രജിത്കുമാറും ബിഗ്ബോസും

ഷഹീദ് അബൂബക്കര്‍

കേരളത്തിന്‍റെ സാമൂഹ്യബോധം, ഒരു സ്റ്റാറും അദ്ദേഹത്തിന്‍റെ ഫാന്‍സും തമ്മിലുള്ള ബന്ധം എന്നിവയെ മുന്‍നിര്‍ത്തി രജിത് കുമാറെന്ന അണ്‍ലൈക്‍ലി സ്റ്റാറിനെ മനസ്സിലാക്കാനുള്ള ശ്രമമാണ് ഇത്.

അദ്ദേഹത്തിന് സോഷ്യല്‍ മീഡിയയിലും പുറത്തും വമ്പിച്ച സ്വീകാര്യത ലഭിക്കുന്നതിന് പലകാരണങ്ങളുമുണ്ട്. കേരളത്തിലും ഇന്ത്യയില്‍ തന്നെയും ഏറ്റവും ശക്തമായ വേരുകളുള്ള മൂന്ന് മതങ്ങളാണല്ലോ, ഇസ്‍ലാം, ഹിന്ദുയിസം, ക്രിസ്റ്റ്യാനിറ്റിയും. ഈ മൂന്ന് മതങ്ങളും മുന്നോട്ടു വെക്കുന്ന ധാര്‍മികവ്യവസ്ഥയെ അംഗീകരിക്കുന്നയാളാണ് അദ്ദേഹം. തന്‍റെ പ്രഭാഷണങ്ങളിലും മറ്റും അദ്ദേഹം ഇത് ഊന്നിപ്പറയാറുമുണ്ട്. മറ്റെന്തിനേക്കാളും കൂടുതല്‍ മതങ്ങള്‍ക്ക് സ്വീകാര്യതയുള്ള ഒരു സൊസൈറ്റിയെന്ന നിലക്ക് ഈ മൂന്ന് മതങ്ങളേയും ഒരു സാംസ്കാരികപശ്ചാത്തലമെന്ന നിലക്ക് ഉള്‍കൊള്ളുന്ന, ജീവിതത്തിന്‍റെ ഭാഗമായി കാണുന്ന ഒരു വലിയജനസമൂഹത്തോട് അദ്ദേഹത്തിന് നിഷ്പ്രയാസം കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റും. സംഭാഷണങ്ങള്‍ക്കിടയില്‍ ഗീതയില്‍ നിന്നും ബൈബിളില്‍ നിന്നും ഖുര്‍ആനില്‍ നിന്നുമുള്ള വചനങ്ങളും മൂല്യങ്ങളുമുള്‍കൊള്ളിച്ചുള്ള ഈയൊരു സ്പിരിച്വല്‍ ജുഗല്‍ബന്ദിയോട് മലയാളിക്ക് വളരെ പെട്ടെന്ന് ഐഡന്‍റിഫൈ ചെയ്യാന്‍ പറ്റും. ലക്ഷക്കണക്കിനു പേരെ സ്വാധീനിക്കുന്ന ഒരു പ്രോഗ്രാം എന്ന നിലക്ക് ബിഗ്ബോസ് എന്ന റിയാലിറ്റിഷോ ഫോളോ ചെയ്ത ഒരു വ്യക്തിയാണ് ഞാന്‍. ബിഗ്ബോസ് ഹൌസിന്‍റെയുള്ളിലെ അദ്ദേഹത്തിന്‍റെ സംഭാഷണങ്ങളിലും നിലപാടുകളിലുമൊക്കെ ഈ ശൈലി നമുക്ക് കാണാനാകും. അദ്ദേഹം ഒരു പാരമ്പര്യവാദിയാണ്. എല്ലാകാലത്തും സമൂഹത്തിലെ വലിയ ഒരു വിഭാഗം പാരമ്പര്യമൂല്യങ്ങളോട് ചേര്‍ന്നു നില്‍കുന്നതായിരിക്കും. അതിവേഗം സംഭവിക്കുന്ന സാമൂഹ്യമാറ്റങ്ങള്‍ക്കിടയില്‍ സാംസ്കാരിക മൂല്യങ്ങളെ പരിരക്ഷിക്കുകയാണ് ഒരു കണ്‍സര്‍വേറ്റീവ് ചെയ്യുന്നതെന്നാണ് ഈയിടെ അന്തരിച്ച  കണ്‍സര്‍വേറ്റീവ് ഫിലോസഫേഴ്സിന്‍റെ ആചാര്യനായി ഗണിക്കപ്പെടുന്ന റോജര്‍സ്ക്രൂട്ടന്‍ പറഞ്ഞത്. ക്ഷമ, മാതൃസ്നേഹം, ലൈംഗികമായ അച്ചടക്കം, കുടുംബമെന്ന സ്ഥാപനത്തോടുള്ള ആദരവ് തുടങ്ങിയവയെല്ലാം പാരമ്പര്യമൂല്യങ്ങളുടെ ഗണത്തില്‍ പെടുത്താവുന്നതാണ്.  പാരമ്പര്യവാദിയല്ലാത്ത വ്യക്തിക്ക് ഇതൊന്നുമുണ്ടാവില്ല എന്നല്ല പറയുന്നത്. സാംസ്കാരികമൂല്യങ്ങളെന്ന നിലക്ക് ഇവയുടെ ചരിത്രംപരിശോധിച്ചാല്‍ ഇവയെല്ലാം സഹസ്രാബ്ദങ്ങളായുള്ള മനുഷ്യസംവേദനങ്ങളുടെ ഒരാകത്തുകയായി നമുക്ക് മനസ്സിലാക്കാം. അത് കൊണ്ട് തന്നെ ജനങ്ങള്‍ക്ക് ഇത് മനസ്സിലാക്കാന്‍ വളരെ എളുപ്പം ആണ്. ഇവിടെയാണ് രജിത് കുമാര്‍ എന്ന വ്യക്തി സാധ്യത കണ്ടെത്തുന്നത്  സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ വളരെ എളുപ്പമുള്ള ഭാഷയാണ് അദ്ദേഹം ഉപയോഗിക്കുന്നത്. അക്കാദമികമായ ദുര്‍ഗ്രഹതയില്ല. പൊളിറ്റിക്കല്‍ കറക്റ്റനസ് ഒരു ബാധ്യതയായി കൊണ്ടു നടക്കുന്നില്ല. അതു കൊണ്ടു തന്നെ സാധാരണക്കാര്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന് എളുപ്പമാണ്. ഒരു ഫാന്‍ എപ്പോഴും തന്‍റെ ഇഷ്ടനായകനെ തന്‍റെ  ബോധ്യങ്ങളുടെ ഒരു ഗ്ലോറിഫൈഡ് വേര്‍ഷനായിട്ടാണ് കാണുന്നത്. ബിഗ്ബോസ് എന്ന റിയാലിറ്റി ഷോ ഫോളോ ചെയ്തവര്‍ക്ക് അറിയാം ഒരു മല്‍സരാര്‍ഥി എന്ന നിലക്ക് അദ്ദേഹം ഗംഭീരമായ പെര്‍ഫോര്‍മന്‍സാണ് കാഴ്ച വെച്ചത്. അദ്ദേഹത്തോട് കിടപിടിക്കുന്ന ഒരു മല്‍സരാര്‍ഥി പോലും അവിടെയില്ലായിരുന്നുവെന്നതാണ് സത്യം. പല കാരണങ്ങളാല്‍ ഹൌസിന്  പുറത്ത് അദ്ദേഹത്തിനുണ്ടായിരുന്ന നെഗറ്റീവ് ഇമേജ് എക്സ്പ്ലോയിറ്റ് ചെയ്യാമെന്ന് കരുതി മറ്റു മല്‍സരാര്‍ഥികളെല്ലാം അദ്ദേഹത്തെ കൂട്ടമായി ആക്രമിച്ചു. പബ്ലിക് ഒപീനിയനെ കുറിച്ചുള്ള ഒരു ഗ്രോസ് മിസ്കാല്‍കുലേഷനായിരുന്നു അത്. ആഴ്ചപതിപ്പുകള്‍ വായിച്ച് അഭിപ്രായം രൂപീകരിക്കുന്നവരല്ല കേരളത്തിലെ മഹാഭൂരിപക്ഷം പേരും. ഇത് മനസ്സിലാക്കാതെ അദ്ദേഹത്തെ കടന്നാക്രമിച്ചപ്പോള്‍ അദ്ദേഹത്തിനനുകൂലമായി വന്‍തോതിലുള്ള സഹതാപതരംഗമുണ്ടായി. ടാസ്കിനിടയില്‍ സംഭവിച്ച ഒരു കൈപിഴയുടെ പേരില്‍ അദ്ദേഹത്തെ ബിഗ്ബോസില്‍ നിന്ന് പുറത്താക്കിയപ്പോള്‍ അദ്ദേഹത്തിന്‍റെ ഫാന്‍സ് അതിനെ നന്‍മയും തിന്‍മയും തമ്മിലുള്ള മഹായുദ്ധമായി കണ്ടു. ഈ യുദ്ധത്തില്‍ അദ്ദേഹത്തിന്‍റെ ഭാഗത്ത് നില്‍കേണ്ടത് തങ്ങളുടെ ബാധ്യതയായി ഫാന്‍സ് കാണുകയും ചെയ്തു. ഇത്തരം ജനപ്രിയചേരുവകളാണ് രജിത്കുമാറിന്‍റെ ജനപ്രിയതയായി പരിണമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *