ഹജ്ജബ്ബ എന്ന നിശ്ചയ ദാർഢ്യം

ശരീഫ് സിപി

2020ലെ റിപ്പബ്ലിക് ദിനത്തിൽ രാജ്യം നൽകുന്ന ഉയർന്ന സിവിലിയൻ ബഹുമതിയായ പദ്മ ശ്രീ പുരസ്കാരം ലഭിച്ച ഹരേക്കള ഹജ്ജബ്ബ എന്ന നാരങ്ങാ വിൽപനക്കാരൻ്റെ ജീവിതം ഇന്ന് സർവ്വകലാശാലാ വിദ്യാർത്ഥികൾക്ക് പഠന വിഷയമാണ്.
മംഗളൂരു നഗരത്തിൽ വള്ളിക്കുട്ടയിൽ ഓറഞ്ച് വിറ്റുനടക്കുന്ന ഒരാൾ എങ്ങനെയാണ് സർവകലാശാലകളിലെ ബിരുദവിദ്യാർഥികൾക്ക് പഠനവിഷയമാകുന്നതെന്ന അന്വേഷണവുമായി ഹജ്ജബ്ബയുടെ ജീവിതത്തിലേക്കിറങ്ങി ചെല്ലുമ്പോൾ നിശ്ചയ ദാർഢ്യമുള്ള മനുഷ്യരുടെ അപാര സാദ്ധ്യതകളെ നമ്മൾ തിരിച്ചറിയും. സി.എൻ.എൻ.ഐ.ബി.എന്നിന്റെ ‘ദ റിയൽ ഹീറോ’അവാർഡ് ജേതാവായ ഹജ്ജബ്ബയുടെ ജീവിതം പരിപാടിയുടെ അവതാരകനായ ആമിർഖാൻ പറഞ്ഞതു കേട്ടാണ് ലോകമറിയുന്നത്.കർണ്ണാടകയിലെ ഹരേക്കളയെന്ന സ്ഥലത്തെ സ്കൂളിലെ നൂറുകണക്കിന് കുട്ടികൾക്ക് നിരക്ഷരനായ ഇയാൾ എങ്ങനെയാണ് ദൈവതുല്യനായതെന്ന് അറിയണമെങ്കിൽ ഹരേക്കള ഹജ്ജബ്ബയുടെ ജീവിതകഥ അറിയണം.

മംഗളൂരുവിൻ്റെ തെരുവിലൂടെ, ഉൾവഴികളിലൂടെ മുണ്ടും കുപ്പായവുമിട്ട് കുട്ടയിൽ മധുര നാരങ്ങയുമായി രാവിലെ മുതൽ കച്ചവടത്തിനിറങ്ങും, ഹരേക്കള ഹജ്ജബ്ബ. ഭാര്യയും നാലുകുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഭാരമുണ്ട് ഈ ക്ഷീണിതനായ മനുഷ്യൻ്റെ ചുമലിൽ.
ഹരേക്കളയിലെ ബ്യാരി മുസ്ലിംസമുദായാംഗമാണ് ഹജ്ജബ്ബ.

പല വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരും ഇദ്ദേഹത്തിൻ്റെ സ്ഥിരം കസ്റ്റമറാണ്.ഒരിക്കൽ ആദ്യമായിക്കണ്ട ഒരു വിദേശി ഹജ്ജബ്ബയോട് നാരങ്ങയുടെ വിലയെക്കുറിച്ചും മറ്റും ഇംഗ്ലീഷിൽ ചോദിച്ചു. അറിയാത്ത ഭാഷയ്ക്കു മുന്നിൽ ഏതൊരു നിരക്ഷരനിലും തെളിയുന്ന ആ തളർന്ന ചിരി ഹജ്ജബ്ബയിൽ തെളിഞ്ഞു. പക്ഷേ, ഉള്ളിലാ മനുഷ്യൻ തൻ്റെ നിർഭാഗ്യമോർത്ത് കരഞ്ഞു.വിദ്യ അഭ്യസിക്കാനുള്ള താൽപര്യമോ സൗകര്യങ്ങളോ ഇല്ലാത്ത തൻ്റെ കുഗ്രാമത്തിൽ ഒരു വിദ്യാലയം വരുന്ന ദിവസത്തെ കുറിച്ച് ഹജ്ജബ്ബ ചിന്തിച്ചു നോക്കി. അടുത്തൊന്നും അങ്ങനൊന്നുണ്ടാവില്ലെന്നും തൻ്റെ ദുർവ്വിധി തലമുറകളിലൂടെ തുടരുമെന്നും ഹജ്ജബ്ബ സങ്കടത്തോടെ ഓർത്തു. നാട്ടിൽ ഒരു സ്കൂൾ തുടങ്ങണമെന്നതായി പിന്നെ ഹജ്ജബ്ബയുടെ ജീവിത ലക്ഷ്യം. ഓരോദിവസവും നാരങ്ങ വിറ്റു കിട്ടുന്ന പണത്തിൽനിന്ന് കുറേശ്ശെയായി മിച്ചംപിടിക്കാൻ തുടങ്ങി.

1999 ലെ വിദ്യാഭ്യാസ വർഷാരംഭത്തിൽ ഹരേക്കളയിലുള്ള ത്വാഹാ മസ്ജിദിന്റെ കെട്ടിടത്തിലെ ഒരു കൊച്ചുമുറിയിൽ ഹജ്ജബ്ബ തന്റെ സ്കൂൾ തുടങ്ങി, ഗ്രാമത്തിലെ ആദ്യ സ്കൂൾ. നടന്നു ശീലമുള്ള ഹജ്ജബ്ബ ഗ്രാമം മുഴുവൻ അലഞ്ഞ് മുപ്പതോളം കുട്ടികളെ സ്കൂളിലെത്തിച്ചു.

നാരങ്ങ വിറ്റ് കിട്ടിയ പണത്തിൽ നിന്ന് മിച്ചം വച്ചാണ് ഏക അധ്യാപികയ്ക്ക് ശമ്പളം കൊടുത്തത്. സ്കൂളിന്റെ അംഗീകാരത്തിനായി സർക്കാരാപ്പീസുകളിൽ കയറിയിറങ്ങി.
ചുവപ്പുനാടയുടെ കാഠിന്യം ഹജ്ജബ്ബ അറിഞ്ഞു.

ഒടുവിൽ സ്കൂളിന് അംഗീകാരം ലഭിച്ചെങ്കിലും സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവും വേണമെന്നത് അടുത്ത വെല്ലുവിളി. കടത്തിനായലഞ്ഞ്, മിച്ചം വച്ച് 2001 ഓടെ 50,000 രൂപ കൊടുത്ത് 40 സെന്റ് സ്ഥലം സ്കൂളിനായി അദ്ദേഹം വാങ്ങി.
ഹജ്ജബ്ബ ഒരു വിസ്മയമായി മാറുന്നത് ഇതോടെയാണ്. സഹായവുമായി പലരും എത്തിത്തുടങ്ങി. ‘കന്നഡപ്രഭ’ എന്ന പത്രമാണ് ഇതിന് തുടക്കംകുറിച്ചത്. അവരുടെ ഒരു ലക്ഷം രൂപയുടെ ‘മാൻ ഓഫ് ദ ഇയർ’ പുരസ്കാരം ആ വർഷം ഹജ്ജബ്ബയ്ക്ക് ലഭിച്ചു. സി.എൻ.എൻ. ഐ.ബി.എൻ. ചാനലിന്റെ ‘ദ റിയൽ ഹീറോ’ പരിപാടി നൽകുന്ന 2007 ലെ ‘ദ റിയൽ ഹീറോ’ പുരസ്കാരവും ഹജ്ജബ്ബയെത്തേടി വന്നു.

അഞ്ചുലക്ഷം രൂപയായിരുന്നു, അവാർഡുതുക. അത് ഹജ്ജബ്ബ തന്റെ സ്കൂൾ ഫണ്ടിലേക്ക് നൽകി.
പിന്നെ അംഗീകാരങ്ങളുടെ ദിനങ്ങളായിരുന്നു. അന്നത്തെ കർണാടക ഗവർണർ രാമേശ്വർ ഠാക്കൂർ ഹജ്ജബ്ബയെ വിളിച്ചുവരുത്തി ആദരിച്ചു. 2011ലെ കർണാടക സർക്കാറിന്റെ ‘രാജ്യോത്സവ്’ അവാർഡും അദ്ദേഹത്തിന് ലഭിച്ചു. കർണാടകത്തിലെ മംഗളൂരു, കുവെമ്പു, ദാവൻഗെരെ സർവകലാശാലകളിൽ ബിരുദവിദ്യാർഥികൾക്ക് ഹജ്ജബ്ബയുടെ ജീവിതകഥ പഠിക്കാനുണ്ട്. ‘നൂഡിവാണി’ (മധുരാക്ഷരങ്ങൾ) എന്നാണ് ഈ പാഠത്തിന്റെ പേര്.

28 കുട്ടികളുമായി ഒറ്റ മുറിയിൽ ആരംഭിച്ച ഹജ്ജബ്ബയുടെ സ്കൂൾ ഇന്ന് പത്താം തരം വരെയുള്ള ഹൈസ്കൂളാണ്.
ഗ്രാമത്തിലെ മുഴുവൻ കുട്ടികളും അക്ഷരമധുരം തേടി എത്തുന്ന ഇടം.

Leave a Reply

Your email address will not be published. Required fields are marked *