ബാബരി വിധിയും, മുസ്‌ലിംകള്‍ക്ക് മുന്നോട്ടുളള വഴിയും

ടി റിയാസ് മോന്‍

‘രാമജന്മഭൂമി’ ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രധാന അജണ്ടയാണ്. ജനങ്ങളെ സംഘടിപ്പിക്കുന്നതിനുള്ള പ്രധാന വൈകാരിക വിഷയമാണ്. രാമജന്മഭൂമിയും, രഥയാത്രയുമാണ് സ്വതന്ത്ര ഇന്ത്യയെ വര്‍ഗ്ഗീയവത്കരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഐക്കണ്‍ എന്നു പറയാം. രാമജന്മഭൂമിയുടെ രാഷ്ട്രീയം വിജയിക്കണമെങ്കില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെടണമായിരുന്നു. ബാബരി മസ്ജിദ് തകര്‍ന്നു. അഞ്ഞൂറ് വര്‍ഷത്തോളം മുസ്‌ലിംകള്‍ ആരാധന നിര്‍വ്വഹിച്ച മഹത്തായ പള്ളി തകര്‍ന്നു വീണു. ഇനിയുമൊരു അഞ്ഞൂറ് വര്‍ഷമെങ്കിലും കാത്തിരുന്നാല്‍ പോലും ഭേദമാകാത്ത വേദനകള്‍ അത് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് സമ്മാനിച്ചു.

ബാബരി മസ്ജിദ് കേസിലെ സുപ്രധാനമായ രണ്ട് കോടതി വിധികള്‍ വരുമ്പോള്‍ രാജ്യം ഭരിക്കുന്നത് ബി ജെ പിയാണ്. ഉത്തര്‍പ്രദേശ് ഭരിക്കുന്നതും ബി ജെ പിയാണ്. ഭൂരിപക്ഷത്തിന്റെ രാഷ്ട്രീയ പിന്തുണയുള്ള പ്രത്യയശാസ്ത്രമായി സംഘ്പരിവാറിന്റെ ‘വെറുപ്പ്’ വളര്‍ന്നിരിക്കുന്നു. ഭരണഘടനക്കും, അധികാര സ്ഥാപനങ്ങള്‍ക്കും മുകളില്‍ വെറുപ്പിന്റെ പ്രത്യയശാസ്ത്രം പിടിമുറുക്കിയിരിക്കുന്നു. ഈ ‘വിധി’കളോട് ഇന്ത്യയിലെ മുസ്‌ലിംകള്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടത്? ജനാധിപത്യത്തിലും, ഭരണഘടനയിലും, കോടതിയിലും അവിശ്വാസം രേഖപ്പെടുത്തി പിരിഞ്ഞു പോകേണ്ട സന്ദര്‍ഭം ആണോ ഇത്? തീര്‍ച്ചയായും അല്ല. വെല്ലുവിളികള്‍ ഏറെയുള്ള സാഹചര്യത്തിലും അതിനെ മറികടക്കുക മാത്രമാണ് മുസ്‌ലിംകള്‍ക്ക് മുന്നിലുള്ള പ്രായോഗികവും, സാധുതയുള്ളതുമായ മാര്‍ഗ്ഗം.

രാഷ്ട്രീയം എന്നാല്‍ അധികാരബന്ധമാണ്. ഒരു ജനാധിപത്യ സമൂഹത്തില്‍ ന്യൂനപക്ഷത്തിന് അധികാരം കൈയാളാന്‍ സാധിക്കുകയില്ല. എന്നാല്‍ ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ സംഘടന അവരുടെ അവകാശങ്ങള്‍ ഉറപ്പ് വരുത്തും. അത്തരത്തിലുള്ള രാഷ്ട്രീയ സംഘടന ഉണ്ടാക്കുന്നതില്‍ ഉത്തര്‍പ്രദേശിലെ മുസ്‌ലിംകള്‍ പരാജയപ്പെട്ടതു കൊണ്ടാണ് ബാബരി മസ്ജിദ് സംരക്ഷിക്കാന്‍ അവര്‍ക്ക് കഴിയാതെ പോയത്.

