എടക്കരയെ വികസനത്തിന്‍റെ ‘വണ്ടര്‍ലാന്‍റാക്കി’ ആലീസ് അമ്പാട്ടിന്‍റെ രണ്ടാമൂഴം

തയ്യാറാക്കിയത് : മുഖ്താര്‍ പുതുപ്പറമ്പ്

ലൂയി കാരളിന്റെ ‘ആലീസ് ഇന്‍ വണ്ടര്‍ ലാന്‍ഡ്’ എന്ന വിഖ്യാത ഫിക്ഷനിലെ നായിക മുഖാമുഖം നിന്ന വിസ്മയ നിമിഷങ്ങള്‍ ഓര്‍മ്മയിലെത്തും, കുരീക്കാട്ട്കുന്നേല്‍ വര്‍ക്കിയുടെയും ത്രേസ്യാമ്മയുടെയും ഏഴു മക്കളില്‍ രണ്ടാമത്തെ ആളായ ആലീസ് അമ്പാട്ടിന്റെ രാഷ്ട്രീയ/ പ്രതിനിധാന ജീവിതം കേട്ടിരിക്കുമ്പോള്‍.

പാര്‍ലമെന്റേറിയന്‍ പൊളിറ്റിക്‌സ് എന്നതു പോയിട്ട്, കക്ഷിരാഷ്ട്രീയത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പോലും പടി കടന്നെത്താത്ത തറവാട്ടിലെ ഇളമുറക്കാരിയെത്തേടി ഇലക്ഷനും സ്ഥാനാര്‍ത്ഥിത്വവും വിജയവുമൊക്കെ എത്തിയത് അക്ഷരാര്‍ത്ഥത്തില്‍ ആലീസിനെ അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു.

കുടുംബത്തില്‍ ഒരാള്‍ പോലും ഭരണതലത്തിലോ രാഷ്ട്രീയത്തിന്റെ ഏഴയലത്തോ ഇല്ലായിരുന്നെങ്കിലും അങ്കത്തട്ടിലെത്തിയപ്പോള്‍ കന്നിയങ്കത്തില്‍ തന്നെ വിജയം ആലീസിനൊപ്പം പോന്നു.

കാര്‍ഷികവൃത്തിയിലും വ്യാപാര, ഉദ്യോഗ മേഖലകളിലും മാത്രം വ്യാപൃതരായിരുന്ന കുടുംബാംഗങ്ങളില്‍ നിന്ന്
രാഷ്ട്രീയ ഗോദയിലേക്ക് പാഠങ്ങളൊന്നും പകര്‍ന്നു കിട്ടിയില്ലെങ്കിലും സൗമ്യതയുടേയും നന്‍മയുടേയും പാരമ്പര്യ സുകൃതം ആലീസിനെ നാട്ടുകാര്‍ക്കിടയില്‍ പ്രിയങ്കരിയാക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ടാകണം. ആ ലാളിത്യം സദാ പുഞ്ചിരിച്ച് കൊണ്ടും മാത്രം ആളുകളോട് പെരുമാറി ശീലമുള്ള ആലീസില്‍ ഒന്നരപ്പതിറ്റാണ്ടു പിന്നിടുമ്പോഴും തിളക്കം കൂടിക്കൊണ്ടേയിരിക്കുന്നു.

തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കുള്ള അരങ്ങേറ്റത്തെക്കുറിച്ച് ചോദിക്കുമ്പോള്‍, ഗഹനതയില്‍ പൊതിഞ്ഞ അജണ്ടകള്‍ വിളമ്പുന്ന പതിവു രാഷ്ട്രീയത്തിന്റെ കസര്‍ത്തില്ലാതെ ആലീസ് പറയുക അതൊരു കുഞ്ഞു വാചകത്തിന്റെ വിരല്‍ തുമ്പ് പിടിച്ച് അങ്ങനങ്ങിറങ്ങി എന്നാണ്.
2005 ലെ മനോരമ പത്രത്തിന്റെ വാരാന്തപ്പതിപ്പില്‍ നിന്ന് മനസ്സു തൊട്ട ഒരു വാചകം ‘അവസരങ്ങള്‍ പാഴാക്കരുത് എന്നായിരുന്നു’ അത്.
ചെറുപ്പം മുതലെ നല്ലപോലെ വായിക്കുമായിരുന്ന ആലീസിന് വായന വെറും വിനോദമായിരുന്നില്ല അന്നും ഇന്നും. പത്രങ്ങളിലും ആനുകാലികങ്ങളിലും വരുന്ന സമകാലിക രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും ലേഖനങ്ങളും സശ്രദ്ധം വായിക്കുമായിരുന്നു ചെറുപ്പത്തില്‍ തന്നെ അവര്‍.രാഷ്ട്രീയ പരിസരങ്ങളെ കുറിച്ച് അന്ന് തന്നെ നല്ല ബോധ്യം ഉണ്ടാക്കി എടുക്കാന്‍ അതു സഹായകമായി എന്നു ആലീസ് ആണയിട്ട് പറയുന്നു.

