സിറാസ് ഇടുക്കി
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതിനെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളു.പക്ഷേ, ജൂനിയേഴ്സിനെ കൂട്ടം ചേർന്ന് മർദ്ദിച്ച് ബോധം കെടുത്തുന്ന നരാധമൻമാരായ സീനിയേഴ്സ് എന്ന വർഗ്ഗം പല കാമ്പസുകളിലും അവരുടെ താണ്ഡവം തുടങ്ങി എന്നാണ് വാർത്തകൾ. കണ്ണൂരിൽ ജൂനിയര്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്ത സംഭവത്തില്‍ കണ്ണൂര്‍ നെഹര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ആറ് സീനിയര്‍ വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയിലായി. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ചെട്ടിക്കുളം സ്വദേശി അന്‍ഷാദിനെ ശുചി മുറിക്കുള്ളിലിട്ട് മർദ്ദിച്ചതിനാണ് നടപടി.
15 പേർ ചേർന്നാണ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചതെന്നും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച വിദ്യാർത്ഥിക്ക് പ്രാഥമിക ചികിൽസയ്ക്ക് ശേഷമാണ് ബോധം തിരിച്ചു കിട്ടിയതെന്നുമാണ് റിപ്പോർട്ട്.
മണ്ണുത്തി കാർഷിക സർവകലാശാല ഹോസ്റ്റലിൽ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ സംഭവത്തിലും റാഗിംഗ് ഭീകരത എന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷിനെയാണ് മരിച്ച നിലയിൽകണ്ടെത്തിയത്. ഹോർട്ടികൾച്ചർ കോളേജിൽ ഒന്നാംവർഷ വിദ്യാർഥിയായിരുന്നു. ഞായറാഴ്‌ച രാവിലെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മണ്ണുത്തി പൊലീസ് നടത്തിയ അന്വേഷണത്തിൽ റാഗിംഗ് നടന്നതായി സൂചന കിട്ടി എന്നാണറിയുന്നത്. കഴിഞ്ഞ 25ന് ആണ് ഇവർക്ക് നേരിട്ട് ക്ലാസുകൾ ആരംഭിച്ചത്. കോളേജിലെത്തിയ ഒന്നാം വർഷ വിദ്യാർത്ഥികളെ ചിലർ റാഗിംഗ് ചെയ്‌തതായി കുട്ടികൾ പരാതി നൽകിയിരുന്നു. സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട വിദ്യാർത്ഥി സംഘടനകൾ സമരമാർഗ്ഗത്തിലേക്ക് നീങ്ങുന്നു.
ഇന്ത്യയില്‍ റാഗിംഗ് ക്രിമിനല്‍ കുറ്റങ്ങളുടെ പട്ടികയില്‍ കടന്നിട്ട് അധികകാലമായിട്ടില്ല. ആദ്യനിയമം വന്നത് തമിഴ്നാട്ടിലാണ്. തൊട്ടുപിന്നാലെ കേരളത്തിലും. റാഗിംഗ് നിരോധിക്കുന്ന നിയമങ്ങള്‍ ഇന്ന് ഇന്ത്യയില്‍ 12 സംസ്ഥാനങ്ങളില്‍ നിലവിലുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ ഉത്തരവുകളിലൂടെ റാഗിങ് നിരോധിച്ചിട്ടുണ്ട്. റാഗിങ്ങിന്റെ ഭാഗമായുണ്ടാകുന്ന പീഡനങ്ങള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 13 വകുപ്പുകള്‍പ്രകാരം കുറ്റകരമാകുന്ന സ്ഥിതി ഇന്നുണ്ട്.
കേരളത്തിലും കര്‍ശനമായ വ്യവസ്ഥകളോടെ നിയമം വന്നിട്ട് വര്‍ഷങ്ങളായി. റാഗിംഗ് തടയാന്‍ സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും മാര്‍ഗനിര്‍ദേശങ്ങളും നിലവിലുണ്ട്. പക്ഷേ റാഗിങ് ഇടയ്ക്കിടെ മനുഷ്യത്വരഹിതമായ രൂപത്തില്‍ ആവർത്തിക്കുന്നു.
പുതുതായി കാമ്പസിൽ എത്തുന്ന കുട്ടികളെ അമ്പരപ്പിൽ നിന്ന് മോചിപ്പിക്കാൻ ചില്ലറ പൊടിക്കൈകൾ എന്ന നിലയിൽ ആരംഭിച്ച റാഗിംഗ് ഇന്ന് മൃഗീയവിനോദമായി മാറിയിരിക്കുന്നു. കേരളത്തിലെ ഒരു കാമ്പസിൽതിൽ നിന്ന് ആ ഭീകരാവസ്ഥ വായിച്ചെടുക്കാനാകും.ഒരു വിട്ടു വീഴ്ച്ചയും നൽകാതെ കർശന നടപടി കൈകൊള്ളാൻ അധികൃതർ തയ്യാറാവുക എന്നത് മാത്രമാണ് ഈ ക്രൂരത ഇല്ലാതാക്കാനുള്ള ഏക മാർഗ്ഗം.