റഫീക്ക് തിരുവള്ളൂര്‍
കുറച്ചധികം ദിവസങ്ങളായി കേരളീയസമൂഹത്തിനു മുന്നിലെ സജീവ ചര്‍ച്ചയായ ഹലാല്‍ സംവാദത്തിലിടപെട്ടുകൊണ്ട് നിരവധിപേര്‍ പത്ര, ദൃശ്യ, സാമൂഹിക മാധ്യമങ്ങളില്‍ അവരുടേതായ ഹലാല്‍ വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്, എന്നാല്‍ സത്യാനന്തര കാലത്തെ ഒരു സംഘ്പരിവാര്‍ ആരോപണമെന്നതിലുപരി ഹലാലിലൊളിഞ്ഞിരിക്കുന്ന കച്ചവടത്തേയും അതിന്റെ വിവിധമാനങ്ങളെയും വിശദീകരിച്ച് എഴുത്തുകാരനായ റഫീഖ് ഉമ്പാച്ചി അദ്ദേഹത്തിന്റെ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ഏറെ ശ്രദ്ദേയമാണ്. ഹലാല്‍ ചര്‍ച്ചയുടെ പരിണാമം എന്താവുമെന്നതിന്റെ സൂചകങ്ങള്‍ ഉമ്പാച്ചിയുടെ കുറിപ്പിലടങ്ങിയിട്ടുണ്ടെന്നതിനാല്‍ ഈ എഴുത്ത് മലയാളിയുടെ സജീവ ചര്‍ച്ച അര്‍ഹിക്കുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
ഇപ്പോഴത്തെ ഹലാല്‍ കലാപത്തില്‍ എന്നെപ്പോലെ ഒരു സാധു പങ്കെടുക്കേണ്ട കാര്യമില്ല. മുസ്ലിം എന്ന നിലയില്‍ ഹലാല്‍ ഭക്ഷണം കിട്ടുക എന്റെയും ആവശ്യമാണ്. പക്ഷേ ഹലാല്‍ സ്റ്റിക്കറോ ഹലാല്‍ ബോര്‍ഡോ എന്റെ ആവശ്യമല്ല. അത് മാര്‍കറ്റിന്റെ ആവശ്യമാണ്. മാര്‍കറ്റിന്റെ മതമാണെങ്കില്‍ അതൊന്നു വേറെത്തന്നെയാണ്. അതെന്നെക്കാള്‍ നന്നായി നമ്മുടെ പ്രധാനമന്ത്രിക്ക് വരെ അറിയാം. അതുകൊണ്ട് ഇതൊന്നും നമ്മള്‍ പങ്കെടുക്കേണ്ട കലാപമല്ല.
ഹലാല്‍ കാര്യത്തില്‍ ഏറ്റവും ശ്രദ്ധേയമായ ചിലത് വേറെയുണ്ട്. ഹലാല്‍ ഒരു ഭക്ഷ്യ ഇനമല്ല, ഒരു ബദല്‍ ആശയമാണ് എന്നതാണത്. അത് അമേരിക്കന്‍ മുസ്ലിംകളുടെ ജീവിതത്തില്‍ നിന്നാണ് എനിക്ക് കിട്ടിയത്. നല്ലതൊന്നും നാട്ടില്‍ കിട്ടാത്തത് തന്നെ ഇവിടത്തെ കാതലായ പ്രശ്‌നം. കേരളത്തില്‍ നിന്ന് മുഖം പടിഞ്ഞാറോട്ട് തിരിച്ചാല്‍ ഖിബ്ല മാത്രമല്ല അമേരിക്കയും ആ ഭാഗത്താണല്ലോ..!
ബിസ്മിയും കൂട്ടി അറുത്തത് എന്നല്ല ഒരിടത്തും ഹലാലിന്റെ അര്‍ത്ഥം. നേരെ ചൊവ്വേ സമ്പാദിച്ചതും തീറ്റിയതും പോറ്റിയതും വിത്തിട്ടതും വളമിട്ടതും വളര്‍ത്തിയതുമെല്ലാമാണത്. ആരാന്റെതു കട്ടും ദ്രോഹിച്ചുമുണ്ടാക്കിയത് പച്ചക്കറി ആണെങ്കിലതും ഹറാമാണ്. ഏറ്റവും നല്ല ഭക്ഷണം വീട്ടുകാര്‍ വീട്ടുവളപ്പിലും നാട്ടുകാര്‍ നാട്ടുവട്ടത്തിലും ഉണ്ടാക്കി കഴിക്കുന്നതാണ് എന്നതാണതിന്റെ ഒരു താല്പര്യം. കാരണം ഹറാമിന്റെ തരമോ പണമോ ഉല്പാദനത്തില്‍ വന്നിട്ടില്ലെന്ന് ഉറപ്പിക്കുക മാത്രമല്ല, അങ്ങനെ സംശയിക്കത്തക്ക സാഹചര്യത്തില്‍ ആ വിഭവങ്ങള്‍ ഉപയോഗിക്കാതിരിക്കുക കൂടി വേണം ഇസ്ലാമില്‍. അപ്പോള്‍ തീന്മേശയിലെത്തുന്ന വിഭവങ്ങള്‍ ഇറച്ചി ആയാലും ഇലക്കറി ആയാലും എവിടെ നിന്നു വരുന്നു എന്നറിയണം. ആരുണ്ടാക്കി എങ്ങനെ ഉണ്ടാക്കി എന്ന ധാരണ വേണം. ഫലത്തില്‍ ഈ ശാഠ്യം പ്രാദേശിക വിപണിക്ക് അനുകൂലമാണ്. പുറത്തുനിന്നുള്ള അറിയാത്ത ഭക്ഷണം വേണ്ടെന്ന് തീരുമാനിച്ചാല്‍ അക/ടുത്തുനിന്നുള്ള അറിയുന്ന ഭക്ഷണവിഭവങ്ങളുടെ ഉല്പാദനം നടക്കണം. ഫലത്തില്‍ ഉറവിടം അറിയുന്ന അഥവാ പ്രാദേശികമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തേണ്ടി വരും. ഇങ്ങനെ നോക്കിയാല്‍ കോര്‍പറേറ്റ് മുതലാളിത്തത്തിനെതിരായ പ്രതിരോധത്തിന്റെ ഒരു അവനവന്‍/ അവളവള്‍ തുരുത്തിലേക്കാകുന്നു ഹലാലിന്റെ ക്ഷണം. ഹലാലിനെ ഇങ്ങനെ സാംസ്‌കാരിക പ്രതിരോധത്തിന്റെ, അതിജീവനത്തിന്റെ, ആരോഗ്യത്തിന്റെ(Healthy Food)യെല്ലാം ആശയമായി തിരിച്ചറിഞ്ഞ്, അതു പ്രാവര്‍ത്തികമാക്കിയ നവസമൂഹങ്ങള്‍ ലോകത്തുണ്ട്.
നമ്മള്‍ സൂപ്പര്‍മാര്‍കറ്റുകളില്‍ നിന്നും വാങ്ങി കറിവെക്കുന്ന ഇറച്ചികളെല്ലാം ഫാക്ടറി ഫാമുകളില്‍ നിന്ന് വരുന്നൂ. CAFOകള്‍ എന്നാണവയുടെ പേര്. പുല്ലുതിന്നേണ്ട പശു അവിടെ ചോളം തിന്നുന്നു. കോഴികള്‍ അവിടുത്തെ ജീവിതത്തില്‍ സൂര്യപ്രകാശം കാണുന്നേയില്ല. ഫാക്ടറി ഫാമുകളുടെ ഭീബല്‍സത അറിയാന്‍ Food. Inc ഫിലിം കണ്ടാല്‍ മതി. മൃഗങ്ങളും ഭക്ഷ്യജീവികളും മനുഷ്യത്വഹീനമായ (Inhumane), വാസ്തവത്തില്‍ മൃഗീയമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയിട്ടാണ് നമ്മുടെ അടുക്കളയിലേക്കെത്തുന്നത്. കുത്തിവെക്കപ്പെടുന്ന മരുന്നുകളേകുന്ന അമിത വളര്‍ച്ചയോടെ പ്രകൃതിയുമായി ഒരിണക്കവുമില്ലാതെ വളര്‍ത്തപ്പെടുന്ന ജീവിവര്‍ഗങ്ങള്‍. ജനിതകപരമായും ഔഷധപ്രയോഗത്തിലും പല കൃത്രിമക്രിയകളും (Genetically, Pharmaceutically manipulated) ചെയ്തു വര്‍ദ്ധിപ്പിക്കുന്ന ഉല്പാദനം. സാമ്പത്തിക മുതലാളിത്തം മനുഷ്യരെ ദ്രോഹിക്കുന്നതിന്റെ പല മടങ്ങ് ഫാക്ടറി ഫാമിങ് മൃഗങ്ങളെ പീഡിപ്പിക്കുന്നു എന്നാണ് മൃഗാവകാശ പ്രവര്‍ത്തകര്‍ പറയുക.
ഇതൊക്കെ തിരിച്ചറിഞ്ഞാണ്, എന്നുതന്നെ അദ്ദേഹം പറഞ്ഞിട്ടുണ്ട്- ആഫ്രിക്കന്‍ അമേരിക്കനായ മുഫ്തി ശൈഖ് അബ്ദുള്ള നാന അമേരിക്കയില്‍ Halal Advocates of America എന്നൊരു സംഘം രൂപീകരിക്കുന്നത്. ഫാക്ടറി ഫാമുകളുടെ ലക്ഷ്യം മനുഷ്യരെ തീറ്റലല്ല, തിന്നാതെ ജീവിക്കാന്‍ കഴിയാത്ത മനുഷ്യരെ വെച്ചു കൊള്ളലാഭം കൊയ്യലാണെന്ന് പ്രചരിപ്പിച്ച അവര്‍ ഒരു ബദല്‍ എന്ന നിലയില്‍ ഹലാലിനെ ഒരു ആശയമായി സ്വീകരിച്ചു. ആശയവും പ്രയോഗവും ഒരുമിച്ചുവന്നു. മറ്റൊരു ഭക്ഷണ സംസ്‌ക്കാരം എളുപ്പമുള്ള ദൗത്യമല്ല. അതൊരു വെല്ലുവിളിയാണ്. വെല്ലുവിളികളെ നിശ്ചയദാര്‍ഢ്യമുള്ള മനുഷ്യര്‍ നേരിടുമ്പോഴാണ് പുതിയ ജീവിത വഴികളുണ്ടാവുക. അങ്ങനെ രൂപപ്പെട്ട പല മുന്നേറ്റങ്ങളില്‍ ഒരു വഴിയാണ് CSA (Community Supported Agriculture). പുല്ലുതിന്നുവളര്‍ന്ന, യാന്ത്രികമായല്ലാതെ പരിപാലിക്കപ്പെട്ട (Grass fed, Humanly treated animals) മൃഗങ്ങളുടെ ഇറച്ചി ലഭ്യമാക്കുന്ന ഗ്രൂപ്പുകളും സ്ഥാപനങ്ങളും അതുപോലെ നിലവില്‍ വന്നു. ഈ കുറിപ്പിന്റെ തുടക്കത്തില്‍ പറഞ്ഞതുപോലെ വിപണിയുടെ മതം ഉടനെ ഉണര്‍ന്നു. When demand patterns change, so will the supply patterns. ഹലാല്‍ വിപണിയും അമേരിക്കനായി.
ഹലാല്‍ എന്നു മാത്രമല്ല തയ്യിബ് എന്നൊരു മാര്‍ക്ക് കൂടി ഇപ്പോള്‍ രാജ്യാന്തര വിപണിയിലുണ്ട്. ഹലാല്‍ സീല്‍ പൊതുവേ ബിസ്മിയും കൂട്ടി അറുത്തത് എന്ന നിലയില്‍ ആണെങ്കില്‍ തയ്യിബ് Organic Farming വഴി, ഫാക്ടറി ഫാമിങ് വഴിക്കല്ലാതെ വളര്‍ത്തപ്പെട്ടത് എന്ന നിലക്കാണ്. CSA ഗ്രൂപ്പുകള്‍ പ്രചരിപ്പിച്ച സ്വന്തം ഭക്ഷണം സ്വയമുണ്ടാക്കല്‍ നയം ഹലാല്‍ എന്ന ആശയത്തെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോയി. American Halal Company Inc. പോലുള്ള കമ്പനികള്‍ ഉണ്ടായത് മാത്രമല്ല, വീടിന്റെ പിന്നാമ്പുറങ്ങളിലും ടെറസ്സുകളിലും ഒട്ടേറെ കുടുംബങ്ങള്‍ അവരവര്‍ക്കാവശ്യമായ കൃഷി ആരംഭിച്ചു. നമുക്ക് അടുക്കളത്തോട്ടം, അവര്‍ക്ക് ബാക്ക് യാര്‍ഡ് ഫ്രഷ്. ഇക്കാര്യങ്ങള്‍ ഒരു പുസ്തകമായി, വിശദമായ വിവരണങ്ങളോടെ പുറത്തിറങ്ങിയിട്ട് കൊല്ലം പത്തുകഴിഞ്ഞു. ഹലാല്‍ ഭക്ഷണ സമ്പ്രദായത്തെ Setting the stage for the future എന്ന നിലയില്‍ അവതരിപ്പിച്ചാണ് ആ പുസ്തകം അവസാനിക്കുന്നത്. നിങ്ങള്‍ക്ക് സമയവും സൗകര്യവും ഉണ്ടെങ്കില്‍ ഇബ്രാഹിം അബ്ദുല്‍ മതീന്റെ The Green Deen വായിക്കുക. ഇബ്രാഹിം അബ്ദുല്‍ മതീന്റെ ഭാര്യാമാതാവ് സ്വയം വിശേഷിപ്പിക്കുന്നത് Urban Farmer എന്നാണ്. അതവരുടെ ദീന്‍ സാധ്യമാക്കിയ കാര്യമാണെന്നാണ് അവരുടെ വിശ്വാസം.
ആദ്യം പറഞ്ഞതുപോലെ ഹലാല്‍ ഭക്ഷണം എന്റെയും ആവശ്യമാണ്. അതു കിട്ടില്ലെന്നുവന്നാല്‍ ഞാനും സ്വന്തമായി ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കും. നമ്മുടെ നാട്ടില്‍ അടുക്കള തിരിച്ചുപിടിക്കുക എന്നൊരു കാമ്പയിന്‍ ഇടക്കുണ്ടായില്ലേ. അതുപോലെ. മനസ്സ് വിസമ്മതിച്ചാലും, സാംസ്‌കാരിക അധിനിവേശത്തിന് എളുപ്പം വഴങ്ങും നമ്മുടെ നാവും വയറും. അതുകൊണ്ട് ഭക്ഷണത്തിന്റെ സംസ്‌കാരവും സംസ്‌കാരത്തിന്റെ ഭക്ഷണവും പ്രധാനമാണ്. നമുക്ക് നമ്മുടെ അറിവിലും രുചിയിലുമുള്ള, വിശ്വസ യോഗ്യമായ തീറ്റയും കുടിയും വേണമെന്നത് ഒരാവശ്യമാകുന്ന ഒരു സാംസ്‌കാരിക സന്ദര്‍ഭം വന്നാല്‍ ഹലാല്‍ ഒരു സമരരുചിയായിരിക്കും എന്നും കൂടിയാണര്‍ത്ഥം.
ഇനി ഇപ്പറഞ്ഞതൊന്നും കാര്യമാക്കുന്നില്ലെങ്കിലും ഒരു കാര്യം ചെയ്യാം. കഴിക്കാനിരിക്കുമ്പോള്‍ മുന്നിലുള്ള പാത്രത്തിലെ അന്നം എവിടെ നിന്ന് വരുന്നു, ആരുടെയെല്ലാം ദാനമാണതെന്ന് ഒരു നിമിഷം ആലോചിക്കുക. ധ്യാനത്തിന്റെ ഋജുവായൊരു മുഹൂര്‍ത്തം ആയിരിക്കുമത്. പ്രാര്‍ത്ഥനാപൂര്‍വമേ പിന്നെ തീറ്റ നടക്കൂ. പ്രാര്‍ത്ഥനയോടെ ചെയ്യുന്നതെന്തും ആരാധനയാകുന്നൂ.
•
ഉള്ളതുപറഞ്ഞാല്‍ ഹലാലിന്റെ കട ഖിയാമം വരെ
ആരു വിചാരിച്ചാലും പൂട്ടാനാകില്ല, കാരണം ലളിതമാണ്.
ഇതിനൊരു താക്കോല്‍ ഇല്ല.
ഇതൊരു മതമല്ല,
ജീവിത രീതിയാണ് ചങ്ങാതീ..