സംശുദ്ധരാഷ്ട്രീയം സാധ്യമാണ്

അഭിമുഖം: സി.മമ്മുട്ടി എംഎല്‍എ / മുഖ്താര്‍ പുതുപ്പറമ്പ്

പതിനൊന്നാമത്തെ വയസ്സിൽ ഹരിത പതാകയുടെ കീഴിലേക്ക് ചുവടു വച്ച നിഷ്ക്കളങ്കനായ ഒരു കുട്ടിയുണ്ട്, സി മമ്മൂട്ടിയെന്ന സംശുദ്ധ രാഷ്ട്രീയക്കാരൻ്റെ ഉള്ളിലിന്നും.കേരളത്തെ ആവേശംകൊള്ളിപ്പിച്ച യുവത്വത്തിൻ്റെ പ്രക്ഷോഭങ്ങൾക്ക് നെടുനായകത്വം വഹിച്ചപ്പോഴും, ഒന്നരപ്പതിറ്റാണ്ട് കാലം ജനപ്രതിനിധിയായി കോടികളുടെ ജനപക്ഷ വികസന പദ്ധതികൾ നടപ്പിലാക്കിക്കൊണ്ട് വികസന നായകനെന്ന ഖ്യാതി നേടിയെടുത്തപ്പോഴും ആർപ്പും ആരവവുമില്ലാതെ ഒതുങ്ങി നിൽക്കാൻ മമ്മൂട്ടിയെ പ്രാപ്തനാക്കുന്നത് ആ ബാല്യത്തിൻ്റെ നിഷ്ക്കളങ്കത പോറലേൽക്കാതെ ഇന്നും കാത്തു സൂക്ഷിക്കാൻ കഴിയുന്നത് കൊണ്ടാണ്.
കേരള രാഷ്ട്രീയം കണ്ട ശക്തനായ സംഘാടകരിലൊരാളായ മമ്മൂട്ടിയുടെ രാഷ്ട്രീയ പ്രവേശം 1971 ൽ വയനാട് ശാഖാ എംഎസ്എഫ് സെക്രട്ടറി ആയിക്കൊണ്ടാണ്.


79ൽ ഫറൂഖ് കോളജിലെത്തുമ്പോൾ പ്രവർത്തന ശൈലി ദൃഢപ്പെട്ടു കഴിഞ്ഞിരുന്നു. യൂനിവേഴ്സിറ്റി യൂണിയന്‍ കൗൺസിലർ എന്ന നിലയിൽ സംഘടനയെ ശക്തമായ അടിയുറപ്പോടെ മുന്നോട്ട് നയിച്ചു.അതിനു പാർട്ടി നൽകിയ അംഗീകാരവും പാരിതോഷികവുമായിരുന്നു, 82ൽ പാർട്ടി ഏൽപിച്ച എംഎസ്എഫ് സംസ്ഥാന സെക്രട്ടറി പദവി.
മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പത്തുലക്ഷം പേർ ഒപ്പുവച്ച പ്രമേയവുമായി ഇന്ദ്ര പ്രസ്ഥത്തിൽ ചെന്ന് ഇന്ദിരാഗാന്ധിയെ കാണുന്നത് ഈ ഘട്ടത്തിലാണ്. എംഎസ്എഫ് സംസ്ഥാന രാഷ്ട്രീയത്തിൽ അതിശക്തമായൊരു സാന്നിദ്ധ്യമാകുകയാണ് എന്നതിൻ്റെ വിളംബരം കൂടിയായിരുന്നു, അത്.


നേതൃമികവിൻ്റെ ഈ പ്രൗഢിയോടെയാണ് 87ൽ പാർട്ടി അതിൻ്റെ ചരിത്രത്തിലാദ്യമായി ഒരു എം എസ് എഫ് പ്രതിനിധിയെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരത്തിനിറക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ എം എസ് എഫ് കമ്മിറ്റിയുടെ പ്രതിനിധികളും മണ്ഡലത്തിലെത്തി ഇളക്കിമറിച്ച നാളുകൾ.
അറുനൂറിലേറെ വാഹനങ്ങളാണ് വിവിധ ജില്ലകളിൽ നിന്ന് കൽപ്പറ്റയുടെ തെരുവുകളെ പ്രകമ്പനം കൊള്ളിച്ചത്. ഇതൊരപകട സൂചനയായിക്കണ്ട ചില സമുദായ സംഘടനകൾ വർഗ്ഗീയ കാർഡ് ഇറക്കിയതോടെയാണ് ജയം വഴിമാറിപ്പോയത്.
പക്ഷേ, അധികാര സ്ഥാനമല്ല പാർട്ടിയിലെ സംഘാടകനായിരിക്കുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യമെന്ന് വിശ്വസിച്ചിരുന്ന യുവാവിന് മികച്ച നേതൃത്വം കൈയ്യാളാനുള്ള സുവർണ്ണാവസരങ്ങളായിരുന്നു, പിന്നീട്.
കേരളത്തിൻ്റെ തെരുവുകളിൽ നിന്ന് ഹരിത രാഷ്ട്രീയത്തിൻ്റെ പ്രകമ്പനം ആകാശത്തോളമുയർത്തിക്കൊണ്ട് 88 ൽ എം കെ മുനീറും സി മമ്മൂട്ടിയും യൂത്ത് ലീഗിൻ്റെ അമരത്തേക്ക് കയറി നിൽക്കുന്നു.
പിന്നെക്കണ്ടത് കേരളമെന്നോളം കണ്ടിട്ടില്ലാത്ത യുവജന മുന്നേറ്റമായിരുന്നു.
എം കെ മുനീർ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ടും സി മമ്മൂട്ടി ജനറല്‍ സെക്രട്ടറിയുമായി ചുമതല ഏറ്റനാളുകളിലാണ് ഒരു ലക്ഷം വൈറ്റ് ഗാർഡുൾപ്പെടെ അഞ്ചു ലക്ഷം യൂത്ത് ലീഗ് പ്രവർത്തകരെ അണിനിരത്തി യൂത്ത് മീറ്റ് സംഘടിപ്പിക്കുന്നത്.
അധികാരത്തിലാരിരുന്നാലും കേരളത്തിൻ്റെ യുവത്വത്തിന് രാഷ്ട്രീയത്തിനതീതമായി ചിലത് പറയാനുണ്ട് എന്നതിൻ്റെ പ്രഖ്യാപനമായിരുന്നു ഇരമ്പിയാർത്തെത്തിയ ആ ജനസഞ്ചയം.
ആവേശം അണപൊട്ടിയെത്തുന്ന യുവാക്കളുടെ ബാഹുല്യത്തെ ഉൾക്കൊള്ളാൻ സ്റ്റേഡിയങ്ങൾക്കോ മൈതാനങ്ങൾക്കോ കഴിയില്ലെന്ന് സംഘാടന പാരമ്പര്യത്തിൻ്റെ ബാലപാഠങ്ങളുൾക്കൊണ്ട് വളർന്ന മമ്മൂട്ടി നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു.
യൂത്ത് മീറ്റിൻ്റെ വേദിയായി കോഴിക്കോട് ബീച്ച് മതി എന്ന അദ്ദേഹത്തിൻ്റെ തീരുമാനമായിരുന്നു ശരിയെന്ന് തുടക്കത്തിൽ എതിർത്തവരും പിന്നീടു കൈയ്യടിച്ചു.


