അനന്തം അവര്‍ണ്ണനീയം അനന്തേട്ടന്റെ ചെന്നൈ ലോകം

മുഖ്താര്‍ പുതുപ്പറമ്പ്

ആയിരം മോട്ടിവേഷന്‍ ക്ലാസുകളെക്കാള്‍ ഊര്‍ജ്ജം പകര്‍ന്നു കിട്ടും, മണ്ണില്‍ കാലുറപ്പിച്ച് ആകാശം തൊട്ട മനുഷ്യരുടെ അല്‍പ നേരത്തെ സാമീപ്യം കൊണ്ട് എന്ന നിരീക്ഷണം നൂറു ശതമാനം ശരിയെന്ന് ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു, തിരുവലത്ത് അനന്തന്‍ എന്ന വിസ്മയ ജീവിതവുമായുള്ള മുഖാമുഖം. ചെറുപ്പത്തിലെ അച്ഛന്‍ മരിച്ചതിനാല്‍ കുടുംബത്തിന്റെ പ്രാരാബ്ധങ്ങളില്‍ നിന്ന് മോചനം നേടാന്‍ 7ാം ക്ലാസില്‍ പഠനമുപേക്ഷിച്ച് 12 വയസ്സു മുതല്‍ ബീഡിതൊഴിലാളിയായി ജോലിക്ക് കയറിയത് മുതല്‍ ഇന്ന് എണ്‍പതാം വയസ്സില്‍ ആയിരങ്ങള്‍ക്ക് സഹായം തേടി എത്താനുള്ള ഒരാളായി ജീവിതത്തെ മാറ്റിമറിച്ച കഥ വിസ്മയ മുഹൂര്‍ത്തങ്ങളുടെ ഒരു ഉജ്ജ്വല ഗ്രന്ഥമാണ്.

തലശ്ശേരി പന്ന്യന്നൂര്‍ സ്വദേശി തിരുവലത്ത് അനന്തേട്ടന്‍ പന്ത്രണ്ടാം വയസ്സില്‍ നാലണ കൂലിക്ക് വേണ്ടി തെറുത്തു തുടങ്ങിയത് ബീഡിയായിരുന്നില്ല. ജീവിതം തന്നെയായിരുന്നു.സ്വാതന്ത്ര്യപ്പോരാളികള്‍ ഉഴുതുമറിച്ചു കൊണ്ടിരുന്ന മാഹിയുടെ മണ്ണില്‍ പിച്ചവച്ചു നടന്ന കുട്ടിയുടെയുള്ളില്‍ ജീവിതത്തെ എത്തിപ്പിടിക്കാനുള്ള ദൃഢതയാര്‍ന്ന ബോധം ഉറങ്ങുമ്പോഴും ഉണര്‍ന്നു കിടന്നു.അത്തരമൊരു പ്രഭാതത്തില്‍ അനന്തനെന്ന കുട്ടി ഒരു തീരുമാനമെടുത്തു.

ജീവിതത്തിന്റെ വിജയപതാക നാട്ടേണ്ട ഒരു കര എവിടെയോ ഉണ്ട്. അവിടെ എത്തിപ്പെടണം. അന്നത്തെ മദ്രാസില്‍ ജോലി ചെയ്യുന്ന അമ്മാവനെക്കുറിച്ചുള്ള ഓര്‍മ്മ പ്രചോദനമായി. കാര്യം വീട്ടില്‍ പറഞ്ഞാല്‍ സമ്മതിക്കില്ലെന്നറിയാവുന്നത് കൊണ്ട് ആരുമറിയാതെ തലശ്ശേരിയില്‍ നിന്ന് മദ്രാസിലേക്ക് െ്രെടയിന്‍ കയറി. ഉടുത്ത ട്രൗസറും ഷര്‍ട്ടും, 2 നാരങ്ങയും 10 രൂപയും കയ്യില്‍ സൂക്ഷിച്ചാണ് ആ യാത്ര. അന്ന് വയസ്സ് 14. 1956 ജനുവരി മാസത്തിലാണ് അതെന്ന് അനന്തേട്ടന്‍ ഓര്‍ത്തെടുത്തു. കല്‍ക്കരിക്കോടുന്ന െ്രെടയിനായത് കൊണ്ട് മദ്രാസിലെത്തിയപ്പോഴേക്കും വെള്ള വസ്ത്രങ്ങളെല്ലാം കറുത്തിരുണ്ട് പോയിരുന്നു.