അങ്ങനെയാണ്, പാതിരിപ്പാടം സെന്‍റ്മേരീസ് പള്ളിയില്‍ സണ്‍ഡേ ക്ലാസ് എടുത്തും വായിച്ചും പാട്ടു കേട്ടും നടന്നിരുന്ന ആലീസില്‍ ഒരു രാഷ്ട്രീയക്കാരി പരുവപ്പെട്ടു വരുന്നത്.
രാഷ്ട്രീയപ്രസംഗങ്ങള്‍ താല്‍പര്യത്തോടെ കേള്‍ക്കുന്ന ശീലവും ആലീസിനുണ്ടായിരുന്നു. വീടിനടുത്തുള്ള ചെമ്പംകൊല്ലി അങ്ങാടിയില്‍ വെച്ച് നടക്കുന്ന യോഗങ്ങള്‍, പ്രസംഗങ്ങള്‍ കേള്‍ക്കാനുള്ള താല്‍പര്യത്തിന് ആക്കം കൂട്ടുകയും ചെയ്തു.
ഇതിനിടയിലെപ്പോഴോ ആണ് പൊതുരംഗത്ത് ഒരു കൈ നോക്കണമെന്ന ചിന്ത ആലീസിന്റെ മനസ്സില്‍ നാമ്പിടുന്നത്.
2005 ലെ തെരഞ്ഞെടുപ്പ് സമയത്ത് ഇരു മുന്നണികളും തന്നെ സമീപിക്കുകയും തങ്ങളുടെ പാര്‍ട്ടിക്ക് വേണ്ടി സ്ഥാനാര്‍ത്ഥിയാകാന്‍ ആവശ്യപ്പെടുകയും ചെതുവെന്ന് അവര്‍ ഓര്‍ത്തെടുത്തു. ആദ്യമൊക്കെ ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടുകളോട് അനുഭാവമുള്ള വ്യക്തി എന്ന നിലയില്‍ അതിന്റെ നേതാക്കളോട് സമ്മതം മൂളുകയായിരുന്നു. അതിന് മുമ്പ് ഒരു തെരഞ്ഞെടുപ്പില്‍ പോലും ചിന്തിച്ചെടുത്ത് വോട്ട് ചെയ്തത് ഓര്‍മ്മയില്‍ പോലും ഇല്ലാത്ത ആലീസ് അങ്ങിനെ എടക്കര പഞ്ചായത്തില്‍ നിന്നും ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥിയായി മാറി. ‘തോറ്റാല്‍ എന്നെ കുറ്റപ്പെടുത്തരുതെന്നും ജയിച്ചാല്‍ കൂടെ നില്‍ക്കണമെന്നുമാണ്’ ഞാന്‍ എന്നെ മത്സര രംഗത്തിറക്കിയവരോട് പറഞ്ഞത്. പക്ഷെ കൂടെയുള്ളവരുടെ ആവേശവും പ്രവര്‍ത്തനവും എന്നില്‍ ഒരിക്കല്‍ പോലും തെരഞ്ഞെടുപ്പ് ഗോഥയില്‍ നിന്ന് മാറിനില്‍ക്കണമെന്ന ചിന്ത ഉണ്ടാക്കിയിട്ടില്ല
ആലീസ് പറയുന്നു. ബലാബലം നിന്നിരുന്ന എടക്കരയിലെ ഒന്നാം വാര്‍ഡില്‍ നിന്ന് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി ആലിസ് 52 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.