അന്നു മുതലാണ് കോഴിക്കോട് ബീച്ചിൽ നഗരജീവിതത്തെ അലോസരപ്പെടുത്താതെ സമ്മേളനങ്ങൾക്ക് വേദിയൊരുക്കാനിടമുണ്ടെന്ന് രാഷ്ട്രീയ പാർട്ടികളും മതസംഘടനകളും തിരിച്ചറിയുന്നത്.
മണിശങ്കർ അയ്യരും കുൽദീപ് നയ്യാരും അർജുൻ സിംഗുമടക്കം വിവിധ മേഖലകളെ പ്രതിനിധീകരിച്ച് നിരവധി മഹാ വ്യക്തിത്വങ്ങളെ അണിനിരത്തിയ ആ യൂത്ത് മീറ്റ്, ഇന്നും യുവജന രാഷ്ട്രീയ ചരിത്രത്തിൻ്റെ ഏടുകളിൽ സ്വർണ്ണ ശോഭയോടെ അടയാളപ്പെട്ടു കിടക്കുന്നു.
അര ലക്ഷത്തിലേറെ വരിക്കാറുണ്ടായിരുന്ന തൂലിക എന്ന പ്രസിദ്ധീകരണത്തിൻ്റെ എഡിറ്റർ സ്ഥാനത്തുൾപ്പെടെ, യൂത്ത് ലീഗിന് ദിശാ സൂചികയായി വർത്തിച്ച എല്ലാ മുന്നേറ്റങ്ങളിലും മുൻനിര നായകനായി നിന്നു സി മമ്മൂട്ടിയിലെ വിട്ടു വീഴ്ച്ചയില്ലാത്ത സംഘാടകൻ. 92ൽ ഫാസിസം പിടിമുറുക്കിത്തുടങ്ങിയപ്പോഴും, പ്രതിരോധമെന്ന വ്യാജേന തീവ്രവാദ ഗ്രൂപ്പുകൾ സമുദായത്തിനകത്ത് യുവാക്കളെ ലക്ഷ്യമിട്ടപ്പോഴും മാര്‍ക്സിസ്റ്റ് ഫാസിസ്റ്റ് കൂട്ടായ്മക്കെതിരെ യുവശക്തി, തീവ്രവാദത്തിനെതിരെ യുവശക്തി എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി അതിശക്തമായ ബോധവൽക്കരണവുമായി യൂത്ത് ലീഗ് രംഗത്തിറങ്ങിയതും അദ്ദേഹത്തിൻ്റെ നായകത്വത്തിലായിരുന്നു.
കേരളത്തെയാകെ പിടിച്ചു കുലുക്കിക്കൊണ്ട് നാദാപുരത്ത് വർഗ്ഗീയ രാഷ്ട്രീയം കൊലക്കത്തി രാഷ്ട്രീയവുമായി സംഹാരമാടിയപ്പോൾ ‘നായനാർ സർക്കാരിനൊരു കുറ്റപത്ര’വുമായി എംകെ മുനീറിന്‍റെയും സി മമ്മൂട്ടിയുടെയും നേതൃത്വത്തിൽ കാസർകോടു നിന്ന് തലസ്ഥാന നഗരിവരെ നടത്തിയ പദയാത്ര അക്ഷരാർത്ഥത്തിൽ ത്യാഗനിർഭരമായൊരു മുന്നേറ്റമായിരുന്നു.
വാഹനങ്ങളിൽ സഞ്ചരിച്ച് പേരിൽ മാത്രമൊതുങ്ങിയിരുന്ന പദയാത്രകളെ അത് തിരുത്തി എഴുതി.
ഓരോ ദിവസവും ഓരോ പ്രദേശങ്ങളിലും മുപ്പതും നാൽപതും കിലോമീറ്ററുകൾ ഈ നേതൃത്വത്തിന് പിന്നാലെ ചുവടു വച്ചത് നാൽപതിനായിരവും അമ്പതിനായിരവും വരുന്ന യുവ രക്തങ്ങളായിരുന്നു.
അവഗണിക്കാനാകാത്ത യുവ ശക്തിയായി യൂത്ത് ലീഗ് കേരള രാഷ്ട്രീയത്തിൽ അടയാളപ്പെട്ടതിൻ്റെ ചരിത്രം കൂടിയാണ് മമ്മൂട്ടി നായകത്വം വഹിച്ച നാളുകളുടെ ഏടുകൾ.


മൂന്നു ഘട്ടങ്ങളിലായി പതിനഞ്ചു വർഷം എം എൽ എയായും, വിവിധ കോർപ്പറേഷനുകളുടെ തലപ്പത്ത് സേവനമനുഷ്ഠിച്ചും പാർട്ടിയിലെ വിവിധ സ്ഥാനങ്ങൾ അലങ്കരിച്ചും പിന്നിട്ട അര നൂറ്റാണ്ടുകാലത്തിൻ്റെ അനുഭവത്തെ ഒറ്റ വാക്കിലാലണ് അദ്ദേഹം വിവരിച്ചത്: അല്ലാഹുവിൻ്റെ അനുഗ്രഹം കൊണ്ട് ഒരു ഘട്ടത്തിലും ആദർശം കൈവിട്ട് പ്രവർത്തിക്കേണ്ടി വന്നില്ല. കേരള രാഷ്ട്രീയത്തിലെന്നല്ല, ഒരു രാഷ്ട്രീയ നേതാവിനും അവകാശപ്പെടാൻ പറ്റാത്തൊരു നീക്കം ഒരിക്കൽ സി മമ്മൂട്ടിയിൽ നിന്നുണ്ടായി.കെഎഫ്സിയുടെ ചെയർമാനായി ചുമതല ഏൽക്കാൻ പാർട്ടി നിർദ്ദേശിച്ച സമയത്തായിരുന്നു അത്.ചുമതല ഏറ്റെടുക്കാനായി ചെയർമാൻ്റെ കസേരയിലേക്കെത്തിയ ആദ്യ ദിനം ചുമതല ഏല്‍കുന്നതിന്‍റെ തൊട്ടുമുമ്പ്. മുഖ പരിചയം തോന്നിക്കുന്ന ഒരാൾ കടന്നു വന്ന് മമ്മൂട്ടിയുടെ കാൽക്കൽ വീഴാനോങ്ങുന്നു.കരയുന്ന ഭാവത്തോടെ നിൽക്കുന്ന ആ മനുഷ്യൻ താൻ സിനിമാ നടൻ ബഹദൂറാണെന്ന് പരിചയപ്പെടുത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയെന്ന് അദ്ദേഹം പറയുന്നു.സ്റ്റുഡിയോ നിർമ്മാണവുമായി ബന്ധപ്പെട്ട് കെ എഫ് സിയിൽ നിന്നെടുത്ത പതിനഞ്ചു ലക്ഷം രൂപ കുടിശ്ശികയടക്കം 35 ലക്ഷ്മായെന്ന് നോട്ടീസ് കിട്ടിയെന്നും അടയ്ക്കാൻ ഒരു നിർവ്വാഹവുമില്ലെന്നുമായിരുന്നു, ആ മഹാനായ നടൻ്റെ സങ്കടം.അദ്ദേഹത്തിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏർപ്പാടുകൾ ചെയ്ത ഉടൻ മമ്മൂട്ടി പോയത് രാജിക്കത്ത് എഴുതാനായിരുന്നു.ഈ സ്ഥാപനത്തിൽ പലിശ ഇടപാടുണ്ടെന്നും അത്തരമൊരു സ്ഥാപനത്തിൻ്റെ തലപ്പത്തിരിക്കാൻ തനിക്കാവില്ലെന്നുമായിരുന്നു നിലപാട്.രാജി സ്വീകരിക്കാൻ പക്ഷേ, അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാകരൻ തയ്യാറായില്ല. ഉമ്മൻ ചാണ്ടിയും രാജി വെക്കരുതെന്ന്
നിർദ്ദേശിച്ചു.ഒടുവിൽ പാണക്കാട് ചെന്ന് രാജിക്കത്ത് തങ്ങളെ ഏൽപിച്ചപ്പഴാണ് മനസ്സമാധാനം കിട്ടിയതെന്ന് അദ്ദേഹം പറഞ്ഞു. ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറായിരുന്ന കാലത്ത് അഞ്ചു വർഷവും ഡിഎ, ടിഎ അലവൻസ് അദ്ദേഹം വേണ്ടെന്നു വച്ചു.അനാഥക്കുട്ടികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ഫണ്ടല്ലേ വേണ്ട എന്നായിരുന്നു നിലപാട്. ഇതേ മിതത്വവും സൂക്ഷ്മതയുമാണ് സ്ഥാനാർത്ഥി നിർണ്ണയ കാലത്തും അദ്ദേഹം പുലർത്തുന്നത്.
ഇത്തവണയും തിരൂർ മണ്ഡലത്തെത്തന്നെയാണോ പ്രതിനിധീകരിക്കുക എന്ന ഞങ്ങളുടെ ചോദ്യത്തിനു നേരെ നിഷ്ക്കളങ്കമായി നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞത്,
മൽസരവും മണ്ഡലവുമൊക്കെ പാർട്ടി നേതൃത്വത്തിൻ്റെ തീരുമാനമാണ്. ഞാനതിനെക്കുറിച്ച് ആലോചിക്കുകയോ, ആരോടെങ്കിലും അഭിപ്രായം പറയുകയോ ചെയ്യാറില്ലെന്നാണ്.
2001 ൽ കൊടുവള്ളിയിൽ എന്നെ സ്ഥാനാർത്ഥിയായി പാർട്ടി തീരുമാനിച്ച വിവരം ടിവിയിൽ സ്ക്രോൾ കണ്ട കൂട്ടുകാർ വിളിച്ചറിയിച്ചപ്പഴാണ് താനറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.തൊട്ടു മുമ്പത്തെ തെരഞ്ഞെടുപ്പിൽ 92 വോട്ടിനും, അതിനു മുമ്പു നടന്ന തെരഞ്ഞെടുപ്പിൽ 365 വോട്ടിൻ്റെ ഭൂരിപക്ഷത്തിലും യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ച മണ്ഡലത്തിൽ പതിനയ്യായിരം വോട്ടിൻ്റെ മിന്നുന്ന ഭൂരിപക്ഷത്തോടെയായിരുന്നു, സി മമ്മൂട്ടിയുടെ വിജയം.2011 ൽ തിരൂരിൽ മൽസരിച്ചപ്പോഴും 23000 വോട്ടിൻ്റെ ഭൂരിപക്ഷത്തോടെയാണ് ഈ സംശുദ്ധ രാഷ്ട്രീയത്തിൻ്റെ പ്രതിനിധിയെ നാട് തിരഞ്ഞെടുത്തത്.


