ഷബീര്‍ രാരങ്ങോത്ത്
ഗം കാ ന ദില്‍ മെ ഹൊ ഗുസര്‍ വസ്ല്‍ കി ഷബ് ഹൊ യൂ ബസര്‍
സബ് യെ ഖുബൂല്‍ ഹെ മഗര്‍ ഖൗഫെ സഹര്‍ കൊ ക്യാ കരൂ
(ദുഃഖത്തിന് ഹൃദയത്തിലിടമില്ല, സമാഗമത്തിന്റെ രാത്രിയാകട്ടെ കടന്നു പോയിക്കൊണ്ടുമിരിക്കുന്നു;
എല്ലാം ശരി, നേരം വെളുക്കുമെന്ന ഭയത്തെ എന്തു ചെയ്യും?)
ചുപ്‌കെ ചുപ്‌കെ രാത് ദിന്‍ എന്ന ഗസല്‍ കാതുകളിലേക്കൊഴുകിയെത്തുമ്പോള്‍ അതിന്റെ രചയിതാവാരാണ് എന്ന അന്വേഷണം പലരിലുമുണ്ടായിക്കാണണം. ഹസ്‌റത് മൊഹാനിയിലാണ് ആ അന്വേഷണം അവസാനിക്കുക. കവി എന്നതിലുപരി സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്ന ഒരു പേരു കൂടിയാണത്. വിപ്ലവ സമരങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ‘ഇങ്കിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യം ഹസ്‌റത് മൊഹാനിയുടെ സംഭാവനയാണ്.
1875 ഒക്ടോബര്‍ മാസം 14 നാണ് അദ്ദേഹത്തിന്റെ ജനനം. സയ്യിദ് ഫസലുല്‍ ഹസന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. ബ്രിട്ടിഷ് ഇന്ത്യയിലെ ഉന്നാവോ ജില്ലയില്‍ മൊഹന്‍ എന്ന സ്ഥലത്ത് ജനിച്ചതുകൊണ്ടാണ് മൊഹാനി എന്ന നാമം പേരിനോട് ചേര്‍ക്കപ്പെട്ടത്. തന്റെ പതിനേഴാം വയസില്‍ തന്നെ ഹസ്‌റത് എന്ന തൂലികാ നാമത്തില്‍ അദ്ദേഹം കവിതകള്‍ എഴുതിത്തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ അദ്ദേഹം ഒരു സൂഫി വിശ്വാസിയും സെക്കുലര്‍ മുസ്‌ലിമും പ്രവാചക പ്രണയിയും കൃഷ്ണ ഭക്തനുമായിരുന്നു. രാഷ്ട്രത്തിനു വേണ്ടി സ്വാതന്ത്ര്യത്തിനായുള്ള പോരാട്ട വീര്യം അദ്ദേഹത്തിന്റെ ഉള്ളില്‍ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.
ദര്‍വേശി ഓ ഇങ്കിലാബ് മസ്‌ലക് ഹെ മെരാ
സൂഫി മോമിന്‍ ഹൂ ഇഷ്തിറാകി മുസ്‌ലിം
(താപസവൃത്തിയും വിപ്ലവവുമാണെന്റെ മതം
ഒരു സൂഫി വിശ്വാസിയായിരിക്കെ തന്നെ ഒരു കമ്യൂണിസ്റ്റ് മുസ്‌ലിമുമാണ് ഞാന്‍)
അദ്ദേഹത്തിന്റെ യോഗാത്മക കവിതകളിലൂടെ പ്രണയത്തിനും ആരാധനക്കും പുതിയ ഭാവങ്ങളെ അദ്ദേഹം നെയ്‌തെടുക്കുകയുണ്ടായി. നാത്, മുനാജാത് വിഭാഗത്തില്‍ പെടുന്ന ഒട്ടേറെ രചനകള്‍ അദ്ദേഹത്തിന്റെ തൂലികയിലൂടെ പിറവി കൊണ്ടിട്ടുണ്ട്. രചനാപരമായ കഴിവ് വിപ്ലവചിന്തകളുടെ പ്രകാശനത്തിനും മറ്റുമായി എങ്ങനെ ഉപയോഗിക്കാം എന്ന് കൃത്യമായ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. അരബിന്ദ് ഘോഷ്, ബാലഗംഗാധര തിലക് എന്നിവരുടെ വിപ്ലവ ചിന്തകള്‍ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. വിദ്യാഭ്യാസ പൂര്‍ത്തീകരണത്തിനു ശേഷം ഒരു ജോലിയില്‍ ഒതുങ്ങിക്കൂടുക എന്നത് അദ്ദേഹത്തിന് ഒട്ടും താല്പര്യമുള്ള കാര്യമായിരുന്നില്ല. ജോലിയും അതോടൊപ്പം സാമൂഹ്യ സേവനവും എന്ന പദ്ധതിയുടെ ഭാഗമായി പത്രപ്രവര്‍ത്തനത്തെ അദ്ദേഹം തെരഞ്ഞെടുക്കുകയുണ്ടായി. അടിമത്തം എന്ന ആശയത്തിനെതിരെ അദ്ദേഹം പടപൊരുതുകയുണ്ടായി. ബ്രിട്ടീഷ് ഭരണത്തെ വിമര്‍ശിച്ചുകൊണ്ട് അനവധി ലേഖനങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പിറവി കൊണ്ടു. അതിനെത്തുടര്‍ന്ന് അദ്ദേഹം ജയിലിലടക്കപ്പെട്ടു. അദ്ദേഹത്തിനു മേല്‍ ചുമത്തപ്പെട്ട പിഴത്തുക അടക്കാന്‍ കഴിയാത്ത അവസരത്തില്‍ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന അത്യപൂര്‍വ പുസ്തകങ്ങള്‍ വരെ കണ്ടു കെട്ടുകയുണ്ടായി. സ്വാതന്ത്ര സമരത്തില്‍ ശക്തി പകര്‍ന്ന പൂര്‍ണ സ്വരാജ് എന്ന ആശയവും അദ്ദേഹത്തില്‍ നിന്ന് പിറവി കൊണ്ടതാണ്.
കമ്യൂണിസവും മത വിശ്വാസവും തമ്മില്‍ ഏറ്റുമുട്ടേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം കരുതിയിരുന്നു. പ്രണയത്തോടൊപ്പം സാമൂഹ്യപ്രാധാന്യമുള്ള വിഷയങ്ങളും ഹസ്‌റത് മൊഹാനിയുടെ കവിതകളില്‍ നിറഞ്ഞു നിന്നിരുന്നു.
1921 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുപ്പത്തിയേഴാം സമ്മേളനം അഹ്മദാബാദില്‍ ചേര്‍ന്നപ്പോള്‍ പരിപൂര്‍ണ സ്വാതന്ത്ര്യ പ്രമേയം അവതരിപ്പിച്ചത് ഹസ്രത് മൊഹാനിയായിരുന്നു. നെഹ്‌റു പൂര്‍ണ സ്വരാജ് അവതരിപ്പിക്കുന്നതിനും 9 വര്‍ഷം മുന്‍പായിരുന്നു ഇത്. അതിന്റെ പേരില്‍ മൊഹാനി അന്ന് അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. ഈ കേസിന്റെ വിചാരണയില്‍ അദ്ദേഹം തന്റെ സുദീര്‍ഘമായ സംസാരത്തിന് വിരാമമിട്ടത് ഇങ്കിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യത്തോടെയായിരുന്നു. ഇക്കാരണത്താല്‍ അദ്ദേഹത്തെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇത് പിന്നീട് ബോംബെ ഹൈക്കോടതി രണ്ട് വര്‍ഷമാക്കി ലഘൂകരിക്കുകയായിരുന്നു. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തില്‍ അദ്ദേഹം വലിയ പങ്കു വഹിച്ചിട്ടുണ്ട്. 1925 ലെ കാണ്‍പൂരില്‍ നടന്ന പ്രഥമ കമ്യൂണിസ്റ്റ് കണ്‍വെന്‍ഷന്റെ മുഖ്യ സംഘാടകന്‍ അദ്ദേഹമായിരുന്നു. അന്നത്തെ പ്രസംഗത്തിലും അദ്ദേഹം ഇങ്കിലാബ് മുഴക്കി.
തന്റെ നിലപാടുകളില്‍ കാര്‍ക്കശ്യക്കാരനായിരുന്ന ഹസ്രത് മൊഹാനിയുടെ വിമര്‍ശന ശരങ്ങളുടെ മൂര്‍ച്ച ഗാന്ധി പോലും അറിഞ്ഞിട്ടുണ്ട്. 1945 ല്‍ മുസ്‌ലിം ലീഗ് പ്രതിനിധിയായി യു പി അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് മുസ്‌ലിം ലീഗ് പ്രതിനിധിയായി ഭരണഘടനാ നിര്‍മാണ സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ഭരണഘടനാ നിര്‍മാണ വേളയില്‍ മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അദ്ദേഹം വളരെ കാര്‍ക്കശ്യത്തോടെ തന്നെ ഇടപെട്ടിരുന്നു. ഭരണഘടനാ സമിതിയിലെ സര്‍ദാര്‍ പട്ടേലിന്റെ വാദങ്ങളെ ഒറ്റക്ക് അദ്ദേഹം നേരിട്ടിട്ടുണ്ട്. ‘ഇന്ന് മുസ്‌ലിംകള്‍ അനാഥരാണെന്ന് നിങ്ങള്‍ കരുതരുത്. അവരുടെ എല്ലാ അവകാശങ്ങള്‍ക്കു വേണ്ടിയും അസമത്വങ്ങള്‍ക്കെതിരെയും പടപൊരുതാന്‍ മരണം വരെ ഞാനുണ്ടാകും’ എന്നായിരുന്നു അന്ന് അദ്ദേഹം പട്ടേലിന്റെ മുഖത്തു നോക്കി പറഞ്ഞത്. ഭരണ ഘടന നിര്‍മാണത്തിന്‍ബു ശേഷം അതില്‍ ഒപ്പിടാത്ത ഒരേ ഒരംഗമാണ് ഹസ്രത്ത് മൊഹാനി. ആ നിഷേധ വോട്ട് ചരിത്രത്തിന്റെ ഭാഗമാകും എന്ന് നെഹ്‌റു പറഞ്ഞപ്പോള്‍ ‘അതു കൊണ്ടു തന്നെയാണ് ഇന്ത്യന്‍ മുസ്‌ലിംകളോട് നീതി ചെയ്യാത്ത നിലവില്‍ തയ്യാറാക്കപ്പെട്ട ഈ ഇന്ത്യന്‍ ഭരണഘടനക്കെതിരെ ഒരു ശബ്ദമെങ്കിലുമുയര്‍ത്തണമെന്നെനിക്കുറപ്പിക്കേണ്ടതുള്ളത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിലവില്‍ തയ്യാറാക്കിയ കേന്ദ്രീകരണത്തിലധിഷ്ഠിതമായ ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്കെതിരായി ഉപയോഗിക്കപ്പെടും എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം.
കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് പാര്‍ടി, മുസ്‌ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികളില്‍ അദ്ദേഹം പ്രവര്‍ത്തിക്കുകയും അവയോടെല്ലാം യോജിപ്പിന്റെയും വിയോജിപ്പിന്റെയും മേഖലകള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട് അദ്ദേഹം.
1951 മെയ് 13 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.