പക്ഷേ, വെണ്‍മയുടെ ജീവിത പാത നിവര്‍ത്തി വച്ച് കാലം ആ കുട്ടിയെ കാത്തു നില്‍ക്കുകയായിരുന്നു. ഉച്ചക്ക് 2 മണിക്ക് തലശ്ശേരിയില്‍ നിന്ന് പുറപ്പെട്ട ‘തീ’വണ്ടി അടുത്ത ദിവസം 9 മണിക്കാണ് മദ്രാസ് സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്നത്. സ്‌റ്റേഷനില്‍ നിന്ന് റോഡിലേക്കിറങ്ങിയപ്പോള്‍ യാത്രക്കാരെ കാത്ത് നിരവധി റിക്ഷക്കാര്‍ പുറത്തുണ്ട്. വഴി പറഞ്ഞുകൊടുത്തപ്പോള്‍ ദാമോദരന്‍ സ്ട്രീറ്റ് എന്നതിന് പകരം മറ്റൊരു പേരായിരുന്നു നാവില്‍ വന്നത്. റിക്ഷക്കാരന്‍ കുറച്ചു ദൂരെ ചായക്കട നടത്തുന്ന ഒരു മലയാളിയുടെ കടക്കു മുന്നില്‍ ഇറക്കിവിട്ടു. ചെന്നു കയറിയപ്പോഴാണ് അത് അമ്മാവന്റെ സ്ഥാപനമല്ലെന്നറിയുന്നത്. ഒരു വേള കുഞ്ഞു മനസ്സിലൊരു നീറ്റല്‍ പൊടിഞ്ഞെങ്കിലും അടുത്ത നാട്ടുകാരനാണ് അതിന്റെ ഉടമയെന്നത് തനിക്ക് തെല്ലൊരാശ്വാസം പകര്‍ന്നെന്ന് അനന്തേട്ടനോര്‍ക്കുന്നു.. ചെറുപ്പത്തിലെയുള്ള ആ നാടുവിടലിന്റെ സങ്കടവും പേറി ഒന്നുരണ്ടു ദിവസം അവിടെ നിന്നു. അമ്മാവനെക്കുറിച്ച് യാതൊരു വിവരവും അവര്‍ക്കില്ല. തനിക്കാണെങ്കില്‍ അദ്ദേഹത്തിന്റെ അഡ്രസ്സും അറിയില്ല. മനസ്സ് തളര്‍ന്ന് തകര്‍ന്നു പോയ നാളുകള്‍.

ഫോണൊന്നും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കാലമാണെന്നോര്‍ക്കണം അനന്തേട്ടന്‍ പറഞ്ഞു. ഞാന്‍ അടുത്തുള്ള പോസ്‌റ്റോഫീസില്‍ നിന്നും ഒരു ഇല്ലെന്റ് വാങ്ങി വിവരം വീട്ടിലേക്കെഴുതി. വീട്ടുകാര്‍ അമ്മാവന്റെ അഡ്രസ്സിലേക്ക് ഞാന്‍ എത്തിപ്പെട്ട സ്ഥലത്തിന്റെ വിവരങ്ങള്‍ തിരിച്ച് കത്തയച്ചു.അതോടെ ഞാന്‍ നാടു വിട്ടത് നാട്ടുകാരും അറിഞ്ഞു. അടുത്ത ദിവസം തന്നെ അമ്മാവന്‍ വന്ന് എന്നെ കൂട്ടിക്കൊണ്ടു പോയി. പിന്നീട് അമ്മാവന്റെ കടയിലെ ജോലിക്കാരനായി.

