ഏയ് ഓട്ടോയിൽ നിന്ന് പറക്കും തളികയിലേക്ക്

മുഖ്താര്‍ പുതുപ്പറമ്പ് / ഹുസൈന്‍ കെ.പി

വേണു നാഗവള്ളി സംവിധാനം ചെയ്ത ഏയ് ഓട്ടോ എന്ന ജനപ്രിയ സിനിമയിൽ മോഹൻലാലിന്‍റെ നായകൻ ഓട്ടോയിലിരുന്ന് ആകാശത്തിലേക്കു പറത്തുന്നുണ്ട് തന്‍റെ സ്വപ്നങ്ങളെ.
ഇവിടെ മലബാറിലെ അത്രയൊന്നും ഐടിഫ്രണ്ട് ലിയല്ലാത്തൊരു ഗ്രാമത്തിലിരുന്ന് ഏയ് ഓട്ടോ എന്ന ആപ്പിലൂടെ വളർച്ചയുടെ ആകാശം തൊടുകയാണ് ഹുസൈൻ എന്ന ചെറുപ്പക്കാരൻ.
ടെലികോം മേഖലയില്‍ പരിചയ സമ്പന്നനായ ഹുസൈന്‍ കെ.പി എന്ന കാഞ്ഞങ്ങാട് കൊളവയലിലുള്ള ചെറുപ്പക്കാരന്‍റെ വേറിട്ടൊരു ചിന്തയാണ് ഏയ് ഓട്ടോ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിന് തുടക്കം കുറിച്ചത്. സംരംഭകനാവുക എന്നത് പുതിയ കാലത്ത് അസാധാരണമല്ല. എന്നാല്‍ ലോകമറിയുന്ന സംരംഭകനാവുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ആ സ്വപ്നത്തിലേക്കുള്ള യാത്രയിലാണ് ഈ യുവ ബിസിനസുകാരന്‍.
മാംഗ്ലൂരിലുള്ള പിഎ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് ആദ്യബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്ന ഹുസൈന്‍ കെ.പി ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ഡിഗ്രിയും, ഓപ്പറേഷന്‍സ് മാനേജ്‌മെന്റില്‍ എംബിഎയും പൂര്‍ത്തിയാക്കി 2005 ല്‍ ബാംഗ്ലൂരില്‍ യൂണിവേഴ്‌സല്‍ ടെലികോം എന്ന ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയില്‍ തന്റെ കരിയറിന് തുടക്കം കുറിച്ചു. ജോലിയുടെ ഭാഗമായി രാജ്യത്തിന്‍റെ പല ഭാഗങ്ങളിലേക്കും നിരവധി യാത്രകള്‍ പോകേണ്ടി വന്നത് ജീവിതത്തിന്റെ വിവിധ വശങ്ങളെക്കിറിച്ച് പഠിക്കാന്‍ ഹുസൈനെ പ്രാപ്തനാക്കി.പിന്നീടുള്ള ഈ യാത്രകളാണ് ജീവിതത്തില്‍ വിവിധ മുഖങ്ങളെ പരിചയപ്പെടാനും തന്റെ ആശയങ്ങളെ വളര്‍ത്തിയെടുക്കാനും അദ്ദേഹത്തിന് പ്രേരണയായത്.
അഹമ്മദാബാദ്, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, മുബൈ പോലുള്ള ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ എന്തുകൊണ്ട് നമ്മുടെ നാട്ടില്‍ വരുന്നില്ല അല്ലെങ്കില്‍ എന്തുകൊണ്ട് അത് നടപ്പിലാക്കികൂടാ എന്നു ചിന്തിക്കാന്‍ തുടങ്ങിയത് അക്കാലത്താണ്. ബാംഗ്ലൂരിലെ ഒരു ടെലികോം കമ്പനിയില്‍ ഒരു വര്‍ഷത്തെ സേവനം മതിയാക്കിയ ഹുസൈന്‍ ടെലസ് നെറ്റ്‌വര്‍ക്ക് എന്ന പേരില്‍ സ്വന്തമായി ഒരു സ്ഥാപനത്തിന് തുടക്കംകുറിച്ചു. കമ്പനി ബാംഗ്ലൂര്‍ ആസ്ഥാനമാണെങ്കിലും ഇന്ത്യയൊ‍ട്ടുക്കുമുള്ള ടെലികോം രംഗത്തെ ജോലികള്‍ ഏറ്റെടുത്തിരുന്നു. സോഫ്റ്റ് വെയര്‍ ജോലികളില്‍ നിന്ന് ടെലികോം രംഗത്തെ നിര്‍മ്മാണ മേഖലയിലേക്ക് കമ്പനി കൈവെച്ചു തുടങ്ങി. ഐഡിയ,റിലയന്‍സ്, ജിയോ, ബിഎസ്എന്‍എല്‍, എയര്‍ടെല്‍ തുടങ്ങിയ വന്‍കിടക്കാരുടെ നിര്‍മ്മാണ ജോലികള്‍ ഏറ്റെടുക്കാന്‍ ധൈര്യം കാണിച്ചത് ബിസിനസ് രംഗത്ത് കരുത്ത്‌ നല്‍കി.
പറഞ്ഞ സമയത്തിനുള്ളില്‍തന്നെ പ്രൊജക്ടുകള്‍ തീര്‍ക്കാന്‍ സാധിച്ചത് ടെലസ് നെറ്റ് വര്‍ക്ക് കമ്പനിയുടെ ഇമേജ് വര്‍ധിപ്പിച്ചു. ഇതിനിടയില്‍ പുതിയ സംരംഭങ്ങളെക്കുറിച്ചുള്ള പഠനം തുടങ്ങിയ ഹുസൈന്‍ “ഏയ് ഓട്ടോ” എന്ന ഓണ്‍ലൈന്‍ സംരംഭം തുടങ്ങുവാനുള്ള തീരുമാനത്തിലെത്തുകയും 2019ല്‍ അതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ആപ്പിന്റെ കാര്യങ്ങളുമായി മുന്നോട്ട് പോവുകയും ചെയ്തു. ഇന്ന് ഓണ്‍ലൈന്‍ ആപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാനേജിംഗ് ഡയറക്ടറായ ഹുസൈന്റെ കൂടെ ഡയറക്ടര്‍മാരായി യൂസുഫ് ഫഹദ് , അന്‍സാര്‍ കെ.പി, ഹഫീസുള്ള കെ.വി എന്നിവരും ഉണ്ട്.

ഹുസൈനുമായുള്ള അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:

എങ്ങിനെയാണ് “ഏയ് ഓട്ടോ” എന്ന ആശയത്തിന് ജീവന്‍ നല്‍കിയത് ?
ആദ്യമായി ‍‍ടെലസ് മൊബിലിറ്റി സൊലൂഷ്യന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് രൂപം നല്‍കി. ആപ്പ് പുറത്തിറക്കുന്നതിന്‍റെ പിന്നില്‍ ഏകദേശം ഒരു വര്‍ഷത്തെ കൃത്യമായ പ്ലാനിംഗ് ഉണ്ട്. നിരവധി തവണ ടെസ്റ്റ് ചെയ്തു വിജയിച്ചതിന് ശേഷമാണ് ഇത് മാര്‍ക്കറ്റിലിറങ്ങുന്നത്. ഊബര്‍, ഒലെ, ജുഗുനു പോലുള്ള നിരവധി ഓട്ടോ സര്‍വ്വീസുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ സജീവമാണ്. ഇപ്പോഴും നമുക്കിവിടെ അത് ലഭ്യമല്ല. അതുകൊണ്ട് തന്നെ യാത്രക്കൊരുങ്ങുമ്പോള്‍ വാഹനങ്ങള്‍ക്ക് വേണ്ടി കാത്തുനില്‍ക്കേണ്ട അവസ്ഥയാണുള്ളത്. ഇത് ധാരാളം സമയം പാഴാക്കലും മനംമടുപ്പിക്കലുമാണ്. അതിനൊരു പരിഹാരം വേണമെന്ന ചിന്ത മനസ്സിലുണ്ടായിരുന്നു. അതുപോലെ വീട്ടില്‍ ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്തവര്‍ക്ക് കൃത്യസമയത്ത് ഭക്ഷണം എത്തിച്ചു കൊടുക്കുക എന്നതും ഏയ് ഓട്ടോയുടെ മറ്റൊരു പദ്ധതിയായിരുന്നു. അതും നടപ്പില്‍ വരുത്താന്‍ കഴിഞ്ഞു.

എവിടെയൊക്കെയാണ് ഏയോ ഓട്ടോ സര്‍വ്വീസുകള്‍ നിലവിലുള്ളത് ?
കാഞ്ഞങ്ങാടാണ് ഇതിന് തുടക്കം കുറിച്ചത്. പിന്നീട് കാസര്‍ഗോഡ്, തലശ്ശേരി, കണ്ണൂര്‍, കോട്ടക്കല്‍, വേങ്ങര, മഞ്ചേരി, എടപ്പാള്‍, കൊണ്ടോട്ടി തുടങ്ങിയ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഇപ്പോള്‍ പല നഗരങ്ങളിലും പുതുതായി ആരംഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെയുള്ള മുഴുവന്‍ നഗരങ്ങളിലും ഏയ് ഓട്ടോ തുടങ്ങാനുള്ള ചര്‍ച്ചകളിലാണിപ്പോള്‍ കമ്പനി.

കാഞ്ഞങ്ങാട് പോലെ അത്ര ഐടി വികസിച്ചിട്ടില്ലാത്ത ഒരു പട്ടണം ഏയ് ഓട്ടോ എന്ന ഓണ്‍ലൈന്‍ സര്‍വ്വീസ് തുടങ്ങുവാന്‍ തിരഞ്ഞെടുക്കാനുള്ള ധൈര്യം എങ്ങിനെ വന്നു?
നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ നിരവധി ചെറുപ്പക്കാര്‍ ഓട്ടോയും ബൈക്കുമുള്ളവരാണ്. എന്നാല്‍ ഇവരുടെ കൂട്ടത്തില്‍ കാര്യമായ ജോലിയില്ലാത്തവരായി കുറെ പേരുണ്ട്. അവര്‍ക്ക് ജോലി നല്‍കുക, അതിലൂടെ നാട്ടിലെ ഓട്ടോ സര്‍വ്വീസ് കാര്യക്ഷമമാക്കുക, എംപ്ലോയ്‌മെന്‍റ് ജനറേഷന്‍ എന്ന കണ്‍സപ്റ്റ് യാഥാര്‍ത്ഥ്യമാക്കുക, ആവശ്യക്കാര്‍ക്ക് ഭക്ഷണമടക്കമുള്ള സാധനങ്ങള്‍ എത്തിച്ചു നല്‍കുക എന്നതൊക്കെയാണ് ഏയ് ഓട്ടോയുടെ സേവനങ്ങള്‍. തുടക്കത്തില്‍ ഓട്ടോ ഡ്രൈവര്‍മാരും തൊഴിലാളി യൂണിയനുകളും ഈ പദ്ധതിയോട് മുഖം തിരിഞ്ഞുവെങ്കിലും പിന്നീടത് അത്യാവശ്യമായി പലര്‍ക്കും തോന്നിയത് ഏറെ സന്തോഷമുണ്ടാക്കിയ കാര്യമാണ്. ഇപ്പോള്‍ നിരവധി ഓട്ടോകളും സ്ഥാപനങ്ങളും ഏയ് ഓട്ടോ ആപ്പില്‍ കയറാന്‍ സന്നദ്ധരായി മുന്നോട്ട് വന്നിട്ടുണ്ട്.

ആരൊക്കെയാണ് ഏയ് ഓട്ടോയുടെ ഉപഭോക്താക്കള്‍?
ഡോക്ടര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയ പ്രഫഷണലുകളടക്കം ഓഫീസ് ജോലികള്‍ ചെയ്യുന്നവരും അല്ലാത്തവരുമായ നിരവധി പേര്‍ ഇന്ന് ഏയ് ഓട്ടോയുടെ ഉപഭോക്താക്കളാണ്. മിഡില്‍ ക്ലാസ് ആളുകളാണ് ഏയ് ഓട്ടോയുടെ കൂടുതല്‍ ഉപഭോക്താക്കള്‍ എന്നതാണ് ഞങ്ങളുടെ പഠനം കാണിക്കുന്നത്. ദിവസവും നിരവധി പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു ഉപയോഗിച്ചു വരുന്നു. പ്രത്യേകിച്ചും ഈ ലോക്ഡൗണ്‍ സമയത്ത് ബിസിനസില്‍ നല്ല വളര്‍ച്ചയാണ് കാണാന്‍ കഴിഞ്ഞത്.

ഈ മേഖലയിലേക്ക് വന്നപ്പോള്‍ നേരിടേണ്ടി വന്ന ബിസിനസ്സ് തടസ്സങ്ങള്‍ എന്തൊക്കെ?
നമ്മുടെ നാട്ടിന്‍പുറങ്ങളിലെ സാധാരണക്കാര്‍ ഇപ്പോഴും ടെക്‌നോളജി സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്നവരാണ്. അതുകൊണ്ടാണ് ഇലക്ട്രിസിറ്റി ബില്ലടക്കാനും, ഫോണ്‍ ബില്ലടക്കാനും ഒക്കെ ഓഫീസിന് മുന്നില്‍ ഇപ്പോഴും കാണുന്ന നീണ്ട നിര. തിരക്കും, ജീവിത ചിലവും കൂടിയ കാലത്ത് ഒരുപാട് സമയം ലാഭിക്കാനും പണം ലാഭിക്കാനും ടെക്‌നോളജിയുടെ ഉപയോഗം നമ്മെ വളരെ സഹായിക്കും.
രണ്ടാമതായി ഇതൊരു ബി ടു സി ബിസിനസാണ്. നിരവധി പ്രമോഷന്‍ പ്ലാനുകള്‍ അത്യാവശ്യമാണ്. ജനങ്ങളെ ബോധവല്‍ക്കരിക്കണം. കൃത്യമായ ആസൂത്രണം ഉണ്ടായേ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂ.
അതിന് ടീം വര്‍ക്കാണ് വേണ്ടത്.

ഏയ് ഓട്ടോയുടെ പുതിയ പദ്ധതികള്‍ എന്തൊക്കെയാണ്?
ബ്രാന്‍ഡ് ഡെവലപ്പ് ചെയ്യാനുള്ള കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെയുള്ള ടൗണുകളില്‍ ഏയ് ഓട്ടോയുടെ ഫ്രാഞ്ചൈസികള്‍ ആരംഭിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, അതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. താല്‍പര്യമുള്ളവര്‍ക്ക് ഞങ്ങളുമായി ബന്ധപ്പെടാം ( 9846 66 0100) . മുഴുവന്‍ സ്ഥലങ്ങളിലും സൗജന്യമായി സാധനങ്ങള്‍ ഡെലിവറി ചെയ്യുക എന്നത് മറ്റൊരു സ്വപ്‌നമാണ്. സ്വന്തം കണ്ടൈനറില്‍ ഫുഡ് ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതിനുള്ള പാക്കിംഗ് സംവിധാനങ്ങള്‍ കൂടി റെഡിയായി വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *