അസമിൽ അരങ്ങേറുന്നത് വംശഹത്യയുടെ ഗുജറാത്ത് മോഡലോ ?

ബക്കര്‍

പൊലീസും മാധ്യമപ്രവർത്തകനും ചേർന്ന് ഒരാളെ കൊലപ്പെടുത്തുകയും അദ്ദേഹത്തിന്റെ മൃതദേഹത്തെ ആക്രമിക്കുകയും ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ അതൊരു ഒറ്റപ്പെട്ട ക്രൂരകൃത്യമല്ലെന്ന സൂചനകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
ഒരു പ്രദേശത്തെയാകെ ജനജീവിതത്തെ അപകടപ്പെടുത്തിക്കൊണ്ട് ഒരു പ്രത്യേക സമുദായത്തെ പൂർണ്ണമായും കുടിയൊഴിപ്പിക്കുകയും അഭയാർത്ഥികളാക്കുകയും ചെയ്യാനുള്ള ആസൂത്രിത നീക്കം നടക്കുകയാണ് ആസാമിൽ എന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ. സർക്കാരിൻ്റെയും പൊലീസിൻ്റെയും പിന്തുണയോടെ ആൾക്കൂട്ടം ആയുധമെടുത്ത് ആക്രമണം നടത്തുന്നതിൻ്റെ ദൃശ്യങ്ങളും വാർത്തകളുമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് പോലീസ് വെടിവയ്പില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കയാണ്.

വെടിവയ്പിലും ലാത്തിചാര്‍ജിലും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വാർത്തയുണ്ട്. സംഘര്‍ഷത്തില്‍ ഒന്‍പത് പോലീസുകാര്‍ക്കും പരിക്കേറ്റു.

വ്യാഴാഴ്ച ദരാംഗ് ജില്ലയിലെ ധോല്‍പൂര്‍ ഗോരുഖുട്ടിയിലായിരുന്നു സംഭവം. കാര്‍ഷിക പദ്ധതിക്കായി 2789.25 ഏക്കര്‍ ഭൂമി ഒഴിപ്പിക്കാനുള്ള നടപടിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പോലീസ് അതിക്രമത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. സംഘര്‍ഷത്തില്‍ മരിച്ചുവീണയാളുടെ മൃതദേഹത്തില്‍ പോലീസ് തൊഴിക്കുന്നതുള്‍പ്പെടെ പോലീസ് ക്രൂരതയുടെ സാക്ഷ്യങ്ങളായി ഈ ദൃശ്യങ്ങള്‍.
വെടിയേറ്റു മരിച്ചയാളുടെ മൃത ദേഹത്തെ മാദ്ധ്യമ പ്രവർത്തകൻ ചവിട്ടുന്ന ദൃശ്യവും പ്രചരിക്കുന്നുണ്ട്.

നൂറുകണക്കിന് പോലീസുകാര്‍ മരങ്ങൾക്കു പിറകിൽ മറഞ്ഞിരുന്ന് ഗ്രാമീണർക്കു നേരെ വെടിയുതിർക്കുകയായിരുന്നു.

അനധികൃത കൈയേറ്റങ്ങളാണ് ഒഴിപ്പിക്കുന്നതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. ഇതിനെതിരെ പ്രദേശവാസികള്‍ സംഘടിച്ചതോടെ വന്‍പോലീസ് സന്നാഹമാണ് ഒഴിപ്പിക്കാനെത്തിയത്.

കാര്‍ഷിക പദ്ധതിക്കായി പ്രദേശം മുഴുവനായും ഏറ്റെടുക്കാന്‍ കഴിഞ്ഞ ദിവസം ആസാം മന്ത്രിസഭ തീരുമാനിച്ചിരുന്നു. ധോല്‍പൂര്‍ ബസാര്‍ ഏരിയ, വെസ്റ്റ് ചുബ ഏരിയ, ധോല്‍പൂര്‍ നമ്ബര്‍ ഒന്ന് എന്നിവിടങ്ങളില്‍ തിങ്കളാഴ്ചയാണ് ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്. ഇതിനെതിരെ പ്രദേശത്ത് പ്രതിഷേധങ്ങളുമുണ്ടായി. വ്യാഴാഴ്ച പ്രദേശവാസികള്‍ കല്ലും കുറുവടിയുമായി ഒഴിപ്പിക്കാനെത്തിയ അധികൃതരെ നേരിട്ടു. പോലീസ് ഇതോടെ പ്രതിഷേധക്കാര്‍ക്കുനേരെ ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

പ്രദേശത്തുനിന്നും 800 ല്‍ അധികം കുടുംബങ്ങളെയാണ് ഒഴിപ്പിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണ്. ആസാമില്‍ സംഭവിച്ചത് ഭരണകൂട പിന്തുണയോടെയുള്ള വെടിവയ്പാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *