കെ എം ശാഫി
ചരിത്രവും, ഐതിഹ്യവും ഇടകലർന്നൊഴുകുന്ന ശ്രാവണ ബെലഗോളയിൽനിന്നാണ് ഞങ്ങൾ ചിക്ക്മംഗ്ളൂരിലേക്കുള്ള യാത്ര തുടങ്ങിയത്.ഗോമതേശ്വര ക്ഷേത്രത്തിലേക്കുള്ള പടികൾ കയറി തളർന്ന കാലുകളോടെ കാറിലിരിക്കുമ്പോൾ സായാഹ്ന കിരണങ്ങൾ ചില്ലുജാലകം തുളച്ച് ഇടക്കിടെ ദേഹത്തെ മുറിവേൽപ്പിക്കുന്നുണ്ട്.പച്ചപുതച്ചു കിടക്കുന്ന കർണ്ണാടയുടെ കാർഷിക സ്ഥലികളായ ചിന്നരായ പട്ടണവും, ഹാസനും, ബേലൂരും കടന്ന് ചിക്ക്മംഗ്ളൂരിലെത്താൻ 120 കിലോമീറ്റർ സഞ്ചരിക്കണം.ഈ യാത്രപോലും കാഴ്ച്ചയുടെ വൈവിധ്യങ്ങൾ പകർന്നുകൊണ്ടേയിരിക്കും.ചരിത്രവും, വർത്തമാനവും കഥ പറയുന്ന വഴിയമ്പലങ്ങൾ താണ്ടുമ്പോൾ മനസ്സ് പൊറുതിമുട്ടിക്കൊണ്ടിരിക്കും.വർത്തമാന ഇന്ത്യൻ രാഷ്ട്രീയം തീർക്കുന്ന അസ്വസ്ഥതകൾ പേറുന്ന സ്ഥലനാമങ്ങളെ വായിക്കുമ്പോൾ.തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ അടയാളങ്ങളിപ്പോഴും ഊർന്ന് തുടങ്ങിയിട്ടില്ല.മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ കൂറ്റൻ കട്ടൗട്ടുകൾ ഞങ്ങളെ നോക്കി അഭിവാദ്യം ചെയ്യുന്നുണ്ട് ഇടക്കിടെ.കർഷക ജനതയുടെ അവകാശസമരങ്ങളിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഔന്നിത്യങ്ങളിലെത്തിയ ദേവഗൗഡയുടെ സ്വന്തം ദേശവും, പഴയ മണ്ഡലവുമൊക്കെയാണ് ഹാസ്സൻ. എന്നാൽ ഇത്തവണ ചെറിയ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ആ വലിയ നേതാവ് ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പിരിമുറുക്കങ്ങൾക്ക് മുമ്പിൽ അടിയറവ് പറഞ്ഞു.ഈ മേഘലകളിലൊക്കെ സമീപകാലങ്ങളിലായി വർഗീയരാഷ്ട്രീയം പടർത്തിയ പുകപടലങ്ങൾ വാർത്തകളിൽ നിറഞ്ഞിരുന്നു.
പട്ടണ പരിധിയോട് ചാരി ബേലൂർ പാതയിലെ നിസർഗ ലോഡ്ജിൽ മുറിയെടുക്കുമ്പോൾ പുറത്ത് മഴ ചാറിത്തുടങ്ങിയിരുന്നു.തോൾസഞ്ചി മുറിയിൽ വെച്ച് നഗരത്തിന്റെ രാത്രി ദൃശ്യങ്ങളിലേക്ക് വെറുതെ നടന്നു.തുള്ളി മുറിഞ്ഞു തുടങ്ങിയ മഴയെ കവച്ചു വെച്ച് ചൂടുള്ള കാപ്പിയുടെ മണം നാസാരന്ധ്രങ്ങളിൽ വന്നലക്കാൻ തുടങ്ങി. കർണാടകയുടെ “കോഫീ ലാൻഡ് “എന്നാണ് ചിക്ക്മംഗ്ളൂര് അറിയപ്പെടുന്നത്. ഇന്ത്യയിലാദ്യം കാപ്പികൃഷി തുടങ്ങിയതും ഇവിടെയാണെന്ന് പറയപ്പെടുന്നു.ഇന്ത്യയിൽ കാപ്പിയുത്പാദനത്തിന്റെ അമ്പത്തിമൂന്ന് ശതമാനവും കർണാടകയുടെ സംഭാവനയാണ്.ലോക മാർക്കറ്റിൽ ഇന്ത്യൻ കാഫീൻ ന് വൻഡിമാന്റാണ് കാരണം അത്രക്ക് അനുയോജ്യമായ കാലാവസ്ഥയിലാണ് ഇവിടെ കാപ്പി കൃഷി ചെയ്യുന്നത്.മുള്ളയനഗിരി മലനിരകളുടെ താഴ് വരയിൽ സ്ഥിതി ചെയ്യുന്ന ചിക്ക്മംഗ്ളൂര് കർണാടകത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.ചരിത്രഭൂദേശങ്ങളും, തീർത്ഥാടന കേന്ദ്രങ്ങളും,സാഹസിക വിനോദയാത്രാകേന്ദ്രങ്ങളും അനവധിയായി പരന്നു കിടക്കുന്നു ചിക്മംഗ്ലൂരിനു ചുറ്റും. കടകളിലൊക്കെ വിളക്കണഞ്ഞു തുടങ്ങിയപ്പോൾ മുറിയിലേക്ക് തന്നെ തിരിഞ്ഞു നടന്നു. വിളക്കുകാലുകളിലെ പാൽവെളിച്ചം വീണ് സജലമായ പാതവക്കുകൾ തിളങ്ങുന്നു.കനം കുറഞ്ഞ ഇരുട്ടിലൂടെ അരിച്ചെത്തുന്ന തണുപ്പ് കാതുകളിൽ ഉമ്മവെക്കാൻ തുടങ്ങവേ പച്ചനിറമാർന്ന ഹൈദരാബാദി ബിരിയാണിയുടെ മയക്കത്തിൽ ബോധം നിദ്രയെ പ്രാപിച്ചു.
വാഹനങ്ങൾ ചീറിപ്പായുന്ന ശബ്ദം പുലർച്ചെയുറക്കിന്റെ അന്തകനായി.ചില്ലുജാലകം തുറന്ന് പുറത്തേക്ക് നോക്കിയപ്പോൾ മഞ്ഞു വീണുകിടക്കുന്ന നഗരക്കാഴ്ച്ച, അകലയൊരു വിളക്കുമരത്തിന്റെ മഞ്ഞവെളിച്ചം മഞ്ഞിനോടിണചേർന്ന് രമിച്ചു കിടക്കുന്നു.തൊട്ടപ്പുറത്തെ കോഫിഷോപ്പിൽ നിന്ന് വീണ്ടും കാപ്പിയുടെ മണം.വാതിലും തുറന്ന് അങ്ങോട്ടിറങ്ങി നടന്നു,ചെറിയ ടെംളറിൽ നേരിയമധുരമിട്ട കടുത്ത കാപ്പി.മൊത്തിക്കുടിക്കുമ്പോൾ ചുറ്റും മഞ്ഞാണ്, ചുണ്ടിൽ കാപ്പിയുടെ ചൂടേറ്റപ്പോൾ തണുപ്പേറ്റ് പൊട്ടിയ വിള്ളലിൽ നേരിയ നീറ്റൽ.നാലുവരിപ്പാതയുടെ നടുവിലെ പൂക്കാത്ത ചെടികളുടെ ഇലത്തുമ്പുകളിൽ ഇറ്റിവീഴാൻ കിതക്കുന്ന ചില്ലുതുള്ളികൾ.അപ്പുറത്തെ ഷെട്ടറിന് മുമ്പിൽ ചന്ദനക്കുറി തേച്ച കറുത്ത മനുഷ്യൻ അരിപ്പൊടിക്കോലമിടുന്നു.എഫ് എം റേഡിയോയുടെ മൂളക്കത്തിനിടയിൽ അയാൾ അമ്പതിന്റെ നോട്ടിന് ബാക്കി തന്നു.ടെംളർ കൊട്ടയിലേക്ക് വലിച്ചെറിഞ് കോണിപ്പടികൾ കയറി.പ്രഭാതം എത്ര പ്രതീക്ഷാനിർഭാരമാണ്, ആ കാഴ്ചകൾക്കും എന്തൊരഴകാണ്. മാറ്റിയൊരുങ്ങി ബാബാ ബുധൻ ഗിരിയിലേക്കുള്ള യാത്രക്ക് തയ്യാറെടുത്തു. സൗഹൃദങ്ങളെ കെട്ടിയൊരുക്കാൻ കുറച്ചധികം നേരം ഭക്ഷണശാലക്ക് മുമ്പിൽ കാത്തിരുന്നു.മുമ്പേ പറഞ്ഞ പോലെ ഇഡ്ലി ദേശീയ ഭക്ഷണം പോലെയാണ്, എവിടേയും, എപ്പോഴും കാഴ്ചപ്പുറത്തുണ്ടാവും.സാമ്പാറിന് തമിഴ്സ്വാദില്ല.
നഗരം ഉണർന്നുതുടങ്ങുന്നേയൊള്ളൂ ഞങ്ങൾ ബാബാ ബുധൻഗിരിയിലേക്ക് യാത്ര തിരിക്കുമ്പോൾ.കോട വീണ് കിടക്കുന്ന വീതിയേറിയ പാതകൾ വിജനമാണ്. സഞ്ചാരികളെ കുത്തിനിറച്ച ബസുകൾ മാത്രം ഇടക്കിടെ ഞങ്ങളെ കടന്നു പോയി.മുമ്പ് ഫെവികോളിന്റെ പരസ്യത്തിൽ കണ്ടപോലെ മേൽക്കൂരയ്ക്ക് മുകളിൽപോലും ആളുകൾ തിങ്ങിയിരിക്കുന്ന വിനോദയാത്രികരുടെ ഒരു ബസ് ഞങ്ങൾക്ക് മുമ്പിൽ ഹെയർപിൻ വളവുകൾ മുരണ്ടു കയറുന്നു.ബാബാ ബുധൻഗിരിയിലേക്കുള്ള വഴിയിലാണ് മുള്ളയന ഗിരി.സമുദ്രനിരപ്പിൽനിന്ന് 6300 അടി ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന കൊടുമുടി.കേട്ടറിഞ്ഞ ഓർമകളിൽ ആലോചിക്കുമ്പോൾ തന്നെ മനസ്സ് കുളിരുന്നു.ഇരു പാർശ്വങ്ങളിലും കാപ്പിത്തോട്ടങ്ങളാൽ സമ്പന്നമായ ഇടുങ്ങിയ പാതയിലൂടെ അങ്ങോട്ടേക്കുള്ള യാത്ര.ഇടക്ക് അകലേക്ക് നോക്കിയാൽ തൂവാല പോലെ പാറിയകലുന്ന കോടമഞ്.ചുരത്തിന്റെ പാതി പിന്നിട്ടാൽ സീതാലയനഗിരിയിലെത്തും. ഒഴിഞ്ഞ ചില കെട്ടിടങ്ങൾ കലാമേല്പിച്ച പോറലുകളോടെ സഞ്ചാരികളെ മുള്ളയന ഗിരിയിലേക്ക് വഴിതിരിച്ച് വിടും.ചിക്മംഗളൂർ നഗരത്തിൽനിന്നുള്ള ഒന്നരമണിക്കൂർ യാത്ര കഴിഞ്ഞിരിക്കുന്നു മുള്ളയന ഗിരിയിൽ ഞങ്ങളിറങ്ങുമ്പോൾ.വായിച്ചും, കേട്ടുമറിഞ്ഞ അളവിൽ കാറ്റും, മഞ്ഞുമൊന്നും ഇക്കുറിയില്ല.എന്നാലും പൃകൃതിയൊരുക്കുന്ന കാഴ്ച്ചയുടെ കേതാരം തന്നെയാണ് ഈ കൊടുമുടി.സഞ്ചാരികളെ കാത്ത് ചില്ലറ കച്ചവടക്കാർ,ഈ തണുപ്പിലും ഐസ്ക്രീം വില്പനക്കാരന്റെ ചുറ്റിലും കുട്ടികളുടെ വട്ടമുണ്ട്.അകലെ കുന്നിൻ മുകളിലുള്ള അമ്പലത്തിലേക്ക് അഞ്ഞൂറിൽ പരം പടിക്കെട്ടുകൾ ചവിട്ടിക്കയറണം. പാദരക്ഷകൾ കാറിലഴിച്ചിട്ട് എപ്പോഴോ പെയ്ത മഴയിൽ കുതിർന്ന മണ്ണിൽ ചവിട്ടിയാണ് ആദ്യം നടന്നത്. പിന്നീടാണറിഞ്ഞത് ഉച്ചിയിലെ ക്ഷേത്രത്തിലേക്ക് കേറുമ്പോൾ മാത്രം ചെരിപ്പൂരിയാൽ മതിയെന്ന്.പടിക്കെട്ടുകളിൽ ഇരുന്നും, കിടന്നുമൊക്കെ തങ്ങളുടെ ചിത്രങ്ങൾ ഒപ്പിയെടുക്കുന്ന ന്യൂജെൻ ചെറുപ്പക്കാർ അവിടെയുമുണ്ട്.ഒരു കൂട്ടം മലയാളി ക്യാമ്പസ് വിനോദയാത്രികർ ഞങ്ങൾക്കും മുമ്പേ മുള്ളയന ഗിരിയിൽ എത്തിയിരുന്നു.അവരോട് വർത്താനം പറഞ്ഞാണ് ഞാൻ മുകളിലെത്തിയത്. അവിടെനിന്നും കണ്ണിലൊതുങ്ങുന്ന കാഴ്ച്ചകൾ അവാച്യമാണ്. കിലോമീറ്ററുകൾ അകലെയുള്ള നഗരദൃശ്യംപോലും പനോരമിക്ക് വ്യൂ പോലെ കണ്ണിൽ കാഴ്ച്ചയുടെ വിരുന്ന് കൂട്ടും.
കാറ്റിലുലയുന്ന മഞ്ഞു കണങ്ങളോട് കിന്നാരം പറഞ്ഞ് നഗ്നപാദനായി ക്ഷേത്രത്തിലേക്കുള്ള കരിങ്കൽ പടവുകൾ കയറി.കാൽവിരലുകളോട് അതിക്രമം കാണിച്ച തണുപ്പ് തലച്ചോറ് വരെ ഇരച്ചു കയറി.ക്ഷേത്രത്തിന് ചുറ്റും കരിങ്കൽഭിത്തിയാൽ സംരക്ഷണവലയമുണ്ട്.അതിനകത്ത് ഗോക്കൾ മേഞ്ഞു നടക്കുന്നു. അവറ്റകൾ പുറംതള്ളുന്ന ചാണകം അന്നേരം തന്നെ വാരിയെടുത്ത് ചുറ്റുമതിലിൽ തേച്ചുപിടിപ്പിക്കുകയാണ് ഒരു മനുഷ്യൻ. തൊട്ട് താഴെ ഗുഹകളിൽ ധ്യാനിച്ചിരുന്ന മുളപ്പ സ്വാമിക്ക് സമർപ്പിച്ച അമ്പലം ചുറ്റിക്കണ്ട് ഒരിടത്ത് കണ്ണടച്ചിരുന്നു.ഏറെ നേരം പ്രകൃതിയുടെ മായികവലയത്തിൽ ബോധാബോധങ്ങളോട് വിടപറഞ്ഞിരുന്നു.മനസ്സ് തണുത്തപ്പോൾ എണീറ്റ് സഹയാത്രികരെ പരതി. മൊബൈൽ ക്യാമറകളുമായി അവരപ്പോഴും പരസ്പരം പോരടിക്കുകയായിരുന്നു,അങ്ങകലെ മറ്റൊരു കുന്നിൻ ചെരിവിൽ അരഞ്ഞാണം പോലെ ചുറ്റിവളഞ്ഞ പാത ബാബാ ബുധൻഗിരിയിലേക്കാണ്.ഗുഹാ മുഖങ്ങളിലേക്ക് പോകാതെ തിരിച്ചിറങ്ങി,ചില കാഴ്ച്ചകൾ ബാക്കി വെക്കണമല്ലോ..,
ഇനി ബാബാ ബുധൻ ഗിരിയിലേക്ക്,മുള്ളയന ഗിരിയിൽനിന്ന് പതിനാല് കിലോമീറ്റർ ദൂരമേയുള്ളൂ ബാബാ ബുധൻഗിരി ദർഗയിലേക്ക്.വീതികുറഞ്ഞ കറുത്ത പാതയിലൂടെ തീർത്ഥാടകരുടെ ഒഴുക്കാണ്.കർണാടകയുടെ നാനാ ദിക്കിൽനിന്നും, ആൻഡ്രയുടെയും, മഹാരാഷ്ട്രയുടെയും വിവിധ കോണുകളിൽനിന്നും ലോറികളിൽ പോലും താത്കാലിക മേൽക്കൂര കെട്ടി അവദൂദന്റെ സമാധിയിലേക്ക് തീർത്ഥാടകർ വന്നുകൊണ്ടേയിരുന്നു.കുടുംബത്തോടെ പുറപ്പെട്ടവർ വഴിവക്കുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് ഭക്ഷണം പാകം ചെയ്യുന്നു, കുട്ടികളെ മുലയൂട്ടുന്നു,വസ്ത്രമലക്കുന്നു, കുളിക്കുന്നു.അങ്ങോട്ടുള്ള വഴിനീളെ കാഴ്ച്ചകളുടെ കളിയാട്ടമാണ്.വ്യൂ പോയിന്റുകൾ, തടാകങ്ങൾ, മാമരങ്ങൾ, സുന്ദരമായ കാപ്പിത്തോട്ടങ്ങൾ, മലമടക്കുകൾ. ഇടക്കൊരു വെള്ളച്ചാട്ടത്തിന് മുമ്പിൽ ഞങ്ങളിറങ്ങി. നുരഞ്ഞു പതയുന്ന ജലമർമരം കേട്ട് ഇത്തിരി നേരം.പുൽമേടുകൾക്കിടയിലൂടെ ഇടുങ്ങിയ വഴികൾ താണ്ടി മനുഷ്യ ജീവനുകൾ കുത്തിനിറച്ച വാഹനങ്ങൾ അരിച്ചു നീങ്ങുന്നു. പെരുന്നാള് കഴിഞ്ഞുള്ള രണ്ടാം ദിവസമായത്കൊണ്ടാണത്രെ ഇത്ര തിരക്ക്.മണിക്കൂറുകളെടുത്തു ദർഗക്കരികിലെ തടാകക്കരയിലെത്താൻ.വാഹനം പാർക്ക് ചെയ്യാനുള്ള ഇടം തേടി ഒത്തിരി നേരം.ദർഗയിലേക്കുള്ള വഴികളും, പരിസരവും ജനനിബിഡമാണ്. വിശ്വാസങ്ങളുടെ ആത്മീയ ലഹരി പിടിച്ചവർ ദർഗയിലർപ്പിക്കാനുള്ള പൂക്കളും, സാബ്രാണിത്തിരികളുമായി നീളമേറിയ വരികളിൽ ഊഴം കാത്തു നിൽക്കുന്നു.വെറുംകയ്യോടെ ഞാനും അവരിലൊരാളായി.മുന്നൂറോളം മീറ്റർ താഴെ ഗുഹക്കകത്തുള്ള ദർഗയിലേക്ക് കമ്പിക്കൂട്ടിനകത്തുകൂടെ കടന്നു പോണം.പണ്ട് സിനിമാ ടാക്കീസിലെ ടിക്കറ്റ് കൗണ്ടറുകൾക്ക് മുമ്പിൽ ഇങ്ങനെയായിരുന്നു.മറ്റൊരു അസ്വസ്ഥതയുടെ പരിണിതിയാണിത്.ഹിന്ദു, മുസ്ലിം മതവിശ്വാസികൾ ഒരുപോലെ തീർത്ഥാടനം നടത്തിയിരുന്ന പുണ്യസ്ഥലിയായിരുന്നു ബാബാ ബുധൻഗിരി.വർഷങ്ങൾക്ക് മുമ്പ് അവിടേയും ഫാസിസ്റ്റുകൾ സ്പർദ്ധയുണ്ടാക്കി.
ഇന്ത്യയുടെ സമ്മിശ്രസംസ്കാരത്തിന്റെ അടയാളകേന്ദ്രമായിരുന്നു ബാബാ ബുധൻഗിരി.ബാബാ ബുധൻ എന്നും ഗുരു ദത്താത്രേയ എന്നും അറിയപ്പെടുന്ന സൂഫിവര്യനായ ദാദാ ഹയാത്ത് മിർ കലന്തറിന്റെ വാസസ്ഥലമായിരുന്നു സമുദ്ര നിരപ്പിൽനിന്ന് ആറായിരം അടി ഉയരത്തിലുള്ള സദാ കാറ്റും, കോളും, മഞ്ഞും നിറയുന്ന ഈ ഗിരിശ്രിൻഘങ്ങൾ.ഹിന്ദുക്കളും, മുസ്ലിങ്ങളും ഒരുപോലെ പുണ്യകേന്ദ്രമായി ഇന്നും കരുതുന്ന ഭൂപ്രദേശം. തർക്കങ്ങളേതുമില്ലാതെ നാനാജാതി മതസ്ഥർ തീർത്ഥാടകാരായെത്തുന്ന പുണ്യസ്ഥലി.പ്രവാചകൻ മുഹമ്മദിന്റെ ശിഷ്യനായിരുന്നു ദാദാ ഹയാത്ത് മിർ കലന്തറെന്നും മത പ്രബോധനത്തിനായി ലോകം പരന്നൊഴുകിയ ശിഷ്യരുടെ കൂട്ടത്തിൽ അദ്ദേഹം ഇവിടെയാണെത്തിയതെന്നുമാണ് ഐതിഹ്യം.ബാബയാണ് ഇന്ത്യയിൽ കാപ്പിക്കൃഷിക്ക് നാന്ദി കുറിച്ചെതെന്നാണ് പറയപ്പെടുന്നത്. യമനിൽനിന്നും കൊണ്ടുവന്ന കാപ്പിക്കുരു ചിക്ക്മംഗ്ലൂരിന്റെ മലനിരകളെ സമൃദ്ധിയിലേക്ക് വഴിതെളിച്ചു.ഭൂജന്മികളാൽ ക്രൂശിക്കപ്പെട്ടുകൊണ്ടിരുന്ന തൊഴിലാളി വർഗ്ഗത്തേയും, സാധാരണക്കാരെയും സൂഫിവര്യനായിരുന്ന ബാബ സമരസജ്ജരാക്കി.പ്രഭുവർഗ്ഗത്തിന്റെ തോന്ന്യാസങ്ങൾക്കെതിരെ മിർ കലന്തറിന്റെ പോരാട്ടം അദ്ദേഹത്തെ സർവ്വാദരണീയനാക്കി. ജാതി, മത വൈജാത്യങ്ങൾക്കപ്പുറത്ത് ബാബ ആരധ്യപാത്രമായി മാറിയെന്നാണ് ചരിത്രം. അദ്ദേഹത്തിന്റെ കാലശേഷം തങ്ങളുടേതായ വിശ്വാസാചാരങ്ങളോടെ അവിടത്തെ ജനത ബാബയെ പരിഗണിച്ചുപോന്നു.മഹാ വിഷ്ണുവിന്റെ അവസാന അവതാരമായ ദത്താത്രേയയുടെ പ്രതിപുരുഷനാണ് ബാബയെന്ന് വിശ്വസിക്കുന്ന ഹിന്ദുക്കൾ ബാബാ ബുധൻഗിരിയെ ദത്താത്രേയ പീഠമായി കരുതിപ്പോന്നു.കലഹങ്ങളേതുമില്ലാതെ ദർഗയിലും, ദത്താത്രേയ പീഠത്തിലും ഹിന്ദുവും മുസ്ലിമും ഒരുമിച്ച് ദർശനം നടത്തി.രണ്ടിന്റേയും നടത്തിപ്പവകാശം പാരമ്പര്യമായി കൈമാറി വന്ന മുസ്ലിം കുടുംബത്തിലായിരുന്നു. 1970കൾക്ക് ശേഷമാണ് ഇവിടെ ചില അസ്വസ്ഥതകൾ മുളക്കാൻ തുടങ്ങിയതത്രെ.വിശ്വഹിന്ദു പരിഷത്തിന്റെ ആസൂത്രിതമായ നുണപ്രചാരങ്ങൾ മഹിതമായൊരു വൈവിധ്യസംസ്കാരത്തിന്റെ ആണിക്കല്ലിളക്കാൻ ഹേതുവായി.ഈ സ്ഥലം ദത്തപീഠം ആയിരുന്നെന്നും ഇന്ത്യ ഭരിച്ച മുസ്ലിം രാജാക്കന്മാർ അതിനെ പിടിച്ചെടുത്ത് ദർഗയാക്കുകയായിരുന്നെന്നും അവർ കല്ലുവെച്ച നുണ പ്രചരിപ്പിച്ചു.ശേഷം വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ ബാബാ ബുധൻഗിരിയിലേക്ക് ഹിന്ദുക്കളുടേതെന്ന പേരിൽ ഘോഷയാത്ര നടത്തി. അതിന് ശേഷമാണ് ഇവിടെ ഹിന്ദുക്കൾക്കും, മുസ്ലിങ്ങൾക്കും പ്രതേകമായ സന്ദർശന സ്ഥലമാക്കിയതും കമ്പിവേലികൾ കെട്ടി തിരിച്ചതും. 1990കൾക്ക് ശേഷം എല്ലാ വർഷവും സംഘ് പരിവാർ നേതൃത്വത്തിൽ ഇവിടെ ദത്തു പീഠം ആഘോഷം അരങ്ങേറുന്നു. ബാബാ ബുധൻ ഗിരി പിടിച്ചെടുത്ത് ഹിന്ദുക്ഷേത്രം മാത്രമാക്കി മാറ്റാനുള്ള കപട ഹിന്ദുത്വ വാദികളുടെ ശ്രമങ്ങൾക്കെതിരെ രാഷ്ട്രീയ, സാംസ്കാരിക, ജനകീയ പ്രതിരോധങ്ങൾക്ക് പ്രദേശത്തെ ജനത തുടക്കം കുറിച്ചു.പൗരാവകാശ സംഘടനകളടക്കം ആ സമരത്തിൽ പങ്കാളികളായി. ഫാസിസ്റ്റ് വെടിയുണ്ടകൾക്കിരയായ ഗൗരി ലങ്കേഷിന്റെ പൊളിറ്റിക്കൽ ആക്ടിവിസത്തിന്റെ തുടക്കം ബാബാ ബുധൻ ഗിരിയിലെ പ്രധിരോധസമരത്തിലൂടെയായിരുന്നു.നീലച്ഛായം പൂശിയ ഭീമൻ കമ്പിക്കൂടിനുള്ളിലൂടെ താഴേക്ക് പടികളിറങ്ങുമ്പോൾ മനസ്സ് അസ്വസ്ഥമായിരുന്നു.ആൺപെൺ വിത്യാസമില്ലാതെ, മത ജാതി വൈജാത്യമറിയാതെ ഇപ്പോഴും ബാബയുടെ ദർഗയിലേക്കൊഴുകിയെത്തിയ ആയിരങ്ങൾ ഒരേ മനസ്സോടെ ഈ കമ്പി വേലിക്കകത്ത്.അസ്വസ്ഥതയുടെ ഒരു തരിപോലും അവരുടെ മുഖത്തില്ല, ആത്മീയ വെളിച്ചം മാത്രം പ്രസരിക്കുന്നു ആ തിക്കിമുട്ടലുകൾക്കിടയിലും.ഗുഹക്കകത്തേക്കുള്ള വിശാലമല്ലാത്ത പ്രവേശന കവാടത്തിൽ ഒരു പോലീസുകാരൻ മൊബൈലിൽ ആഴ്ന്നിറങ്ങിയിരിപ്പുണ്ട്.ചിലർ അപ്പുറത്തെ പൂജാ സ്ഥലത്ത് പോയി തേങ്ങ എറിഞ്ഞുടക്കുന്നു.ഗുഹക്കകത്ത് ആരുടെയൊക്കെയോ ശവകുടീരങ്ങളുണ്ട്. വിശാലമായ ഗുഹാന്തരം സൂചികുത്താനിടമില്ലാത്ത വിധം മനുഷ്യസാന്നിധ്യം കൊണ്ട് നിറഞ്ഞിരിക്കുന്നു.സമാധികളിൽ പൂക്കളർപ്പിച്ച് കരയുന്നുണ്ട് ചിലർ, മേൽക്കൂരയിലെ പാറപ്പൊത്തുകളിൽ നാണയങ്ങൾ തിരുകിവെക്കാൻ വെമ്പൽ കൊള്ളുകയാണ് മറ്റുചിലർ.ഗുഹക്കത്ത് എവിടെന്നൊക്കെയോ വെള്ളം കിനിഞ്ഞിറങ്ങുന്നുണ്ട്. ആ ജലം കുപ്പികളിൽ ശേഖരിക്കാൻ തിരക്ക് കൂട്ടുകയാണ് തീർത്ഥാടകർ.ചിലരാകട്ടെ ഗുഹക്കകത്തെ മണ്ണ് ചുരണ്ടിയെടുക്കാനുള്ള തത്രപ്പാടിലാണ്. വേഗം വേഗം കടന്നുപോകാൻ കാവൽക്കാർ ഒച്ചയിട്ടുകൊണ്ടേയിരുന്നു.സ്ത്രീകളുടെയും, കുട്ടികളുടെയും കലപിലകൾക്കിടയിലൂടെ നിർവികാരനായി നടന്നു.ശരീരം പോലെ ആതാമാവിലും തണുപ്പ് പടരുന്നത് അറിയുന്നുണ്ട്. ആചാരങ്ങളുടെ കുത്തിയൊഴുക്കിൽ ആത്മീയത പടിയിറങ്ങുന്ന കാഴച്ചയാണോ ഞാൻ കണ്ടുകൊണ്ടിരിക്കുന്നത്…? ഒരുൾവിളി പോലെ എന്നിലൊരു ചോദ്യം. അല്ല, മനസിന്റെ ശാന്തിയും, സ്വാതന്ത്ര്യവുമാണ് ആത്മീയത. ഇവിടെ മനുഷ്യർക്ക് കിട്ടിക്കൊണ്ടിരിക്കുന്നതും അലൗകികമായ ആ കുളിര് തന്നെയാണ്.ജലം കൊണ്ട് നനഞ്ഞ കാൽപാദങ്ങളിലൂടെ ജന്മാന്തരങ്ങളിലേക്ക് പടരുന്ന ആത്മീയകുളിര് വരിഞ്ഞു മുറുകുകയാണെന്നിൽ. പുറത്ത് കടന്നപ്പോൾ നല്ല പകൽ വെളിച്ചത്തിലും ചുറ്റിലും ഇരുട്ട് പരന്ന പോലെ. പടവുകൾ കയറുമ്പോഴും ശാന്തിയുടെ തണുപ്പും, സാംബ്രാണിയുടെ മണവും കൂടെയുണ്ടായിരുന്നു.കച്ചവട ബഹളങ്ങൾക്കിടയിലൂടെ വീണ്ടും തടാകത്തിന്റെ കരയിലേക്ക്. അപ്പുറത്ത് കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നു. ഒട്ടിയ വയറുമായി ഒരു പെൺകുട്ടി മുമ്പിൽ വന്ന് കൈനീട്ടി.ഈർഷ്യയോടെ തിരിഞ്ഞു നടന്നു, പിന്നെ അവളുടെ പിന്നാലെയോടി പോക്കറ്റിലുള്ളത് നീട്ടിയപ്പോൾ പത്ത് രൂപമാത്രമെടുത്ത് അവൾ നടന്നകന്നു. കീറിപ്പറിഞ്ഞ അവളുടെ നീലപ്പാവാടയിലേക്ക് നോക്കിനിൽക്കുമ്പോൾ തോറ്റവന്റെ മനോഗതിയിലായിരുന്നു ഞാൻ.