ജീവിതത്തിന്റെ പ്രയാസങ്ങളും പ്രതിസന്ധികളും നിറഞ്ഞ വഴിയിലൂടെ കടന്നുവന്ന ഒരാള്‍ എന്ന നിലയില്‍ തന്റെ വാര്‍ഡിലെ ഓരോ മനുഷ്യരുടെയും പ്രശ്‌നങ്ങള്‍ക്ക് ചെവികൊടുക്കാനും അത് പരിഹരിക്കുന്നതിന് പ്രാമുഖ്യം നല്‍കാനുമാണ് അന്നു മുതല്‍ ശ്രമിച്ചതെന്നും അത് കൊണ്ട് തന്നെ പ്രഥമ പരിഗണന വ്യക്തിഗത ആനുകൂല്ല്യങ്ങള്‍ക്കാണ് നല്‍കിയിരുന്നതെന്നും അവര്‍ പറഞ്ഞു. വീടിന് നമ്പറിടുക, വോട്ടര്‍ ഐഡി കാര്‍ഡില്ലാത്തവര്‍, റേഷന്‍കാര്‍ഡില്ലാത്തവര്‍, പെന്‍ഷന്‍ ലഭിക്കാത്തവര്‍ എന്നിങ്ങനെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിട്ടും ലഭ്യമാകാതെ പോകുന്നവര്‍ക്കു മുന്നിലെ ആദ്യ ഔദ്യോഗിക കടമ്പയായ അടിസ്ഥാന രേഖകള്‍ സമ്പാദിച്ചു നല്‍കിക്കൊണ്ടായിരുന്നു തുടക്കം.


ഓരോ വീടുകളിലും കയറിയിറങ്ങി അവരുടെ ബുദ്ധിമുട്ട് എന്തെന്ന് നേരിട്ട് മനസ്സിലാക്കാനും അതിന്റെ പിന്നാലെ പോകാനും കൂടുതല്‍ സമയം നീക്കിവെച്ചിരുന്നു. അടിസ്ഥാന വികസനം എത്തിനോക്കാത്ത മലച്ചി കോളനിയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ആദ്യ കാലത്തു തന്നെ സാധിച്ചിട്ടുണ്ടെന്ന് ആലീസ് പറഞ്ഞു.
2005-10 കാലഘട്ടം ആദ്യമായി പൊതുരംഗത്തേക്ക് പ്രവേശിച്ച ആലിസിനെ സംബന്ധിച്ചിടത്തോളം എല്ലാം പുതിയതായിരുന്നു. ഓരോ ചുവടിലും കാര്യങ്ങള്‍ പഠിക്കാനും പ്രാവര്‍ത്തികമാക്കാനുമുള്ള ജാഗ്രത വിജയം കണ്ടുവെന്ന് നിസ്സംശയം പറയും, നാട്ടുകാര്‍.

പിന്നീട് 2010 ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല, പക്ഷെ കുടുംബശ്രീ സിഡിഎസ് ആയി വാര്‍ഡില്‍ സജീവമാവുകയും ഉദ്യോഗ പരിചയം ഉപയോഗിച്ച് നിരവധി വിഷയങ്ങളില്‍ സാധാരണക്കാരെ സഹായിച്ച് അവര്‍ക്കിടയില്‍ തന്നെ നിന്നു.
2015 ലെ ഇലക്ഷനില്‍ വീണ്ടും മത്സര രംഗത്തേക്ക്. എടക്കര പഞ്ചായത്തിന്റെ അമരക്കാരിയെന്ന പട്ടമായിരുന്നു കാത്തിരുന്നത്.
പഞ്ചായത്തിലെ മറ്റു ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യുഡിഎഫ് നേതാക്കളുടെയും പിന്തുണയോടെ നിരവധി വികസന പദ്ധതികള്‍ നാടിനുവേണ്ടി ചെയ്യാന്‍ സാധിച്ചതില്‍ 5 വര്‍ഷം പിന്നിടുന്ന ഈ സമയത്ത് ഏറെ അഭിമാനം തോന്നുന്നുണ്ടെന്ന് ആലീസ് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

2018 – 19 വാര്‍ഷിക പദ്ധതിയില്‍ ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം നല്‍കിയപ്പോള്‍ അവരുടെ മുഖത്തുണ്ടായ സന്തോഷം ഇന്നും മനസ്സില്‍ തങ്ങി നല്‍ക്കുന്ന ഒന്നാണ്.വിദ്യാഭ്യാസ രംഗത്തും നിരവധി സംഭാവനകളര്‍പ്പിക്കാന്‍ ഈ കാലയളവില്‍ സാധിച്ചു. പഞ്ചായത്തിലെ ഏക ഗവണ്‍മെന്റ് എല്‍പി സ്‌കൂളായ പാതിരാപ്പാടം ജിഎല്‍പി സ്‌കൂളിന്റെ മുഴുവന്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്കും പഞ്ചായത്ത് മുന്നില്‍ നിന്നിട്ടുണ്ട്. പാചകപ്പുര, ഡൈനിംഗ് ഹാള്‍, ടോയ്‌ലറ്റ്, ക്ലാസ് റൂമുകള്‍ തുടങ്ങി മുഴുവന്‍ കാര്യങ്ങളിലും ഈ ഭരണ സമിതിക്ക് നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ഇതോടെ 70 കുട്ടികള്‍ മാത്രം പഠിച്ചിരുന്ന ഈ വിദ്യാലയം ഇന്ന് ഇരുന്നൂറിലധികം പേര്‍ പഠിക്കുന്ന കലാലയമായി മാറിയിട്ടുണ്ട്. സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പ്രഭാത ഭക്ഷണം നല്‍കുന്ന പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞു.
170 ഓളം എസ് എസ്ടി കുട്ടികള്‍ക്ക് പഠന സൗകര്യം ഒരുക്കുന്നതിന്‍റെ ഭാഗമായി സൈക്കിള്‍ വിതരണം ചെയ്യാനും സാധിച്ചിട്ടുണ്ട്. മിടുക്കരായ നിരവധി എസ് എസ്ടി കുട്ടികള്‍ക്ക് ഓരോ വര്‍ഷവും ലാപ്‌ടോപ്പും മറ്റു പഠന സൗകര്യങ്ങളും ഒരുക്കാന്‍ നിലവിലെ ഭരണ സമിതിക്ക് കഴിഞ്ഞു.
പുറമെ 6 അംഗനവാടികള്‍ക്ക് കോണ്‍ഗ്രീറ്റ് ബില്‍ഡിംഗ് നിര്‍മിച്ചു കൊടുത്തു. ഇതിനായി ഒരു കോടിയോളം രൂപയാണ് ചിലവഴിച്ചത്.ഇതിന് ജില്ലാപഞ്ചായത്തിന്‍റെയും ബ്ലോക്ക് പഞ്ചായത്തിന്‍റെയും സഹായം ലഭ്യമായിട്ടുണ്ട്.

ആരോഗ്യ രംഗത്തും വേറിട്ട പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നടപ്പിലാക്കിയത്. ആയുര്‍വ്വേദ ഡിസ്പന്‍സറിയെ ആയുര്‍വ്വേദ കിടത്തി ചികിത്സാ കേന്ദ്രം എന്ന പേരില്‍ ആശുപത്രിയാക്കി ഉയര്‍ത്തി, ഇത് ഒരുപക്ഷെ ജില്ലയില്‍ പഞ്ചയാത്ത് ഭരണ സമിതികള്‍ നടത്തുന്ന ആദ്യത്തെ സംരംഭമായിരിക്കും. 2018 മെയ് 5 ന് ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി ശൈലജ ടീച്ചറാണ്ഇതിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. നിലവിലെ പിഎച്ച്‌സി ക്ക് 20 ലക്ഷം രൂപ ചിലവില്‍ വിവിധ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി.ദിനേന 400ഓളം രോഗികളാണ് ഇവിടെ ചികിത്സക്കെത്തുന്നത്.
നിലവിലെ ഹോം കെയര്‍ പരിരക്ഷക്ക് പുറമെ ആയുര്‍വ്വേദ പരിരക്ഷയും ഹോമിയോ പരിരക്ഷയും പഞ്ചായത്തിന്റെ പ്രത്യേകതകളാണ്. പരിരക്ഷാ സിസ്‌റ്റേഴ്‌സ്, ഫാര്‍മസിസ്റ്റ്, ഡ്രൈവര്‍, മരുന്നുകള്‍, വൃക്കമാറ്റിവെച്ച രോഗികള്‍ക്കുളള ചികിത്സാ ചിലവുകള്‍ മറ്റു ദൈന്യംദിന കാര്യങ്ങള്‍ക്കെല്ലാമായി ഒരു കോടിരൂപയോളം പഞ്ചായത്ത് നീക്കിവച്ചു എന്നത് ആരോഗ്യ മേഖലയില്‍ ആലീസിന്റെ നേതൃത്വത്തില്‍ ഭരണ സമിതി കാണിക്കുന്ന ജാഗ്രതയെ വ്യക്തമാക്കുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ജനങ്ങളുടെ സൗകര്യം മാനിച്ച് വൈകുന്നേരത്തെ ഒപിക്ക് പുതിയ ഡോക്ടറെ നിയമിക്കാനും സാധിച്ചിട്ടുണ്ട്.

കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് 15ാം വാര്‍ഡിലെ താമരക്കുളത്ത് 11 ലക്ഷം രൂപ ചിലവഴിച്ച് 50 സെന്‍റ് സ്ഥലത്ത് കുളം നിര്‍മ്മിക്കാന്‍ കഴിഞ്ഞത് വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടന്ന സ്വപ്‌നപദ്ധതിയായിരുന്നുവെന്ന് ആലീസ് പറഞ്ഞു. ഇതോടെ പരിസരങ്ങളിലെ കിണറുകളില്‍ വെള്ളം സംഭരിച്ച് നിര്‍ത്താനും കാര്‍ഷികവൃത്തിക്കാവശ്യമായ വെള്ളം പമ്പ് ചെയ്‌തെടുക്കാനും സാധിച്ചു. ഇത് ഈ മേഖലയില്‍ കൃഷിക്ക് ഉണര്‍വ്വുണ്ടാക്കിയിട്ടുണ്ട്. ഈ അഭിമാന പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിച്ചത് തൊഴിലുറപ്പിലൂടെയായിരുന്നു എന്നതും ഏറെ സന്തോഷം പകരുന്ന കാര്യമാണെന്ന് ആലീസ് പറഞ്ഞു.
ഇതിനു പുറമെ നൂറുകണക്കിന് വീടുകളില്‍ വെള്ളമെത്തിക്കുന്ന പദ്ധതിയും പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. 15ാം വാര്‍ഡിലെ തന്നെ എരട്ടയാംകുളത്ത് ഒരേക്കര്‍ സ്ഥലത്തുള്ള കുളം നവീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പലകാരണങ്ങള്‍ കൊണ്ട് അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നത് ഖേദമായി ഇന്നും ബാക്കിയായ വികസനസ്വപ്‌നങ്ങളില്‍ ഒന്നായി ആലീസിന്റെ മനസ്സിലുണ്ട്.
പ്രസിഡന്‍റായ ഉടന്‍ സ്വച്ച് ഭാരത് മിഷന്‍റെ ഭാഗമായി 163 വീടുകളില്‍ ടോയ്‌ലറ്റ് നിര്‍മ്മിച്ച് ഒഡിഎഫ് പ്രഖ്യാപിക്കാന്‍ കഴിഞ്ഞതിന്റെ ഭാഗമായി കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഗുജറാത്തില്‍ വെച്ച് നടന്ന വനിതാ ദിനാചരണ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചത് ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഏറെ അഭിമാനവും സന്തോഷവും പകര്‍ന്നു നല്‍കിയ കാര്യമായിരുന്നെന്ന് അവര്‍ പറഞ്ഞു. ജീവിതത്തില്‍ ആദ്യമായി വിമാനം കയറിയുള്ള യാത്രയും ഗാന്ധിനഗറില്‍ നടന്ന പരിപാടികളും ഇന്നും മനസ്സില്‍ മായാതെ സൂക്ഷിക്കുന്നുണ്ട്, ആലീസ്.


ആരോഗ്യ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 2016-17 വര്‍ഷം മുഖ്യമന്ത്രിയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കാനുള്ള ഭാഗ്യവും ആലീസിന് ലഭിച്ചിട്ടുണ്ട്. പഞ്ചായത്തിലെ കിടപ്പിലായ രോഗികളുടെയും ഭിന്നശേഷിക്കാരുടെയും സംഗമം വ്യാപാരി വ്യവസായി എടക്കര യൂണിറ്റിന്‍റെയും മറ്റു സന്നദ്ധ സംഘടനകളുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണത്തോടെ വളരെ വിപുലമായി നടത്താന്‍ സാധിച്ചത് ഇന്നും കൃതജ്ഞതയോടെ ഓര്‍ക്കുന്നു, ഇവര്‍. 2017 -18 ല്‍ മലപ്പുറം ജില്ലയില്‍ ആരോഗ്യ മേഖലക്ക് രണ്ടാം സ്ഥാനത്തിനുള്ള 3 ലക്ഷം രൂപയും 2018-19 ല്‍ ജില്ലയില്‍ ഒന്നാം സ്ഥാനത്തിനുള്ള 5 ലക്ഷം രൂപയും നേടാന്‍ ഭരണസമിതിക്ക് കഴിഞ്ഞത് അഭിമാന നേട്ടങ്ങളായി പ്രസിഡന്‍റ് മനസ്സില്‍ സൂക്ഷിക്കുന്നു.
സര്‍ക്കാറിന്‍റെ ലൈഫ് പദ്ധതി വഴി 176 വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും 56 വീടുകളുടെ പണി ആരംഭിക്കാനും സാധിച്ചത് ഭരണസമിതിക്ക് ആദരവു നേടിക്കൊടുത്ത വികസന പ്രവര്‍ത്തനങ്ങളില്‍ ചിലത് മാത്രം. എടക്കര ഗ്രാമ പഞ്ചായത്തിന്‍റെ വിവിധ റോഡുകള്‍ 12 കോടിയലധികം രൂപ ചിലവഴിച്ച് സഞ്ചാരായോഗ്യമാക്കി മാറ്റാനും സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് പ്രസി‍ഡന്‍റ് പറഞ്ഞു
പഞ്ചായത്ത് നടപ്പിലാക്കിയ മറ്റൊരു പ്രജക്ടായിരുന്നു 5 കോടി രൂപ ചിലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ എടക്കര ടൗണിലെ ഷോപ്പിംഗ് കോംപ്ലക്‌സ്. ഏകദേശം 59 റൂമുകളുള്ള ഈ സമുച്ചയം ഭാവിയില്‍ പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്ന ഒന്നാണ്. വയനാട് എംപി രാഹുല്‍ ഗാന്ധിയാണ് ഇത് ഉദ്ഘാടനം ചെയ്തത്. പക്ഷെ നാടിനെ പിടിച്ചു കുലുക്കിയ പ്രളയവും കോവിഡും കാരണം അത് തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ലെന്ന ദുഖം അവശേഷിക്കുന്നുണ്ട്.


തുടര്‍ച്ചയായി 2 തവണ പദ്ധതി നിര്‍വ്വഹണവും 3 തവണ നികുതി പിരിവും 100 ശതമാനം നടത്തിയതിന്‍റെ ഭാഗമായി അവാര്‍ഡ് കരസ്ഥമാക്കുവാനും ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ നേടുവാനും ആലീസ് അമ്പാട്ടിന്‍റെ നേതൃത്വത്തിലുള്ള ഭരണ സമിതിക്ക്കഴിഞ്ഞിട്ടുണ്ട്. എടക്കര പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതി വളരെ സജീവമാണ്. റോഡ്, കുളം, കിണര്‍, തൊഴുത്ത്, ആട്ടിന്‍കൂട്, ഫോറസ്റ്റില്‍ മരം വെച്ച് പിടിപ്പിക്കല്‍, ആനകള്‍ക്ക് കുളിക്കാനും കുടിക്കുവാനുമുള്ള കുളം ഇങ്ങനെ 4.5 കോടിയോളം രൂപയുടെ മെറ്റീരിയല്‍ വര്‍ക്കുകള്‍ ഓരോ വര്‍ഷവും ചെയ്യുന്നുണ്ട്. ഇങ്ങനെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചതില്‍ ഏറെ സംതൃപ്തിയും അഭിമാനവും തോന്നുന്നുണ്ടെന്ന് ആലീസ് പറഞ്ഞു. എല്ലാവരെയും ഒരു പോലെ കാണാനും പഞ്ചായത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടാനും ഈ ജനപ്രിതിനിധി മുന്‍പന്തിയില്‍ തന്നെയുണ്ട് . എന്നും രാവിലെ 10 മണി മുതല്‍ വൈകുന്നേരം വരെ പഞ്ചായത്തില്‍ ഒരു നാടിന്‍റെയും അവിടത്തെ ജനങ്ങളുടെയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കാവലിരിക്കുകയാണ് ഇവര്‍.
ഇതിനെല്ലാം കൂടെ നില്‍ക്കുന്ന സഹ മെമ്പര്‍മാര്‍, സെക്രട്ടറി മറ്റു ഉദ്യോഗസ്ഥര്‍, ആരോഗ്യ രംഗത്തുള്ളവര്‍, എംഎല്‍എ, മുന്‍ എംഎല്‍എ ആര്യാടന്‍ മുഹമ്മദ്, ത്രിതല പഞ്ചായത്തുകളുടെ പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പാര്‍ട്ടിയുടെ നേതാക്കള്‍, നാട്ടുകാര്‍, സംഘടനകള്‍, എന്നിവരോടെല്ലാം നന്ദിയും സ്നേഹവും കടപ്പാടുമുണ്ടെന്നും അവര്‍ പറഞ്ഞു.
നിലവില്‍ മഹിളാ കോണ്‍ഗ്രസ് എടക്കര യൂണിറ്റ് വൈസ് പ്രസിഡന്‍റ് കൂടിയാണ് ആലീസ്.ഒരു നാടിന്റെ സ്പന്ദനങ്ങളെയാകെ നെഞ്ചേറ്റി ജനകീയ സാരഥിയായി സജീവമാകുമ്പോഴും, മൂന്ന് മക്കളുടെ അമ്മയായ ഇവര്‍ വീട്ടുകാര്യങ്ങളിലും ശ്രദ്ധിക്കുന്നു.എല്ലാത്തിനും പിന്തുണയുമായി ഭര്‍ത്താവ് മിഖായേല്‍ ജോസഫ് അമ്പാട്ട്, മക്കളായ അജീഷ്, അനീഷ്, മെര്‍ലിന്‍ എന്നിവര്‍ കൂടെയുണ്ട്.
ഒന്നരപ്പതിറ്റാണ്ടു മുമ്പത്തെ ‘വണ്ടര്‍ലാന്‍ഡ’ല്ല, ആലീസിന് ഇന്ന് രാഷ്ട്രീയവും തെരഞ്ഞെടുപ്പു ഗോദയും, അധികാരത്തിന്റെ ഇടനാഴികളും. വികസന പദ്ധതികള്‍ കൊണ്ട് തന്നില്‍ ചുമതല ഏല്‍പിക്കപ്പെട്ട പ്രദേശത്തെ ‘വണ്ടര്‍ലാന്‍ഡ്’ ആക്കി എടുത്ത സാരഥിയായി മാറുകയാണ് ആലീസ്.
രാഷ്ട്രീയ പാരമ്പര്യമില്ലാത്തൊരു ഭൂമികയില്‍ നിന്ന് നേതൃത്വത്തിലേക്കുയര്‍ന്ന് ഒരു വീട്ടമ്മ ഒരു പ്രദേശത്ത് വികസനത്തിന്റെ സ്വര്‍ണ്ണമുദ്രകള്‍ ചാര്‍ത്തിയതിന്റെ വിസ്മയ സാക്ഷ്യത്തിന്റെ പേരു കൂടിയാണ് ഇന്ന് ആലീസ് അമ്പാട്ട്.

Leave a Reply

Your email address will not be published. Required fields are marked *