ഭാഗം – 02
എ. എം. നജീബ്
Part – 2
കോമിക്‌സുകളെ ഇരുകൈയും നീട്ടി സ്വീകരിച്ച രണ്ടാമിടമാണ് ഇന്ത്യ. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം കോമിക്‌സുകള്‍ വിറ്റഴിക്കപ്പെട്ടത് ഇന്ത്യയിലാണെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അറുപതുകള്‍ക്കു ശേഷം ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയില്‍ രൂപപ്പെട്ട അണുകുടുംബങ്ങളില്‍ കുട്ടികള്‍ക്കു ധാര്‍മികപാഠങ്ങള്‍ പകര്‍ന്നു നല്‍കിയിരുന്ന മുത്തശ്ശിമാരില്ലാതായപ്പോഴാണ് ചിത്രകഥകള്‍ കുരുുകളുടെ മനസ്സ് കീഴടക്കിയത്.
ഇന്ത്യന്‍ മിത്തുകളിലെ സാങ്കല്‍പ്പിക കഥാപാത്രങ്ങള്‍ വീരപുരുഷന്‍മാരായി കുട്ടികളുടെ മനം കവര്‍ന്നു. അമേരിക്കയില്‍നിന്നുവന്ന സൂപ്പര്‍മാന്‍ സ്‌പൈഡര്‍മാന്‍ കോമിക്‌സുകള്‍ ഇന്ത്യയില്‍ രൂപപ്പെട്ട അമര്‍ചിത്രകഥകള്‍ക്കു മുന്നില്‍ വിപണിയില്‍ തോറ്റുപോയി. ഇന്ത്യയില്‍നിന്ന് അമേരിക്ക കോപ്പിയടിച്ച ഏക സംഗതി കോമിക്‌സാണ്. അമേരിക്കയിലെ ലിക്വഡ് കോമിക്‌സിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട നിരവധി കഥാപാത്രങ്ങളെ കോമിക്‌സുകളിലൂടെ പുനപ്രതിഷ്ടിച്ചു. ‘ദേവി’ എന്ന പേരില്‍ ഭാരതീയ ദുര്‍ഗയെ അവതരിപ്പിക്കുന്ന കോമിക്‌സ് അമേരിക്കന്‍ വിപണി കൈയടക്കിയതങ്ങനെയാണ്. ഫ്രഞ്ച് സ്പാനിഷ് അടക്കം 20 ഭാഷകളിലായി ഇന്ത്യന്‍ മിത്തുകള്‍ ചിത്രകഥകളായി രൂപാന്തരം പ്രാപിച്ചു.
1965 ല്‍ അനന്തറാം എയാളാണ് ആദ്യമായി അമര്‍ചിത്രകഥകള്‍ ഇന്ത്യയില്‍ കൊണ്ടുവരുന്നത്. കഡഭാഷയില്‍ അനന്തറാം കൃഷ്ണനെ കുറിച്ച് ചിത്രകഥകള്‍ രൂപപ്പെടുത്തി. തുടര്‍ന്ന് അമര്‍ചിത്രകഥകള്‍ക്കു വലിയൊരു വിപണിയുണ്ടാക്കിക്കൊടുത്തത് 1967ല്‍ അനന്തപൈ എ എഞ്ചിനീയറുടെ ഭാവനയില്‍ നിന്നാണ്. ടൈംസ് ഓഫ് ഇന്ത്യയില്‍ കുട്ടികളുടെ മാഗസിന്‍ എഡിറ്ററായ അദ്ദേഹം ഇന്ദ്രജാല്‍ കോമിക്‌സ് എന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായി സ്വതന്ത്രമായി ഇന്ത്യന്‍ മിത്തുകളെ കേന്ദ്രീകരിച്ചു ചിത്രകഥകള്‍ രൂപപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. അതിനു കാരണമായി അനന്തപൈ പറയുത് അക്കാലഘട്ടത്തില്‍ അദ്ദേഹം പങ്കെടുത്ത ഒരു ടെലിവിഷന്‍ പരിപാടിയില്‍ കുട്ടികളുമായി സംവദിക്കാനുണ്ടായ സാഹചര്യമാണ്. ‘ഗ്രീക്ക് മിത്തോളജിയെ കുറിച്ചും റോമ മിത്തോളജിയെ കുറിച്ചുമൊക്കെ അവര്‍ക്ക് അറിവുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ മിത്തോളജിയെ കുറിച്ച് അവര്‍ക്കു യാതൊന്നും അറിയില്ല’ അതിനുള്ള ശ്രമമായാണ് അമര്‍ചിത്രകഥകളുടെ പ്രസിദ്ധീകരണം തുടങ്ങുതെന്നാണ്. എന്നാല്‍, അമേരിക്കന്‍ കോമിക്‌സുകളുടെ മാര്‍ക്കറ്റിങ് സാധ്യത കണ്ട് അതു നേടിയെടുക്കാനും കലയെ കച്ചവടവല്‍ക്കരിക്കാനുമുള്ള ശ്രമവും ഇതിന്റെ പിിലുണ്ടായിരുന്നതായി അമര്‍ചിത്രകഥയെ കുറിച്ചു സമഗ്രപഠനം നടത്തി ഡോ. നന്ദിനി ചന്ദ്ര തയ്യാറാക്കിയ (The classic popular amarchithrakatha 1967-2007) ) എന്ന പുസ്തകം ആരോപിക്കുന്നു. 90 ദശലക്ഷം കോപ്പികളാണ് വിറ്റഴിക്കപ്പെട്ടതെന്നു നന്ദിനി ചന്ദ്ര പറയുന്നു.
1913ല്‍ ഇന്ത്യയിലെ ആദ്യ സിനിമ രാജാ ഹരിശ്ചന്ദ്ര നിര്‍മിക്കാന്‍ കാരണമായി ദാദാസാഹിബ് ഫാല്‍ക്കെ പറയുന്നത് താന്‍ ഇംഗ്ലണ്ടില്‍ സിനിമ പഠിക്കാന്‍ പോയപ്പോള്‍ അവിടെ നിര്‍മിക്കപ്പെടുന്ന സിനിമകളെല്ലാം ക്രിസ്തു ചരിത്രത്തിന്റെ വിവിധ ഏടുകളെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. അതിനു പകരമായി ഇന്ത്യന്‍ ഇതിഹാസങ്ങളിലെ വീരപുരുഷനായ ഹരിശ്ചന്ദ്രയെ കേന്ദ്രമാക്കി സിനിമ ചെയ്യാന്‍ തീരുമാനിച്ചുവെന്നാണ്.
ഫാന്റവും സൂപ്പര്‍മാനും കുട്ടികളുടെ ഹീറോ ആയ കാലത്ത് ശ്രീകൃഷ്ണനെ കുറിച്ചു ചിത്രകഥയുണ്ടാക്കിയാണ് അനന്തപൈയും അമര്‍ ചിത്ര കഥകള്‍ക്കു തുടക്കം കുറിക്കുന്നത്.
മംഗലാപുരത്തെ സാരസ്വത് ബ്രാഹ്മണനായ പൈ തന്റെ കുടുംബത്തിനു 8000 വര്‍ഷത്തെ ചരിത്രം കെട്ടിച്ചമയ്ക്കുകയും ചെയ്തു. ദേവലോകത്തുനിന്ന് ഉല്‍ഭവിക്കുന്ന ഒരു നദിയുടെ തീരത്താണ് എണ്ണായിരം വര്‍ഷങ്ങളായി സാരസ്വത് ബ്രാഹ്മി കുടുംബം കഴിയുതെന്ന് കുടുംബ ചരിത്രത്തില്‍ പൈ രേഖപ്പെടുത്തി. അങ്ങനെ ദൈവികമായ അടിത്തറ സ്വന്തം കുടുംബത്തിനുണ്ടാക്കാനും പൈ ശ്രമിച്ചു.
അനന്തപൈയുടെ ചിത്രകഥകള്‍ വളരെ മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ടയുടെ ഭാഗമായുള്ള പാത്ര സൃഷ്ടികളായിരുുവെന്ന് നന്ദിനിചന്ദ്ര പറയുന്നു. വാജ്‌പേയ് ബി ജെ പിയുടെ ആദ്യ പ്രധാനമന്ത്രിയായി അധികാരത്തില്‍ വരുമ്പോള്‍ അനന്തപൈയെ കുറിച്ചു നടത്തിയ ഒരു പരാമര്‍ശം നെഹ്‌റുവിനു ശേഷം കുട്ടികളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചയാള്‍ എന്നായിരുന്നു. അന്നത്തെ മാനവവിഭശേഷി മന്ത്രിയായിരുന്ന മുരളി മനോഹര്‍ ജോഷി പാഠ്യപദ്ധതിയിലെ കരിക്കുലത്തില്‍ പൈയുടെ ചിത്രകഥകള്‍ ഉള്‍പ്പെടുത്തി. വിദ്യാഭ്യാസ മേഖല ദേശീയവല്‍കരിക്കാനും ഹൈന്ദവവല്‍കരിക്കാനുമുള്ള വ്യാപകമായ ശ്രമങ്ങള്‍ നടക്കുന്നത് എം എം ജോഷിയുടെ കാലത്താണ്. ആര്‍ എസ് എസ് ഉദ്ദേശിക്കുന്ന കാര്യപരിപാടികള്‍ തന്നെയായിരുന്നു കുട്ടികളുടെ അങ്കിള്‍പൈ എറിയപ്പെടുന്ന അനന്തപൈയും അനുവര്‍ത്തിച്ചത്. വിദ്യാഭാരതി, അഖില്‍ ഭാരതീയ ശിക്ഷാസന്‍സ്ഥാന്‍ വഴിയാണ് ആര്‍ എസ് എസ് കാര്യപരിപാടി നടപ്പാക്കിയത്. മോറല്‍ എജ്യുക്കേഷന്‍, സംസ്‌കൃതപഠനം, ഗായത്രിമന്ത്രം ചൊല്ലല്‍, സരസ്വതി വന്ദനം എന്നീ പരിപാടികള്‍ സംഘടിപ്പിച്ച് ദേശീയതയെ ഹിന്ദുത്വ വല്‍കരിച്ചു. കൂടാതെ അനുബന്ധപാഠാവലികള്‍ പ്രസിദ്ധീകരിച്ചു. ജനറല്‍ നോളജ് മല്‍സരങ്ങള്‍ സംഘടിപ്പിച്ചു. അയോധ്യയില്‍ രാമക്ഷേത്രം പ്രതിരോധിക്കാന്‍ എത്രപേര്‍ മരിച്ചു എന്നായിരുന്നു അത്തരം പരീക്ഷകളില്‍ ചോദ്യം. ബാബരിമസ്ജിദിന്റെ ഒരു മിനാരം തകര്‍ക്കാന്‍ എത്രസമയമെടുത്തു തുടങ്ങിയ ചോദ്യങ്ങളുമുണ്ടായിരുന്നു.
ചിത്രങ്ങള്‍ കാണിച്ചു കൊണ്ട് പുരാണങ്ങളെയും ഐതിഹ്യങ്ങളെയും ബിംബങ്ങളായി കുട്ടികളുടെ മനസ്സില്‍ പ്രതിഷ്ഠിക്കുക വഴി ഒരുതരം വിശ്വാസം ഉണ്ടാക്കിയെടുത്തു. ഫാഷിസത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനും സാംസ്‌കാരിക അധിനിവേശം നടത്താനും അമര്‍ചിത്രകഥകള്‍ സഹായകമായി.
http://openopinion.in/2020/07/07/amarchitrakadal/
തുടരും