കാര്‍ പച്ചമരുന്ന് കടയില്‍ നിന്ന് ഇരുപത് രൂപ കൊടുത്ത് കറ്റാര്‍വാഴ വാങ്ങി മുഖത്ത് തേയ്ക്കും. പ്രസവിക്കാന്‍ മോഡേണ്‍ ആശുപത്രി തെരഞ്ഞെടുക്കുകയും, പ്രസവാനന്തരം നാട്ടുമരുന്നുകള്‍ ഉപയോഗിക്കുകയും ചെയ്യും. അത് സാധാരണക്കാരുടെ ബോധ്യമാണ്. ആ ബോധ്യത്തിലെ തെറ്റുകള്‍ തിരുത്തേണ്ടത് ആരോഗ്യരംഗത്തെ വിദഗ്ധരാണ്. അത്തരം പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കേണ്ടത് വിദഗ്ധരുടെ സാമൂഹ്യ ഉത്തരവാദിത്തമാണ്. കേരളത്തില്‍ ഒരു ജനകീയ ആരോഗ്യ ബോധവത്കരണത്തിന് ഐ എം എ മുന്നിട്ടിറങ്ങിയാല്‍ പൊതുസമൂഹത്തിന്റെ വലിയ പിന്തുണ ലഭിക്കും.
ആധുനിക ചികിത്സാ രീതിയുടെ മേന്മകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുള്ള കാമ്പയിന്‍ നടത്തുന്നതിന് പകരം ഹോമിയോപ്പതി നിരോധിക്കണം എന്ന വാദം ഉയര്‍ത്തുന്നത് ഒളിച്ചോട്ടാണ്. ആരോഗ്യരംഗത്ത് കൂടുതല്‍ സംവാദങ്ങള്‍ക്ക് ഇടമുണ്ട്. ആരോഗ്യം എന്നത് ഡോക്ടറുടെ ഉപജീവന വിഷയം അല്ല. പൊതുജനതാത്പര്യമുള്ള മേഖലയാണ്.