പ്രത്യയശാസ്ത്രപിന്‍ബലവും, ജനകീയ അടിത്തറയുമുള്ള രാഷ്ട്രീയ പാര്‍ട്ടിക്ക് മാത്രമേ മുസ്‌ലിം സമുദായത്തിന്റെ പരിതാവസ്ഥയെ മാറ്റിയെടുക്കാനാവൂ. അത് സാധ്യമാക്കുന്നതിനുള്ള ദീര്‍ഘകാല അജണ്ടകളാണ് ഉത്തരേന്ത്യയില്‍ അനിവാര്യമായിട്ടുള്ളത്. ഭൂരിപക്ഷ വര്‍ഗ്ഗീയതക്ക് ന്യൂനപക്ഷവര്‍ഗ്ഗീയത പരിഹാരമല്ല. ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ സംഘാടനം വര്‍ഗ്ഗീയതയുടെ അടിസ്ഥാനത്തിലുമല്ല. രാഷ്ട്രീയാടിസ്ഥാനത്തിലാണ്. അത് സമൂഹത്തില്‍ വെറുപ്പും, വിദ്വേഷവും പടര്‍ത്തുകയില്ല എന്ന് മാത്രമല്ല; പരസ്പര സൗഹാര്‍ദ്ദത്തിന്റെയും, സമന്വയത്തിന്റെയും വഴികള്‍ സൃഷ്ടിക്കുകയും ചെയ്യും. മുസ്‌ലിം ലീഗ് ശക്തമായ കേരളവും, തമിഴ്‌നാടും ഇന്ത്യന്‍ മുസ്‌ലിംകളോട് അക്കാര്യം വിളിച്ചു പറയുന്നുണ്ട്.

കോടതിയും, പൊലിസും മുസ്ലിംകള്‍ക്ക് എതിരാകുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. അതിനെ മറികടക്കാന്‍ ജുഡീഷ്യറിയിലും, എക്‌സിക്യൂട്ടീവിലും മുസ്‌ലിം സമുദായത്തിന്റെ പ്രാതിനിധ്യം വര്‍ധിപ്പിക്കുകയാണ് പോംവഴി. അത് ചെയ്യേണ്ടത് സര്‍ക്കാറിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്തമാണ്. സര്‍ക്കാര്‍ അക്കാര്യത്തില്‍ വിമുഖത കാണിക്കുകയാണെങ്കില്‍ കൂടി അക്കാര്യം ഏറ്റെടുക്കേണ്ടത് സമുദായത്തിന് രാഷ്ട്രീയമായി നേതൃത്വം നല്കുന്നവരാണ്. സമുദായത്തിന് രാഷ്ട്രീയമായി നേതൃത്വം നല്കുന്നവര്‍ ഇല്ലാതിരിക്കുമ്പോള്‍ പരിഹാരങ്ങള്‍ നീണ്ടു പോകും.

മുസ്‌ലിംകളെ വൈകാരികമായി മാത്രം നയിക്കുന്ന മൗലാനമാര്‍ ഉത്തരേന്ത്യയില്‍ എമ്പാടുമുണ്ട്. കേരളത്തിലും അത്തരക്കാര്‍ കുറവല്ല. എന്നാല്‍ മൗലാനമാരുടെ തിട്ടൂരങ്ങളെ അവഗണിച്ചു കൊണ്ട് മുന്നേറാന്‍ കെല്പുള്ള രാഷ്ട്രീയ നേതൃത്വം കേരളത്തിലുണ്ട്. അതിനാല്‍ കേരള മുസ്‌ലിംകള്‍ ദുര്‍ബലരായിട്ടില്ല. സമുദായത്തിന് നേതൃത്വം നല്‍കേണ്ടത് മൗലാനമാരല്ല. ധിഷണാശാലികളും, നിയമബോധമുള്ളവരുമായ രാഷ്ട്രീയനേതൃത്വമാണ് സമുദായത്തെ മുന്നോട്ട് നയിക്കേണ്ടത്. ഓരോ തെരഞ്ഞെടുപ്പിലും ഓരോ മുന്നണിക്ക് വോട്ട് ചെയ്യുന്ന വോട്ട് ബാങ്ക് രാഷ്ട്രീയം ഒന്നിനുമുള്ള പ്രതിവിധിയല്ല. സ്വന്തമായ രാഷ്ട്രീയനേതൃത്വവും, അത് രൂപപ്പെടുത്തുന്ന മുന്നണി ബന്ധങ്ങളും അതിലൂടെ സാധ്യമാകുന്ന അവകാശസംരക്ഷണവുമാണ് രാജ്യത്തെ മുസ്‌ലിംകള്‍ക്ക് മുന്നിലുള്ള രാഷ്ട്രീയ വഴി. അതല്ലാത്ത എല്ലാ വഴികളും പരിഹാരങ്ങളില്ലാതെ അവസാനിക്കും.

