ടി റിയാസ് മോന്‍
ബാബരി മസ്ജിദ് തര്‍ക്കഭൂമിയാകുകയും പിന്നീടത് രാമജന്മഭൂമിയാകുകയും ചെയ്തു. ഇനിയത് രാമക്ഷേത്രമാകുകയാണ്. ബാബരി മസ്ജിദ് നിലനിന്ന ഭൂമിയാണ് ശ്രീരാമന്‍ ജനിച്ച അയോധ്യ എന്ന ബ്രിട്ടീഷ് എഴുത്തുകാരുടെ കെട്ടുകഥകളില്‍ നിന്നാണ് വിവാദങ്ങളുടെ ആരംഭം. അയോധ്യയും, ശ്രീരാമനും വിശ്വാസത്തിന്റെ ഭാഗമാണ്. അതിനെ ചോദ്യം ചെയ്യാനാവില്ല. അയോധ്യ നിലനിന്ന ഭൂമി ഇതു തന്നെ ആണോ എന്നത് മാത്രമാണ് ചോദ്യം. ‘അയോധ്യ’ എന്നാല്‍ ‘യുദ്ധമില്ലാത്ത ഇടം’ എന്നര്‍ഥം. അയോധ്യയുടെ പേരില്‍ ഒരു നൂറ്റാണ്ട് കാലത്തോളമായി ഇന്ത്യയില്‍ ആഭ്യന്തര യുദ്ധത്തോളം എത്തുന്ന കലാപങ്ങള്‍ പല പ്രദേശങ്ങളിലുമുണ്ടായി. ഇതാ ഈ കിടക്കുന്ന ഭൂപ്രദേശമാണ് ഇതിഹാസങ്ങളിലെ അയോധ്യയെന്ന് പറയുക വഴി ചരിത്രത്തിന്റെ ഉത്ഖനനമല്ല ബ്രിട്ടീഷുകാര്‍ ആഗ്രഹിച്ചത്. മറിച്ച് ഹിന്ദു- മുസ്‌ലിം കലാപമായിരുന്നു. ആ കലാപത്തിലൂടെ രാഷ്ട്രീയ അധികാരം നിലനിര്‍ത്താന്‍ ബ്രിട്ടണ്‍ ആഗ്രഹിച്ചു. അയോധ്യ അധികാരത്തിലേക്കുള്ള കുറുക്കുവഴിയാണ്.
1992 ഡിസംബര്‍ ആറിന് എന്ത് കൊണ്ട് ബാബരി മസ്ജിദ് തകര്‍ന്നു എന്ന ചോദ്യത്തിന് നിരവധി ഉത്തരങ്ങളുണ്ട്. സംഘ്പരിവാറിന് അവരുടേതായ ഉത്തരമുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാകതയില്ലാത്ത ഉത്തരം തന്നെ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡും, രാജ്യത്തെ ഒട്ടുമിക്ക മുസ്‌ലിം സംഘടനകളും ആവര്‍ത്തിച്ച് ഉരുവിട്ടു കൊണ്ടിരിക്കുകയാണ്. എന്നാല്‍ മുസ്‌ലിം ലീഗിന് അക്കാര്യത്തിലുള്ള ഉത്തരം മറ്റൊന്നാണ്. മുസ്‌ലിം ലീഗ് ഉയര്‍ത്തിപ്പിടിച്ച നിലപാടുകളുടെ അടിസ്ഥാനത്തില്‍ അതിനെ വിശകലനം ചെയ്യുമ്പോഴാണ് രാജ്യത്തെ മുസ്‌ലിം സാമാന്യവികാരത്തില്‍ നിന്ന് വ്യത്യസ്തമായി മുസ്‌ലിം ലീഗ് ഉയര്‍ത്തിപ്പിടിച്ച നിലപാട് ബോധ്യമാകൂ.
1980കള്‍ വരെ അയോധ്യ യു പിയിലെ ഫൈസാബാദ് ജില്ലയുടെ മാത്രം തലവേദന ആയിരുന്നു. ഏറിയാല്‍ അത് ഉത്തര്‍പ്രദേശിന്റെ വിഷയമായിരുന്നു. അതൊരു ദേശീയ വിഷയമായി മാറിയിട്ട് ഉണ്ടായിരുന്നില്ല. വിശ്വഹിന്ദു പരിഷത്ത് എന്ന സംഘടന രൂപീകരിക്കപ്പെടുകയും 1980കളില്‍ ആ സംഘടന രാമജന്മഭൂമി പ്രശ്‌നം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് അതൊരു ദേശീയ വിഷയമായി മാറുന്നത്. ‘അതോടെ അതൊരു വസ്തുവിന്റെ ഉടമസ്ഥതാ പ്രശ്‌നം എന്ന സിവില്‍ നിയമ പ്രശ്‌നത്തില്‍ നിന്ന് വളര്‍ന്ന് ശ്രീരാമനും, ശ്രീരാമഭക്തകരും രാജ്യത്തിന്റെ നിയമവ്യവസ്ഥയും തമ്മിലുളള ക്രിമിനല്‍ പ്രശ്‌നമായി മാറി. പള്ളിയുടെ ഉടമകളായ മുസ്‌ലിംകള്‍ക്ക് സത്യത്തില്‍ ഈ മാറ്റം ഉത്തരവാദിത്തം കുറക്കേണ്ടതായിരുന്നു. രാജ്യം ഈ പ്രശ്‌നം ഏറ്റെടുക്കേണ്ടതായിരുന്നു. എന്നാല്‍ യു പിയില്‍ പ്രത്യേകിച്ചും പൊതുവായി രാജ്യത്തും മുസ്‌ലിംകള്‍ക്കു രാഷ്ട്രീയ മേല്‍വിലാസമില്ലാത്ത ഒറ്റക്കാരണത്താല്‍ അഞ്ഞൂറ് വര്‍ഷം പ്രാര്‍ഥന നടന്ന ആ പള്ളി തകര്‍ക്കപ്പെടുകയും ഒരഞ്ഞൂറ് വര്‍ഷം കൂടി കഴിഞ്ഞാല്‍ പോലും ഭേദമാകാത്ത വിധം മുസ്‌ലിംകളുടെ ആത്മാഭിമാനത്തിന് ക്ഷതം ഏല്‍ക്കുകയും ചെയ്തു.’ (എം ഐ തങ്ങള്‍, ന്യൂനപക്ഷ രാഷ്ട്രീയം: ദര്‍ശനവും ദൗത്യവും).
ബാബരി മസ്ജിദ് കേവലം സിവില്‍ തര്‍ക്കം എന്ന നിലയില്‍ കാണേണ്ടതായിരുന്നു. അക്കാര്യത്തില്‍ ഉത്തര്‍പ്രദേശിലെ മുസ്ലിം നേതൃത്വം പരാജയപ്പെട്ടു. പിന്നെ അതൊരു ക്രിമിനല്‍ കേസ് എന്ന നിലയില്‍ കാണേണ്ടതായിരുന്നു. അപ്പോഴും പരാജയപ്പെട്ടു. ആ പരാജയം തങ്ങള്‍ ‘നേതൃത്വം’ എന്ന വാക്കിന് പോലും അര്‍ഹരാണോ എന്ന് സംശയിക്കപ്പെടും വിധം ദയനീയമായിരുന്നു.
1992 ഡിസംബര്‍ 6 മുസ്‌ലിംകള്‍ക്ക് നല്കിയ പാഠം എന്തായിരുന്നു. അഞ്ച് പതിറ്റാണ്ട് കാലം തലയുയര്‍ത്തി നിന്ന രാഷ്ട്രീയ ഔന്നത്യത്തിന്റെയും, അഭിമാനത്തിന്റെയും ചിഹ്നം നഷ്ടപ്പെട്ടു എന്നത് മാത്രമായിരുന്നോ? അതി വൈകാരികതയില്‍ മുസ്ലിംകള്‍ പ്രതിഷേധിക്കുകയും, അവസരം മുതലെടുത്ത് സംഘ്പരിവാര്‍ രാജ്യത്തങ്ങോളം അഴിഞ്ഞാടുകയും ചെയ്തു. സംഘ്പരിവാറിന്റെ രാഷ്ട്രീയ അജണ്ടകള്‍ വിജയിച്ചു തുടങ്ങി. എന്നാല്‍ കേരളത്തില്‍ ‘സംയമനത്തിന്റെ താരാട്ട് പാട്ട്’ എന്ന് വിമര്‍ശകര്‍ ആക്ഷേപിച്ച നിലപാടാണ് മുസ്‌ലിം ലീഗ് സ്വീകരിച്ചത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ ഉത്തര്‍പ്രദേശ് ഭരിച്ചത് ബി ജെ പിയായിരുന്നു. കേന്ദ്രവും, കേരളവും കോണ്‍ഗ്രസായിരുന്നു ഭരിച്ചത്. രാജ്യം അശാന്തമാകുമ്പോള്‍ ശാന്തമായിരിക്കുന്ന കേരളത്തില്‍ മുസ്‌ലിം ലീഗ് സര്‍ക്കാറില്‍ നിന്ന് ഇറങ്ങിപ്പോന്ന് അശാന്തതയ്ക്ക് ഊര്‍ജ്ജം പകരണമെന്ന മുറവിളികള്‍ വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടായി. ഒന്നിച്ച് ഓരിയിട്ട വൈകാരികജീവികളുടെ കെണിയില്‍ മുസ്‌ലിം ലീഗിന്റെ ദേശീയ അധ്യക്ഷനും, എക്കാലത്തെയും നായകനുമായ ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് വരെ വീണു പോയി. എന്നിട്ടും മുസ്‌ലിം ലീഗ് അതിന്റെ പ്രഖ്യാപിത നിലപാടുമായി മുന്നോട്ട് പോയത് അതിന്‍െ നിസ്സഹായാവസ്ഥ കാരണമല്ല. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര ദാര്‍ഢ്യം കാരണമായിരുന്നു. പരിമിതമായ ഭൂപ്രദേശത്തെങ്കിലും മുസ്‌ലിം സമുദായത്തിന്റെ അന്തസ്സാര്‍ന്ന അതിജീവനം ഉറപ്പ് വരുത്തുകയെന്ന ദൗത്യത്തിന് വേണ്ടി സമുദായ സംരക്ഷണത്തിന്റെ മുള്‍ക്കിരീടം മുസ്‌ലിം ലീഗ് സ്വയം എടുത്തണിയുകയായിരുന്നു. മുസ്‌ലിം ലീഗിന് മാത്രമായി ഒരു നിസ്സഹായാവസ്ഥയും സ്വതന്ത്ര ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. മുസ്‌ലിം സമുദായത്തിന്റെ നിസ്സഹായാവസ്ഥയില്‍ സമുദായത്തെ ചേര്‍ത്ത് പിടിച്ചപ്പോള്‍ ധൈഷണികമായി സ്വീകരിച്ച സഹനത്തെയും, ക്ഷമയെയും എതിരാളികള്‍ നിസ്സഹായാവസ്ഥ എന്ന് വ്യാഖ്യാനിച്ചതാണ്. സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ നവോത്ഥാന കാഴ്ചപ്പാടുകളും, ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായിലിന്റെ രാഷ്ട്രീയ ധൈഷണികതയും സമ്മേളിച്ച പ്രത്യയശാസ്ത്രത്തിന് സമുദായത്തെ വൈകാരികതയിലേക്ക് തള്ളിയിട്ട് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ആശയപരമായി തന്നെ സാധിക്കില്ല.
ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ മുസ്‌ലിം ലീഗ് സ്വീകരിച്ച സംയമനത്തിന് ഒപ്പം നിന്ന് കേരളത്തിലെയും, തമിഴ്‌നാട്ടിലെയും മുസ്‌ലിംകള്‍ ഇപ്പോള്‍ അനുഭവിക്കുന്ന നേട്ടങ്ങളുണ്ട്. ലീഗിനെ തള്ളിപ്പറഞ്ഞ് പരക്കം പാഞ്ഞ മറ്റു പ്രദേശങ്ങളിലെ മുസ്ലിംകള്‍ ഇന്നും അരക്ഷിതാവസ്ഥയില്‍ അലച്ചില്‍ തുടരുകയാണ്. രാമക്ഷേത്ര ശിലാന്യാസഘട്ടത്തിലെ വൈകാരികതയിലും ലീഗ് സ്വീകരിക്കുന്ന രാഷ്ട്രീയ സംയമനം ബലഹീനതയല്ല, ജനതയെ ശാക്തീകരിക്കാനുള്ള തന്ത്രപരമായ സഹനമാണ്. സമുദായത്തിനകത്ത് നിരാശാബോധം വളര്‍ത്താനും, അരാഷ്ട്രീയവത്കരണം ത്വരിതപ്പെടുത്താനും ശ്രമിക്കുന്നവര്‍ മുസ്‌ലിം ലീഗിന്റെ സമീപനം ഒരാവര്‍ത്തി കൂടി വായിക്കണം:
‘ഒന്ന്, രാഷ്ട്രീയത്തിന്റെ തണലും, സഹായവുമില്ലാതെ ഒരു ജനതയ്ക്കും സ്വതന്ത്രമായ നിലനില്‍പ്പ് ഉറപ്പ് വരുത്താനോ, വളര്‍ച്ചയും വികാസവും ഉണ്ടാക്കാനോ സാധ്യമല്ല.
രണ്ട്, പ്രബോധനം ബാധ്യതയായ ഒരു സമൂഹത്തിന് മാന്യവും അന്തസ്സാര്‍ന്നതുമായ നിലനില്‍പ്പ് അവരുടെ ദൗത്യനിര്‍വ്വഹണത്തിന് അനിവാര്യമാണ്.
മൂന്ന്, സമൂഹായി ജീവിക്കുമ്പോള്‍ സമൂഹത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും, പരിഹാരം കാണുന്നതിനും ആഭ്യന്തരമായ ഭിന്നതകള്‍ക്ക് അതീതമായി സമൂഹത്തെ ഒന്നായിക്കാണാന്‍ കഴിവുള്ള ഒരു സംഘടന -കൂട്ടായ്മ അനിവാര്യമാണ്.
നാല്, ശത്രുക്കളില്‍ നിന്ന് സമൂഹത്തെ രക്ഷിക്കുന്നതിന് പ്രതിരോധ സംവിധാനവും അത് ഫലപ്രദമാക്കാന്‍ സമൂഹത്തിന്റെ നിരുപാധികമായ ഐക്യവും അനിവാര്യമാണ്. (എം ഐ തങ്ങള്‍, ന്യൂനപക്ഷ രാഷ്ട്രീയം: ദര്‍ശനവും ദൗത്യവും).
1992 ഡിസംബര്‍ ആറിനും, 2020 ഓഗസ്ത് അഞ്ചിനും ഇടയില്‍ കേരളത്തിലെ മുസ്‌ലിംകള്‍ നേടിയ സാമൂഹ്യവും, സാമ്പത്തികവും, വിദ്യാഭ്യാസപരവും ആയ വളര്‍ച്ച ഒരു സംയമനത്തിന്റെ താരാട്ട് പാട്ടിന്റെ കൂടി പ്രതിഫലനമാണ്. വൈകാരികതയിലേക്ക് എടുത്ത് ചാടാന്‍ ആഹ്വാനം ചെയ്തവര്‍ക്ക് സമുദായത്തെ ഒരിഞ്ചും മുന്നോട്ട് നയിക്കാന്‍ സാധിച്ചില്ല. അതിനാല്‍ തന്നെ മുസ്‌ലിം ലീഗ് ഈ ഘട്ടത്തിലും സംയമനത്തിന്റെ പാത തന്നെ പിന്തുടരും. സംയമനം ലീഗിന്റെ ബലഹീനതയല്ല, പ്രത്യയശാസ്ത്രപരമായ ദൗത്യമാണ്.