കോവിഡിന്‍റെ രണ്ടാം വരവും ബിസിനസുകളുടെ ഭാവിയും

യൂനുസ് ചെങ്ങര

കോവിഡ് ലോകക്രമത്തില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ താത്കാലികമായിരിക്കുമെന്ന നമ്മുടെ ധാരണയെ തകിടം മറിച്ചാണ് കോവിഡിന്‍റെ രണ്ടാം വരവ്‌. ഒരു സൂക്ഷ്മാണുവിന്‍റെ അക്രമം ഭയന്ന് പ്രതിരോധം തീര്‍ക്കാനുള്ള വഴികളന്വേഷിച്ചുകൊണ്ടിരിക്കുന്നതിന് പകരം , അതിനോ‍ടൊപ്പം ജീവിക്കാനുള്ള മുന്‍കരുതലുകള്‍ ജീവിത ക്രമത്തിന്‍റെ ഭാഗമായി കരുതുന്ന ഇപ്പോഴത്തെ രീതി ആളുകള്‍ തുടരുമെന്ന് തന്നെയാണ് അനുമാനിക്കാവുന്നത്. ഇങ്ങനെ ഒരു ജീവിതക്രമത്തിന്‍റെ ഉദയത്തിന് ലോകം സാക്ഷിയായത് ഇതിനു മുന്‍പ് രണ്ടാം ലോക മഹായുദ്ധാനന്തരമായിരുന്നു.അതുകൊണ്ട് തന്നെ അന്നത്തേതിന് സമാനമായ ചില പ്രവണതകള്‍ ഈ സന്ദര്‍ഭത്തിലും ഉണ്ടാകാനുള്ള സാധ്യതകളെ കാണാതിരുന്നുകൂടാ.

കോവിഡ് കടുത്ത പ്രഹരമേല്പിച്ച ബിസിനസ് മേഖലകളില്‍ കൂടിയായിരിക്കും പുതിയ ഒരു ക്രമം രൂപപ്പെടുകയെന്നാണ് ഇന്ത്യയിലും ഇതര രാജ്യങ്ങളിവും വാണിജ്യ സമ്പ്രദായത്തില്‍ അടിക്കടിവന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ സൂചന നല്കുന്നത്. കോര്‍പറേറ്റുകള്‍ രാഷ്ട്രങ്ങളെ നിയന്ത്രിക്കുമോ എന്ന ഭയം രാഷ്ട്രീയ നേതൃത്വങ്ങള്‍ പ്രകടിപ്പിച്ചതും ഈ കാലയളവിലാണ് , ചൈനീസ് ഭീമനായ ആലിബാബക്കെതിരെ അവിടെ നടന്നുകൊണ്ടിരിക്കുന്ന നീക്കങ്ങളും, ജനവികാരത്തേക്കാള്‍ കോര്‍പറേറ്റ് താത്പര്യത്തിന്‍റെ സംരക്ഷണം ഉറപ്പുവരുത്താന്‍ കര്‍ഷക സമരത്തെ അവഗണിക്കുന്ന ഇന്ത്യന്‍ കാഴ്ചകളും നല്കുന്നത് സമൂലമാറ്റത്തിന്‍റെ സൂചനകള്‍ തന്നെയാണ്.
സമ്പൂര്‍ണമായ ഡിജിറ്റല്‍ വല്‍കരണത്തിന് കൂടിയാണ് കോവിഡ് കാലം സാക്ഷിയായത്. വായന, കാഴ്ച, വിദ്യാഭ്യാസം, ഭക്ഷണം തുടങ്ങി എല്ലാ അടിസ്ഥാന ആവശ്യങ്ങളും നിറവേറ്റാന്‍ ഡിജിറ്റല്‍ ലോകത്തിനാവുന്നുണ്ട്. അതിനാല്‍ തന്നെ കോവിഡ് സാധാരണക്കാരന്‍റെ എല്ലാ ബിസിനസ് സാധ്യതകളും ഇല്ലാതാക്കിയതായി പരിതപിക്കുന്നവരാണ് അധികവും, അവര്‍ മനസ്സിലാക്കേണ്ടത് കോവിഡിനു മുമ്പേതന്നേ ബിസിനസ് ലോകം പൊളിച്ചടുക്കലിന് (ഡിസ്‌റപ്ഷന്) വിധേയമായിക്കൊണ്ടിരിക്കുകയായിരുന്നു. കോവിഡ് ഏറെ പ്രതിസന്ധി സൃഷ്ടിച്ച ഹോസ്പിറ്റാലിറ്റി വിപണിയില്‍ ഓണ്‍ലൈന്‍ കമ്പനികള്‍ കടന്നുവന്ന് ഓരോ പ്രോപ്പര്‍’ട്ടികളിലുടെയുള്ള ലാഭം വന്‍തോതില്‍ ഇല്ലാതാക്കിയിരുന്നു. ഫുഡ്ടെക് കമ്പനികളും ഇതേ രൂപത്തില്‍ റെസ്റ്റോറന്റുകള്‍, ബേക്കറികള്‍, എന്നിവയുടെ ബിസിനസുകള്‍ കവര്‍ന്നിരുന്നു.ഈ പ്രതിഭാസം ഇപ്പോള്‍ നമ്മുടെ വീടിനടുത്തുള്ള ചെറിയ കടകള്‍ എന്നിവയുടെ കാര്യത്തിലും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവെന്നുമാത്രം. മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഇ കോമേഴ്സ് കമ്പനികള്‍ എന്നിവരെല്ലാം തന്നെ ഭൂരിഭാഗം റീറ്റെയ്ലേഴ്സിന്റെയും മുന്നോട്ടുള്ള പ്രയാണത്തിന് കടുത്ത വിഘാതം സൃഷ്ടിച്ചിരുന്നു. കോവിഡ് മൂലമുണ്ടായ ഏക കാര്യം, വിപണിയില്‍ വളരെ നേരത്തെയുണ്ടായ മാറ്റങ്ങളെ സുവ്യക്തമാക്കി എല്ലാവരുടെയും മുന്നിലെത്തിച്ചുവെന്നുമാത്രം.

പുതിയ സാഹചര്യത്തെ എങ്ങനെ നമുക്കനുകൂലമാക്കിയെടുക്കാമെന്ന ചിന്തകളാണ് ബിസിനസ് രംഗങ്ങളില്‍ തുടരാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നുണ്ടാകേണ്ടത്. പരമ്പരാഗത വഴികളില്‍ നിന്ന് അല്പം മാറി ചിന്തിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ വരും കാലത്തെ സാധ്യതകള്‍ നമുക്കുമുന്നില്‍ കൊ’ട്ടിയടക്കപ്പെടുകയില്ലെന്നുതെന്നയാണ് സമീപകാല അനുഭവങ്ങള്‍ നമ്മോട് പറയുന്നത്. എന്നാല്‍ ചില യാഥാര്‍ത്ഥ്യങ്ങളെ വിസ്മരിക്കാനും പാടില്ല കേരളത്തില്‍ ഈ കൊവിഡ് കാലത്ത് 8000 കടകള്‍ അടച്ചുപൂ’ട്ടിയെന്നാണ് വ്യാപാരി വ്യവസായികളുടെ കണക്ക്, രാജ്യത്തെ അടച്ചുപൂട്ടിയ 40 ശതമാനം റെസ്റ്റോറന്റുകള്‍ ഇനി തുറക്കില്ലൊണ് സൊമാറ്റോയുടെ പഠനം. ഈ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ടു തന്നെ പുതിയ സാധ്യതകള്‍ തേടുന്നതില്‍ വിമുഖരാകാതെ റിസ്‌കെടുക്കാന്‍ സന്നദ്ധരാകുന്നവര്‍ക്കുമുന്നില്‍ വിജയ സൂചനകള്‍ എമ്പാടുമുണ്ട്. വ്യക്തി വിവരങ്ങളെ അപഗ്രധിക്കുകയും താത്പര്യങ്ങളെ മനസ്സിലാക്കുകയും , പ്രാദേശിക വിപണി താത്പര്യങ്ങളെ സൂക്ഷ്മമായി മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ വമ്പന്‍ സാധ്യതകളുടെ കാലമാണ് വരാന്‍പോകുന്നത്. അതേ സമയം നിലവിലെ സംരഭകര്‍ക്ക് വിപണി പരിവര്‍ത്തനം സമഗ്രമായി അറിയാതെ അതിവേഗ വളര്‍ച്ചയോ, എന്തിന് സാധാരണ വളര്‍ച്ചയോ പോലും നേടാന്‍ സാധിക്കില്ലെന്ന് തറപ്പിച്ച് പറയാനാകും

നിലവിലെ ബിസിനസുകളില്‍ ഇപ്പോള്‍ കാണുന്ന വലിയ പരിമിതി വിപണിയിലെ മാറ്റങ്ങളെക്കുറിച്ചുള്ള ധാരണയില്ലായ്മയാണ് . ഈ അറിവ് നേടിയെടുക്കാനായാല്‍ ബാക്കിയെല്ലാം അവര്‍ക്ക് വിജയകരമായി കൈകാര്യം ചെയ്യാന്‍ സാധിക്കുക തന്നെ ചെയ്യും. കോവിഡ് ലോകമെമ്പാടുമുള്ള ബിസിനസുകളെ പഠിപ്പിച്ച ഏറ്റവും സുപ്രധാനമായ കാര്യവും ഇതുതന്നെയാണ്. പുതിയ പരിസ്ഥിതികളോട് ഇണങ്ങാനുള്ള കഴിവ് ബിസിനസുകള്‍ക്ക് ഇല്ലെങ്കില്‍ അവര്‍ കണ്‍സള്‍ട്ടന്‍റുമാരെ സമീപിക്കുകയും അവരുടെ അറിവും ആശയങ്ങളെയും ചേര്‍ത്തുവെച്ച് പുതിയ കാര്യങ്ങള്‍ ബിസിനസില്‍ നടപ്പാക്കാന്‍ ശ്രമം നടത്താന്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *