ചില സമരങ്ങൾ വിജയിക്കാനുള്ളതാണ്

സുധീര്‍.കെ

ഒടുവിൽ കർഷക രോഷത്തിനു മുന്നിൽ ഭരണകൂടം മുട്ടുമടക്കി.
രാജിയാവില്ലെന്നുറപ്പിച്ച മനുഷ്യരുടെ മഹാ വിജയമായി ചരിത്രത്തിലിനി ഇന്ത്യൻ കർഷകരുടെ സമരവീര്യവും മുദ്രപ്പെടും. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം പ്രഖ്യാപിക്കപ്പെട്ടപ്പോൾ ജ്വലിച്ചത് മണ്ണിൽ പണി ചെയ്യുന്നവൻ്റെ വിയർപ്പിൻ്റെ മൂല്യമാണ്. എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുമെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്.
വൈകി എത്തിയ വിവേകമെന്നാണ് പ്രതിപക്ഷത്തിൻ്റെ ആദ്യ പ്രതികരണം.
ഗുരുനാനാക്ക് ദിനത്തിലാണ് നിർണായക പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. കർഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായെന്നും കർഷകരുടെ അഭിവൃദ്ധിക്കാണ് പ്രധാന്യം നൽകുന്നതെന്നുമാണ് പ്രധാനമന്ത്രി പ്രഖ്യാപന വേളയിൽ പറഞ്ഞത്. ഉൽപ്പന്നങ്ങളുടെ താങ്ങുവിലയടക്കം പരിശോധിക്കാൻ പ്രത്യേക സമിതി നിലവിൽ വരും. കേന്ദ്ര സർക്കാരിന്റെയും കർഷക സംഘടനകളുടെയും പ്രതിനിധികൾക്ക് സമതിയിൽ പ്രാതിനിധ്യമുണ്ടാകും. സമരം അവസാനിപ്പിക്കണമെന്നും കർഷകരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
പക്ഷേ, അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്തുവന്ന സാഹചര്യത്തിലുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ടു മാത്രം സമരമവസാനിപ്പിക്കേണ്ടതില്ല എന്നാണ് കർഷകരുടെ തീരുമാനം.
കടുത്ത തണുപ്പിനെയും ചൂടിനെയും അവഗണിച്ചാണ് കർഷകർ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതിനെതിരെയും കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയും കഴിഞ്ഞ ഒരു വർഷക്കാലം തെരുവിൽ സമരം ചെയ്തത്. സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം നിയമങ്ങൾക്കെതിരെ സമരം രംഗത്തെത്തി. എന്നാൽ സമരവേളയിലെല്ലാം കർഷകരെ തള്ളിയും പരിഹസിച്ചുമാണ് മുതിർന്ന കേന്ദ്രമന്ത്രിമാരടക്കം പ്രതികരിച്ചത്. ഒടുവിൽ കേന്ദ്ര സർക്കാരിന് രാജ്യത്തെ കർഷകർക്ക് മുന്നിൽ മുട്ടുമടക്കേണ്ടിവന്നു. ചരിത്ര വിജയമാണെന്നും കർഷക വിജയമാണെന്നുമാണ് അഖിലേന്ത്യാ കിസാൻ സഭ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ചത്. രാജ്യത്തെ കർഷകരുടെ സത്യഗ്രഹത്തിന് മുന്നിൽ ധാർഷ്ട്യം തല കുനിച്ചുവെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു

Leave a Reply

Your email address will not be published. Required fields are marked *