ടി റിയാസ് മോന്‍
അങ്കി ദാസ് എന്ന ഇന്ത്യക്കാരിയോട് മാര്‍ക്ക് സുക്കര്‍ബര്‍ഗ് സ്വീകരിക്കുന്ന നിലപാടിനെ ലോകം ഉറ്റുനോക്കുകയാണ്. ലോകത്തെ നമ്പര്‍ വണ്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി മേധാവിയാണ് അങ്കി ദാസ്. അങ്കിദാസിനെ ഫേസ്ബുക്കില്‍ നിന്ന് പുറത്താക്കുമോ, അവരെ സംരക്ഷിക്കുമോ എന്ന ചോദ്യം വരും ദിവസങ്ങളില്‍ ഫേസ്ബുക്കിനെ ചുറ്റിപ്പറ്റി ഉയരും. കാരണം ഫേസ്ബുക്കിന്റെ വിശ്വാസ്യതയാണ് അങ്കിദാസിലൂടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.
ഫേസ്ബുക്കിന്റെ സ്വകാര്യത, ഡാറ്റ സെക്യൂരിറ്റി, സുരക്ഷാ കാര്യങ്ങളുടെ ഇന്ത്യയിലെ മേല്‍നോട്ടക്കാരിയാണ് അങ്കിദാസ്. അമേരിക്കയിലെ വാള്‍സ്ട്രീറ്റ് ജേണലിന്റെ വാര്‍ത്തയെ തുടര്‍ന്നാണ് അവര്‍ വിവാദത്തില്‍ പെട്ടിരിക്കുന്നത്.
വിദ്വേഷം വമിക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്നതാണ് ഫേസ്ബുക്കിന്റെ നയം. എന്നാല്‍ ബി ജെ പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളുടെ പോസ്റ്റുകള്‍ നീക്കം ചെയ്യരുതെന്ന് അങ്കിദാസ് അവരുടെ ജീവനക്കാരോട് ആവശ്യപ്പെട്ടു എന്നതാണ് വിവാദത്തിന്റെ അടിസ്ഥാനം. ഭരണകക്ഷിയായ ബി ജെ പിയുടെ നേതാക്കളുമായി അങ്കിദാസിനുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തും എന്നതിനാലാണ് അവര്‍ ഇങ്ങനെയൊരു നിലപാട് എടുത്തത്. അക്രമം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നാലില്‍ കുറയാത്ത വ്യക്തികളുടെയും, ഗ്രൂപ്പുകളുടെയും പോസ്റ്റുകള്‍ നീക്കം ചെയ്യാതിരിക്കുവാന്‍ അവര്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത് അമേരിക്കയിലെ മുന്‍നിര മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ ആണ്. എന്നാല്‍ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ശേഷം അത്തരം പോസ്റ്റുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്യുകയുണ്ടായി.
വാര്‍ത്തയെ തുടര്‍ന്ന് ഇന്ത്യയിലെ ഫേസ്ബുക്ക് ടീമിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഫേസ്ബുക്ക് സി ഇ ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് പരാതി അയച്ചു കഴിഞ്ഞു. ഫേസ്ബുക്ക് അന്വേഷണ റിപ്പോര്‍ട്ട് ഒരു നിശ്ചിത കാലയളവിന് ഉള്ളില്‍ ഫേസ്ബുക്ക് ഡയറക്ടര്‍ ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിക്കണമെന്നും തുടര്‍ന്ന് അത് പരസ്യപ്പെടുത്തണം എന്നുമാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സുക്കര്‍ബര്‍ഗിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മതവികാരം വ്രണപ്പെടുത്തുകയും, വര്‍ഗ്ഗീയ സംഘര്‍ഷത്തിന് ഇടയാക്കുകയും ചെയ്യുന്നുവെന്ന പരാതിയില്‍ ചത്തീസ്ഗഡ് പോലീസ് അങ്കിദാസിനെതിരെ കേസെടുത്ത് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന ചത്തീസ്ഗഡിലെ മാധ്യമപ്രവര്‍ത്തകനും, സര്‍ക്കാറിന്റെ വ്യാജവാര്‍ത്താ കമ്മിറ്റി അംഗവുമായ അവേഷ് തിവാരിയാണ് അങ്കിദാസിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഐ പി സി 295എ, 505 (1) സി വകുപ്പുകള്‍ പ്രകാരമാണ് ചത്തീസ്ഗഡ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഫേസ്ബുക്കില്‍ എത്തുന്നതിന് മുമ്പ് മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ പൊതുനയം, നിയമം, കോര്‍പ്പറേറ്റ് കാര്യങ്ങളുടെ മേധാവിയായിരുന്നു അങ്കി ദാസ്. കൊല്‍ക്കത്ത സര്‍വ്വകലാശാലക്കു കീഴിലുള്ള ലോറെറ്റോ കോളെജില്‍ നിന്ന് ബിരുദവും, ഡല്‍ഹി ജെ എന്‍ യുവില്‍ നിന്ന് ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സില്‍ പി ജിയും നേടി.
അതേ സമയം തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് അങ്കിദാസ് ഡല്‍ഹി പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. അവേഷ് തിവാരിയുടെ പേരെടുത്ത് പരാമര്‍ശിച്ചാണ് ഫേസ്ബുക്ക് ഇന്ത്യ മേധാവിയുടെ പരാതി. എന്നാല്‍ അങ്കിദാസിനെ താന്‍ ഒരിക്കലും ബന്ധപ്പെടുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് അവേഷ് തിവാരി പറയുന്നു. എന്ന് മാത്രമല്ല, മുന്‍കാലങ്ങളില്‍ അവേഷ് തിവാരിയുടെ പോസ്റ്റുകള്‍ ഫേസ്ബുക്ക് കാരണം കൂടാതെ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും അവേഷ് തിവാരി ആരോപിക്കുന്നു. പുല്‍വാമ ഭീകരാക്രമണം, എന്‍ ആര്‍ സി – സി എ എ പ്രക്ഷോഭം, ചത്തീസ്ഗഡിലെ ആദിവാസി പ്രശ്‌നങ്ങള്‍ എന്നിവയെ കുറിച്ചുള്ള പോസ്റ്റുകളാണ് നേരത്തെ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തിരുന്നത്. ഭിലായിയിലെ ആദിവാസി പ്രക്ഷോഭത്തെ കുറിച്ചുള്ള വീഡിയോയും നേരത്തെ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തതായി അവേഷ് തിവാരി പറയുന്നു.
ടി രാജസിംങ് എന്ന ബി ജെ പി നേതാവ് റോഹിംഗ്യന്‍ മുസ്‌ലിംകളെ വെടിവെച്ചു കൊല്ലണമെന്ന് അഭിപ്രായപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പോസ്റ്റ് നീക്കം ചെയ്യണമെന്നും, എക്കൗണ്ട് ഫേസ്ബുക്കില്‍ നിന്ന് ഒഴിവാക്കണമെന്നുമുള്ള തീരുമാനത്തെ ഫേസ്ബുക്കിന്റെ ഇന്ത്യന്‍ മേധാവിയായ അങ്കിദാസ് എതിര്‍ത്തുവെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബി ജെ പിയുടെ എതിര്‍പ്പ് പിടിച്ചു പറ്റുന്നത് ഇന്ത്യയിലെ ഫേസ്ബുക്കിന്റെ ബിസിനസിനെ ബാധിക്കുമെന്നാണ് അങ്കിദാസ് പറഞ്ഞത്.
2017ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചു കൊണ്ട് അങ്കിദാസ് ലേഖനം എഴുതിയിരുന്നു.