പരീക്ഷണങ്ങള്‍ പക്ഷേ, പിന്നെയും ബാക്കിയുണ്ടായിരുന്നു. ആറേഴു മാസം കഴിഞ്ഞപ്പോള്‍ ആ കട വിട്ടുകൊടുക്കേണ്ടി വന്നു. അങ്ങിനെ മറ്റൊരു ജോലി അന്വേഷിച്ചിറങ്ങേണ്ടി വന്നു. എത്തിപ്പെട്ടത് എല്ലീസ് റോഡിലെ ഒരു ബേക്കറി നിര്‍മ്മാണ യൂണിറ്റില്‍ ബേക്കറി സപ്ലൈയറായിട്ടാണ്. സൈക്കളില്‍ ഒരു ബോക്‌സ് കെട്ടി അതില്‍ ബിസ്‌ക്കറ്റ് നിറച്ച് കടകളില്‍ കൊണ്ടു പോയി വില്‍ക്കലാണ് ജോലി. 4 വര്‍ഷം. കൃത്യമായി പറഞ്ഞാല്‍ 1960 വരെ അതു തുടര്‍ന്നു. 4 വര്‍ഷം കഴിഞ്ഞപ്പോള്‍ ആദ്യമായി നാട്ടിലേക്ക് പോകണമെന്നാഗ്രഹമായി, അമ്മയെയും വീട്ടുകാരെയുമൊക്കെ കാണണം. കൂടെയുള്ള പലരും സമ്മാനമായി തന്ന കുറച്ച് പലഹാരങ്ങളും പിന്നെ പണി എടുത്ത് സമ്പാദിച്ച കുറച്ച് കാശുമായി നാട്ടിലേക്ക് വണ്ടി കയറി. കണ്ടയുടനെ അമ്മ സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ച് കരഞ്ഞത് ഇപ്പോഴും നനവോടെ ഓര്‍ക്കുന്നുണ്ട് അനന്തേട്ടന്‍.

യൗവ്വനാരംഭത്തിലെ ആവേശത്തില്‍ അഞ്ചാറ് മാസം നാട്ടിലെ സമരമുഖത്തും പഴയ ബീഡിതൊഴിലിലും വ്യാപൃതനായി.
നാലഞ്ച് മാസങ്ങള്‍ക്ക് ശേഷം വീണ്ടും മദ്രാസിലേക്ക്.ഇപ്രാവശ്യം എല്ലാവരോടും യാത്ര പറഞ്ഞിട്ടാണ് പുറപ്പെട്ടത്.

നാട്ടിലുള്ളപ്പോള്‍ പൊതു രംഗത്ത് സജീവമായിരുന്നതിന്റെ ആവേശം സിരകളിലേറ്റിയാണ്, പില്‍ക്കാലത്ത് മദ്രാസ് നഗരത്തിലെ മലയാളികള്‍ക്കാകെ സഹായിയും സുപരിചിതനുമായി മാറാന്‍ കാലം കാത്ത് വച്ച നിയോഗത്തിലേക്കുള്ള യാത്രയായിരുന്നു, അത്.
ബീഡി തൊഴിലാളി അസോസിയേഷനില്‍ സജീവമായി ഇടപെട്ടു കൊണ്ടാണ് പാവപ്പെട്ട മനുഷ്യരുടെ ജീവിതത്തില്‍ ഇടപെടേണ്ടതിന്റെ ആവശ്യകത അനന്തേട്ടന്‍ തിരിച്ചറിയുന്നത്.അന്ന് നാല്‍പതോളം പേര്‍ ഈ തൊഴില്‍ ചെയ്യുന്നവരായി പന്ന്യനൂര്‍ പ്രദേശത്തുണ്ടായിരുന്നു. ജാഥകളിലും സമരങ്ങളിലും അനന്തേട്ടന്‍ സജീവമായിരുന്നു. പ്രത്യേകിച്ചും അന്ന് കൊടുമ്പിരിക്കൊണ്ടിരുന്ന മാഹി വിമോചന സമരത്തില്‍ മുന്‍ നിരയില്‍ തന്നെ നിന്നു. മാഹി പോണ്ടിച്ചേരിയുടെ ഭാഗമായിരുന്ന കാലം. അവിടെ നിന്ന് ഫ്രഞ്ച് സൈന്യം തിരിച്ച് പോകണമെന്നാവശ്യപ്പെട്ട് സമരം ശക്തമായി നടക്കുകയാണ്. ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയിട്ടും അവര്‍ മാഹി വിടാന്‍ തയ്യാറായിരുന്നില്ല. അന്ന് കോണ്‍ഗ്രസ് നേതാവായിരുന്ന ഐ ക്യ കുമാരന്‍ ആയിരുന്നു സമരത്തിന്റെ മുന്‍നിര നേതാവ്. പിപി അനന്ദന്‍, അച്ച്യുതന്‍ എന്നിവര്‍ ആ സമരത്തില്‍ രക്ഷതസാക്ഷികളായതോടെ യുവാക്കളില്‍ സമരാവേശം കത്തിയാളി. അന്ന് മലബാറൊക്കെ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമാണ്. സമരത്തിന്റെ കാഠിന്യം ശക്തമായതോടെ ഫ്രഞ്ച് സൈന്യം മാഹിയില്‍ നിന്ന് ഫ്രാന്‍സിലേക്ക് കപ്പല്‍ കയറി.ആ സമരത്തിലും നാട്ടുകാരില്‍ ചിലര്‍ ഒറ്റുകാരായി ഉണ്ടായിരുന്നുവെന്ന് അനന്തേട്ടന്‍ പറയുന്നു. ഫ്രഞ്ച് ഗവണ്‍മെന്റിന് അനുകൂലമായി നിന്ന ചില നാട്ടുകാരും പോലീസ് ഉദ്യോഗസ്ഥരും പിന്നീട് അവരുടെ കൂടെ കപ്പല്‍ കയറി. അവരെല്ലാം പിന്നെ ഫ്രഞ്ച് ഗവണ്‍മെന്റിന്റെ സഹായത്തോടെ സമ്പന്നമായ ജീവിതമാണ് നയിച്ചത്. അവരെ പിന്താങ്ങിയതിന്റെ ഫലമെന്നോണം പലര്‍ക്കും മരണം വരെ പെന്‍ഷന്‍ ലഭിക്കുകയുണ്ടായിയെന്ന് അനന്തേട്ടന്‍ പറഞ്ഞു. അതിനാല്‍ ഫ്രഞ്ചുകാര്‍ ഇവിടതന്നെ തുടരണമെന്നാഗ്രഹിച്ചവരും മാഹിയില്‍ ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും പിന്നീട് സജീവമായി പ്രവര്‍ത്തിച്ചിരുന്നു. അന്ന് പെരങ്ങളം മണ്ഡലത്തിന്റെ ഭാഗമായിരുന്നു ഞങ്ങളുടെ പ്രദേശമൊക്കെ. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവായിരുന്ന പിആര്‍ കുറുപ്പിനെ മത്സരിപ്പിക്കാന്‍ മുന്നണി തീരുമാനമെടുത്തപ്പോള്‍ അതിനെ ആദ്യം എതിര്‍ക്കുകയും പ്രചരണങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്തു.പിന്നീട് സഹകരിക്കാന്‍ തീരുമാനിക്കുകയും അദ്ദേഹം മത്സരിച്ച് വിജയിക്കുകയും ചെയ്തു. പിന്നീട് ആ മണ്ഡലത്തില്‍ ഇടി മുഹമ്മദ് ബഷീറാണ് മത്സരിച്ചത്, അന്ന് അഖിലേന്ത്യാ ലീഗ് ഇടതുമുന്നണിയുടെ ഭാഗമായിരുന്നു. അദ്ദേഹവും വിജയിച്ചു ആദ്യമായി നിയമസഭയില്‍ എത്തി.പക്ഷെ നാട്ടിലെ പൊതു പ്രവര്‍ത്തനം പിന്നീട് വല്ലപ്പോഴും നാട്ടില്‍ വരുമ്പോള്‍ മാത്രമായി ചുരുങ്ങി. പക്ഷെ സാമൂഹ്യ പ്രവര്‍ത്തനം സിരകളിലുണ്ടായിരുന്നത് കൊണ്ട് മദ്രാസിലെത്തിയപ്പോള്‍ അതു ശക്തിയാര്‍ജിക്കുകയാണുണ്ടായത്. നാട്ടില്‍ നിന്നും ലഭിച്ച സംഘാടന പരിചയം മദ്രാസിലെത്തിയപ്പോഴേക്കും നേതൃനിരയിലേക്ക് മാറി എന്നതാണ് അനന്തേട്ടന്റെ പിന്നീടുള്ള ജീവിതം പറയുന്നത്.
മദ്രാസില്‍ തിരിച്ചെത്തി പഴയ ബേക്കറി ജോലി തുടര്‍ന്നെങ്കിലും സൈക്കിളില്‍ കയറിയുള്ള ബിസ്‌ക്കറ്റ് സപ്ലൈക്കിടിയില്‍ ഒരു ചായക്കട മേല്‍വാടകയ്‌ക്കെടുത്തു നടത്താന്‍ തുടങ്ങിയതോടെയാണ് വെളിച്ചത്തിന്റെ ആദ്യ പ്രകാശനാര് തെളിയുന്നത്.
ജീവിതം പതുക്കെ കൈപ്പിടിയില്‍ ഒതുങ്ങുന്നു എന്നു തോന്നിത്തുടങ്ങിയപ്പോള്‍ വീട്ടുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കോടിയേരി സ്വദേശിനി സുശീലയുമായുള്ള വിവാഹം നടന്നു.കല്ല്യാണത്തിന് ശേഷം അവരുമായി ചെന്നൈയിലേക്ക് തിരിച്ചുപോന്നു. ഈ സമയത്താണ്, ഭാഗ്യ ദേവത പ്രത്യക്ഷപ്പെട്ട പോലെ അണ്ണാദുരൈ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തമിഴ്‌നാട്ടില്‍ ലോട്ടറി ടിക്കറ്റ് പ്രാബല്ല്യത്തില്‍ വന്നത്.ഏജന്‍സിക്ക് അപേക്ഷിച്ചപ്പോള്‍ നറുക്കെടുപ്പിലൂടെ ഏജന്‍സി നടത്താനുള്ള ലൈസന്‍സ് അനന്തേട്ടന്. 1000 ടിക്കറ്റാണ് ഒരു ഏജന്റിന് ഒരു മാസം വില്‍ക്കാന്‍ പറ്റുക. 5000, 10000, ഒരു ലക്ഷം എന്നിങ്ങനെയാണ് സമ്മാനത്തുക. കടക്ക് മുന്നില്‍ ടിക്കറ്റ് വാങ്ങാന്‍ പല സമയത്തും വന്‍ തിരക്കായി, ക്യൂ നിര്‍ത്തേണ്ട അവസ്ഥ. പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി ചില ഘട്ടങ്ങളില്‍ ജനങ്ങളെ നിയന്ത്രിക്കേണ്ടി വന്നിട്ടുണ്ട്. ടിക്കറ്റ് വാങ്ങലും രാഷ്ട്രീയം പറയലും ഇതിനിടയില്‍ ചായ കച്ചവടവും നല്ലപോലെനടന്നു. പുലര്‍ച്ചെ മുതല്‍ രാത്രി വൈകി വരെ കട സജീവമായി.3 വര്‍ഷം വരെ ഈ ഏജന്‍സി നടത്തി.
പിന്നട് 1970 ല്‍ സ്വന്തമായി ഒരു ബേക്കറി യൂണിറ്റ് ആരംഭിച്ചു. പതിനഞ്ചോളം പേര്‍ ജോലിക്കാരായി ഉണ്ടായിരുന്നു. വര്‍ഷങ്ങളോളം ബേക്കറി ഉല്‍പന്നങ്ങള്‍ കൊണ്ടു നടന്നു വിറ്റതിന്റെ പരിചയം വലിയ മുതല്‍ക്കൂട്ടായി. പതിയെപ്പതിയെ പല നല്ല ബന്ധങ്ങളായി. മദ്രാസിന്റ ഉള്‍വഴികളെക്കുറിച്ചുമെല്ലാം പരിചയമായി.പുതിയ ബേക്കറിക്ക് ആനന്ദ് ബേക്കറി എന്നു പേരിട്ടു.റൊട്ടി, ബണ്‍, ബിസക്കറ്റ് എന്നിവയൊക്കെയായിരുന്നു കൂടുതലും അവിടെ നിര്‍മ്മിച്ചിരുന്നത്, അന്ന് തൊഴിലാളികളുടെ മാസ ശമ്പളം 30, 40 രൂപയൊക്കെയാണ്, സ്വര്‍ണം പവന് 120 രൂപ വിലയുള്ള കാലമാണത്.35 വര്‍ഷം അതായത് 2005 വരെ ആ ബേക്കറി നടത്തി.വിജയകരമായ ഒരു സംരംഭകന്‍ എന്ന നിലയില്‍ ഇന്നും ഓര്‍ത്തെടുക്കാന്‍ പറ്റിയ ഒരു ബിസിനസായിരുന്നു അതെന്ന് അഭിമാനത്തോടെ ഓര്‍ക്കുന്നു അദ്ദേഹം.
ബേക്കറി പ്രവര്‍ത്തിച്ചിരുന്ന വാടക കെട്ടിടം ഒഴിഞ്ഞു കൊടുക്കേണ്ടി വന്നപ്പോള്‍ സ്വന്തമായി സ്ഥലം വാങ്ങി ബേക്കറി യൂണിറ്റ് അങ്ങോട്ട് മാറ്റി.

മലയാളികള്‍ ഗള്‍ഫിലേക്കെന്ന പോലെ മദ്രാസിലേക്കും ജോലി തേടി ഒഴുകി എത്തുന്ന കാലമാണത്. വിദേശത്തേക്കെന്ന പോലെ പ്രത്യേകിച്ച് രേഖകളൊന്നും വേണ്ടന്നതും വലിയ ചിലവില്ലാതെ പോയി വരാന്‍ കഴിയുന്നതും, വളര്‍ന്നു വരുന്ന ഇന്ത്യയിലെ വന്‍ നഗരവുമെന്ന സൗകര്യവും മലയാളികളെ ഇങ്ങോട്ടാകര്‍ഷിച്ചെന്ന് അനന്തേട്ടന്‍. ചെന്നൈയിലെത്തുന്ന മലയാളികളില്‍ അധികപേരും പുതിയ ചായക്കടകള്‍ ആരംഭിക്കുകയുണ്ടായി.. പക്ഷേ അന്ന് പല തരം സാങ്കേതിക പ്രശ്‌നങ്ങളും നിയമത്തിന്റെ ചുവപ്പുനാടയും നേരിടേണ്ടി വന്നതോടെ ഒരു അസോസിയേഷന് രൂപം നല്‍കാന്‍ അനന്തേട്ടന്റെ നേതൃത്വത്തില്‍ തീരുമാനമായി. ചായക്കട അസോസിയേഷന്‍ (Chennai Mteropolitian Teashop Owners Association) എന്ന സംഘടന നിലവില്‍ വരുന്നത് അങ്ങനെയാണ്.
നാലു പതിറ്റാണ്ട് മുമ്പ്,1981ല്‍ സ്ഥാപക സെക്രട്ടറിയായി ചുമതല ഏറ്റ അനന്തേട്ടന്‍ മൂന്നു പതിറ്റാണ്ടിലേറെ ജനറല്‍ സെക്രട്ടറിയായും പിന്നെ ഇന്ന് വരെ പ്രസിഡന്റായും സംഘടനയുടെ ശരീരവും മനസ്സുമായി സേവനം ചെയ്യുകയാണ്. ചെന്നൈയില്‍ ചായക്കട നടത്തുന്ന മലയാളികളും തമിഴരുമായ മുവ്വായിരത്തോളം പേര്‍ ഇതില്‍ മെമ്പര്‍മാരാണ്. പല പ്രശ്‌നങ്ങളിലും സംഘടന ഇടപെട്ടു വിജയം കണ്ടിട്ടുണ്ട്.ഇത്തരം ചായക്കടകളില്‍ ബിസ്‌ക്കറ്റ് മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ എന്നായിരുന്നു ആദ്യ കാലത്തെ നിയമം. കട നടത്താന്‍ കോര്‍പ്പറേഷന്‍ ലൈസന്‍സിന് പുറമെ പോലീസ് നല്‍കുന്ന ലൈസന്‍സും വേണം, എണ്ണ പലഹാരങ്ങള്‍ വില്‍ക്കാന്‍ പാടില്ല തുടങ്ങിയ ബ്രിട്ടീഷ് കാലത്തെ പലനിയമങ്ങള്‍ക്കെതിരെയും സമര രംഗത്തിറങ്ങുകയും ഹൈക്കോടതിയിലും അന്നത്തെ മുഖ്യമന്ത്രിമാരായിരുന്ന കരുണാനിധി, ജയലളിത എന്നിവരെയെല്ലാം കണ്ട് ഈ നിയമങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തത് അസോസിയേഷന്റെ പ്രവര്‍ത്തന ഫലമാണ്. ചായക്കടക്കാര്‍ മുഴുവനായും സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരം കിടക്കേണ്ടി വന്നിട്ടുണ്ടെന്ന് അനന്തേട്ടന്‍ സാഷ്യപ്പെടുത്തുമ്പോള്‍ എന്തുമാത്രം അതിജീവന സമരങ്ങളിലൂടെയാണ് സംഘടന കടന്നു പോയതെന്നു വ്യക്തം. പല ആവശ്യങ്ങള്‍ക്കും. ചായക്കടക്കാര്‍ക്ക് പോലീസ് ലൈസന്‍സ് വേണമെന്ന നിയമത്തെ രൂക്ഷമായി വിമര്‍ശിച്ച് കരുണാനിധി ഒരിക്കല്‍ എഴുതിയ ലേഖനം പിന്നീടദ്ദേഹം മുഖ്യമന്ത്രിയായപ്പോള്‍ പ്രതിപക്ഷ നേതാവിനെക്കൊണ്ട് നിയമസഭയില്‍ വായിപ്പിച്ച് ഈ നിയമത്തെ പിന്‍വലിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നത് അനന്തേട്ടനെന്ന നേതൃഗുണത്തിന്റെ രജതരേഖയാണ്. ചായക്കടക്കാര്‍ക്കുള്ള ലൈസന്‍സ് തുക കോര്‍പ്പറേഷന്‍ വര്‍ദ്ധിപ്പിച്ചപ്പോള്‍ ശക്തമായി ഇടപ്പെട്ടു. ചായയും ബിസ്‌ക്കറ്റും മാത്രമേ വില്‍ക്കാവൂ എന്ന നിയമത്തെ ടിഫിന്‍ കൂടി വില്‍ക്കുന്നതിനുള്ള ലൈസന്‍സും പിന്നീട് സമരങ്ങളിലൂടെ നേടിയെടുത്തു. ഇന്ന് നൂറുകണക്കിന് ചായക്കടകള്‍ ആ രീതിയിലേക്ക് അവരുടെ കച്ചവടം മാറ്റിയെടുത്തു. നിരന്തരമായ ഇടപെടലുകളും ആലോചനായോഗങ്ങളും മറ്റുമായി സംഘടന ചായക്കടക്കച്ചവടക്കാര്‍ക്കിടയല്‍ സജീവമായി നിലനിന്നു പോരുന്നു.
ഇതിനുപുറമെ മദ്രാസ് കേരള സമാജത്തിന്റെ ജനറല്‍ സെക്കട്ടറി കൂടിയാണ് അനന്തേട്ടന്‍. ശിവദാസന്‍ പിള്ള പ്രസിഡന്റും ഗോകുലം ഗോപാലന്‍ ചെയര്‍മാനുമാണ്. 1939 ല്‍ മദ്രാസിലെ സാധാരണക്കാരായ മലയാളികള്‍ക്ക് വേണ്ടി രൂപീകരിച്ച സംഘടനയാണ് മദ്രാസ് കേരള സമാജം. കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സംഘടന സജീവമായി പ്രവര്‍ത്തിക്കുന്നു അതിനു സംഘടനക്ക് കെട്ടിടം നിര്‍മ്മിച്ചു. 800 ഓളം കുട്ടികള്‍ പഠിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം സമാജത്തിന് കീഴില്‍ മദ്രാസില്‍ നടന്നുവരുന്നു. മദ്രാസ് കേരള സമാജത്തിന്റെ എജ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാനാണ്. കേന്ദ്ര ഗവണ്‍മെന്റ് കൊണ്ടു വന്ന എന്‍ആര്‍സി, സിഐഎ നിയമങ്ങള്‍ക്കെതിരെ പി ചിദംബരത്തെപ്പോലുള്ളവരെ സംഘടിപ്പിച്ച് ശക്തമായ പ്രതിരോധം തീര്‍ക്കാനും സംഘടന മുന്‍പന്തിയിലുണ്ടായിരുന്നു. അഖിലേന്ത്യ മലയാളി അസോസിയേഷന്റെ തമിഴ്‌നാട് ഘടകം വൈസ് ചെയര്‍മാനായും അനന്തേട്ടന്‍ പൊതുരംഗത്ത് സജീവമാണ്. വര്‍ഷങ്ങളോളം ചായക്കടയില്‍ മദ്രാസിലെ അസഹ്യമായ ചൂടേറ്റ്, ചായ പാര്‍ന്ന് നല്‍കിയതിന്റെ പൊള്ളത്ത് ഇപ്പോഴും തിണര്‍ത്തുനില്‍ക്കുന്നുണ്ട്, അനന്തേട്ടനെന്ന അദ്ധ്വാനശീലനായ മനുഷ്യ സ്‌നേഹിയില്‍. പുറത്തെ ചൂടും അടുപ്പിന്റെ ചൂടും കാരണം തൊലി പോള്ളലേറ്റ്, മുഴച്ചു വന്നപ്പോള്‍ വേദന കൊണ്ട് കരഞ്ഞതും ഡോക്ടറെ കാണിച്ചപ്പോള്‍ ഓപ്പറേഷന്‍ നിര്‍ബന്ധമാണെന്ന് പറഞ്ഞതുമെല്ലാം പങ്കുവെക്കുമ്പോള്‍ ഒന്നിടറിപ്പോകുന്നുണ്ട്, കരുത്തനായ ഈ പോരാളി.ഉയരങ്ങള്‍ കുറെ താണ്ടിയെങ്കിലും വന്ന വഴി മറക്കാതിരിക്കാന്‍ അപ്പോളോ ആശുപത്രിക്ക് സമീപം അനിത ടീസ്റ്റാള്‍ എന്ന സ്ഥാപനം നിലനിര്‍ത്തിയിട്ടുണ്ട് അദ്ദേഹം. അതിന്റെ കാര്യങ്ങള്‍ നോക്കി നടത്തുന്നത് മകനാണ്.
ലോക കേരള സഭയില്‍ രണ്ട് തവണ മെമ്പറായിട്ടുണ്ട് എന്നതില്‍ നിന്ന് 14 വയസ്സില്‍ കരിപുരണ്ട ഉടുപ്പുമായി മഹാനഗരത്തില്‍ വണ്ടിയിറങ്ങിയ ഒരാള്‍ എത്തിപ്പിടിച്ച ഉയരം അറബിക്കഥ പോലെ അവിശ്വസനീയമാകുന്നുണ്ട്. ആറ് മക്കളാണ് അനന്തേട്ടന്. നാല് പെണ്‍മക്കളും രണ്ട് ആണ്‍കുട്ടികളും മക്കളിലൊരാള്‍ മരണപ്പെട്ടു. എന്നും എന്തിനും ഒപ്പം നിന്നിരുന്ന ഭാര്യ മരിച്ചിട്ട് 5 വര്‍ഷം തികയുന്നു.

മണിക്കൂറുകളോളം സംസാരിച്ച് തിരിച്ച് പോരാന്‍ സമയത്ത് അനന്തേട്ടനില്‍ നിന്ന് ഒന്നു കൂടി അറിയാനുണ്ടായിരുന്നു ചെന്നൈ എപ്പോഴെങ്കിലും മടുത്തിട്ടുണ്ടോ എന്ന്, അദ്ദേഹം പറഞ്ഞത് എന്നെ ഈ നിലയിലെത്തിച്ചത് ചെന്നൈയാണ്.നാട്ടിലെ ബീഡിതൊഴിലാളിയില്‍ നിന്ന് ലോക കേരള സഭയില്‍ വരെ എത്താന്‍ സഹായിച്ചത് ഈ നാടാണ്. സൗഹാര്‍ദ്ദത്തിന് വലിയ വിലനല്‍കുന്നവരാണ്. ഇന്നാട്ടുകാരെന്നും അനന്തേട്ടന്‍ പറഞ്ഞു. ഇപ്പോള്‍ വയസ്സ് 80 ആയെങ്കിലും അനന്തേട്ടന്‍ തിരിക്കിലാണ് ദിവസവും നിരവധി വിഷയങ്ങളില്‍ ഇടപെടുന്നു, പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്യേണ്ടി വരുന്നു, പലരുമായി കൂടിക്കാഴ്ച നടത്തുന്നു, ഇങ്ങനെ മലയാളികള്‍ക്കിടയിലും തമിഴരിലും ഇന്നും അനന്തേട്ടന്‍ മഹാനഗരത്തില്‍ മഹാസാന്നിദ്ധ്യമായി നിറഞ്ഞ് നില്‍ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *