മുഖ്താര്‍ പുതുപ്പറമ്പ്
ഒരു പൗരനോട് ഭരണകൂടത്തിന് എത്രമാത്രം പകവീട്ടാം എന്നതിന് ജീവിച്ചിരിക്കുന്ന മറ്റൊരു തെളിവാണ് ഡോ.കഫീല്‍ ഖാന്‍. അതും ആതുര ശുശ്രൂഷയും സാമൂഹ്യസേവനവുമൊക്കെയായി നടക്കുന്ന ഒരാളോട്, അപ്പോള്‍ പിന്നെ സാധാരണക്കാരന്‍റെ കാര്യം പറയേണ്ടതില്ല.യുപിയിലെ ഗോരഖ്പൂറിലെ മെഡിക്കൽ കോളേജിൽ ഓക്സിജന്‍റെ അപര്യാപ്തത മൂലം 60ല്‍ പരം കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ അവിടത്തെ ഡോക്ടറായിരുന്ന കഫീല്‍ഖാനെ യോഗി ഗവണ്‍മെന്‍റ് സസ്പെന്‍റ് ചെയ്യുകയും 9 മാസം ജയിലിലടക്കുകയും ചെയ്തു. അന്ന് ഹോസ്പിറ്റലില്‍ സംഭവിച്ചത് ഓക്സിജൻ സിലണ്ടറുകൾ ആസ്പത്രിയിൽ ലഭ്യമാക്കാത്തത് കൊണ്ടാണെന്നും ഇത് സര്‍ക്കാറിന്‍റെ പിടിപ്പ്കേടാണെന്നും മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിന്‍റെ മുഖത്ത് നോക്കി പറഞ്ഞത് മുതല്‍ അദ്ദേഹം ഭരണകൂടത്തിന്‍റെ കണ്ണിലെ കരടായി മാറുകയാണ് ചെയ്തത്.
ഖാന്‍ ജയില്‍ മോചിതനായ ശേഷവും പകതീരാത്ത യോഗി അദ്ദേഹത്തിന്‍റെ സഹോദരനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കുകയും താന്‍ പഠിച്ചിരുന്ന കാലത്തെ ഏതോ ഒരു സാമ്പത്തിക ഇടപാടിന്‍റെ രേഖകളിൽ കൃത്രിമം കാട്ടിയെന്ന ഒരു പരാതി തപ്പിയെടുത്ത് വീണ്ടും അറസ്റ്റ് ചെയ്യുകയും ചെയ്തു.അവിടെയും ജാമ്യം കിട്ടി അദ്ദേഹം പുറത്തിറങ്ങി.
കേസും കൂട്ടവുമായി നടന്ന ഖാന്‍ സാമ്പത്തികമായി ആകെ പാപ്പരായെങ്കിലും തന്‍റെ ആതുര സേവന പ്രവര്‍ത്തനങ്ങള്‍ തുടരുകയായിരുന്നു. പാവങ്ങള്‍ അധിവസിക്കുന്ന സ്ഥലങ്ങളില്‍ നിരവധി സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുകയും മറ്റു ജനോപകാര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
കലിയടങ്ങാത്ത പകയുടെ ആള്‍രൂപമായ യോഗി, അലീഗർ മുസ്ലിം യൂനിവേഴ്സിറ്റിയിൽ ഒരു പൊതു പരിപാടിയിൽ CAA ക്കെതിരെ പ്രസംഗിച്ചതിന്‍റെ പേരിൽ അദ്ദേഹത്തെ പിന്നെയും തുറങ്കലിലടച്ചു.പ്രിയങ്ക ഗാന്ധി, മുൻ സുപ്രിം കോടതി ജഡ്ജി മാർകണ്ടേയ് കട്ജു, പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ള പ്രമുഖര്‍ ഈ പകയെ ചോദ്യം ചെയ്തുമുന്നോട്ടു വന്നു.പക്ഷെ ഇതുകൊണ്ടൊന്നും ഈ കാഷായ വസ്ത്രധാരിക്ക് യാതൊരു കുലുക്കവുമില്ല.
6 മാസമായി ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ ജാമ്യ ഹരജി പരിഗണിക്കേണ്ടിയിരുന്ന ഇന്നലെ, ജഡ്ജി താന്‍ ഈ കേസില്‍ നിന്ന് പിന്മാറുന്നതായി നാടകീയമായി അറിയിക്കുകയും ജാമ്യപേക്ഷ വീണ്ടും നീട്ടിവെക്കുകയും ചെയ്തു.ഒരു തെറ്റും ചെയ്യാത്ത പൗരനെ എത്രമാത്രം മാനസികമായി പീഡിപ്പിച്ച് ഇല്ലാതാക്കാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയുമെന്നതിന്‍റെ തെളിവാണ് ഈ ഡോക്ടറോട് യുപി ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം ചെയ്തു കൊണ്ടിരിക്കുന്നത്. ഭരണകൂട ഭീകരതയുടെ ഇരയായ ഈ മനുഷ്യന് വേണ്ടി ശബ്ധിക്കാന്‍ ഇനിയും വൈകരുത്.