ജിഷിന്‍ എവി
മലപ്പുറം സ്വദേശിനിയായ മോഡലിനെ കാക്കനാട്ട് തടവിലിട്ട് കൂട്ട ബലാൽസംഗം ചെയ്ത വാർത്തയാണ് ഇന്ന് രാവിലെ മുതൽ വാർത്താ മാദ്ധ്യമങ്ങളിൽ നിറയുന്നത്.
കാക്കനാട്ട് ഫോട്ടോഷൂട്ടിനെത്തിയ പെൺകുട്ടിയാണ് ക്രൂരതയ്ക്കിരയായത്. മോഡലിനെ ലഹരിമരുന്ന് നല്‍കി കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ഒരു സ്ത്രീയടക്കം നാലു പേർപേര്‍ അറസ്റ്റിലായെന്നാണ് വാർത്ത..ഒന്നാം പ്രതി അജ്മല്‍, രണ്ടാം പ്രതി സലിം കുമാർ മൂന്നാം പ്രതി ഷമീര്‍, നാലാം പ്രതിയും ലോഡ്ജ് നടത്തിപ്പുകാരിയുമായ ക്രിസ്റ്റീന എന്നിവരാണ് പിടിയിലായത്.
ഫോട്ടോഷൂട്ടിനെന്ന് പറഞ്ഞ് മലപ്പുറം സ്വദേശിനിയായ യുവതിയെ അജ്മല്‍ കൊച്ചിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഒന്നും രണ്ടും പ്രതികള്‍ യുവതിയെ പീഡിപ്പിച്ചു.
പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡനത്തിന് എല്ലാവിധ ഒത്താശകളും ലോഡ്ജുടമ ക്രിസ്റ്റീന ചെയ്തുകൊടുത്തുവെന്ന് പൊലീസ് പറയുന്നു.
ഇതിന് ശേഷമാണ് മൂന്നാം പ്രതി ഷമീര്‍ യുവതിയെ പീഡിപ്പിക്കുന്നത്. ഡിസംബര്‍ ഒന്നു മുതല്‍ മൂന്നു വരെ യുവതിയെ തടവിലിട്ട് പീഡനത്തിന് ഇരയാക്കുകയായിരുന്നു. യുവതിക്ക് ശീതള പാനീയങ്ങളിലും മദ്യത്തിലും മയക്കുമരുന്ന് നല്‍കി അര്‍ധമയക്കത്തിലാക്കിയ ശേഷമായിരുന്നു പീഡനം.
മാരക മയക്കുമരുന്നുകള്‍, സ്ത്രീകള്‍ക്ക് എതിരായ അതിക്രമം. കേരളത്തിലെ മിക്ക നഗരങ്ങളും ലഹരിയുടെ ചതിക്കെണി ഒരുക്കി കാത്തിരിക്കുകയാണെന്നാണ് അടുത്തിടെ പുറത്ത് വരുന്ന വാർത്തകളിൽ നിന്ന് വ്യക്തമാകുന്നത്.
എന്നിട്ടും വിദ്യാർത്ഥിനികളടക്കം യുവത്വം അപകടത്തിലേക്ക് കണ്ണുകെട്ടി യാത്ര ചെയ്യുന്ന കാഴ്ച്ചയാണ് ദിനം പ്രതി കാണുന്നത്. കുറ്റകൃത്യങ്ങളുടെ ഹബ്ബായി മാറുന്നെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് നിരന്തരം പുറത്തു വരുന്നത്. ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ചുള്ള മയക്ക് മരുന്ന് ഇടപാടുകള്‍. ലഹരി പാര്‍ട്ടികള്‍, കൂട്ട ബലാത്സംഗം, സ്ത്രീ പീഡനം, ഡിജെ പാര്‍ട്ടികളിലെ മയക്ക് മരുന്നുകളുടെ അതിപ്രസരം. കേരളം ഇന്നോളം കേട്ടിട്ടില്ലാത്ത സംഭവങ്ങളാണ് കൊച്ചിയില്‍ നിന്നും മറ്റും പുറത്ത് വന്നത്.
ലഹരി ഉപയോഗം സംസ്ഥാനത്ത് വ്യാപകമായി വര്‍ധിച്ചിട്ടുണ്ട്. കൊച്ചിയില്‍ മോഡലുകള്‍ മരിക്കാനിടയായ വാഹനാപകടത്തിന് പിന്നാലെ ചുരുള്‍ അഴിഞ്ഞത് ഇത്തരത്തില്‍ ലഹരി ഉപയോഗത്തിന്റെ ഞെട്ടിക്കുന്ന കഥകളാണ്.
കൊച്ചിയിലെ ഹോട്ടലിൽ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങിയ യുവതികള്‍ ഉള്‍പ്പെടെയുള്ളവരെ ആഡംബരക്കാര്‍ പിന്തുടരുകയും തുടര്‍ന്നുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുതയും ചെയ്തെന്നാണ് പൊലീസ് കണ്ടെത്തിയത്. അന്വേഷണം ഹോട്ടല്‍ ഉടമയിലൂടെ ചെന്നെത്തിയത് സൈജു എം തങ്കച്ചന്‍ എന്നയാളിലായിരുന്നു. പിന്നീട് പുറത്ത് വന്നത് മയക്ക് മരുന്ന്, ലൈംഗിക പീഡനം തുടങ്ങിയവയുടെ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.
സ്ത്രീകളുടെ ശരീരത്തില്‍ രാസലഹരി വസ്തുക്കള്‍ വിതറി ഒന്നിലധികം പുരുഷന്മാര്‍ ചേര്‍ന്ന് പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍. ലഹരി ഉപയോഗിക്കുന്നതിന്റെയും പ്രകൃതിവിരുദ്ധ പീഡനത്തിന്റെയും വിവരങ്ങള്‍ എന്നിവയാണ് ഇയാളുടെ ഫോണിൽ നിന്നും പൊലീസ് കണ്ടെത്തിയത്.
മലപ്പുറം സ്വദേശിനിയായ പെൺകുട്ടി കൂട്ട ബലാൽസംഗത്തിനിരയായ കാക്കനാട് കൊച്ചിയിലെ ലഹരി ലോകത്തിൻ്റെ സ്വാഗത നഗരിയാണ്.
ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു കാക്കനാട്ടെ ഫ്ളാറ്റില്‍ നിന്നും 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്തത്. യുവതികള്‍ ഉള്‍പ്പെടെ ഏഴ് പേരായിരുന്നു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലയത്. ഒരു കിലോയോളം വരുന്ന എംഡിഎംഎ ആയിരുന്നു പിടികൂടിയത്. അന്താരാഷ്ട്ര മയക്കുമരുന്ന കടത്ത് സംഘവുമായി ബന്ധങ്ങളാണ് പിന്നീട് പുറത്ത് വന്നത്.
ഒരിക്കലും തിരിച്ചു കയറാൻ കഴിയാത്ത അപകടത്തിൻ്റെ ആഴങ്ങളിലേക്കാണ് നമ്മുടെ മക്കൾ ചുവടുവച്ചു കൊണ്ടിരിക്കുന്നത്.
കരുതലോടെ അവർക്ക് കാവലാകാൻ നമുക്ക് കഴിയണം.ഒരു നിമിഷത്തെ അലംഭാവം പോലുമരുത്…