മുഹമ്മദലി . വി (Director Melt and Mould Business Solutions)
എന്നും വേറിട്ട് ചിന്തിക്കുകയും എപ്പോഴും പ്രതിസന്ധികളെ നേരിടാൻ തയ്യാറാവുകയും ചെയ്യുന്നവർക്കുള്ള മേഖലയാണ് സംരംഭങ്ങൾ . കാലം എപ്പോഴും അത് തെളിയിച്ചിട്ടുണ്ട്, ഒരുപാട് പ്രതിസന്ധികൾ നേരിട്ട് ഇപ്പോൾ എത്തി നിൽക്കുന്നത് ഇതുവരെ കാണാത്ത ഒരു പ്രതിസന്ധിക്ക് മുന്നിലാണ്. ഇന്നോളം കൂട്ടിവെച്ച പരിചയസമ്പത്തും എന്തും നേരിടാനുള്ള മനസ്സും മുമ്പെങ്ങും ഇല്ലാത്ത രീതിയിൽ പരീക്ഷിക്കപ്പെ ടുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും ഈ മേഖലയിൽ ഉള്ള, രാജ്യത്തിന്റെ നികുതിയിൽ വലിയ ഒരു ശതമാനം നല്കുന്ന സംരംഭകർക്ക് ഈ സമൂഹം അർഹിക്കുന്ന അംഗീകാരം നൽകുന്നുണ്ടോ എന്ന കാര്യം ഇപ്പോഴും ഒരു ചോദ്യചിഹ്നമായി നിൽക്കുന്നു.
99 % സംരംഭങ്ങളുടെയും ലക്ഷ്യം ലാഭമാണ്, അതില്ലാതെ ആർക്കും പിടിച്ചു നിൽക്കാൻ കഴിയില്ല. എന്നാൽ ഇന്ന് കാണുന്ന മിക്ക ചെറുകിട സ്ഥാപനങ്ങൾക്കും അവർ ഉണ്ടാകുന്ന ലാഭം /നഷ്ടം അത് എത്രയാണെന്നോ അത് എവിടെ ആണെന്നോ അറിയുന്നില്ല. തീരുമാനം എടുക്കുമ്പോൾ ആ തീരുമാനത്തെ വിശകലനം ചെയ്യാൻ അടിസ്ഥാന വിവരങ്ങൾ നമ്മുടെ കയ്യിൽ ഇല്ല, അതല്ലെങ്കിൽ അതു കണ്ടെത്താനുള്ള മാർഗ്ഗങ്ങളെ കുറിച്ച് നമുക്ക് അറിവില്ല, അല്ലെങ്കിൽ അറിയാൻ ശ്രമിച്ചിട്ടില്ല. ഒരു ബിസിനസ്സിനെ സംബദ്ധിച്ചിടത്തോളം ഇതിനേക്കാൾ അപകടകരമായ മറ്റൊരവസ്ഥയില്ല.
കോർപ്പറേറ്റ് സ്ഥാപനങ്ങൾ വേറിട്ടു നില്കുന്നതും ഇവിടെയാണ്. ഇനിയും ഇങ്ങനെ നമുക്ക് മുന്നോട്ട് പോകാൻ ആകുമോ, ഓരോ മാറ്റങ്ങൾക്കും ആയുസ്സ് വളരെ കുറവാണ്, വളരെ വേഗം മാറുന്ന ഈ ബിസിനസ് ലോകത്ത്, ഈ മാറ്റങ്ങൾ നമ്മുടെ ബിസിനസിന് അകത്തും പുറത്തും ഉണ്ടാക്കുന്ന മാറ്റങ്ങൾ കൃത്യമായ അടിസ്ഥാന വിവരങ്ങളുടെയും തെളിയിക്കുന്ന കണക്കുകളുടെയും സഹായത്താൽ വിശകലനം ചെയ്തു തീരുമാനങ്ങൾ എടുക്കാൻ നമുക്ക് കഴിയണം. അല്ലാത്ത പക്ഷം നമ്മുടെ ബിസിനസ്സുകൾ വെറും ഭാഗ്യ പരീക്ഷണത്തിന് വിട്ടുകൊടുക്കൽ ആയി മാറും.
എന്തെലാം കാര്യങ്ങൾ നമുക്ക് അറിഞ്ഞിരിക്കണം?
എന്തെല്ലാം വിവരങ്ങൾ നാം ശേഖരിക്കണം?
എങ്ങനെയാണു വിവര ശേഖരണം നടത്തേണ്ടത്?
എപ്പോഴെല്ലമാണ് നാം ഈ വിവര ശേഖരണം നടത്തേണ്ടത്?
എങ്ങനെയാണു ഇതിനെ വിശകലനം ചെയ്യേണ്ടത്?
ഏറ്റവും കുറഞ്ഞത് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമെങ്കിലും നമുക്ക് ഉണ്ടായിരിക്കണം. ഒരു എഴുത്തിലൂടെ മാത്രം ഇതിനെല്ലാം ഉള്ള ഉത്തരങ്ങൾ നൽകാൻ കഴിയില്ല എന്നറിയാം , എങ്കിലും ഒരു നല്ല ശീലം തുടങ്ങി വെക്കാനും ഇതിനെ കുറിച്ച് ചിന്തിക്കാനും ആർക്കെങ്കിലും കഴിഞ്ഞാൽ ഞാൻ സന്തോഷവാനാണ്,
ഞാൻ വിജയിച്ചു.
നമുക്ക് നമ്മുടെ ബിസിനസ്സിലെ ലാഭവും നഷ്ടവും എത്രയാണ് /അതു എവിടെയാണ് /ഏത് മേഖലയിൽ നിന്നാണ് വരുന്നത്, നമുക്ക് എത്രത്തോളം വ്യക്തത ഉണ്ട് ഈ കാര്യത്തിൽ.
ഒരു 80/20 പ്രിൻസിപ്പൽ എല്ലാ മേഖലയിലും ഇമ്പ്ലിമെൻറ് ചെയ്യുക.
ഉദാഹരണത്തിന് എന്റെ 80 ശതമാനം ലാഭം ഉണ്ടാകുന്ന 20 ശതമാനം ഉത്പന്നങ്ങൾ, തൊഴിലാളികൾ, സമയങ്ങൾ, ചിലവുകൾ etc… എല്ലാ മേഖലകളിലും ഇത് ചെയ്യുകയും അതോടൊപ്പം കൃത്യമായ ഇടവേളകളിൽ ഇതിനെ നാം നിൽക്കുന്ന ഇൻഡസ്ട്രിയുടെ പെർഫോമൻസുമായി താരതമ്യം ചെയ്യാനുള്ള സമയവും കണ്ടെത്തുക. നാം നിൽക്കുന്ന ഇൻഡസ്ട്രിയുടെ GP/NP എത്രയാണ്.
എന്റെ കസ്റ്റമർ ആരാണ്, അയാളുടെ വാങ്ങൽ ശേഷി എത്രയാണ്, അയാളുടെ മാറുന്ന ആവശ്യങ്ങൾക് അനുസരിച്ചു ഉത്പന്നങ്ങളിൽ മാറ്റം വരുത്തുന്നുണ്ടോ. എന്റെ മാർക്കറ്റ് ഏതാണ്. ആ മാർക്കറ്റിന്റെ വലിപ്പം എത്രയാണ്. അതിൽ എന്റെ ഷെയർ എത്രയുണ്ട്.
നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ ഓൺലൈനിലൂടെ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ നിങ്ങൾ മുമ്പ് വാങ്ങിയതോ, വാങ്ങാൻ വേണ്ടി തിരച്ചിൽ നടത്തിയതോ ആയ എല്ലാ ഉത്പന്നങ്ങളും നിങ്ങളുടെ മുമ്പിൽ കാണുന്നത്. ഇതിനെ ടെക്‌നോളജി എന്ന് മാത്രം വിളിക്കാൻ പറ്റില്ല, ഇതിനു പിന്നിൽ വലിയ ഒരു അനാലിസിസ് നടക്കുന്നുണ്ട്. ഉപഭോക്താവിനെ കുറിച്ചും അയാളുടെ പർച്ചേസ് ബിഹേവിയറും കൃത്യമായി വിശകലം ചെയ്യുന്നു. കൃത്യമായ വിവരങ്ങൾ ലഭിക്കാനുള്ള സംവിധാനം ഉണ്ടാക്കിയാൽ ഇതെല്ലാം നമുക്കും ചെയ്യാൻ പറ്റില്ലേ. ഉപഭോക്താവിന് വേണ്ട ഉത്പന്നങ്ങൾ കൃത്യമായി അവരുടെ മുമ്പിൽ വേഗത്തിൽ എത്തിക്കുന്നതെല്ലാമല്ലേ കസ്റ്റമർ സർവീസ്.
ബാങ്കുകൾ നിങ്ങളെ വിളിക്കാറില്ലേ, നിങ്ങൾക് ക്രെഡിറ്റ് കാർഡിന് യോഗ്യത ഉണ്ട്, നടപടിക്രമങ്ങൾ ഒന്നും ഇല്ലാതെ ലോൺ ഉണ്ട് എന്നെല്ലാം പറഞ്ഞു, ഇതെല്ലാം അവർ എങ്ങനെയാണു ചെയ്യുന്നത്. നിങ്ങൾ ആ ബാങ്കുമായി നടത്തിയ ഇടപാടുകളെ കൃത്യമായി വിശകലനം ചെയ്തിട്ടല്ലേ. ഈ കാരണം കൊണ്ടല്ലേ അവരുടെ മറ്റു ഉത്പന്നങ്ങൾ ആർക്കൊക്കെ വിൽക്കാം എന്ന് അവർക്ക് കണ്ടെത്താൻ കഴിയുന്നത്. കോർപറേറ്റുകളും ചെറുകിട സംരംഭകരും തമ്മിലുള്ള മാറ്റങ്ങൾ ഇവിടെയാണ്.
എല്ലാ പ്രതിസന്ധികളിലും അവസരങ്ങൾ കണ്ടെത്തുന്നവനാണു യഥാർത്ഥ കച്ചവടക്കാരൻ. ഈ കോവിഡ് കാലവും അവസരമാക്കി മാറ്റിയ എത്രയോ ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനെസ്സുകാരൻ മുകേഷ് അംബാനി അദ്ദേഹത്തിന്റെ സ്ഥാപനമായ റിലയൻസിലേക്ക് എങ്ങനെയാണു ഇത്രയും അതികം ഇൻവെസ്റ്റ്മെന്റ് കൊണ്ടുവരാൻ കഴിഞ്ഞത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, അവിടെ ഇൻവെസ്റ്റ് ചെയ്ത എല്ലാവരും ലോകത്ത് അറിയപ്പെടുന്ന സ്ഥാപനങ്ങൾ ആണ്. ഈ സമയത്തും അവരെയെല്ലാം വിശ്വാസത്തിലെടുക്കാൻ റിലയൻസിന് എങ്ങനെ സാധിച്ചു. തന്റെ മാർക്കറ്റിനെ കുറിച്ചും ചെയ്യാൻ പോകുന്ന പ്ളാനുകളെ കുറിച്ചും ഉള്ള കൃത്യമായ ഡാറ്റ ഉണ്ട് എന്നത് തന്നെയാണ്.
മേൽപറഞ്ഞ ഏറ്റവും അടിസ്ഥാന കാര്യങ്ങൾ കൊണ്ട് നമുക്ക് തുടങ്ങാം, പിന്നീട് ഓരോ തീരുമാനങ്ങൾക്കും അവശ്യമായ വിവരങ്ങൾ കണ്ടെത്താനുള്ള മാർഗവും ഉണ്ടാക്കിയെടുക്കാം.
നമ്മുടെ സ്ഥാപനത്തിന് ഉള്ളിലുള്ള കാര്യങ്ങൾ അറിയാൻ, വളരെ ഈസി ആയി നമുക്ക് തന്നെ സംവിധാനം ഉണ്ടാകാവുന്നതാണ്, എന്നാൽ പുറത്തുള്ള കാര്യങ്ങൾ അറിയാൻ ഒരുപാട് ഉറവിടങ്ങൾ ഉണ്ടെങ്കിലും നമ്മുടെ സെയിൽസ് ടീം ആണ് ഏറ്റവും നല്ല മാർഗ്ഗം.
നമ്മൾ അവരുടെ സെയിൽസ് /കളക്ഷൻ എന്നിവ ചോദിക്കുന്ന പോലെ നമുക്ക് ഇൻഡസ്ട്രിയിൽ നിന്നും ആവശ്യമായ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ തക്ക ഒരു റിപ്പോർട്ടിങ് സംവിധാനം ഉണ്ടാകുകയും അതു കൃത്യമായി റിവ്യൂ ചെയ്യുകയും ആണ് ചെയ്യേണ്ടത്. ആ ഇൻഡസ്ട്രിയിലെ നമുക്ക് ആവശ്യമായ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ആ എക്സിക്യൂട്ടീവ് നടത്തുന്ന വില്പനയോളം വാല്യൂ ഉണ്ടാവട്ടെ.
വിവരശേഖരണം നടത്തുവാൻ മാത്രമായി ഒരു സമയം നാം കാണേണ്ട, എപ്പോഴും നടന്നു കൊണ്ടിരിക്കേണ്ട ഒരു കാര്യമാണത്, എന്നാൽ വിവരങ്ങളെ വിശകലനം ചെയ്യുന്നതിന് നമുക്ക് നമ്മുടെ ഇൻഡസ്ട്രി അനുസരിച്ചു ഒരു സമയം സെറ്റ് ചെയ്യാം.
വളരെ വേഗത്തിൽ മാറുന്ന, എല്ലാ കാര്യങ്ങളിലും വിവരങ്ങളെ മാത്രം അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കുന്ന ഈ ബിസിനസ്സ് ലോകത്ത്, നമ്മൾക്ക് മാറിനിൽക്കാൻ കഴിയില്ല, മറിച്ച് അതിനു മുന്നിൽ നടന്നെ മതിയാകൂ.