ഓരോ തെരഞ്ഞെടുപ്പു വേളയിലും മണ്ഡലത്തിലെ ആവശ്യങ്ങൾ പഠിക്കുകയും നടപ്പിലാക്കാൻ കഴിയുന്നത് മാത്രം വാഗ്ദ്ധാനം ചെയ്യുകയുമാണ് സ്ഥാനാർത്ഥികൾ ചെയ്യേണ്ടതെന്ന് അദ്ദേഹം പറയുന്നു. തെരഞ്ഞെടുക്കപ്പെട്ടാൽനമ്മുടെ സൗകര്യങ്ങളിലിരുന്ന് പദ്ധതികൾ പ്രഖ്യാപിക്കുകയല്ല, അവരുടെ അസൗകര്യങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് തിരിച്ചറിഞ്ഞ് പരിഹരിക്കാനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം അനുഭവങ്ങളുടെ വെളിച്ചത്തിൽ വ്യക്തമാക്കുന്നു.
മലയാളം സർവ്വകലാശാലയും, പതിറ്റാണ്ടുകളായുള്ള കുടിവെള്ള ക്ഷാമം പരിഹരിച്ചു കൊണ്ട് നടപ്പിലാക്കിയ സമഗ്ര കുടിവെള്ള പദ്ധതിയുമെല്ലാം ഈ ജാഗ്രതയുടെ ഫലമായാണ് യാഥാർത്ഥ്യമായത്.
ആവിഷ്ക്കരിക്കുന്ന പദ്ധതികളെകുറിച്ച് കൃത്യമായ ധാരണയും ഗൃഹപാഠവും ആവശ്യമുണ്ട്.

ചില മേഖലകളിൽ ഇടനിലക്കാരുടെ വഴിവിട്ട ഇടപെടലുകളും ഉദ്യോഗസ്ഥരുടെ തെറ്റായ നടപടികളും കാരണം പല പദ്ധതികളും ആവശ്യത്തിൻ്റെ ഇരട്ടിയോ, അതിലധികമോ ഫണ്ട് ചിലവഴിക്കാൻ നീക്കം നടത്തുന്നതായി ശ്രദ്ധയിൽ പെടുകയും അതു തടയുകയും ചെയ്തിട്ടുണ്ട്. പിന്നോക്ക വികസന കോർപ്പറേഷൻ്റെ ചെയർമാനായിരിക്കെ പല ഉദ്യോഗസ്ഥരോടും കർശനമായ ഭാഷയിൽ സംസാരിക്കേണ്ടി വന്നിട്ടുണ്ട്.
സംവരണ നിയമത്തെയൊക്കെ ബോധപൂർവ്വം അട്ടിമറിച്ച് അർഹതപ്പെട്ടവർക്ക് അവസരം നിഷേധിച്ചത് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിക്കേണ്ടി വന്ന അവസരം പോലുമുണ്ടായിട്ടുണ്ടെന്ന്, നിയമം പഠിക്കാൻ വേണ്ടി മാത്രം എൽ എൽ ബി പഠനം പൂര്‍ത്തിയാക്കിയ സി മമ്മൂട്ടി സങ്കടത്തോടെ വ്യക്തമാക്കി.
മമ്മൂട്ടിക്ക് രാഷ്ട്രീയമുണ്ട്. ഞാൻ മുസ്ലിം ലീഗ് പ്രവർത്തകനാണ്. പക്ഷേ, എന്നിലെ എംഎൽഎക്ക് രാഷ്ട്രീയമുണ്ടാകരുത്. ഒരാണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമാണ് മനുഷ്യകുലത്തിൻ്റെ പിറവി എന്ന ആപ്തവാക്യമാണ് എന്നെ നയിക്കുന്നത്. എല്ലാവരേയും ഒരേ പരിഗണനയോടെ സമീപിക്കുക എന്നതാണ്എൻ്റെ രീതി.അതിന്നോളം വിട്ടു വീഴ്ച്ചയില്ലാതെ തുടരാനായിട്ടുണ്ട്. ഖായിദെ മില്ലത്തും
ബാഫഖി തങ്ങളും പൂക്കോയതങ്ങളും സിഎച്ച് മുഹമ്മദ് കോയയും പ്രകാശം പരത്തിത്തന്ന ഒരു പാതയിലൂടെയായിരുന്നു, കഴിഞ്ഞ അരനൂറ്റാണ്ടിലെ എൻ്റെ രാഷ്ട്രീയ ജീവിതം. അധികാരമൊഴിച്ച്, സേവനപാതയിൽ നല്ല കാര്യങ്ങൾ സഫലമാക്കാനുള്ള കാത്തിരിപ്പായിരിക്കണം ഇനിയുള്ള എൻ്റെ ജീവിതമെന്നാണ് എൻ്റെ ആഗ്രഹവും പ്രാർത്ഥനയും.

മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളില്‍ ചിലത്

തിരൂർ നിയോജക മണ്ഡലത്തിലെ വളവന്നൂർ,കൽപ്പകഞ്ചേരി പഞ്ചായത്തിൽ 26.5 കോടി രൂപയുടെ കുടിവെള്ള പദ്ധതി ജനങ്ങൾക്കായി സമർപ്പിച്ചു.രണ്ടു പഞ്ചായത്തിലെയും മുഴുവൻ ജനങ്ങൾക്കും കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണിത്

തിരൂർ മുൻസിപ്പാലിറ്റിയിലെ പഴയ കുടിവെള്ള പൈപ്പുകൾ മാറ്റി പുതിയ പൈപ്പിട്ട് വെള്ളം വിതരണം ചെയ്യുന്ന 20 കോടി രൂപയുടെ പദ്ധതി 90% പണി പൂർത്തിയായി.

വെട്ടം, തലക്കാട് പഞ്ചായത്തിൽ 33 കോടി രൂപയുടെ കുടിവെള്ള പദ്ധതി കഴിഞ്ഞ യുഡിഎഫ് സർക്കാർ ടെണ്ടർ ചെയ്ത പണി ആരംഭിക്കുകയും കേന്ദ്രഫണ്ട് ലഭിച്ചില്ല എന്ന കാരണം പറഞ്ഞ് ഈ സർക്കാർ പദ്ധതി റദ്ദാക്കിയപ്പോൾ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 92 ലക്ഷം രൂപ ചെലവഴിച്ച് വെട്ടം പഞ്ചായത്തിലും 88 ലക്ഷം രൂപ ചെലവഴിച്ച് തലക്കാട് പഞ്ചായത്തിലും ബദൽ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കി.

ആരോഗ്യം

തിരൂർ ജില്ലാ ആശുപത്രിയിൽ 40 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കാൻസർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ(ഓങ്കോളജി ബ്ലോക്ക് ) പണി 90% പൂർത്തിയാക്കി.

ജില്ലാ ആശുപത്രിക്ക് 150 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ അംഗീകരിക്കുകയും 50 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു.

ജില്ലാ ആശുപത്രിയിൽ ഒരു കോടി രൂപ ചെലവഴിച്ച് 6 ഓപ്പറേഷൻ തിയേറ്ററും 60 ലക്ഷം രൂപ ചെലവിൽ ലിഫ്റ്റും റാമ്പും 70 ലക്ഷം രൂപ ചെലവിൽ വെൻറിലേറ്ററും സ്ഥാപിച്ചു

ജില്ലാ ആശുപത്രിയിൽ പുതിയ WNC ബ്ലോക്ക്,ലിമ്പ് ഫിറ്റ് സെൻറർ , പുതിയ ഒ.പി കൗണ്ടർ സ്ഥാപിച്ചു. വിവിധ വകുപ്പുകളിലായി 100 ജീവനക്കാരെ നിയമിച്ചു.

വെട്ടം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്‌ ഒരു കോടി രൂപയുടെ പുതിയ ആശുപത്രി കെട്ടിടം നിർമ്മിച്ച് ഉദ്ഘാടനം നിർവഹിച്ചു

വളവന്നൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർറിൽ പുതുതായി ഡയാലിസിസ് സെൻറർ ആരംഭിച്ചു.

കൽപകഞ്ചേരി തവളംചിന IPP (PHC) സബ് സെന്ററിന് 16.8 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി.

മണ്ഡലത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി

വിദ്യഭ്യാസം

മൂന്ന് ബിരുദ കോഴ്സുകളോടുകൂടി കാട്ടിലങ്ങാടിയിൽ വനിത എയ്ഡഡ് കോളേജ് ആരംഭിച്ചു.

കാട്ടിലങ്ങാടി ശിഹബ് തങ്ങൾ മെമ്മോറിയൽ കോളേജിൽ സ്മാർട്ട് ക്ലാസ് റൂം നിർമിക്കുന്നതിന് 29 ലക്ഷം രൂപ അനുവദിച്ചു.

നിയോജക മണ്ഡലത്തിലെ വിവിധ സ്കൂൾ കെട്ടിടങ്ങൾ പുനരുദ്ധരിക്കുന്നതിന് 30 കോടി രൂപ അനുവദിക്കുകയും
9 കോടി രൂപയുടെ കെട്ടിടം പണി പൂർത്തിയാക്കി (ജിവിഎച്ച്എസ്എസ് കല്പകഞ്ചേരി ,ജി.എച്ച് എസ് കരിപ്പോൾ , ജി.എംഎൽപി ചെറവന്നൂർ )

3 കോടി രൂപ ചെലവഴിച്ച് പറവണ്ണ ജി.വി.എച്ച്.എസ്. സ്കൂളിന് പുതിയ കെട്ടിടം നിർമിച്ചു.

ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ച് ആതവനാട് പരിധി ഹൈസ്കൂളിനും 50 ലക്ഷം രൂപ ചെലവഴിച്ച് കാട്ടിലങ്ങാടി ജി യു പി സ്കൂളിനും പുതിയ കെട്ടിടം നിർമിച്ചു.

ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 65.5 ലക്ഷം രൂപ ചെലവഴിച്ച് ആതവനാട് ചോറ്റൂർ ജി.എം.എൽ പി സ്കൂളിനും 65.5 ലക്ഷം രൂപ ചെലവഴിച്ച് കൽപകഞ്ചേരി ജി.എം.എൽ. പി സ്കൂളിനും നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

എല്ലാ ഹൈ സ്കൂളുകൾക്കും ബസ് നൽകി

പെൺകുട്ടികളുടെ സൗകര്യം മാനിച്ച് എല്ലാ സ്കൂളുകളിലും നാപ്കിൻ വെൻഡിങ് മെഷീനും ഇൻസിനേറ്ററും സ്ഥാപിച്ചു

ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി 59 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന തിരുന്നാവായ ബഡ്സ് റീ ഹാബിലിറ്റേഷൻ സെന്റർ കെട്ടിടം പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

എല്ലാ പഞ്ചായത്തുകളിലും പുതിയ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയങ്ങൾ അനുവദിച്ചു

83.5 ലക്ഷം രൂപ ചെലവഴിച്ച് വളവന്നൂർ പഞ്ചായത്തിലെ തുവക്കാട് ടഫ് സ്റ്റേഡിയം
82.5 ലക്ഷം രൂപ ചെലവഴിച്ച് തിരുനാവായ ടർഫ് സ്റ്റേഡിയം
50.2 ലക്ഷം രൂപ ചെലവഴിച്ച് പറവണ്ണ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയം
60.3 ലക്ഷം രൂപ ചെലവഴിച്ച് ബി പി അങ്ങാടി ജി.ജി വിഎച്ച്എസ് സ്കൂൾ മൾട്ടിപർപ്പസ് സ്റ്റേഡിയം
50.2 ലക്ഷം രൂപ ചെലവഴിച്ച് കല്പകഞ്ചേരി ജിവിഎച്ച്എസ് സ്കൂൾ ഓപ്പൺ സ്റ്റേഡിയം
50.2 ലക്ഷം രൂപ ചെലവഴിച്ച് കരിപ്പോൾ ജിഎച്ച്എസ് സ്റ്റേഡിയം
ഫണ്ട് അനുവദിക്കുകയും പ്രവർത്തി ഉദ്ഘാടനം ചെയ്തു. മാർച്ച് 31ന് പണി പൂർത്തിയാകും.

60.2 ലക്ഷം രൂപ ചെലവഴിച്ചു പൂട്ടിക്കിടന്ന തിരൂർ സ്റ്റേഡിയം പുനരുദ്ധരിച്ചു തുറന്നു കൊടുക്കാനും സ്റ്റേഡിയത്തിന് ചുറ്റും ജോഗിങ് ട്രാക്ക് സ്ഥാപിക്കാനുംനടപടി സ്വീകരിച്ചു.പ്രവർത്തി ഉദ്ഘാടനം നടത്തി

അഞ്ചു കോടി രൂപ ചെലവഴിച്ച് തിരൂർ റസ്റ്റ് ഹൗസിന് പുതിയ കെട്ടിടം നിർമിച്ചു.

വെട്ടം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമിച്ചു.

89 ലക്ഷം രൂപ ചെലവഴിച്ച് കൽപകഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടം നിർമിച്ചു.

1 കോടി രൂപ ചെലവഴിച്ച് തിരുന്നാവായ പഞ്ചായത്തിലെ അഴകത്ത് കോളനി നവീകരിച്ചു.

1 കോടി രൂപ ചെലവഴിച്ച് വെട്ടം പഞ്ചായത്തിലെ പള്ളിപ്പറമ്പ് കോളനി നവീകരിച്ചു.

തലക്കാട് വെട്ടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൂഞ്ഞൂലി കടവ് പാലം നാടിനു സമർപ്പിച്ചു

നിയോജക മണ്ഡലത്തിലെ എല്ലാ പിഡബ്ല്യുഡി റോഡുകളും റബ്ബറൈസ് ചെയ്തു.

മണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകൾ കോൺക്രീറ്റ്/ ടാർ ചെയ്ത് നവീകരിച്ചു.

തിരൂർ നിയോജക മണ്ഡലത്തിൽ ഉൾപെട്ട തീരദേശ ഹൈവേ മുഴുവൻ ഭാഗവും റബറൈസ് ചെയ്തു പണി പൂർത്തീകരിച്ചു.

4.4 കോടി രൂപ ചെലവഴിച്ച് വെട്ടം പഞ്ചായത്തിലെ 22 തീരദേശ ഗ്രാമീണ റോഡുകളുടെ പണി പൂർത്തീകരിച്ചു.

മുഖ്യമന്ത്രിയുടെ തദ്ധേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 2.5 കോടി ചെലവഴിച്ച് നിർമിക്കുന്ന മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ പണി ആരംഭിച്ചു.

കഴിഞ്ഞ സർക്കാർ ഫണ്ട് അനുവദിച്ച തിരൂർ റെയിൽവേ ഓവർ ബ്രിഡ്ജ്,മുത്തൂർ ROB താഴേപ്പാലം സമാന്തര പാലം പണി പൂർത്തീകരിച്ചു.ഈ സർക്കാർ അപ്രോച്ച് റോഡിന് ഫണ്ട് അനുവദിച്ചെങ്കിലും നടപടി പൂർത്തിയാക്കിയില്ല. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ആദ്യത്തെ 100 ദിവസത്തിനുള്ളിൽ നാടിനെ തുറന്നു കൊടുക്കും.

കഴിഞ്ഞ സർക്കാറിൻറെ കാലത്ത് ആസ്തി വികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച അമിനിറ്റി സെൻറർ പണിപൂർത്തീകരിച്ചുവെങ്കിലും ഈ സർക്കാർ തുറന്നുകൊടുക്കാൻ നടപടി സ്വീകരിച്ചില്ല.

1 കോടി രൂപ ചെലവഴിച്ച് തിരൂർ പുഴയുടെ തീരത്ത് തിരൂർ ടൂറിസം പദ്ധതി നടപ്പാക്കി

വൈദ്യുതി

വൈദ്യുതി രംഗത്ത് കൽപകഞ്ചേരി 66 KV സബ്സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.

വെങ്ങാലൂർ 110 കെവി സബ്സ്റ്റേഷൻ അനുവദിച്ചു. സ്ഥലമേറ്റെടുപ്പ് ഘട്ടത്തിലാണ്.

തിരൂർ നഗരത്തിൽ 13.5 കിലോമീറ്റർ നീളത്തിൽ ഭൂഗർഭ വൈദ്യുതി ലൈൻ സ്ഥാപിച്ചു.

മണ്ഡലത്തില്‍ ആയിരം വിളക്കുകള്‍ പദ്ധതിയനുസരിച്ച് ഹൈമാസ്റ്റ്, ലോമാസറ്റ്, സോളാര്‍ ലോമാസ്റ്റ് 3 ഘട്ടമായി 700 ലൈറ്റുകള്‍ സ്ഥാപിക്കാനും മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണപദ്ധതി നടപ്പിലാക്കാനും കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *