യൂനുസ് ചെങ്ങര
കോവിഡിന് ശേഷം ബിസിനസ് എങ്ങനെയാവും എന്ന ആശങ്ക നിലനില്ക്കുമ്പോള്‍ ബിസിനസുകളുടെ ഭാവി ചിത്രം പ്രവചിക്കാന്‍ ശ്രമിക്കുന്നുണ്ട് ബിസിനസ് വിദഗ്ധര്‍. ആഗോള ബിസിനസ് സംരംഭങ്ങളില്‍ വരുന്ന മാറ്റങ്ങളുടെ ചുവടു പിടിച്ചായിരിക്കും ഒരു
പരിധിവരെ കാര്യങ്ങള്‍ നീങ്ങുക. ആഗോള രംഗത്തെ ട്രെന്‍ഡുകള്‍ക്ക് അനുസരിച്ചുള്ള പരിഷ്‌കാരങ്ങള്‍ സൂക്ഷ്മമായി പഠന
വിധേയമാക്കുന്നത് ബിസിനസ് മോഹം ഉള്ളില്‍ കൊണ്ട് നടക്കുന്നവര്‍ക്ക്
ഉപകാരപ്പെടും. ഈ ആഴ്ച പ്രകടമായ മാറ്റങ്ങളും ചുവടുവെപ്പുകളും
വിശകലനം ചെയ്യുകയാണ് ഈ കുറിപ്പിലൂടെ…
സാമ്പത്തികത്തകര്‍ച്ച ഭീകരം
കോവിഡ് ബാധയുടെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നാം
കരൂതിയതിലിും എത്രയോ ഗുരുതരമാണ്. രണ്ടാം
ലോകയുദ്ധത്തെത്തുടര്‍ന്നുണ്ടായ തകര്‍ച്ചക്ക് സമാനമായ പതനമാണ്
ഇക്കൊല്ലം നേരിടുകയെന്നാണ് ഐ എം എഫ്
വിലയിരുത്തിയത്. അമേരിക്കയുടെ സമ്പദ്വ്യവസ്ഥ (ജിഡിപി) 8%
ഇടിയും. ഇന്ത്യ നേരിടുന്നത് 4.5% ഇടിവായിരിക്കുമെന്ന് ഐ എം എഫിന്റെ മുഖ്യ സാമ്പത്തികശാസ്ത്രജ്ഞയായ ഗീതാ ഗോപിനാഥ്
പറഞ്ഞതും വരും കാല സാഹചര്യത്തിലേക്കുള്ള ചൂണ്ടു പലകയാണ്.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ പരിതസ്ഥിതിയില്‍ നിന്ന്
ഇന്ത്യ പിന്നോട്ട് നീങ്ങുന്നു
ലോകത്ത് ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം
നിലവിലുള്ള ഇന്ത്യയുടെ സ്ഥാനം ആറു റാങ്കുകള്‍ നഷ്ടപ്പെട്ട് 23
ലെത്തി നില്‍ക്കുന്ന ശുഭകരമല്ലാത്ത വാര്‍ത്ത കഴിഞ്ഞ ദിവസം
പുറത്ത് വന്നു. ഈ രംഗത്ത് ഗവേഷണം നടത്തുന്ന സ്റ്റാര്‍ട്ടപ്പ് ബ്ലിങ്ക് എന്ന സ്ഥാപനം തയാറാക്കിയ റിപ്പോര്‍ട്ടാണ് ഇതിന്നാധാരം .
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറ്റവും അനുയോജ്യമായ നഗരങ്ങളുടെ
പട്ടികയില്‍ ഇന്ത്യയുടെ സിലിക്കണ്‍വാലി എന്നറിയപ്പെടുന്ന
ബാംഗളൂരിനും തിരിച്ചടി നേരിട്ടുണ്ട്. മൂന്നു സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട്
14ാം റാങ്കാണ് ഈ നഗരത്തിന്. അതേസമയം ഡല്‍ഹി മൂന്നൂ സ്ഥാനങ്ങള്‍
മെച്ചപ്പെടുത്തി 15ാം റാങ്കിലെത്തി. മുംബൈ 22ാം റാങ്ക്
നിലനിര്‍ത്തിയപ്പോള്‍ ഹൈദരാബാദിന് 21 സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട്
96ാം റാങ്കായി. അടിസ്ഥാന സൗകര്യങ്ങളുടെ പ്രശ്നങ്ങളും മറ്റു
രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ഇന്റര്‍നെറ്റ് വേഗതയും വൈദ്യുതി
പ്രശ്നങ്ങളുമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
മൈക്രോസോഫ്റ്റ് എല്ലാ ഓഫീസുകളും അടച്ചു പൂട്ടുന്നു
പ്രശസ്ത ടെക്‌നോളജി കമ്പനിയായ മൈക്രോ സോഫ്റ്റ് എല്ലാ
ഓഫീസുകളും അടക്കാന്‍ ഒരുങ്ങുന്നു. 45 കോടി ഡോളര്‍ ഇതിലൂടെ
കമ്പനിയ്ക്ക് ലാഭിക്കാന്‍ ആകുമെന്നാണ് കരുതുന്നത്. കൊറോണ
പ്രതിസന്ധി മൂലം മാര്‍ച്ചില്‍ മൈക്രോ സോഫ്റ്റിന്റെ ഓഫീസുകള്‍
താല്‍ക്കാലികമായി അടച്ചിരുന്നു. ഇനി മൈക്രോ സോഫ്റ്റിന്റെ
വെര്‍ച്വല്‍ സ്റ്റോറുകള്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക എന്നാണ്
സൂചന. 190 വിപണികളിലായി 120 കോടി ഉപഭോക്താക്കളില്‍ ഈ
ഡിജിറ്റല്‍ സ്റ്റോറുകളിലൂടെ മൈക്രോസോഫ്റ്റ്
എത്തുന്നുണ്ട്. ഓണ്‍ലൈന്‍ ബിസിനസ് വളരുന്നത് തന്നെയാണ്
ഫിസിക്കല്‍ സ്റ്റോറുകള്‍ ഉപേക്ഷിയ്ക്കാന്‍ മൈക്രോ സോഫ്റ്റിനെ
പ്രേരിപ്പിയ്ക്കുന്നതെന്നാണ് വിലയിരുത്തല്‍.
