കോൺഗ്രസ്: തിരിച്ചറിവിൻ്റെ വഴി, തിരിച്ചു വരവിൻ്റെയും

മുഖ്താർ പുതുപ്പറമ്പ്

ദേശീയ രാഷ്ട്രീയത്തിൽ കൈവിട്ട ഇടങ്ങൾ വീണ്ടെടുത്തു കൊണ്ട് ശക്തമായ തിരിച്ചു വരവിനുള്ള നീക്കങ്ങൾക്ക് കോൺഗ്രസ് തുടക്കമിടുന്നു.
അടുത്ത ആഴ്ച്ച ഡൽഹിയിൽ ചേരുന്ന പ്രവർത്തക സമിതി നിർണ്ണായക തീരുമാനങ്ങൾ കൈകൊള്ളുമെന്നാണ് സൂചന.
ഗുലാം നബി ആസാദ്, കപില്‍ സിബല്‍, ആനന്ദ് ശര്‍മ, മനീഷ് തിവാരി, ശശി തരൂര്‍ രേണുകാ ചൗധരി തുടങ്ങി മുതിർന്ന നേതാക്കളായ 23 പേർ മുന്നോട്ടു വച്ച മുഴുവൻ വിഷയങ്ങളും പ്രവർത്തക സമിതി ചർച്ച ചെയ്യും.
താഴെ തട്ട് മുതൽ പാര്‍ട്ടിയെ ഉടച്ച് വാര്‍ക്കണമെന്നും ഒരു ഫുള്‍ ടൈം പ്രസിഡന്‍റിനെ ആവശ്യമാണെന്നുമാണ് ഇവർ പ്രധാനമായും ആവശ്യപ്പെട്ടത്.
പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലാണെന്നും ഈ സ്ഥിതി കണ്ടിരിക്കാന്‍ വയ്യെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞതിന് മുതിര്‍ന്ന നേതാവ് കപില്‍ സിബലിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമുയർത്തിയത് വിവാദമായിരുന്നു.
രാജ്യത്ത് നടക്കുന്ന പല വിഷയങ്ങളിലും കോണ്‍ഗ്രസിന് നിലപാട് പറയാന്‍ പോലും ഒരു പ്രസിഡന്‍റില്ലാത്ത അവസ്ഥായാണിപ്പോഴുള്ളത്. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും സജീവത കൊണ്ട് മാത്രം കോണ്‍ഗ്രസിന് രക്ഷപ്പെടാന്‍ സാധിക്കുന്ന സാഹചര്യമല്ല രാജ്യത്തുള്ളതെന്നും ചില നേതാക്കൾ നിലപാട് വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് പാർട്ടി മുതിർന്ന നേതാക്കൾ മുന്നോട്ട് വച്ച ആവശ്യങ്ങൾ ചർച്ച ചെയ്യാനൊരുങ്ങതെന്നാണ് സൂചന.

ഓരോ ദിവസവും കോണ്‍ഗ്രസിന്‍റെ ഊര്‍ജ്ജം കുറഞ്ഞ് വരികയാണെന്ന ആക്ഷേപവും ശക്തമാണ്.
ഗോവ മുന്‍മുഖ്യമന്ത്രി ലൂസിഞ്ഞോ ഫലേറോ, പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, മേഘാലയ മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മ എന്നിവര്‍ പാര്‍ട്ടി വിട്ടതും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

ജിഗ്നേഷ് മേവാനിയും കനയ്യയും കോണ്‍ഗ്രസ് പാളയത്തില്‍ എത്തിയെതിനെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ തന്നെ അതിന്‍റെ പതിന്മടങ്ങ് നേതാക്കൾ കൂട്ടത്തില്‍ നിന്ന് കൊഴിഞ്ഞ് പോകുന്നത് പാര്‍ട്ടി ഗൗരവത്തിലെടുത്തില്ലെങ്കില്‍ ഇത് കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ തകര്‍ച്ച മാത്രമല്ല മതേതര ഇന്ത്യയുടെ നാശം കൂടിയായിരിക്കുമെന്നും താഴത്തെ തട്ടിൽ നിന്നു വരെ അഭിപ്രായമുയർന്നു വരികയും ചെയ്തു.

ഏറ്റവും ഒടുവിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ പഞ്ചാബിൽ സ്വീകരിച്ച നടപടി പോലും അണികളുടെ ഈ സംശയം ബലപ്പെടുത്തുന്നതാണ്. പഞ്ചാബിൽ കോൺഗ്രസ് ഹൈക്കമാൻഡ് എടുത്ത നടപടി.

കർഷക സമരത്തെ പോലും പ്രതികൂലമായി ബാധിക്കുന്ന നടപടിയാണ് പാർട്ടി കൈകൊണ്ടതെന്ന ആരോപണമാണ് ഉയർന്നത്.

കേന്ദ്രസർക്കാരിനെ മുൾമുനയിൽ നിർത്തിക്കൊണ്ട് പഞ്ചാബിലും ഡൽഹിയിലും ഒരുവർഷത്തിലേറെയായി തുടരുന്ന കർഷക പ്രതിഷേധത്തിന് നേതൃത്വം നൽകാനുള്ള സുവർണ്ണാവസരമാണ്, സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ പാർട്ടി എറിഞ്ഞുടച്ചത്. അമരീന്ദർ സിങിന്റെ ഉറച്ച പിന്തുണയായിരുന്നു കർഷകരുടെ നിശ്ചയ ദാർഢ്യത്തിനു പിന്നിൽ.
സമരത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു നീക്കവും ഈ ഘട്ടത്തിൽ കോൺഗ്രസിൻ്റെ ഭാഗത്തു നിന്ന് ഉണ്ടാകരുതെന്ന് കർഷക നേതാക്കൾ തന്നെ പ്രസ്താവിച്ചത് ഈ പശ്ചാത്തലത്തിലാണ്.

ഇതോടെയാണ് കർഷക പ്രക്ഷോഭത്തിൻ്റെ മുന്നണിപ്പോരാളികളായിത്തുടരുക എന്ന ലക്ഷ്യത്തോടെ രാജ്യവ്യാപകമായ പ്രതിഷേധത്തിന് കോൺഗ്രസ് സമര പരിപാടികൾ ആസൂത്രണം ചെയ്യുന്നത്.
കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മൗനവ്രത പ്രക്ഷോഭം നടത്തും. തിങ്കളാഴ്ച രാവിലെ പത്തു മുതൽ ഒരു മണി വരെ എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവനുകൾക്കു മുൻപിലോ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുൻപിലോ കോൺഗ്രസ് പ്രദേശ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് മൗനവ്രത സമരം നടത്തുക. മുതിർന്ന നേതാക്കളും, എംപിമാരും, എം എൽ എമാരും, പാർട്ടി ഭാരവാഹികളും മൗനവ്രതത്തിൽ പങ്കെടുക്കാൻ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.
ലഖീംപൂരിൽ കർഷകർക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ കാറോടിച്ചു കയറ്റി കർഷകരടക്കം എട്ടു പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്. നേരത്തെ പ്രിയങ്കാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ മരിച്ച കർഷകരുടെ കുടുംബങ്ങളെ സന്ദർശിച്ചിരുന്നു.

രാജ്യം നടുങ്ങിയ ഒരു വലിയ ദുരന്തമുണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയോ ആഭ്യന്തരമന്ത്രി അമിത് ഷായോ പ്രതികരിക്കാത്തതും കോൺഗ്രസ് ആയുധമാക്കും. സംഭവത്തിനുത്തരവാദിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നതെന്നും ഈ സാഹചര്യത്തിൽ അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്നും ഉടനടി നീക്കം ചെയ്യണമെന്നു മാവശ്യപ്പെട്ടാണ് കോൺഗ്രസ് രാജ്യവ്യാപകമായി മൗനവ്രത സമരം സംഘടിപ്പിക്കുന്നത്.
കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരു കേന്ദ്രമന്ത്രിയുടെ മകൻ തന്നെ അറസ്റ്റിലായതോടെ കടുത്ത പ്രതിരോധത്തിലായ മോദി സർക്കാരിനെതിരേ ബഹുജന പ്രക്ഷോഭം സംഘടിപ്പിച്ച് സമരമാർഗ്ഗത്തിൽ സജീവമാകുന്നതോടെ പാർട്ടിയുടെ ജനപക്ഷ മുഖം വീണ്ടെടുക്കാനാകുമെന്ന കണക്കു കൂട്ടലിലാണ് നേതൃത്വം.

Leave a Reply

Your email address will not be published. Required fields are marked *