ഡോ.തെഹ്സീന്‍ നെടുവഞ്ചേരി
(Chief Consultant Interventional Cardiologist, Aster MIMS Kottakkal)
പ്രായമായവരെയും അസുഖമുള്ള ആളുകളെയും എല്ലാവരും ശ്രദ്ധിക്കും. അവരെക്കാണാന്‍ കുടുംബക്കാര്‍ വരും, മക്കള്‍ വരും, വരുന്ന ആളുകളൊക്കെ ഇവരെയാണ് അന്വേഷിക്കുക. എന്നാല്‍ ഈ അസുഖമുള്ളയാളെ പരിചരിക്കുന്ന ഒരാള്‍ ഉണ്ടാവും, എല്ലാ കാര്യങ്ങളും ചെയ്യുന്നവര്‍. അവര്‍ ഒരു പക്ഷെ മക്കളോ മരുമക്കളോ അല്ലെങ്കില്‍ വീട്ടിലെ മറ്റാരെങ്കിലും ആയിരിക്കും. ഈ ഒരാള്‍ക്ക് ശരിക്കും വളരെയധികം ശ്രദ്ധ ആവശ്യമുണ്ട്. പ്രായമായ അല്ലെങ്കില്‍ അസുഖം പിടിച്ച ആളുകളെ പരിചരിക്കുകയെന്നത് തീരെ എളുപ്പമല്ലാത്ത കാര്യമാണ്.പലപ്പോഴും രോഗിയുടെ കണ്ടീഷന്‍ മോശം ആവുന്നതിനും മെച്ചപ്പെടുന്നതിനോടൊപ്പം കൂടെ നില്‍ക്കുന്ന ആളുടെയും കണ്ടീഷന്‍ മെച്ചപ്പെടുകയും മോശമാവുകയും ചെയ്യുന്നുണ്ട്, അത് ഒരിക്കലൂം ശ്രദ്ധിക്കാതെപോകുന്ന ഒന്നാണ്. മാത്രമല്ല, ഡിപ്രഷന്‍ പോലെയുള്ള മാനസികമായ ടെന്‍ഷനുകള്‍ കൂടാന്‍ ഏറ്റവും ചാന്‍സ് ഉള്ള ഒരു കൂട്ടം ആളുകളാണ് ഇവര്‍. രോഗമായവരെ കാണാന്‍ വരുന്ന കുടുംബക്കാര്‍ ആ രോഗിയെ കണ്ടു സംസാരിച്ചു എന്തെങ്കിലും സഹായങ്ങളും നല്‍കി തിരിച്ചുപോന്നു എന്നല്ലാതെ അവരെ നോക്കുന്ന കൂടെയുള്ളയാള്‍ക്ക് യാതൊന്നും നമ്മള്‍ ചെയ്തു കൊടുക്കുന്നില്ല. മേല്‍ പറഞ്ഞ് ആളുകളെ ശ്രദ്ധിക്കുന്നത് മൂലം ശരിക്കും ഗുണം ലഭിക്കുന്നത് ആ രോഗിക്കായിരിക്കും, കാരണം കൂടെ നില്‍ക്കുന്ന ആള്‍ക്ക് ശാരീരികമായും മാനസികമായും ആരോഗ്യമുണ്ടെങ്കില്‍ മാത്രമേ ഈ ആളുകളെ നോക്കാന്‍ കഴിയൂ. ഇനി ഇയാള്‍ക്ക് പകരമായി ഒരാള്‍ വന്നാലും ഇത്രത്തോളം നല്ല രീതിയില്‍ ഈ കാര്യം നടക്കണമെന്നില്ല. അതുകൊണ്ട് അവരുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചുള്ള ഒരു കുറിപ്പാണിത്
ഷിഫ്റ്റ് രൂപത്തില്‍ രോഗിയെ പരിചരിക്കുക
എപ്പോഴും പരിചരിക്കേണ്ട ഒരു രോഗിയാണ് നിങ്ങളുടെ കൂടെ ഉള്ളതെങ്കില്‍ ആ രോഗിയുടെ കൂടെ നില്‍ക്കുന്ന ആളുകള്‍ ഷിഫ്റ്റ് രൂപത്തില്‍ ആയിരിക്കണം ആ രോഗിയെ പരിചരിക്കേണ്ടത്. അഥവാ, ഇന്ന സമയം മുതല്‍ ഇന്ന സമയം വരെ ഒരാള്‍ അത് കഴിഞ്ഞ് മറ്റൊരാള്‍ എന്നിങ്ങനെ. ഇതിനുള്ള പ്രധാന കാരണം ഈ കൂടെ നില്‍ക്കുന്ന ആളുകള്‍ക്കും ഫ്രീ ടൈം ആവശ്യമാണ്. എന്നാല്‍ ഇപ്പോഴത്തെ ഒരു അവസ്ഥ എന്ന് പറയുമ്പോള്‍, ഒരു രോഗി ഹോസ്പിറ്റലില്‍ കിടക്കുന്നു, അവര്‍ക്ക് മൂന്നു മക്കള്‍ ഉണ്ടെങ്കില്‍ മൂന്നു പേരും