കോണ്‍ഗ്രസിന് ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടന നിലവില്‍ വന്നു

രാഷ്ട്രീയം മഴവില്‍ വര്‍ണ്ണങ്ങളുള്ളാതകണമെന്ന നിലപാടെടുത്ത് കോണ്‍ഗ്രസ്.
ട്രാന്‍സ്ജെന്റേഴ്സ് കോണ്‍ഗ്രസിന്റെ ഭാരവാഹികളെ കെ പി സി സി പ്രഖ്യാപിച്ചു. തിരുവനന്തപുരം ഇന്ദിരാ ഭവനില്‍ നടന്ന ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഭാരവാഹികള്‍ ചുമതലയേറ്റത്.
ഭിന്നലിംഗക്കാരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി മഹിളാ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് ട്രാന്‍സ്‌ജെന്‍ഡറായി അപ്‌സര റെഢിയെ കഴിഞ്ഞ വര്‍ഷം എ ഐ സി സി നോമിനേറ്റ് ചെയ്തിരുന്നു. കേരളത്തില്‍ ഇതാദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി ട്രാന്‍സ്‌ജെന്‍ഡര്‍ വിംങ് ആരംഭിക്കുന്നത്.

മൂന്ന് വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് സി പി എം നേതാവായ ഐ പി ബിനുവിന്റെ നേതൃത്വത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ വിംങ് സ്ഥാപിച്ചിരുന്നു. എന്നാല്‍ അതിന്റെ പ്രവര്‍ത്തനം പതിയെ മന്ദീഭവിച്ചു.
അരുണിമ സുള്‍ഫിക്കറാണ് ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ്. എസ് എഫ് ഐയിലൂടെ പൊതുരംഗത്തെത്തിയ അരുണിമ ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി സ്വദേശിയാണ്. ഡി വൈ എഫ് ഐയിലും, ജനാധിപത്യ മഹിളാ അസോസിയേഷനിലും പ്രവര്‍ത്തിച്ചിട്ടുള്ള അരുണിമ പ്രാദേശിക സി പി എം പ്രവര്‍ത്തകരുടെ അക്രമത്തിന് ഇരയായിട്ടുണ്ട്. നിലവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയും, കുടുംബശ്രീ എ ഡി എസ് അംഗവുമാണ്. സുല്‍ഫിക്കറാണ് ഭര്‍ത്താവ്.

വൈസ് പ്രസിഡന്റുമാരായി ഫൈസല്‍ ഫൈസു,ദേവൂട്ടി ഷാജി, ജനറല്‍ സെക്രട്ടറി നക്ഷത്ര വി. കുറുപ്പ്, രാഗ രജ്ഞിനി , ബിനോയ്, ദീപാ റാണി എന്നിവരെ സെക്രട്ടറിമാരായും, നിയ കുക്കുവിനെ ട്രഷററായും തെരഞ്ഞെടുത്തു. 15 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയേയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *