ഭാഗം – 03
എ. എം. നജീബ്
അമര്‍ചിത്രകഥ ഒരു പഠനപദ്ധതിയാണെ് പൈ അവകാശപ്പെട്ടിരുന്നു. 2008ല്‍ അനന്തപൈയുടെ മരണത്തെ തുടര്‍ന്ന് എ സി കെയുടെ പത്രാധിപ സ്ഥാനം ഏറ്റെടുത്ത റീന ഐ പൂരിയും പറയുന്നത് ഇതൊരു പാഠ്യപദ്ധതിയാണെന്നാണ്. അധ്യാപകരോ ക്ലാസ് മുറികളോ ഇല്ലാത്ത പഠനപദ്ധതി. മറ്റേതു വിഷയത്തേക്കാളും ഇവ വായിക്കപ്പെടുന്നു. കുട്ടികള്‍ ഒരു പ്രത്യേക ചരിത്രഘട്ടത്തില്‍ എങ്ങനെയായിരിക്കണം എന്ന മുതിര്‍ന്നവരുടെ സങ്കല്‍പ്പത്തിനനുസൃതമായാണ് അമര്‍ചിത്രകഥകള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. കുട്ടികളുടെ സ്വാഭാവികവും സ്വതന്ത്രവുമായ അന്വേഷണങ്ങള്‍ക്ക് അതു വിലങ്ങുതീര്‍ക്കുന്നു. മാര്‍ഗ്ഗദര്‍ശനത്തിന്റെ പേരിലുള്ള ഒരുതരം ഷണ്ഡീകരണം, ബോധനശാസ്ത്രത്തിന്റെ പേരിലുള്ള അധിനിവേശം ഇവയാണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്. നിരപരാധിപത്വത്തെയും നിഷ്‌കളങ്കതയേയും ചൂഷണം ചെയ്ത് കുട്ടികളില്‍ വിഗ്രഹ നിര്‍മാണം നടത്തുന്നു.
ഒരു പാഠപുസ്തകത്തിന്റെ രീതിയല്ല ചിത്രകഥകള്‍ അനുവര്‍ത്തിക്കുക. ഒരു ആശയത്തെ ചരിത്രവസ്തുതയെ വ്യക്തിയെ വിമര്‍ശിക്കുമ്പോഴും നിരൂപണം ചെയ്യുമ്പോഴും നിഷേധിക്കുമ്പോഴും പ്രകോപനം സൃഷ്ടിക്കുംവിധമായിരിക്കില്ല ചരിത്രകഥകള്‍ ആവിഷ്‌കരിക്കുന്നത്. പ്രത്യക്ഷമോ പരോക്ഷമോ ആയ ഫലിതമാണ് അമര്‍ചിത്രകഥ പ്രയോജനപ്പെടുത്തുക. വിവാദപരമായ ഇടപെടല്‍ നടത്തുന്നു എന്ന തോന്നല്‍ ചിത്രകഥകള്‍ സൃഷ്ടിക്കുകയില്ല. ഈ തത്വം തന്നെയാണ് അമര്‍ചിത്രകഥയും അനന്തപൈയും അവലംബിക്കുന്നത്. മാന്യമായും മയത്തോടും ലാളിത്യത്തോടുമൊപ്പം നിര്‍ബന്ധിക്കുക, സമ്മര്‍ദ്ദത്തിലാക്കുക എതാണ് അമര്‍ചിത്രകഥയുടെ നിലപാട്. ആര്‍ക്കും പരുക്കേല്‍പ്പിക്കാതെ ആരെയും നേരിട്ടെതിര്‍ക്കാതെ വളഞ്ഞരീതിയില്‍ കാര്യങ്ങള്‍ പറയുന്ന ശൈലി.
റാ്ഷ് ബിഹാരി ബോസ് എന്ന ചിത്രകഥയില്‍ അദ്ദേഹത്തെ സ്വതന്ത്ര്യ ചിന്താഗതിക്കാരനായ വിദ്യാര്‍ഥിയായിട്ടാണ് അവതരിപ്പിക്കുന്നത്. ഭക്തിയാര്‍ ഖില്‍ജി ബംഗാള്‍ കീഴടക്കിയതിനെ പ്രതിപാദിക്കുന്ന പാഠ്യഭാഗം ചോദ്യം ചെയ്യുന്നതാണ് കഥാസന്ദര്‍ഭം. റാഷ് ബിഹാരിയുടെ വിമര്‍ശന രീതിയും ആശയ വിനിമയശേഷിയും വിനയാന്വിതമായ സംസാരരീതിയും ചരിത്രത്തിലുള്ള അറിവും വാക്കിലൂടെയും ചിത്രങ്ങളിലൂടെയും ആവിഷ്‌കരിക്കുന്നു. ചരിത്രത്തിനു വേണ്ടി നിലകൊള്ളാനുള്ള അവന്റെ ദൃഢനിശ്ചയം ചെറിയ കാര്യത്തിനു വേണ്ടി വിദ്യാലയം ഉപേക്ഷിക്കാന്‍ പോലും അവനെ സദ്ധനാക്കുന്നു. കഥാകാരന്‍ ഗുരുകുല വിദ്യാഭ്യാസത്തിന്റെ മഹത്വത്തെകുറിച്ചും ആധുനിക വിദ്യാഭ്യാസ പദ്ധതിയുടെ ദൂഷ്യങ്ങളെക്കുറിച്ചും സൂചന നല്‍കുന്നുണ്ട്. അതായത് ഭാരതീയ പാരമ്പര്യത്തെകുറിച്ചു പറയാന്‍ ഡീ സ്‌കൂളിങ് എന്ന പുരാതനാശയം തിരുകിക്കയറ്റി ചിത്രകഥയ്ക്കു പുരോഗമനപരമായ പരിവേഷം സൃഷ്ടിക്കാനും ശ്രമിക്കുന്നു.
എന്നാല്‍, അധ്യാപകന്‍ ആരാണെന്നു ചിത്രത്തില്‍നിന്നു വ്യക്തമായി മനസ്സിലാക്കാം. പഠിച്ചതൊന്നും മറക്കാത്ത പുതിയതൊന്നും പഠിക്കാത്ത ഒരു ഉത്തരീയം ധരിച്ച താടി നീട്ടിയ മീശവെട്ടിക്കളഞ്ഞ അയാള്‍ മുസ്‌ലിമാണെന്നു ചിത്രം സുവ്യക്തമായി അടയാളപ്പെടുത്തിയിരിക്കുന്നു. കാഴ്ചയില്‍ അധ്യാപകന്‍ വില്ലനായ മുസ്‌ലിമും റാഷ് ബിഹാരിയെ കൂട്ടി ചരിത്രത്തിനു വേണ്ടി നിലകൊള്ളുയാളുമായി വായനക്കാരുടെ മനസ്സില്‍ സ്ഥാനം പിടിക്കുന്നു. നായകരായി ചിത്രീകരിക്കപ്പെടുവരുടെ ശബ്ദത്തിനു ജനകീയ ശബ്ദത്തിന്റെ പരിവേഷം കൊണ്ടുവരുന്നു.
ദേശത്തെയും ദേശീയതയെയും കുറിച്ച പത്തൊമ്പതാം നൂറ്റാണ്ടിലെ ഹൈന്ദവ സാമൂദായിക നിഗമനങ്ങളിലാവും പലപ്പോഴും അമര്‍ചിത്രകഥകളുടെ കഥാതന്തു. അതിനനുയോജ്യമായ ചേരുവകള്‍, ബിംബകല്‍പന, സംഭാഷണം, മിഥോളജി എന്നിവ സമര്‍ഥമായി ചേര്‍ത്തുകൊണ്ടാവും കഥയും കഥാപാത്രങ്ങളും ചിത്രീകരിക്കപ്പെടുക. പരസ്പര വിരുദ്ധങ്ങളായ ആശയങ്ങളും ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ചിത്രീകരിക്കപ്പെടാറുണ്ട്. എന്നാല്‍ സൗഹൃദത്തിന്റെയും സമന്വയത്തിന്റെയും സൗഹൃദവും ഐതിഹ്യവും ഇന്ത്യന്‍ സമൂഹത്തിന്റെ പ്രവണതകള്‍ തെന്നയായിരുന്നു. എന്നിട്ടും സംഘട്ടനങ്ങള്‍ മാത്രം ചിത്രീകരിച്ചു ഹൈന്ദവത അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് ചിത്രകഥകള്‍ ചെയ്തത്.
അമര്‍ചിത്രകഥകള്‍ ക്ലാസ്സിക്കുകളെ പോലെയാണ് അവതരിപ്പിക്കപ്പെടുന്നത്. ക്ലാസ്സിക്കുകള്‍ ജനങ്ങളുടെ ആത്മഭാവങ്ങളെയാണ് ആവിഷ്‌കരിക്കുന്നത്. ആ വിതാനത്തില്‍ പുരാണകഥകള്‍ ചിത്രീകരിക്കപ്പെടുകവഴി മനുഷ്യഹൃദയങ്ങള്‍ മലിനമാകാന്‍ സാധ്യതയുണ്ടെന്നു നന്ദിനി ചന്ദ്ര പറയുന്നു. ചരിത്രത്തെ കൂട്ടുപിടിച്ചു ഹൈന്ദവപ്പഴമയ്ക്ക് ശാസ്ത്രീയതയുടെയും ആധുനികതയുടെയും ആവരണം നല്‍കിയുള്ള ആഖ്യാനങ്ങള്‍ യാഥാസ്ഥിതികത്വത്തിനും ജീര്‍ണസംസ്‌കാരത്തിനും പുതിയ മുഖം നല്‍കുകയാണ് ചെയ്തത്. പരിക്കേറ്റ നാഗരികതയെ് ഇന്ത്യയെ വിശേഷിപ്പിച്ച വി എസ് നെയ്പാള്‍ വിദ്യാസമ്പരായ സവര്‍ണ ഇന്ത്യക്കാര്‍ ഹിന്ദു ഇതിഹാസങ്ങളില്‍ എല്ലാ ശാസ്ത്ര സിദ്ധാന്തങ്ങളുമുണ്ടെന്നു കരുതുന്നതിനെ പരിഹസിക്കുന്നുണ്ട്. പൊഖ്‌റാനില്‍ ആണവ പരീക്ഷണം നടത്തിയപ്പോള്‍ മറ്റൊരു മഹാഭാരതയുദ്ധമെന്നാണ് ആര്‍ എസ് എസ് അതിനെ വിശേഷിപ്പിച്ചത്. പിശാചുക്കളായ ഹിന്ദു വിരുദ്ധര്‍ക്കെതിരേ പ്രയോഗിക്കാവുന്ന ആയുധമാണ് ആറ്റംബോബെ് ആര്‍ എസ് എസ് ഇപ്പോഴും കരുതുന്നു.
ഇറ്റാലിയന്‍ ഫിലോസഫറായ അന്റോണിയില്‍ ഗ്രേഷ്യ പറയുന്നത് ചരിത്രങ്ങള്‍ വളച്ചൊടിച്ചും ഭരണകൂടങ്ങളിലൂടെയുമാണ് ഫാഷിസം കടുവരുതെന്നാണ്.
ചിത്രകഥയുടെ പക്ഷപാതിത്വം
അമര്‍ചിത്രകഥകള്‍ ഭക്തിയെ കുറിച്ചു പറയുമ്പോള്‍ എപ്പോഴും ഹൈന്ദവവേദങ്ങളെയും പുരാണങ്ങളെയും മാത്രം ആശ്രയിക്കുകയാണ് ചെയ്യുക. ഭക്തിപ്രസ്ഥാനവുമായി ബന്ധപ്പെട്ട കൃതികളെയും ഗുരുക്കളെയും വിസ്മരിക്കുന്നു. അധസ്ഥിത വിഭാഗങ്ങളില്‍നിന്നുള്ള ഗുരുക്കന്മാരുടെയും ദാര്‍ശനികരുടെയും സന്ദേശങ്ങള്‍ പോലും ബ്രാഹ്മണവല്‍ക്കരിച്ചു കൊണ്ട് അവതരിപ്പിക്കുന്നു. ഇന്ത്യയുടെ ശക്തിയും സൗന്ദര്യവുമായ വൈവിധ്യങ്ങളെ തീര്‍ത്തും നിരാകരിച്ചു കൊണ്ട് അധികാരഹൈന്ദവതയുടെ ഭാവനകളും മൂല്യസങ്കല്‍പ്പങ്ങളും അവ പകര്‍ത്തിവച്ചു. ഭക്തി, ദൈവം, വേദഗ്രന്ഥം, മൂല്യം, മോക്ഷം, പുനര്‍ജന്മം, വിവാഹം, കുടുംബം തുടങ്ങി മനുഷ്യ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും സവര്‍ണസംഹിതകള്‍ രേഖപ്പെടുത്തിവച്ചുകൊണ്ട് ഇന്ത്യയുടെ പൊതുനിയമങ്ങള്‍ എന്ന ധാരണ അമര്‍ചിത്രകഥകള്‍ ഉറപ്പിച്ചെടുത്തു.
പ്രധാനമായും മൂന്നു രീതിയിലാണ് അമര്‍ചിത്രകഥകള്‍ പ്രചരിപ്പിച്ചതെന്നു നന്ദിനി ചന്ദ്ര പറയുന്നു. ഒന്ന്, സാംസ്‌കാരിക ജീര്‍ണ്ണതയുടെ പ്രചരണമാണ് സാംസ്‌കാരിക മൂല്യങ്ങളുടെ പ്രചാരണത്തിനു പകരം നടത്തിയത്. അതിലൂടെ മതവിദ്വേഷവും വിഭാഗീയതയും കുരുന്നു മനസ്സുകളില്‍ സൃഷ്ടിച്ചു. കല കലയ്ക്കു വേണ്ടിയല്ലാതെ മാറ്റുകയും കൃത്യമായ അജണ്ട കുത്തിത്തിരുകുകയും ചെയ്തു. അമര്‍ചിത്രകഥകള്‍ പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യന്‍ ബുക്‌സിനു ഗവമെന്റ് ഫണ്ട് മുടക്കിയിരുന്നുവത്രേ. രണ്ട,് കലയെ ഒരു ചരക്കായി മാറ്റി സാംസ്‌കാരിക വ്യവസായം നടത്തി. മൂന്ന്, കലയെ ലാഭവും നിക്ഷേപവുമാക്കി. 460 തലക്കെട്ടുകളിലായി 90 ദശലക്ഷം കോപ്പികളാണ് അനന്തപൈയുടെ അമര്‍ചിത്രകഥകള്‍ ഇന്ത്യയില്‍ വിറ്റഴിച്ചത്.
അമര്‍ചിത്രകഥകളുടെ സുവര്‍ണകാലം ഇന്ത്യയില്‍ 1960ന്റെ അവസാനം മുതല്‍ 1990 വരെയുള്ള മൂന്ന് പതിറ്റാണ്ടാണ്. ഈ 30വര്‍ഷം കൊണ്ട് ഇന്ത്യയുടെ രാഷ്ട്രീയ ചിന്താഗതിയില്‍ മാറ്റം വരുത്തി. ലാറ്റിനമേരിക്കയില്‍ ഗബ്രിയല്‍ ഗാര്‍സിയ മാര്‍ക്കേസ് തന്റെ സാഹിത്യപ്രവര്‍ത്തനത്തിലൂടെ ജനങ്ങളുടെ ചിന്താഗതിയില്‍ മാറ്റം വരുത്തിയതുപോലെയാണിതെന്നു നന്ദിനി നിരീക്ഷിക്കുന്നു. സാമ്പത്തിക ചൂഷണം, സാമ്രാജ്യത്വതാല്‍പ്പര്യം, മര്‍ദകരാഷ്ട്രീയം, സ്ത്രീവിരുദ്ധത ഇവയ്ക്കു പകരമായി നീതിയുടെയും നന്മയുടെയും സന്ദേശങ്ങള്‍ ജനങ്ങള്‍ക്കു നല്‍കി അവരുടെ ചിന്തയെ സ്വാധീനിക്കാന്‍ മാര്‍ക്കേസിനു കഴിഞ്ഞു. എന്നാല്‍ നേരെ വിപരീതമായ ചിന്താഗതിയാണ് അനന്തപൈ ഇന്ത്യന്‍ ബാല്യങ്ങളില്‍ നിര്‍മിച്ചെടുത്തത്. ഇന്ത്യയില്‍ അമര്‍ചിത്രകഥകള്‍ സജീവമാകുന്ന ഘട്ടത്തില്‍ നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് ആശയങ്ങള്‍ ശിഥിലമായി തുടങ്ങി. കോണ്‍ഗ്രസിന്റെ വിശാലമായ രാഷ്ട്രീയ നിലപാടുകള്‍ക്കു പകരമായി പാര്‍ട്ടിയില്‍ ശ്രേഷ്ടന്‍മാര്‍ ഉയര്‍ന്നുവന്നു. ഹൈന്ദവതാല്‍പ്പര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്ന ഐക്യമുണികള്‍ രൂപപ്പെട്ടു. ഇവ വായിച്ചു വളര്‍ന്ന ഒരു വിഭാഗത്തിന്റെ വോട്ട് നേടിയെവണ്ണം ബി ജെ പി ആദ്യമായി അധികാരത്തിലുമെത്തി. ഈ ഘട്ടത്തില്‍ രാമജന്മഭൂമി പ്രശ്‌നം വളര്‍ത്തി വലുതാക്കുകയും ബാബരിമസ്ജിദ് തകര്‍ക്കുന്നതിനെ അനുകൂലിക്കുന്ന മനസ്ഥിതി ഇന്ത്യന്‍ ബാല്യങ്ങളില്‍ കുത്തിനിറയക്കാനും ഈ ചിത്രകഥാ പ്രസ്ഥാനത്തിനു കഴിഞ്ഞു.
രാമാനന്ദ് സാഗര്‍ സംവിധാനം ചെയ്ത രാമായണം ടെലിവിഷന്‍ പരമ്പര ഇന്ത്യയുടെ ദേശീയ ചാനലായ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്നത് 1987 ജനുവരി മുതല്‍ 1989 വരെയാണ്. ബി ജെ പിക്കു ദേശീയതലത്തില്‍ ഒരു പാര്‍ട്ടിയായും മറ്റു മതേതര രാഷ്ട്രീയപാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുവര്‍ക്കിടയില്‍ പോലും ഫാസിസം ഒരു മനസ്ഥിതിയായും വളര്‍ച്ച പ്രാപിക്കുന്നതില്‍ ഈ ടെലിവിഷന്‍ പരമ്പര വലിയ പങ്കു വഹിച്ചുവെന്ന് പൊളിറ്റിക്‌സ് ആഫ്റ്റര്‍ ടെലിവിഷന്‍ എന്ന പുസ്തകം എഴുതിയ അരവന്ദ് രാജഗോപാല്‍ പറയുന്നു. മുത്തശ്ശിക്കഥകളില്‍ കേട്ടുപഴകിയിരുന്ന ശ്രീരാമന്‍ യഥാര്‍ഥമനുഷ്യനായി ഇന്ത്യയുടെ രക്ഷകനായി മനുഷ്യദൈവമായി ഇന്ത്യന്‍ മനസ്സുകളില്‍ കുടിപാര്‍ത്തു. അദ്വാനിയുടെ രഥയാത്രയോടെ പന്ത് ബി ജെ പിയുടെ കൈയിലുമായി. രാമായണത്തെ തുടര്‍ന്നുവന്ന മഹാഭാരത്, ലവ്കുശ്, ലോര്‍ഡ് കൃഷ്ണ തുടങ്ങിയ സീരിയലുകളുമായി ബന്ധപ്പെട്ടവരൊക്കെ പിന്നീട് ബിജെപി യുടെ എം പി മാരായി മാറുകയും ചെയ്തു. രാമനായി വേഷമിട്ട അരുണ്‍ ഗോവില്‍ സീതയായി വേഷമിട്ട ദീപിക ചൗലാകിയ, ലോര്‍ഡ് കൃഷ്ണയില്‍ അഭിനയിച്ച നിതീഷ് ഭരദ്വാജ് രാവണനായി വേഷമിട്ട അരവിന്ദ് ത്രിവേദി എന്നിവര്‍ വിവിധഘട്ടങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളിലൂടെ ഇന്ത്യന്‍ പാര്‍ലമെന്റിലെത്തി. കോണ്‍ഗ്രസ്സ് ഭരണത്തിലിരിക്കെ സംപ്രേഷണം ചെയ്ത ഈ സീരിയലുകള്‍ ബിജെപിയെ ഒരു ദേശീയ പാര്‍ട്ടിയായി വളര്‍ത്തിയെടുത്തുവെന്ന് അരവിന്ദ് പറയുന്നു.
http://openopinion.in/2020/07/07/amarchitrakadal/
http://openopinion.in/2020/07/08/amar-chitrakada/