ഒരുമിച്ച് രാവിലെ മുതല്‍ വൈകുന്നേരം വരെ ഉമ്മയെ അതല്ലെങ്കില്‍ ആ രോഗിയെ നോക്കിക്കൊണ്ടിരിക്കുന്നു. മാത്രമല്ല രാത്രി ആവുന്നതോടെ കൂടി മൂന്നുപേരും തളരുകയും ചെയ്യുന്നു. രാത്രി സമയങ്ങളില്‍ ആ രോഗിക്ക് കൃത്യം ആയിട്ടുള്ള പരിചരണം ലഭിക്കുന്നില്ല. എന്നാല്‍ ഇതില്‍ ഒരാള്‍ രോഗിയുടെ അടുത്തുനിന്ന് ഞാനൊന്നു കിടക്കട്ടെ എന്ന് പറയാന്‍ പോലും കൂടെ നില്‍ക്കുന്ന ആളുകള്‍ക്ക് മടിയാണ്. കാരണം അത് പറ്റുമോ എന്നുള്ള ആശങ്ക. ഇത്തരം അവസ്ഥയില്‍ ശരിക്കും ഷിഫ്റ്റ് ആണ് ആവശ്യം. ആ രോഗിയെ നല്ല രീതിയില്‍ പരിചരിക്കാന്‍ ആരോഗ്യം അനിവാര്യമാണ്. അതുകൊണ്ട് മറ്റുള്ളവരുടെ മുന്നില്‍ ഉള്ള മടി കൊണ്ട് നമ്മുടെയും ആ രോഗിയുടെയും ആരോഗ്യം ഇല്ലാതാക്കാന്‍ നില്‍ക്കരുത്.
പരിചരിക്കുന്നവരുടെ ആവശ്യങ്ങളെ പരിഗണിക്കുക
നമ്മുടെ അധിക വീടുകളിലും ചെറിയ മകനും മരുമകളുമായിരിക്കും ഉണ്ടാകുക. അവര്‍ക്ക് പുറത്ത് പോകാനും ബന്ധു വീടുകളില്‍ പോകാനും ആഗ്രഹമുണ്ടാവും, മറ്റുമക്കള്‍ ഇത് മനസ്സിലാക്കുകകയും, അവര്‍ രോഗിയുടെ അടുത്ത് കുറച്ചു ദിവസം അവര്‍ക്ക് വേണ്ടി ചെലവഴിക്കുകയും ആദ്യം നിന്ന ആളുകളോട് കുറച്ചുദിവസം അവരുടെ വീട്ടിലേക്ക് പോയി വരാന്‍ പറയുക. അവര്‍ക്കൊരു വിശ്രമവും അവരുടെ മെന്‍റ സ്‌ട്രെസ്സുമൊക്കെ കുറയ്ക്കാന്‍ ഇത് വളരെ ഉപകരിക്കും.
രോഗിയോടൊപ്പം നില്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്കുക
ഒരു രോഗിയെ കാണാന്‍ പോകുമ്പോള്‍ രോഗിക്കു മാത്രമല്ല കൂടെയുള്ളവര്‍ക്കും എന്തെങ്കിലും ചെറിയ സമ്മാനങ്ങള്‍ നല്‍കി നല്ല കാര്യങ്ങളൊക്കെ സംസാരിച്ചു അവരോടു നന്ദി പറയുകയും ചെയ്യണം. മാത്രമല്ല അവരോട് ആശ്വാസവാക്കുകള്‍ കൂടി പറഞ്ഞ് സമാധാനിപ്പിച്ച് മടങ്ങിപ്പോവുക. ഇതൊക്കെ അവര്‍ക്ക് നല്‍കുന്ന ഒരു പോസിറ്റീവ് എനര്‍ജി പകര്‍ന്ന് നല്കും, ഒരുപക്ഷേ ഈ രോഗവും രോഗിയും അപ്രതീക്ഷിതമായി അവരുടെ ജീവിതത്തിലേക്ക് കടന്നുവന്നതായിരിക്കാം. ആരും ഇത് ഒരുപക്ഷേ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ അവര്‍ക്ക് അഥവാ കൂടെയുള്ളവര്‍ക്ക് നല്‍കുന്ന ഒരു പോസിറ്റിവിറ്റി അവരെ ഡിപ്രഷനില്‍ നിന്ന് ഒഴിവാക്കും.
ഇങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിച്ചാല്‍ ആ രോഗിക്കും രോഗിയുടെ കൂടെ നില്‍ക്കുന്ന ആള്‍ക്കും വളരെയധികം ഉപകാരപ്പെടുകയും ചെയ്യുമെന്ന് ഇത്തരത്തില്‍ കാര്യങ്ങള്‍ ക്രമീകരിച്ച നോക്കിയ പല കുടുംബങ്ങളും അഭിപ്രായപ്പെട്ടത്.