പാചക വാതകത്തിലെ കൊടും പാതകം

മനോജ് കെ.എം

കോവിഡ് മഹാമാരി വരുത്തിവIച്ച ദുരിതങ്ങൾക്കു മേൽ ഇരുട്ടടി ഏൽപിച്ച് കേന്ദ്രസർക്കാർ പാചക വാതക വില വർധിപ്പിക്കുന്നത് തുടരുകയാണ്. ഗാർഹിക സിലിണ്ടറിന് കഴിഞ്ഞ ഒരു വർഷത്തിനിടെ വർധിപ്പിച്ചത് നാനൂറിലേറെ രൂപയാണ്.

അന്താരാഷ്ട്ര തലത്തിൽ വിലയിൽ മാറ്റമില്ലാത്തപ്പോഴാണ് കേന്ദ്ര സർക്കാർ ഈ പകൽ കൊള്ള നടത്തുന്നതെന്ന് ആരോപണമുയരുമ്പോഴും വില വർദ്ധന ദിനചര്യയാക്കുകയാണ് സർക്കാർ. ദുരിത കാലത്ത് ജനങ്ങൾക്കൊപ്പം നിൽക്കുന്നതിന് പകരം കൂടുതൽ ദുരിതത്തിലേക്ക് സാധാരണ ജനങ്ങളെ തള്ളിവിടുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. കോവി ഡിനെ തുടർന്ന് തൊഴിൽ നഷ്ടമായവർ നിരവധിയാണ്. അന്നന്നത്തെ വരുമാനം കൊണ്ട് ജീവിക്കുന്നവരടക്കം നിത്യവൃത്തിക്ക് വകയില്ലാതെ ഉഴലുന്ന സാഹചര്യത്തിലുള്ള പാചക വാതക വില വർദ്ധനവ് ജനങ്ങളോടുള്ള കടുത്ത പാതകമാണെന്ന് പറയാതെ വയ്യ.

കഴിഞ്ഞ വർഷം ജൂലൈയിൽ 600ൽ താഴെയായിരുന്നു ഗാർഹിക സിലിണ്ടറിൻ്റെ വില. ഇന്നത് ആയിരത്തിനടുത്തെത്തിയിരിക്കുന്നു. ഗ്യാസ് സിലിണ്ടറിനെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങളുടെ വീട്ടു ബജറ്റിനെ താളം തെറ്റിക്കുന്നതാണ് തുടരെയുള്ള ഈ വില വർദ്ധന.

ഗാർഹിക സിലിണ്ടറുകൾക്കൊപ്പം വാണിജ്യ സിലിണ്ടറിൻ്റെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്.
ചെറുകിട ഹോട്ടൽ മേഖലയുടെ നടുവൊടിക്കുന്ന നടപടിയാണിതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
പെട്രോൾ, ഡീസൽ വില 100 കടന്നതിന് പിന്നാലെയാണ് സാധാരണക്കാരുടെ കഞ്ഞി കുടി മുട്ടിച്ച് പാചക വാതക വിലയും വർധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും അത് ഉപഭോക്താക്കൾക്ക് കൈമാറാതെ അടിക്കടി നികുതി വർധിപ്പിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാറിന്റേത്. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം പെട്രോളിന്റെ എക്‌സൈസ് തീരുവയിൽ 350 ശതമാനം വർധനയാണ് ഉണ്ടായത്. ഡീസലിന് 900 ശതമാനവും. ശക്തമായ പൊതുജന രോഷത്തിനിടയിലും എണ്ണവില കുറക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.
ഇന്ത്യയിൽ 28 കോടി പാചകവാതക ഉപഭോക്താക്കളാണ് ഉള്ളത്. ഇതിൽ എട്ടു കോടി പ്രധാനമന്ത്രി ഉജ്ജ്വൽ യോജ്‌ന പദ്ധതിക്ക് കീഴിലാണ്. വിപണി വിലയ്ക്ക് സിലിണ്ടർ വാങ്ങുമ്പോൾ സബ്‌സിഡി ബാങ്കിലെത്തുന്ന സംവിധാനം പലയിടത്തും നിലവിൽ നിശ്ചലമാണ് എന്ന ആരോപണവുമുണ്ട്.
പൊതു ജനം ഒറ്റക്കെട്ടായി സമരമുഖത്തേക്കിറങ്ങിയാലേ ഈ പകൽകൊള്ളയ്ക്ക് ഒരറുതി ഉണ്ടാവുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *