ഷബീര്‍ രാരങ്ങോത്ത്
ഷബാനെ ഹിജ്‌റാന്‍ ദറസ് ചൂ സുല്‍ഫ് വ റോസെ വസ്‌ലത് ചൊ ഉംറ് കോത
സഖി പിയാ കൊ ജൊ മേ ന ദേഖൂ തൊ കൈസെ കാടുന്‍ അന്ധേരി രതിയാ
വിരഹരാവ് മുടിച്ചുരുള്‍ പോലെ നീണ്ടതും സന്ധിപ്പിന്റെ പകല്‍ ജീവിതം പോലെ ചെറുതുമായിരിക്കുന്നല്ലോ
പ്രിയേ നിന്റെ സുന്ദര വദനം മുന്‍പിലില്ലാത്തയീയിരുണ്ട രാവ് ഞാന്‍ എങ്ങനെ കടന്നു പോകും
1253 ല്‍ ഉത്തര്‍പ്രദേശിലെ പട്യാലയിലാണ് കവിയും ദാര്‍ശനികനും സംഗീതജ്ഞനുമായിരുന്ന അമീര്‍ ഖുസ്രോവിന്റെ ജനനം. അബുല്‍ ഹസന്‍ യമീനുദ്ദീന്‍ ഖുസ്രോ എന്നതാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ നാമം.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സാംസ്‌കാരിക ചരിത്രത്തില്‍ അമീര്‍ ഖുസ്രോവിന് അനശ്വര സ്ഥാനമാണുള്ളത്. ഡല്‍ഹിയിലെ സൂഫിവര്യന്‍ നിസാമുദ്ദീന്‍ ഔലിയയുടെ ശിഷ്യനായ അദ്ദേഹം ഒരു കവി മാത്രമല്ല, പ്രതിഭാ സമ്പന്നനായ സംഗീതജ്ഞനും കൂടിയായിരുന്നു. പേര്‍ഷ്യനിലും ഹിന്ദവിയിലും അദ്ദേഹം കവിതകള്‍ എഴുതി.
ഇല്‍ത്തുമിഷിന്റെ സേനാനായകരിലൊരാളായിരുന്ന സെയ്ഫുദ്ദീന്‍ ആണ് ഖുസ്രോവിന്റെ പിതാവ്. തുര്‍ക്കി വംശജനായിരുന്ന ഇദ്ദേഹം മംഗോള്‍ ആക്രമണത്തിനു മുമ്പ് ദല്‍ഹിയിലേക്ക് പലായനം ചെയ്യുകയായിരുന്നു. ഖുസ്രോവിന്റെ ഏഴാം വയസ്സില്‍ പിതാവ് അന്തരിച്ചു. ചെറുപ്പ കാലം മുതല്‍ക്കേ ഖുസ്രോ കവിതയിലും തത്ത്വചിന്തയിലും താത്പര്യം പ്രകടിപ്പിച്ചിരുന്നു. സൂഫി സന്യാസിയായ ശേഖ് നിസാമുദ്ദീനായിരുന്നു പേര്‍ഷ്യന്‍ കവിതയില്‍ അദ്ദേഹത്തിന്റെ ഗുരു. പേര്‍ഷ്യന്‍ ക്ലാസിക്കല്‍ കവികളായ സനാഈ, ഖാക്കാനി, നിസാമി, സഅദി തുടങ്ങിയവരുടെ കൃതികളില്‍ അദ്ദേഹത്തിന് തികഞ്ഞ അവഗാഹമുണ്ടായിരുന്നു.
വിവിധ രാജവംശങ്ങളിലെ സദസ്യനായിട്ടാണ് അദ്ദേഹം തന്റെ ജീവിതകാലം കഴിച്ചുകൂട്ടിയത്. അക്കാലത്തു നടന്ന പല സംഭവങ്ങളും ഖുസ്രോ തന്റെ കൃതികളില്‍ പ്രതിപാദിച്ചിട്ടുണ്ട്. അടിമവംശം, തുഗ്ലക്ക് വംശം, ഖില്‍ജിവംശം എന്നിവയിലെ പതിനൊന്ന് രാജാക്കന്മാരുടെ ആശ്രിതനായി അദ്ദേഹം കഴിഞ്ഞിട്ടുണ്ട്. ജലാലുദ്ദീന്‍ ഖില്‍ജിയാണ് ഖുസ്രോവിന് അമീര്‍ പദവി നല്കിയത്.
ഖുസ്രോ, ദരിയാ പ്രേം കാ ഉള്‍ടി വ കി ധാര്‍
ജൊ ഉത്‌രാ സൊ ഡൂബ് ഗയാ, ജൊ ഡൂബാ സൊ പാര്‍
ഓ ഖുസ്രോ, പ്രണയ നദി അപരിചിതമായാണ് ഒഴുകുന്നത്
ആരൊരാള്‍ അതിലേക്കു ചാടുന്നോ അവന്‍ മുങ്ങുന്നു, ആരൊരാള്‍ അതില്‍ മുങ്ങുന്നോ അവന്‍ കരക്കണയുന്നു.
ഖുസ്രോവിന്റെ പ്രണയത്തെക്കുറിച്ച കാഴ്ചപ്പാട് ഇതായിരുന്നു.
ക്ലാസികള്‍ പേര്‍ഷ്യന്‍ സാഹിത്യത്തില്‍ മൂന്നു എഴുത്തു രീതികള്‍ ഇറാനിയന്‍ പണ്ഡിതന്മാര്‍ അംഗീകരിക്കുന്നുണ്ട്. അവയിലൊന്ന് സബ്‌കെ ഹിന്ദ്(ഇന്ത്യന്‍ സ്‌റ്റൈല്‍) എന്നതാണ്. ഈ രചനാ രീതിയുടെ സ്ഥാപകന്‍ ഖുസ്രോ ആയിരുന്നു.
പേര്‍ഷ്യന്‍ ഭാഷയില്‍ സ്വന്തമായ ഒരു ശൈലി ഉയര്‍ത്തിക്കൊണ്ടു വന്നെങ്കിലും ഹിന്ദവിയിലായിരുന്നു അദ്ദേഹത്തിന്റെ കൂടുതല്‍ രചനകളും. ഈ ഹിന്ദവിയാണ് ഹിന്ദിയുടെയും ഉര്‍ദുവിന്റെയുമെല്ലാം പിറവിക്ക് കാരണമാകുന്നത്.
അമീര്‍ ഖുസ്രോ കടങ്കഥകള്‍ നിര്‍മിക്കുന്നതില്‍ ഏറെ പ്രസിദ്ധനായിരുന്നു. അദ്ദേഹത്തിന്റെ ഒരു കടങ്കഥ നോക്കൂ.
ബീസോന്‍ കെ സര്‍ കാഠ് ലിയാ
ന മാരാ, ന ഖൂന്‍ കിയാ
20 പേരുടെ തല വെട്ടി
ആരും കൊല്ലപ്പെട്ടില്ല, രക്തമൊഴുകിയതുമില്ല
ഉത്തരം: നഖം വെട്ടുക
ഖവ്വാലിയുടെ പിതാവായി ഖുസ്രോ പരിഗണിക്കപ്പെടുന്നു. ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തെ പേര്‍ഷ്യന്‍, അറബിക് ഘടകങ്ങള്‍ കൊണ്ട് സമ്പുഷ്ടമാക്കിയതിലുള്ള പ്രശസ്തിയും അദ്ദേഹത്തിനുള്ളതാണ്. ‘തരാന’ തുടങ്ങിയ സംഗീത രീതികളുടെ ഉപജ്ഞാതാവും ഖുസ്രോവാണ്. തബലയുടെ കണ്ടുപിടിത്തവും അമീര്‍ ഖുസ്രോവില്‍ ചാര്‍ത്തപ്പെടാറുണ്ട്. സിത്താര്‍ രൂപകല്പന ചെയ്തതും അമീര്‍ ഖുസ്രോ ആണെന്ന് കരുതപ്പെടുന്നു. ഗസല്‍, മസ്‌നവി, റൂബി, ദൊബേതി, തര്‍കിബന്‍ദ് എന്നിവ അദ്ദേഹം എഴുതിയിട്ടുണ്ട്. ഇന്ത്യയുടെ തത്ത (ടൂട്ടി എ ഹിന്ദ് ) എന്നും അദ്ദേഹം വിളിക്കപ്പെട്ടു.
തുഗ്ഫതു സിഗ്ര്!, വസ്തുല്‍ ഹയാത്, മിഫ്താഹുല്‍ ഫുതൂഹ് തുടങ്ങി അനവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു.
അദ്ദേഹത്തിന്റെ പേര്‍ഷ്യന്‍ കവിതകള്‍ എണ്ണമറ്റതും 13, 14 നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്നതുമായിരുന്നു. അദ്ദേഹത്തിന്റെ ആഘോഷിക്കപ്പെടുന്ന മിസ്റ്റിക് കവിതകള്‍ രാജ സദസില്‍ അവതരിപ്പിക്കപ്പെട്ടതിനേക്കാള്‍ നിസാമുദ്ദീന്‍ ഔലിയയുമായി ബന്ധപ്പെട്ടാണ്. 1272 കാലഘട്ടത്തിലാണ് ഖുസ്രോ ചിശ്തിയുടെ മിസ്റ്റിക് ജീവിതത്തോട് അനുഭാവം പ്രകടിപ്പിക്കുന്നത്. വളരെ പെട്ടെന്നു തന്നെ അദ്ദേഹം നിസാമുദ്ദീന്‍ ഔലിയയുടെ ഏറ്റവുമടുത്ത ആളായി മാറി. നിസാമുദ്ദീന്‍ പേര്‍ഷ്യന്‍ ഭാഷയേക്കാള്‍ ഹിന്ദവിയിലുള്ള കവിത കേള്‍ക്കാനായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്. അദ്ദേഹമാണ് ഖുസ്രോവിനെ ഹിന്ദവിയില്‍ കവിത രചിക്കാന്‍ നിര്‍ബന്ധിക്കുന്നത്. ഖുസ്രോവിന്റേതായിട്ട് പതിനെട്ടാം നൂറ്റാണ്ടു വരെ ഹിന്ദവിയിലെഴുതപ്പെട്ട കവിതകള്‍ രേഖപ്പെട്ടു കിടപ്പില്ലായിരുന്നുവെങ്കിലും അദ്ദേഹം തന്റെ പേര്‍ഷ്യന്‍ പുസ്തകങ്ങളില്‍ ഹിന്ദവിയിലെഴുതാനുള്ള അദ്ദേഹത്തിന്റെ ഇഷ്ടം തുറന്നു പറഞ്ഞിട്ടുണ്ട്.
പേര്‍ഷ്യന്‍ കവിതകളില്‍ നിന്നു വിഭിന്നമായി അദ്ദേഹത്തിന്റെ ഹിന്ദവി കവിതകള്‍ വാമൊഴിയായാണ് കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളത്. ഖവാലികളിലൂടെയൊക്കെയാണ് ഈ കൈമാറ്റം സാധ്യമായിട്ടുള്ളത്.
ജലാലുദ്ദീന്‍ റൂമിക്ക് ഷംസ് തബ്രീസ് എങ്ങനെയായിരുന്നോ അതിനു സമാനമായിരുന്നു അമീര്‍ ഖുസ്രോവിന് ഹസ്‌റത് നിസാമുദ്ദീന്‍ ഔലിയ എന്ന് പറയപ്പെടാറുണ്ട്. ഷംസിന്റെയും നിസാമുദ്ദീന്‍ ഔലിയയുടെയും വ്യക്തിത്വത്തിലുള്ള സാമ്യതകളെക്കാളും പ്രിയശിഷ്യരില്‍ അവര്‍ വരുത്തിയ പരിവര്‍ത്തനങ്ങളുടെ കാര്യത്തിലാണ് താരതമ്യം കൂടുതല്‍ സംഗതമാവുക. കൊട്ടാരം കവിയായിരുന്ന ഖുസ്രോവിനെ ആത്മീയജ്ഞാനത്തിലേക്കും അഭൗതികപ്രമേയങ്ങളിലേക്കും നിഗൂഢതത്വങ്ങളിലേക്കും വലിച്ചാകര്‍ഷിച്ചത് നിസാമുദ്ദീന്‍ ഔലിയ ആയിരുന്നുവല്ലോ. തന്റെ വന്ദ്യഗുരുവിനെ കണ്ടെത്തിയ അനുഭവം മാതാവിന് വിശദീകരിച്ചു കൊടുക്കുന്ന രീതിയിലാണ് ‘ആജ് രംഗ് ഹേ’ എന്ന അതിപ്രസിദ്ധമായ ഖവാലി രചിക്കപ്പെട്ടിട്ടുള്ളത്. രംഗ് എന്ന വാക്ക് നിറം എന്ന കേവലാര്‍ത്ഥത്തിലല്ല ഇവിടെ ഉപയോഗിക്കുന്നത്. ആത്മീയപ്രഭയുടെ ഉത്സവസമാനമായ വെളിച്ചവും നിറപ്പകിട്ടുമാണ് ഉദ്ദേശ്യം.
1253 ഒക്ടോബറിലാണ് അദ്ദേഹത്തിന്റെ വിയോഗം.