സൂരജ് കെ.എം
മലയാളി അകമേ എന്തുമാത്രം ചീഞ്ഞു തുടങ്ങുന്ന എന്നതിൻ്റെ ദുഷിച്ച ഗന്ധമാണ് ഹലാൽ ഭക്ഷണ വിവാദത്തിലൂടെ ഇപ്പോൾ പരന്നു കൊണ്ടിരിക്കുന്നത്. ഇതിൻ്റെ അപകടം തിരിച്ചറിഞ്ഞാണ് പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കിക്കൊണ്ട് ബിജെപി വക്താവ് സന്ദീപ് വാര്യർക്ക് രംഗത്ത് വരേണ്ടി വന്നത്.ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസൽമാനും പരസ്പരം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി ഈ നാട്ടിൽ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാൽ നല്ലത് എന്നായിരു സന്ദീപ് വാര്യരുടെ പ്രതികരണം. വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങൾ പാടില്ലെന്ന ഭാരവാഹി യോഗത്തിലെ കർശന നിർദേശം ലംഘിച്ചാണ് സന്ദീപ് വാര്യരുടെ അഭിപ്രായ പ്രകടനം. ഇത് ബിജെപി നേതൃത്വത്തിനിടയിൽ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വിവരം.
ഹലാൽ ഭക്ഷണ വിവാദത്തിൽ ബിജെപി സംസ്ഥാന നേതൃത്വവും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സ്വീകരിച്ച നിലപാടിന് വിരുദ്ധമായ നിലപാടുമായി ബിജെപി സംസ്ഥാന വക്താവ് തന്നെ രംഗത്തെത്തിയിരിക്കുന്നത് പാർട്ടിയെ ഞെട്ടിച്ചെങ്കിലും പാർട്ടിയിലെ വലിയൊരു വിഭാഗം അദ്ദേഹത്തെ പിന്തുണയ്ക്കുകയാണുണ്ടായത്. ഫെയ്സ്ബുക്ക് പോസ്റ്റിൽ കൂടിയാണ് സന്ദീപ് വാര്യർ നിലപാട് പങ്കുവെച്ചത്.
ഒരു സ്ഥാപനം തകർന്നാൽ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരാവും. ആ സ്ഥാപനത്തിലെ ഉപഭോക്താക്കളെ ആശ്രയിച്ച് ജീവിച്ചിരുന്ന ഓട്ടോറിക്ഷക്കാരൻ, അവിടേക്ക് പച്ചക്കറി നൽകിയിരുന്ന വ്യാപാരി, പാൽ വിറ്റിരുന്ന ക്ഷീരകർഷകൻ, പത്ര വിതരണം നടത്തിയിരുന്ന ഏജന്റ് ഇവരൊക്കെ ഒരേ സമുദായക്കാരാവണം എന്നുണ്ടോ? അവരിൽ രാമനും റഹീമും ജോസഫും ഒക്കെയുണ്ടാവാം. ഉത്തരവാദിത്തമില്ലാത്ത ഒരു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഒരു മനുഷ്യായുസിന്റെ പ്രയത്നമാണ് ഇല്ലാതാകുന്നത് എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിൽ സന്ദീപ് വാര്യർ പറഞ്ഞത്. വിഷയത്തിൽ വികാരമല്ല വിവേകമാവണം മുന്നോട്ടു നയിക്കേണ്ടതെന്നും പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
ഹലാൽ ഭക്ഷണ വിവാദത്തിൽ ബിജെപി നേതൃത്വം സ്വീകരിച്ചിരിക്കുന്ന നിലപാടിന് വിരുദ്ധമാണ് സന്ദീപ് വാര്യരുടെ അഭിപ്രായം. ഇതുകൂടാതെ പാർട്ടിക്കകത്ത് സന്ദീപിനോട് വക്താക്കൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങൾ നടത്തരുത് എന്ന് കർശന നിർദേശം നൽകിയിരുന്നു. ഈ മാസം 2ാം തീയതി തിരുവനന്തപുരത്ത് ചേർന്ന ഭാരവാഹി യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തന്നെയാണ് സന്ദീപിന് കർശന നിർദേശം നൽകിയത്. എന്നാൽ ഇതിന് പിന്നാലെയാണ് ഹലാൽ ഭക്ഷണ വിവാദത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായ അഭിപ്രായ പ്രകടനവുമായി സന്ദീപ് രംഗത്തെത്തിയത ഈ വിവാദം എത്രത്തോളം വിഭാഗീയത സൃഷ്ടിക്കുമെന്ന തിരിച്ചറിവാണ് പാർട്ടി നേതൃത്വത്തെ അവഗണിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കുക.
അതേ സമയം നാലു വോട്ട് ലക്ഷ്യമിട്ട് വിവാദം കത്തിച്ചു നിർത്താൻ തന്നെയാണ് തങ്ങൾക്കുദ്ദേശ്യമെന്ന് വ്യക്തമാക്കുന്നതാണ് സന്ദീപ് വാര്യരെക്കൊണ്ട് പോസ്റ്റ് പിൻവലിപ്പിച്ച നടപടി. ബിജെപിക്കൊപ്പം എതിർ വിഭാഗവും വിവാദത്തെ അവരാലാവും വിധം ഇന്ധനം പകർന്ന് ആളിക്കത്തിക്കുന്നുണ്ട്.അന്നത്തിൽ വിഷം കലക്കുന്ന ഈ ഏർപ്പാട് അവസാനിപ്പിക്കണമെന്നേ പറയാനുള്ളൂ.