സൗഖ്യ ടൂറിസം ഉണരുന്നു
ആയുര്‍വേദ സൗഖ്യ (വെല്‍നെസ്)ചികിത്സകള്‍ക്ക് കേരളത്തിലേക്ക് സഞ്ചാരികള്‍ വരാന്‍ തയാറാണ്. യൂറോപ്യന്‍ വിനോദ സഞ്ചാരികളും മുംബൈ, ചെന്നൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ കോര്‍പറേറ്റ് രംഗത്തു നിന്നുള്ളവരും തമിഴ്, ഹിന്ദി സിനിമാ താരങ്ങളും ‘ഹെല്‍ത്തി ഹോളിഡേ’യ്ക്കു വരാന്‍ അന്വേഷണങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ രണ്ട് പ്രശ്‌നങ്ങളാണ് ഈ
രംഗത്തെ അലട്ടുന്നത്. 1. സൗഖ്യ ചികിത്സയില്‍ തിരുമ്മല്‍
അവശ്യമായതിനാല്‍ സാമൂഹിക അകലം പാലിക്കാന്‍ കഴിയില്ല. 2. വരുന്ന
അതിഥികള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് എന്ന്
ഉറപ്പാക്കുകയും വേണം.
തെറപ്പിസ്റ്റുകളെ പുറത്തുവിടാതെ ക്വാറന്റീന്‍ പോലെ റിസോര്‍ട്ടില്‍
തന്നെ താമസിപ്പിക്കുക തുടങ്ങിയ വ്യവസ്ഥകളുള്ള പ്രോട്ടോക്കോള്‍
(എസ്ഒപി) തയാറാക്കി ആയുര്‍വേദ ടൂറിസം പ്രമോഷന്‍ സൊസൈറ്റി
അംഗീകാരത്തിനായി ടൂറിസം വകുപ്പിനു സമര്‍പ്പിച്ചിട്ടുണ്ട്.
ആരോഗ്യ വകുപ്പിന് ഇതു കൈമാറിയെന്നും മറുപടി കിട്ടിയാലുടന്‍
സൗഖ്യ ചികിത്സ സംബന്ധിച്ച് ഉത്തരവു പുറപ്പെടുവിക്കും എന്നാണ് ടൂറിസം രംഗത്തു ള്ളവര്‍ പ്രതീക്ഷിക്കുന്നത്.
പബ്ലിഷ് ചെയ്യുന്ന കണ്ടന്റുകള്‍ക്ക് പ്രതിഫലം നല്‍കാന്‍ തയ്യാറായി
ഗൂഗിള്‍
ഗുണമേന്‍മയുള്ള കണ്ടന്റുകള്‍ക്ക് ഉയര്‍ന്ന പ്രതിഫലം നല്‍കുന്ന
പ്രത്യേക ലൈസന്‍സിങ് പദ്ധതി ഈ വര്‍ഷം തന്നെ ഗൂഗിള്‍
ആരംഭിക്കും എന്നാണ് സൂചന. ജര്‍മനി, ആസ്‌ട്രേലിയ, ബ്രസീല്‍
തുടങ്ങിയ രാജ്യങ്ങളില്‍ ആണ് പദ്ധതി ആരംഭിക്കുക.
പിന്നീട് ഇത് കൂടുതല്‍ രാജ്യങ്ങളിലേക്ക് വികസിപ്പിച്ചേക്കും.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഗൂഗിളിനെതിരെ വ്യാപക
പ്രതിഷേധവുമായി മാധ്യമ കമ്പനികള്‍ രംഗത്ത് വന്നിരുന്നു. തങ്ങളുടെ
കണ്ടന്റ് ഉപയോഗിച്ച് വരുമാനം കൊയ്യുന്ന ഗൂഗിള്‍ ഇതിന്
ആനുപാതികമായി കണ്ടന്റിന് പ്രതിഫലം നല്‍കുന്നില്ല എന്നതു
തന്നെയായിരുന്നു പ്രധാന ആക്ഷേപം. ഫ്രാന്‍സിലെ കോംപറ്റീഷന്‍
റെഗുലേറ്റര്‍, കണ്ടന്റുകളില്‍ ഗൂഗിള്‍ തങ്ങളുടെ സ്‌നിപ്പറ്റ് ശകലങ്ങള്‍
ഉപയോഗിക്കുന്നതിന് പബ്ലിഷര്‍മാര്‍ക്ക് പണം നല്‍കണം എന്ന് ഉത്തരവ് ഇട്ടിരുന്നു. ആസ്‌ട്രേലിയയിലും പ്രതിഷേധം
വ്യാപകമായിരുന്നു. നമ്മുടെ നാട്ടിലെ പത്രങ്ങള്‍ക്കും വൈകാതെ ഗൂഗ്ള്‍ പണം നല്‍കുമെന്ന് പ്രത്യാശിക്കാം.