സ്വഫ് വ .വി സി
കുഞ്ഞുങ്ങളെ പ്രാണനോട് ചേർത്തു പിടിച്ച് ലോകത്തിന് മാതൃകയായ രാഷ്ട്ര ശിൽപിയുടെ ഓർമ്മയിൽ രാജ്യം ശിശുദിനമാഘോഷിക്കുമ്പോൾ രണ്ടു കുഞ്ഞുങ്ങളെ അമ്മ കൊലപ്പെടുത്തിയ വാർത്തയിലേക്കാണ് കേരളമുണർന്നത്.
പാലക്കാട് രണ്ട് കുട്ടികളെ കൊലപ്പടുത്തിയ ശേഷം അമ്മ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു എന്ന നടുക്കുന്ന വാർത്ത വന്നത് ഇന്ന് രാവിലെയാണ്. പാലക്കാട് ഷൊർണൂരിലാണ് സംഭവം. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
നാല് വയസുകാരൻ അനിരുദ്ധ്, ഒരു വയസുകാരനായ അഭിനവ് എന്നീ കുട്ടികളാണ് കൊല്ലപ്പെട്ടത്. കൈത്തണ്ട മുറിച്ച ശേഷം ഉറക്കഗുളിക കഴിച്ചാണ് ദിവ്യ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഇവർ തൂങ്ങി മരിക്കാൻ ശ്രമിച്ചതായും കണ്ടെത്തി.
സംഭവത്തിനു ശേഷം ദിവ്യയുടെ ഭർത്താവിന്റെ മുത്തശ്ശിയും ആത്മഹത്യയ്‌ക്ക് ശ്രമിച്ചു.
നെഞ്ചിലൊരു ചുവന്ന റോസാപ്പൂവും പുഞ്ചിരിക്കുന്ന മുഖവുമുള്ള ചാച്ചാജി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന നെഹ്രു കുട്ടികളാണ് സമൂഹത്തിൻ്റെ കരുത്തെന്ന് വിശ്വസിച്ചിരുന്നു. “ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ വാർത്തെടുക്കുക. നമ്മൾ അവരെ എങ്ങനെ വളർത്തികൊണ്ടു വരുമോ അതിനെ അനുസരിച്ചിരിക്കും രാജ്യത്തിന്റെ ഭാവി,” എന്നാണ് ഒരിക്കൽ നെഹ്റു പറഞ്ഞത്. അതുകൊണ്ടുതന്നെ കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്രത്തിനും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആ മഹാൻ്റെ ഓർമ്മ ദിനത്തിൽ രാജ്യം കുഞ്ഞുങ്ങളുടെ ദിനമായി ആഘോഷിക്കുന്നത്.
എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ലഭ്യമാക്കാൻ അദ്ദേഹം ശ്രമിച്ചു. നെഹ്റുവിന്റെ കാലത്ത് വിദ്യാഭ്യാസ മേഖലയിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവന്നു. ഉന്നത വിദ്യാഭ്യാസത്തിന് നിരവധി സ്ഥാപനങ്ങള്‍ സ്ഥാപിച്ചു. പ്രാഥമിക വിദ്യാഭ്യാസം പൂർണമായും സൗജന്യമാക്കി. ഗ്രാമങ്ങള്‍തോറും ആയിരക്കണക്കിന് വിദ്യാലയങ്ങള്‍ നിര്‍മിക്കുകയും കുട്ടികളിലെ പോഷകാഹാരക്കുറവ് നികത്തുന്നതിനായി ഭക്ഷണവും പാലും സൗജന്യമായി നല്‍കുന്ന ഒരു പരിപാടിക്കും തുടക്കമിട്ടു. രാജ്യത്തെ കുട്ടികൾ അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്‌കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുള്ള അവസരങ്ങളും സാഹചര്യങ്ങളും ഓരോ ശിശുദിനവും പ്രദാനം ചെയ്യണമെന്നാണ് നമ്മൾ ആഗ്രഹിക്കേണ്ടത്.
കുഞ്ഞ് മനസുകളെ സാമൂഹ്യവും മാനസികവും വൈകാരികവുമായ സംഘർഷങ്ങളെ അതിജീവിക്കാൻ പഠിപ്പിക്കുക എന്നതാണ് ഈ ആഘോഷങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നതും.
‘അതിജീവനത്തിന്‍റെ കേരളപാഠം’ എന്നതാണ് ഇത്തവണത്തെ ശിശുദിന സന്ദേശം.
അതിജീവനത്തിൻ്റെ പാഠം പകർന്നു നൽകേണ്ടവർ പ്രാണനെടുക്കുന്ന ദയാരഹിതമായ വർത്തമാനത്തിലൂടെയാണ് നമ്മുടെ കുഞ്ഞു കടന്നു പോകുന്നത്.
ഈ ദുരവസ്ഥയിൽ നിന്ന് ഒരതിജീവനം സാദ്ധ്യമാകട്ടേ എന്നു മാത്രമാണ് കരൾ പിടയുന്ന വേദനയോടെ, ഈ ശിശു ദിനത്തിൽ ആശംസിക്കാൻ കഴിയുകയുള്ളൂ.