ഷബീർ രാരങ്ങോത്ത്
ജബ് പ്യാർ നഹി ഹെ തൊ ഭുലാ ക്യൂ നഹി ദേതെ
ഖത് കിസ് ലിയെ രഖേ ഹെ ജലാ ക്യൂ നഹി ദേതെ
പ്രണയമില്ലെങ്കിൽ പിന്നെ മറവി സംഭവിക്കാത്തതെന്ത്?
കത്ത് (ഇനി)യാർക്കായാണ് സൂക്ഷിച്ചിരിക്കുന്നത്? കത്തിച്ചു കളയാത്തതെന്ത്?
ബോളിവുഡ് സംഗീതത്തിൽ നിരവധി ഹിറ്റ് ഗാനങ്ങൾ രചിച്ച ഹസ്‌റത് ജയ്പുരിയുടെ ഓർമ ദിനമാണിന്ന്. സിന്ദഗി ഇക് സഫർ ഹെ സുഹാനാ, ബദൻ പെ സിതാരെ ലപേതെ ഹുയേ തുടങ്ങി ഇന്നും സംഗീതപ്രേമികളുടെ ചുണ്ടിൽ തത്തിക്കളിക്കുന്ന ഒരുപിടി നല്ല ഗാനങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറവി കൊണ്ടിട്ടുണ്ട്. ലളിതമായ ഭാഷയിൽ മനോഹരമായ രചനകൾ എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യെകത.ഹിന്ദിയിലും ഉർദുവിലും അദ്ദേഹം ഒട്ടനവധി രചനകൾ നടത്തിയിട്ടുണ്ട്.
1922 ഏപ്രിൽ 15 ന് ജൈപൂരിലാണ് അദ്ദേഹത്തിന്റെ ജനനം. ഇഖ്ബാൽ ഹുസൈൻ എന്നതായിരുന്നു അദ്ദേഹത്തിന് രക്ഷിതാക്കൾ നല്കിയിരുന്ന പേര്. വിദ്യാഭ്യാസത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ഇംഗ്ലീഷ് ഭാഷയിൽ മാത്രമായിരുന്നു അദ്ദേഹത്തിന്റെ പഠനം. പിന്നീടാണ് ഉർദു പേർഷ്യൻ ഭാഷകളിൽ പഠനത്തിനായി അദ്ദേഹം മുതിരുന്നത്. പിതാമഹൻ ഫിദ ഹുസൈൻ ഫിദ ആയിരുന്നു ഈ ഭാഷകളിൽ അദ്ദേഹത്തിന് വിദ്യ നല്കുന്നത്. ഇരുപതാം വയസിലേക്കടുത്തപ്പോഴേക്കു തന്നെ അദ്ദേഹത്തിനുള്ളിൽ കവിത നാമ്പിട്ടു തുടങ്ങിയിരുന്നു. തന്റെ അയല്പക്കത്തുള്ള രാധ എന്ന പെൺകുട്ടിയോടുള്ള പ്രണയത്താൽ നിറഞ്ഞ ഹൃദയം കാവ്യാത്മകമായില്ലെങ്കിലല്ലേ അത്ഭുതം. പ്രണയാർദ്രമായ വരികൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറവി കൊണ്ടുകൊണ്ടേയിരുന്നു. പ്രണയത്തിന് മതമില്ലെന്നായിരുന്നു അദ്ദേഹം ആ പ്രണയത്തെക്കുറിച്ച് പറഞ്ഞിരുന്നത്. തന്റെ പ്രണയിനി രാധയ്ക്കായുള്ള പ്രണയലേഖനങ്ങളിൽ ഉർദുവിലും ഹിന്ദിയിലും പേർഷ്യനിലുമെല്ലാം അദ്ദേഹം കവിത കുറിക്കാറുണ്ടായിരുന്നു. അവയിലൊരു കവിത ഇങ്ങനെയായിരുന്നു.
യെ മെരാ പ്രേം പത്ര് പഡ്കർ
കെ തും നാരാസ് ന ഹോന
കെ തും മെരി സിന്ദഗി ഹൊ
കെ തും മെരി ബന്ദഗി ഹൊ
(എന്റെയീ പ്രണയലേഖനം വായിച്ച് നീ അസ്വസ്ഥമാകരുത്
നീ എന്റെ ജീവിതമാണ്
നീയാണെന്റെ ഉപാസന)
ഈ കവിത പിന്നീട് സംഗം എന്ന സിനിമക്കുവേണ്ടി ഉപയോഗിച്ചിട്ടുണ്ട്.
ഒരു കവി എന്ന നിലയിലും ഗാനരചയിതാവ് എന്ന നിലയിലും ഒരുപോലെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളയാളാണ് ഹസ്രത് ജയ്പുരി. ഹിന്ദിയിലും ഉർദുവിലും ഒരുപോലെ അദ്ദേഹം കവിതകൾ എഴുതിയിട്ടുണ്ട്. ഹിന്ദിയും ഉർദുവും തമ്മിൽ പിരിയാൻ പറ്റാത്ത സഹോദരിമാരാണെന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. സ്നേഹത്തിന്റെ പ്രചാരകനാണ് താനെന്നും തന്റെ കവിതകളിലൂടെ സ്നേഹസന്ദേശം പരക്കണമെന്നും അദ്ദേഹം കരുതിയിരുന്നു. ഓരോ ശൂന്യസ്ഥലങ്ങളും പ്രണയം കൊണ്ട് നിറക്കാൻ നിയോഗിതനായ കവി എന്നായിരുന്നു അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്.
1940 ലാണ് അദ്ദേഹം ബോംബെയിലെത്തുന്നത്. ജീവിത സന്ധാരണത്തിനായി ബസ് കണ്ടക്ടറുടെ വേഷമാണ് അദ്ദേഹം ആദ്യം സ്വീകരിക്കുന്നത്. മാസാവസാനം 11 രൂപയാണ് അദ്ദേഹം സമ്പാദിച്ചിരുന്നത്. ഭാര്യ രാധയുമായുള്ള ജീവിതം മുന്നോട്ടു കൊണ്ടു പോകാനും കാവ്യസങ്കേതങ്ങൾ തേടിയുള്ള അലച്ചിലിനും കാശുണ്ടാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ കണ്ടക്ടർ ജോലിയുടെ ലക്ഷ്യം. മുംബൈയിലെ ഒട്ടുമിക്ക മുഷായറകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. അതിനിടയിൽ തന്നെ ഇഖ്ബാൽ ഹുസൈൻ എന്ന പേരിനു പകരം ഹസ്രത് ജയ്പുരി എന്ന പേര് അദ്ദേഹം സ്വീകരിച്ചിരുന്നു. മുഷായറകളുമായുള്ള നിരന്തര സമ്പർക്കം ഹസ്രതിന്റെ ആദ്യ പ്രണയിനിയായ കവിതയുമായുള്ള ബന്ധം കോട്ടം തട്ടാതെ കാത്തു.
ഇത്തരമൊരു മുഷായറയിൽ വെച്ചാണ് ബോളിവുഡ് ആക്ടർ പൃഥ്വിരാജ് കപൂർ ഹസ്രതിനെയും അദ്ദേഹത്തിന്റെ കവിതകളെയും ശ്രദ്ധിക്കുന്നത്. അദ്ദേഹം തന്റെ മകൻ രാജ് കപൂറിന് ഹസ്രതിനെ പരിചയപ്പെടുത്തി കൊടുത്തു. അദ്ദേഹം അന്ന് ബർസാത് എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ആലോചനയിലായിരുന്നു. ബർസാതിലെ ജിയ ബേഖരാർ ഹെ എന്ന ഗാനമെഴുതി ഹസ്രത് ജൈപുരി ബോളിവുഡ് സംഗീതത്തിലേക്ക് കാലെടുത്തു വെച്ചു. പിന്നീട് ബോളിവുഡ് സംഗീതത്തിൽ ഹസ്രത് ജയ്പുരിയുടെ പേര് തിളങ്ങി നിന്നു. ഒരുപിടി മികച്ച ഗാനങ്ങൾ അദ്ദേഹത്തിൽ നിന്ന് പിറവി കൊണ്ടു.
കേരളത്തിൽ നിന്ന് ആദ്യമായി പുറത്തിറങ്ങിയ ഗസൽ ആല്ബത്തിലെ വരികൾ അദ്ദേഹത്തിന്റെതായിരുന്നു. വളരെ കുറഞ്ഞതെങ്കിലും മലയാള സിനിമകൾക്കു വേണ്ടിയും അദ്ദേഹത്തിന്റെ രചനകൾ ഉണ്ടായിട്ടുണ്ട്.
ബഹാരോ ഫൂൽ ബർസാഓ എന്ന ഗാനത്തിന് 1966 ലും സിന്ദഗി എക് സഫർ സുഹാനാ എന്ന ഗാനത്തിന് 1972 ലും ഫിലിം ഫെയറിന്റെ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം അദ്ദേഹത്തെ തെടിയെത്തി. ജോഷ് മലിഹാബാദി അവാർഡ്, ഡോ. അംബേദ്കർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 1999 സപ്തംബർ 17 നാണ് അദ്ദേഹത്തിന്റെ മരണം.