ബാബരി മസ്ജിദ് കേവലം ഒരു പള്ളിയായിരുന്നില്ല. അതൊരു പ്രതീകമായിരുന്നു. ആ പള്ളി തര്‍ക്കപ്പെട്ടിരിക്കുന്നു. ഇനി ഒരു പള്ളിയും തകര്‍ക്കപ്പെടാതിരിക്കണം. അതിനുള്ള വഴികളെ കുറിച്ചാണ് ആലോചനകള്‍ ഉണ്ടാകേണ്ടത്. ഇന്ത്യ വിഭജിക്കപ്പെടുകയും ന്യൂനപക്ഷങ്ങള്‍ കടുത്ത അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്ത സമയത്താണ് അഭിമാനകരമായ അസ്ഥിത്വം എന്ന മുദ്രാവാക്യം ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് മുന്നോട്ട് വെച്ചത്. ഓരോ പ്രദേശത്തും രാഷ്ട്രീയമായി സംഘാടനത്തിലൂടെ അന്തസ്സാര്‍ന്ന നിലനില്പ്പ് ഉറപ്പു വരുത്തുന്നതോടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ സ്വാഭാവികമായും പരിഹരിക്കപ്പെടും എന്നാണ് 1948 മാര്‍ച്ച് 10ന് മദ്രാസിലെ രാജാജി ഹാളില്‍ വെച്ച് മുഹമ്മദ് ഇസ്മായില്‍ പറഞ്ഞു വെച്ചത്. മുഹമ്മദ് ഇസ്മായില്‍ പറഞ്ഞത് അന്ന് അവഗണിച്ചതാണ് ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ക്ക് പറ്റിയ തെറ്റ്. ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ സംഘാടനം ആപത്താണെന്നാണ് അബുല്‍കലാം ആസാദിനെ പോലെയുള്ള അന്നത്തെ ദേശീയ മുസ്‌ലിംകള്‍ സമുദായത്തെ തെറ്റിദ്ധരിപ്പിച്ചത്. സ്വാര്‍ത്ഥരായ ദേശീയ മുസ്‌ലിംകളുടെ കാലം കഴിഞ്ഞു. അവര്‍ക്ക് പിന്‍മുറക്കാരുണ്ടായില്ല. അവരുടെ വാക്കുകള്‍ക്ക് ചെവിയോര്‍ത്ത സമുദായം പില്‍ക്കാലത്ത് നേതൃശൂന്യരായി. അപ്പോഴും ന്യൂനപക്ഷങ്ങളുടെ അന്തസ്സാര്‍ന്ന നിലനില്‍പ്പിനെ കുറിച്ചുള്ള ഖാഇദെമില്ലത്തിന്റെ വാക്കുകള്‍ക്ക് വിലകല്പിച്ച ജനത ദക്ഷിണേന്ത്യയില്‍ അഭിമാനത്തോടെ ജീവിക്കുന്നുണ്ട്.

അന്തസ്സാര്‍ന്ന നിലനില്പ്പിന്റെയും, രാഷ്ട്രീയ സംഘാടനത്തിന്റെയും അഭാവത്തെ കുറിച്ചാണ് വര്‍ത്തമാനകാല വിധികള്‍ ഇന്ത്യന്‍ മുസ്‌ലിംകളെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *